•  10 Apr 2025
  •  ദീപം 58
  •  നാളം 6
നോവല്‍

കാറ്റിന്റെ മര്‍മരങ്ങള്‍

ബാല്യകാലസംഭവങ്ങള്‍ ഓര്‍മയില്‍ക്കിടന്ന് ഊയലാടുകയാണ്. 
ലിസി വല്യമ്മച്ചി കാണാതെ, ഇരിമ്പപ്പുളിച്ചോട്ടിലൂടെയുള്ള കുത്തുകയ്യാല കയറി റബര്‍ത്തോട്ടത്തിലേക്കു പ്രവേശിച്ചു. വല്യമ്മച്ചി കണ്ടാല്‍ ''വിടുപണി'' മുഴുവന്‍ ചെയ്യിക്കും. കൊച്ചമ്മ കണ്ടാല്‍ തന്നെ കാണിച്ചുകൊടുത്തിട്ട് മര്യാദഭാവേന നടക്കും, ''ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ'' മട്ടില്‍.
വിശന്നിട്ട് കണ്ണുകാണുന്നില്ല. കാരാണിക്കാരുടെ പച്ചതീനിമാവിന്റെ ചോട്ടീന്ന് ഇഷ്ടംപോലെ പച്ചമാങ്ങയും ഒന്നോ രണ്ടോ മാമ്പഴവും കിട്ടും. 
പച്ചതീനി, പേരുപോലെ പച്ചയ്ക്കു തിന്നാവുന്ന മാങ്ങയാണ്. മാമ്പഴം അത്ര രസമല്ല, തിന്നാന്‍. കട്ടിത്തൊലിയാണ്. മധുരവും കുറവാണ്. 
പച്ചമാങ്ങ തിന്നതിന്റെ ബാക്കി അമ്മച്ചിക്കു കൊടുത്താല്‍ ഉള്ളിയും പച്ചമുളകും തേങ്ങയും ചേര്‍ത്ത് ചെറുതായി അരിഞ്ഞ് കറിവേപ്പിലയുമിട്ട് തോരന്‍ വച്ചുതരും. ആ തോരന്‍ കൂട്ടി എത്രചോറു വേണേലും ഉണ്ണാം. പുളി കുറവായതിനാല്‍ എല്ലാരും ആ മാങ്ങാത്തോരന്‍ കൂട്ടും.
തറവാട്ടുപറമ്പില്‍ കോമാവും കിളിച്ചുണ്ടനുമൊക്കെയുണ്ട്. മാഞ്ചോട്ടില്‍ വീണുകിടക്കുന്ന മാമ്പഴങ്ങള്‍പോലും പെറുക്കിയെടുക്കാന്‍ അവകാശമില്ല. റബര്‍ത്തോട്ടത്തില്‍ നിറയെ നെല്ലിക്കയുമായി നന്നായി കായ്ക്കുന്ന നെല്ലിമരമുണ്ട്. പറിച്ചെടുക്കാന്‍ മാര്‍ഗമില്ല. കൈയെത്തുന്നിടത്തെ കമ്പുകളൊക്കെ മുറിച്ചുമാറ്റിയിരിക്കുന്നു. 
ഈ സങ്കടം അമ്മച്ചിയോടു പറഞ്ഞപ്പോള്‍ അമ്മച്ചി ആശ്വസിപ്പിച്ചതിങ്ങനെയാണ്:
 ''ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതുപോലെയാണ് ധനവാന്‍ സ്വര്‍ഗത്തില്‍ കയറുന്നതെന്ന് കര്‍ത്താവു പറഞ്ഞിട്ടുണ്ട്. എന്റെ മക്കടെ നരകം ഈ ബാല്യകാലത്തു  തീരട്ടേ, പിന്നങ്ങോട്ടു സ്വര്‍ഗംതന്നെയാ, ഈലോകത്തിലും മേലുള്ള ലോകത്തിലും.'' മുള്ളനാക്കുഴിവക പുരയിടത്തില്‍ രണ്ടുമൂന്നു വലുപ്പംകുറഞ്ഞ നെല്ലിമരങ്ങളുണ്ട്. നിറയെ മുഴുത്ത നെല്ലിക്കകളുമുണ്ട്. കമ്പുകള്‍ ചായിച്ച് കുറേ പറിച്ചെടുത്തു, തിന്നപ്പോള്‍ ചവര്‍പ്പ്. നെല്ലിക്കാക്കുരു വായിലിട്ട് കടിച്ചുപൊട്ടിച്ചു. വെറുതേ ചവച്ചു തുപ്പിക്കളഞ്ഞു. മൂപ്പായിട്ടില്ല. ആര്‍ത്തിയില്ലാത്ത മുള്ളനാക്കുഴിക്കാര്‍ ചുവട്ടിലെ കമ്പുകള്‍ വെട്ടിക്കളയാത്തതിനാല്‍ നെല്ലിക്ക മൂക്കുമ്പോള്‍ യഥേഷ്ടം പറിച്ചെടുക്കാം. 
