''കര്‍ത്താവേ, നിന്റെ മരണത്തെ ഞങ്ങള്‍ ഓര്‍ക്കുന്നു, നിന്റെ ഉയിര്‍ത്തെഴുന്നേല്പിനെ ഞങ്ങള്‍ കൊണ്ടാടുന്നു, നിന്റെ രണ്ടാം വരവിനായി ഞങ്ങള്‍ നോക്കിപ്പാര്‍ക്കുന്നു''. വിശുദ്ധ കുര്‍ബാനയുടെ ഹൃദയത്തില്‍ മുഴങ്ങുന്ന ഈ വാക്കുകള്‍ കേവലം ഒരു വിശ്വാസപ്രഖ്യാപനംമാത്രമല്ല; മറിച്ച്, ക്രിസ്തുവിന്റെ രക്ഷാകരചരിത്രത്തിലേക്കുള്ള ഒരു യാത്രയാണ്. സൃഷ്ടിയുടെ വീണ്ടെടുപ്പിനായി സ്രഷ്ടാവായ ദൈവം മനുഷ്യനായി ഭൂമിയില്‍ അവതരിച്ചതിന്റെയും പരസ്യശുശ്രൂഷയിലൂടെ സ്‌നേഹത്തിന്റെയും നീതിയുടെയും സന്ദേശം പകര്‍ന്നതിന്റെയും പീഡാനുഭവങ്ങളിലൂടെയും മരണത്തിലൂടെയും നമ്മെ വീണ്ടെടുത്തതിന്റെയും മരണത്തെ ജയിച്ച് ഉയിര്‍ത്തെഴുന്നേറ്റതിന്റെയും ഓര്‍മപ്പെടുത്തല്‍കൂടിയാണ് ഇത്. ഈ രക്ഷാകരസംഭവങ്ങളുടെ പിന്തുടര്‍ച്ചക്കാരാണ് നമ്മള്‍ ഓരോരുത്തരും. വലിയനോമ്പിന്റെ ഈ വിശുദ്ധ ദിന
ങ്ങൡ, നമ്മുടെ ജീവിതത്തില്‍ വിശുദ്ധിയും സമര്‍പ്പണവും രൂപാന്തരവും വിശ്വാസത്തിന്റെ ആഴപ്പെടലും സംഭവിക്കേണ്ടതുണ്ട്.
പീഡിതന്റെ വഴി: ക്രിസ്തുവിന്റെ സഹനത്തിന്റെ ആഴങ്ങള്‍
പരസ്യശുശ്രൂഷയുടെ തുടക്കത്തില്‍ത്തന്നെ താന്‍ നേരിടാന്‍ പോകുന്ന പീഡകളെക്കുറിച്ച് യേശു തന്റെ ശിഷ്യന്മാരോടു വെളിപ്പെടുത്തുന്നു (മര്‍ക്കോ. 9:30-32) (മത്തായി 17:22,23). സ്‌നേഹത്തില്‍ അധിഷ്ഠിതമായ തന്റെ ജീവിതലക്ഷ്യത്തെ പ്രസംഗത്തിലൂടെയും പഠിപ്പിക്കലിലൂടെയും പ്രവൃത്തിയിലൂടെയും യേശു ലോകത്തിനു കാണിച്ചുകൊടുത്തു. ഒരുക്കപ്പെടാനും സ്വയം ഒരുങ്ങാനുമുള്ള ഒരു നിയോഗമായിരുന്നു അത്. സുവിശേഷകര്‍ യേശുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട് പരാജിതരുടെ നോവനുഭവങ്ങള്‍ വിശദമായി രേഖപ്പെടുത്തുന്നു. ശാരീരികവും മാനസികവും സാമൂഹികവുമായ മുറിവുകള്‍ ഏറെ ഏറ്റുവാങ്ങിയവരോടൊപ്പമാണ് നാം ജീവിക്കുന്നത്. മനുഷ്യന്റെ അന്തസ്സ് നിഷേധിക്കപ്പെടുകയും മനുഷ്യത്വം മരവിച്ചിരിക്കുകയും ചെയ്യുമ്പോള്‍ വേര്‍തിരിവുകളും ഒറ്റപ്പെടുത്തലും അവഗണനകളും സംഭവിക്കുന്നു. ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ യേശുവിനെ മരിച്ചവനെപ്പോലെ എണ്ണി അവന്റെ വസ്ത്രത്തിനായി അവര്‍ ചീട്ടിടുന്നു(യോഹ.19:23,24). പ്രാണന്‍ നിലനില്‍ക്കുമ്പോള്‍ത്തന്നെ അര്‍ഹിക്കുന്ന ജീവന്റെ വില നല്‍കപ്പെടാതെ എത്രയോ സാഹചര്യങ്ങള്‍ ഇന്നും സമാനമായ രീതിയില്‍ നിലനില്‍ക്കുന്നു. ഒറ്റപ്പെടുത്തലും നിന്ദയും നമ്മെ തളര്‍ത്തുമ്പോള്‍ ഒരു പരാജിതനെപ്പോലെയാവാതെ എഴുന്നേറ്റു പ്രകാശിക്കാനുള്ള ഒരു വിജയിയുടെ ശരീരഭാഷ സമ്മാനിക്കാന്‍ കുരിശ് നല്‍കുന്ന പ്രചോദനം വളരെ വലുതാണ്.