ഉടുത്തിരുന്ന നീളന്‍പാവാടയില്‍ കൂട്ടിപ്പിടിച്ചിരുന്ന മാങ്ങകളെല്ലാം രണ്ടു മൂന്നു വട്ടയിലയിലായി പൊതിഞ്ഞെടുത്തു. 
റബര്‍ത്തോട്ടത്തില്‍നിന്ന് ചെറിയ ചുള്ളിക്കമ്പുകള്‍ പെറുക്കി അടുക്കിയെടുത്തു. അമ്മച്ചിക്ക് അടുപ്പില്‍ കത്തിക്കാന്‍ കൊടുക്കാം. റബര്‍ക്കായ്കള്‍ പൊട്ടുന്ന സമയമായാല്‍ ചാക്കുകണക്കിനു റബര്‍ത്തോടുകള്‍ പെറുക്കി അമ്മച്ചിക്ക് കൊടുക്കാറുണ്ട്. 
റബര്‍ത്തോട്ടത്തിന്റെ ചെരുവിലൂടെ നടക്കുന്നത് അവള്‍ക്കിഷ്ടമാണ്. മനോഹരമായ നീലാകാശം അടുത്തായതുപോലെ തോന്നും. 
പാമ്പുകളെയും കാണാറുണ്ട്.  അതിനാല്‍ റബറില മൂടിക്കിടക്കുന്ന  റബര്‍ക്കുഴികളില്‍ അവള്‍ ഇറങ്ങാറില്ല. 
വല്യപ്പച്ചന്‍, പ്രിയപ്പെട്ട മകന്‍ ബേബിച്ചനും മക്കളും അനുഭവിക്കുന്ന ദാരിദ്ര്യത്തെക്കുറിച്ച് അറിയാതെ പോകുന്നതില്‍ വിഷമം തോന്നിയ അയല്‍ക്കാരനായ ഈപ്പച്ചന്‍, ചെവിക്കു കേള്‍വിക്കുറവുള്ള വല്യപ്പച്ചനോടു പറഞ്ഞു: ''നമ്മുടെ ബേവിച്ചന്‍ വല്ലാതെ ഞെരുങ്ങുന്നു, തിന്നാറായ ഏഴു കുഞ്ഞങ്ങളില്ലേ, അപ്പാപ്പന്‍ എന്തെങ്കിലും കണ്ടറിഞ്ഞു ചെയ്യണം, അതുങ്ങള് രക്ഷപ്പെടട്ടേ.''
സംസാരം തുടരാന്‍ മറിയക്കുട്ടിക്കൊച്ചമ്മ അനുവദിച്ചില്ല. ''അപ്പച്ചന് ഒരു അറ്റാക്ക് കഴിഞ്ഞതാണ്. ഇതൊന്നും എഴുന്നെള്ളിക്കാതെ വേറെ എന്തേലുമൊക്കെ പറഞ്ഞുകേപ്പിക്ക്!
എന്തിനേറെ കൊച്ചുപ്പാപ്പനും വല്യമ്മച്ചിയുംകൂടെ ഈ സംഭവം പറഞ്ഞ് ഈപ്പച്ചനോടു വഴക്കുണ്ടാക്കി, ഈപ്പച്ചനെ പിണക്കിയയച്ചു. 