' ഞാന്‍ എന്റെ സര്‍വജനത്തിനും പരിഹാസവും ഇടവിടാതെ അവരുടെ പാട്ടും ആയിത്തീര്‍ന്നിരിക്കുന്നു' (വിലാ. 3:14). വിലാപങ്ങളുടെ പുസ്തകം മൂന്നാം അധ്യായം നാം വായിക്കുമ്പോള്‍ വേദനയുടെ ആഴങ്ങള്‍ നമ്മിലും അടയാളപ്പെടുത്തപ്പെടുന്നു. (വിലാ. 3: 4,5,13-16). കുരിശില്‍ യേശുവിനും ഇതുപോലെ ഒരു ഒറ്റപ്പെടല്‍ അനുഭവപ്പെട്ടു. വിലാപങ്ങള്‍ 3:21-25 വാക്യങ്ങള്‍ പ്രതീക്ഷയും ഉണര്‍വും നമ്മില്‍ പകരുന്നു. 22-ാം വാക്യത്തില്‍ ദൈവസ്‌നേഹത്തെയും 23-ാം വാക്യത്തില്‍ വിശ്വസ്തതയും 24-ാം വാക്യത്തില്‍ പ്രത്യാശയും വിവരിക്കുന്നു. 22-ാം സങ്കീര്‍ത്തനത്തിലെ വേദഭാഗങ്ങള്‍ യേശു കുരിശില്‍ ആവര്‍ത്തിക്കുന്നു. മത്തായി 27:46, മാര്‍ക്കോസ് 15:34 എന്നിവയില്‍ യേശുവിന്റെ ക്രൂശിലെ നിലവിളിയെ രേഖപ്പെടുത്തുന്നു. അഭാവവും ഒറ്റപ്പെടലും ഏറ്റുവാങ്ങുമ്പോള്‍ നാം കൂടുതല്‍ ബലഹീനരായിത്തീരാനാണ് സാധ്യത. പീഡയേല്‍ക്കുമ്പോള്‍, പരീക്ഷിക്കപ്പെടുമ്പോള്‍, വേദനയനുഭവിക്കുമ്പോള്‍ കേള്‍ക്കാന്‍ ആരുമില്ല, സ്വീകരിക്കാന്‍ ആരുമില്ല എന്ന ചിന്ത, ഇവയെല്ലാം മരണഭീതിയോളം ഭയാനകമാണ്. ആരുമില്ല എന്ന തോന്നലില്‍ ദൈവസാന്നിധ്യം ബോധ്യം തരുന്ന ബലം ശ്രേഷ്ഠമാണ്. ണല രമി യലമൃ ൗെളളലൃശിഴ യലരമൗലെ ഏീറ രമി യല ൃtuേെലറ ീേ റലഹശ്‌ലൃ ൗ.െ നാം സഹിക്കുന്ന വേദനയുടെ അനുഭവങ്ങളില്‍ നാം ഒറ്റയ്ക്കല്ല എന്ന വിശ്വാസം നമ്മില്‍ നിറയണം. നമ്മളെക്കാള്‍ അധികം വേദനയിലൂടെ കടന്നുപോയവന്‍, നമ്മെ ഉള്ളതുപോലെ അറിയുന്നവന്‍ നമുക്ക് ഒരു നിയോഗം നല്‍കുമെന്ന നിശ്ചയം നമുക്കുണ്ടാവണം.