തോട്ടത്തിന്റെ തെക്കേ അതിര്‍ത്തിയില്‍ കുമരിയുടെ വീട്ടുകാരാണു താമസം. സത്യം പറഞ്ഞാല്‍, അവരെ കാവലിനേല്പിച്ചിരിക്കുന്നതാണ്. അവര്‍ക്ക് യഥേഷ്ടം ചക്കയിറുത്തെടുക്കാന്‍ നിറയെ കായ്ഫലങ്ങളുള്ള രണ്ടു പ്ലാവുകള്‍ കൊടുത്തിട്ടുണ്ട്.
റോയിച്ചായന്‍ പറഞ്ഞു: ''അച്ചാച്ചാ, ആ കണ്ണാറേലെ ഒരു പ്ലാവ് ചോദിക്ക്, കുമരിക്ക് രണ്ടു പ്ലാവിലെ ചക്കയെടുക്കാം. സ്വന്തം മക്കളായ നമുക്കെന്തായിങ്ങനെ?''
അപ്പന്‍ പറഞ്ഞു: ''എല്ലാരുടെയും തല തിരിച്ചിട്ടിരിക്കുകയാ, ആ കെഴക്കന്മാര്, നമ്മള്‍ ചോദിച്ചാല്‍ പെറ്റമ്മപോലും ഒപ്പം നിക്കില്ല മകനേ.''
''ഒരിക്കല്‍പോലും ഹൃദയസ്തംഭനം വന്നിട്ടില്ലാത്ത അപ്പാപ്പനെ ദാ എല്ലാരുംകൂടെ ഹാര്‍ട്ട് പേഷ്യന്റാക്കിയിരിക്കുകയാ. അവകാശങ്ങള്‍ പിടിച്ചുവാങ്ങാന്‍ അപ്പനും കഴിവില്ല.'' കൂടുതല്‍ പറയാതെ അപ്പന്റെ കൈയിലെ തല്ല് ഉറപ്പാണെന്നു മനസ്സിലാക്കിയായ റോയിച്ചായന്‍ എളുപ്പം സ്ഥലം കാലിയാക്കി.
അമ്മ പിറുപിറുത്തു: ''ഇതൊക്കെ ചത്തുതൊലഞ്ഞാല്‍ മണ്ണിലലിയാതെ ആ കെടപ്പങ്ങു കെടക്കും.''
ലിസിക്ക് തറവാട്ടുകാരോടുള്ള ദേഷ്യം നുരഞ്ഞുപൊന്തി. ഇനി ഇങ്ങു വരട്ടേ, കോരാന്‍ വിളിച്ചാല്‍ താനും തന്റെ പട്ടിയുംകൂടെപ്പോലും പോവില്ല. വെള്ളം വലിച്ചുകയറ്റാനും തുപ്പല്‍കോളാമ്പി തേപ്പിക്കാനും കയ്യാലപ്പുറത്തെ പുല്ലു പറിപ്പിക്കാനും മെതിച്ചരടിലെ മുളകുമണികള്‍ പെറുക്കിക്കാനും ഒക്കെ നാണംകെട്ട വര്‍ഗത്തിന് ബേബിച്ചന്റ പെണ്‍മക്കള്‍ വേണം. 
ഇനി അവരെ പേടിച്ച് ഒളിച്ചും പാത്തും പതുങ്ങിയും നടക്കില്ല. നേരേ മുന്നിലൂടെ നടക്കണം. എന്നിട്ട് കൂലിയില്ലാവേല ചെയ്യാന്‍ വിളിച്ചാല്‍ തീര്‍ത്തങ്ങു പറയും എനിക്കു മേലായെന്ന്.
ലിസി ഒരുകെട്ട് കാക്കച്ചുള്ളിയും  അതിനുമീതേ വട്ടയിലയില്‍ പൊതിഞ്ഞ വാട്ടമാങ്ങകളുമായി തറവാട്ടിലെ പിന്‍മുറ്റത്തുകൂടെ നടന്നു.
അപ്പോള്‍ ഒരു തേങ്ങല്‍ കേള്‍ക്കാം. വല്യപ്പച്ചന്റെ സ്വരമാണ്: ''കേട്ടോ, എനിക്കൊന്നു വെളിക്കിറങ്ങണം.''
വല്യപ്പച്ചന്‍ വല്യമ്മച്ചിയെ അങ്ങനെയാ വിളിക്കാറ്, 'കേട്ടോ' എന്ന്. 
വല്യമ്മച്ചിയുടെ പ്രാണനാണ് വല്യപ്പച്ചന്‍. എന്നിട്ടും ഉച്ചത്തില്‍ ശകാരിക്കുന്നു.
''കേട്ടു, കേട്ടൂ, ആമ്മക്കളൊത്തിരിയില്ലേ, എത്രയെണ്ണം വരുന്നുണ്ട് വെളിക്കിറക്കാന്‍. എനിക്കു തള്ളാമ്പറ്റ്വോ. ഞാമ്പിടിച്ചിരുത്താം.''
ലിസി മാറിനിന്നു വീക്ഷിച്ചു.
വല്യമ്മച്ചി വളരെ കഷ്ടപ്പെട്ട് വല്യപ്പച്ചനെ പര്യമ്പുറത്തെ തിണ്ണയിലെ നടുഭാഗം വട്ടം മുറിച്ച കസേരയിലിരുത്തി, ഓടിന്റെ ഒരു വലിയ വട്ടക്കോളാമ്പിയും കസേരക്കീഴില്‍ വച്ചു. മലവിസര്‍ജ്യമെടുക്കാന്‍മാത്രമുള്ളതാണ് ആ വട്ടക്കോളാമ്പി. 
തുപ്പാന്‍ ഫ്‌ളവര്‍വേസുപോലെ, തേച്ചുമിനുക്കി മനോഹരമാക്കിയ ഓട്ടുകോളാമ്പികളുണ്ട്. അതില്‍ നിറയ്ക്കുന്ന കഫവും മുറുക്കാന്‍ചാറുമെല്ലാം ഒരുളുപ്പുമില്ലാതെ വല്യമ്മച്ചി അവളെക്കൊണ്ട് കഴുകിക്കാറുണ്ട്. ചെയ്യില്ലായെന്ന് എതിര്‍ത്തു പറയാനോ സൂത്രം പ്രയോഗിച്ച് തന്ത്രപൂര്‍വം ഒഴിഞ്ഞുമാറാനോ ലിസിക്കു വശമില്ല. കാരണം, അവള്‍ സാധുവായ ബേബിച്ചന്റെ മകളാണ്. അവളുടെ തലതൊട്ടമ്മയാണെങ്കില്‍ ആരെന്തു പറഞ്ഞാലും അനുസരിക്കാന്‍മാത്രം പഠിച്ച ഒരു  പാവമാണ്. പിന്നെ മനസ്സില്‍ പിരാകാന്‍മാത്രം അറിയാം. അതവള്‍ മുട്ടില്ലാതെ ചെയ്യുന്നുണ്ട്.
വല്യപ്പച്ചന്‍ വെളിക്കിറങ്ങുകയാണ്. എന്തൊരു നാറ്റമാണ്. നേരേ പോകാനും വയ്യ. കുത്തുകയ്യാലകളിറങ്ങിപ്പോയാ മതിയായിരുന്നു. ഇതിപ്പം ഇനി ഈ വിസര്‍ജ്യം നിറഞ്ഞ വട്ടക്കോളാമ്പിയും വല്യമ്മച്ചി കഴുകിക്കും.
വീട്ടീന്നു രാവിലെ ഒരു ഗോതമ്പുദോശ തിന്നിട്ടിറങ്ങിയതാണ്. വിശന്നിട്ടു കണ്ണു കാണാന്‍വയ്യാ. 
വല്യമ്മച്ചിയെ കാണാതെ ഒളിച്ചുപോകാന്‍ ലിസി ശ്രമിച്ചു. 
വല്യമ്മച്ചിയുടെ വിലാപം:
''അയ്യോ അപ്പാപ്പാ, വീഴല്ലേ, എന്റെ കൈയിമ്മേ മുറുക്കെ പ്പിടിച്ചോ ഞാനൊന്നു കഴുകിക്കട്ടേ.''
വല്യമ്മച്ചി വെള്ളമെടുത്തു. വല്യപ്പച്ചന്‍ മൂക്കുകുത്തിവീണു.  വല്യപ്പച്ചന്റെ തേങ്ങല്‍ശബ്ദം, വല്യമ്മച്ചിയുടെ ഉച്ചത്തിലുള്ള അട്ടഹാസം: ''യ്യോ, ദൃഷ്ടി കുമ്പിട്ടുപോയോ.''