അനുഗമിക്കുന്ന കരയുന്ന കണ്ണുകള്‍: സഹാനുഭൂതിയുടെ സാക്ഷ്യങ്ങള്‍
യേശുവിനെ അനുഗമിക്കുന്നവര്‍ യേശുവിന്റെ കുരിശോളം ചെല്ലുമ്പോള്‍ കണ്ണുനിറയുന്ന അനുഭവം ഉണ്ടാകുന്നു. സ്ത്രീഹൃദയങ്ങളാണ് സുവിശേഷങ്ങളില്‍ ഏറ്റവും കൂടുതല്‍ കണ്ണുനീരില്‍ ചിത്രീകരിക്കപ്പെടുന്നത്. തങ്ങളുടെ പ്രിയഗുരുവിന്റെ ശരീരം മുറിക്കപ്പെടുമ്പോള്‍, ക്രൂശിതന്റെ ശരീരത്തെ സുഗന്ധദ്രവ്യങ്ങളോടെ സംസ്‌കരിക്കുന്നതിനു സാധിക്കാതെവരുമ്പോള്‍ എങ്ങനെയാണ് അവര്‍ക്കു കരയാതിരിക്കാന്‍ സാധിക്കുന്നത്? ആഴ്ചവട്ടത്തിന്റെ ഒന്നാം നാളില്‍, കല്ലറയുടെ കല്ല് ആരു നീക്കുമെന്ന ആശങ്കയോടെ അവര്‍ വരുമ്പോള്‍, യേശു അവര്‍ക്കു പ്രത്യക്ഷനായി, സുവിശേഷത്തിന്റെ പ്രഘോഷകരാകാനുള്ള നിയോഗം നല്‍കുകയാണ്. മറിയം റബ്ബൂനി എന്ന സംഭാഷണത്തില്‍ ഉയിര്‍പ്പിന്റെ സമാധാനമാണ് സംവേദനം ചെയ്യപ്പെടുന്നത്.
നമ്മുടെ കണ്ണുനീരനുഭവങ്ങളില്‍ നാം ആരെയാണു തിരയുന്നത്? കരയുന്ന മറിയത്തിന് ക്രിസ്തുവിനെ തിരിച്ചറിയാന്‍ സാധിക്കുന്നില്ല. എന്നാല്‍, കരുതുന്ന ക്രിസ്തുവിനു കരയുന്ന കണ്ണുകളെയും ഹൃദയത്തിന്റെ ഭാരത്തെയും അറിയാന്‍ സാധിക്കുന്നു. ഇത് സഹാനുഭൂതിയുടെയും കരുതലിന്റെയും പ്രതീകമാണ്.
കഥകള്‍ മെനയുന്ന ലോകം: വിശ്വാസത്തിന്റെ വെല്ലുവിളികള്‍
കൈക്കൂലി വാങ്ങി, യേശുവിന്റെ ശരീരം മോഷ്ടിക്കപ്പെട്ടു എന്ന കഥ സ്വന്തം സുരക്ഷിതത്വത്തിനായി പരത്തുന്ന ആളുകള്‍ ഒരു വശത്തും, യേശു മുമ്പു പറഞ്ഞതുപോലെ ഉയിര്‍ത്തെഴുന്നേറ്റു എന്ന വസ്തുത ഘോഷിക്കുന്നവര്‍ മറുവശത്തും നിലനില്‍ക്കുമ്പോള്‍, വിശ്വാസിസമൂഹം അനുഭവിച്ചറിഞ്ഞത് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സാന്നിധ്യമാണ്. മറ്റുള്ളവരുടെ പ്രതീക്ഷയായ യേശുവിനെ ഇന്നു മോഷ്ടിക്കപ്പെടാതെ സൂക്ഷിക്കുകയെന്നത് നമ്മുടെ ധര്‍മമാണ്. ഞങ്ങള്‍ അവനെ കണ്ടു എന്നു പറയുന്നവര്‍ ഞങ്ങള്‍ അവനെപ്പോലെയാകാന്‍ ശ്രമിക്കുമെന്നുള്ള വിശ്വാസപ്രഖ്യാപനമാണു ചെയ്യുന്നത്. ക്രിസ്തുവിന്റെ മനസ്സ് നമ്മില്‍ നിലനില്‍ക്കുമ്പോള്‍, സഭയുടെ പ്രസക്തി ഇന്നത്തെ ലോകത്തില്‍ വര്‍ധിക്കുന്നു. നീതി നിഷേധിക്കപ്പെടുന്ന ഇടങ്ങളില്‍, നിന്ദയുടെയും പരിഹാസത്തിന്റെയും ഒറ്റപ്പെടുത്തലിന്റെയും നടുവില്‍ ജീവിക്കുന്നവര്‍ക്ക്, ഒരു പ്രതീക്ഷയാവണം ക്രിസ്തുവിന്റെ ശരീരമായ സഭ.
ഈ വലിയനോമ്പുകാലം നമ്മെ ഓരോരുത്തരെയും ക്രിസ്തുവിന്റെ സഹനങ്ങളിലേക്കും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രത്യാശയിലേക്കും നയിക്കട്ടെ. നമ്മുടെ ജീവിതത്തില്‍ ക്രിസ്തുവിന്റെ സാന്നിധ്യം കൂടുതല്‍ ശക്തമായി അനുഭവിക്കാനും സ്‌നേഹത്തിന്റെയും നീതിയുടെയും സന്ദേശം ലോകത്തിനു പകര്‍ന്നു നല്‍കാനും നമുക്കു സാധിക്കട്ടെ.