ലിസി ഓടിച്ചെന്ന് വല്യപ്പനെ ആവുന്നത്ര ശക്തിയില്‍ എടുത്തുയര്‍ത്താന്‍ ശ്രമിച്ചു. വല്യപ്പച്ചന് നല്ല കനമുണ്ടെന്നവള്‍ക്കു തോന്നി. കണ്ടാല്‍ എല്ലും തോലുമായെങ്കിലും. ഇത്തിരിപ്പോന്ന ലിസി വല്യപ്പച്ചനെ താങ്ങാനാവാതെ നിന്നു കിതച്ചു. 
വല്യമ്മച്ചി വല്യപ്പച്ചനെ വളരെ വൃത്തിയായി കഴുകിത്തുടച്ചു.  ലിസിയും വല്യമ്മച്ചിയുംകൂടെ അപ്പച്ചനെ തളത്തില്‍ വിരിച്ചിട്ട കട്ടിലില്‍ കിടത്തി. 
കട്ടിലില്‍ വല്യപ്പച്ചനു പിടിച്ചിരിക്കാന്‍ തുണികൊണ്ട് ഊഞ്ഞാല്‍പോലെ കെട്ടിയ ഒരു വളയമുണ്ട്.  അതില്‍ കൈപിടിച്ചിരുന്നാല്‍ ദൃഷ്ടി കുമ്പിട്ടു താഴെ വീഴില്ല. 
അങ്ങനെയിരിക്കുന്ന സമയത്താണ് വല്യപ്പച്ചന് മുഷിച്ചില്‍ വരാതിരിക്കാന്‍ പ്രാര്‍ഥനകള്‍ ചൊല്ലിക്കൊടുക്കുന്നതും പത്രംവായിച്ചുകൊടുക്കുന്നതുമൊക്കെ. 
വല്യമ്മച്ചി തക്കത്തില്‍ സമയമുപയോഗിച്ചു: 
''എന്റെ മാനാ കോളാമ്പീലെകൊണ്ട് കക്കൂസിലൊഴിച്ചിട്ട് പടിഞ്ഞാറേ പറമ്പിലിട്ട്, ഇച്ചിരെ മണലും ചാരവുംകൂടെയിട്ടു തേച്ചിട്ട് വെയിലത്തോട്ടു വച്ചേ.''
ഒരു സ്വപ്നത്തിലെന്നവണ്ണം അവള്‍ എല്ലാം കിറുകൃത്യമായി ചെയ്തു. അവക്ക് ഓക്കാനം വന്നു. കുറേ പിത്തവെള്ളം ഛര്‍ദിച്ചു. കൈകള്‍ എത്ര തവണ കഴുകിയിട്ടും അറപ്പു മാറുന്നില്ല. അവള്‍ തന്റെ വീട്ടിലേക്കോടി. 
''ഇച്ചാച്ചാ, വല്യപ്പച്ചനു മേലാ, വല്യമ്മച്ചി കരയുകേം പറയുകേം ചെയ്യുന്നു.''
അമ്മച്ചി പറഞ്ഞു: ''വാ ഇച്ചാച്ചാ, നമ്മക്കൊന്നു പോയി നോക്കാം.''
അങ്ങനെ വല്യപ്പച്ചന്റെ കാര്യത്തിന് ഒരു തീരുമാനമായി. എന്നും രാവിലെ ചെന്ന് വല്യപ്പച്ചനെ വെളിക്കിരുത്തി കഴുകിച്ച്, പല്ലുതേപ്പിച്ച്, പച്ചയീര്‍ക്കില്‍ കൊണ്ട് നാക്കുവടിപ്പിച്ച്, ചൂടുവെള്ളത്തില്‍ തുടപ്പിച്ച് സുന്ദരനാക്കി അപ്പന്‍ കിടത്തും.
വട്ടയ്ക്കാപ്പറമ്പിലെ ചാക്കോച്ചന്‍ ദുബായീന്നു വന്നിട്ടുണ്ട്. അമ്മയുടെ ജ്യേഷ്ഠത്തിയുടെ മകന്‍.  വലിയ പത്രാസുകാരാണ്. അവരുടെ സഹായം പറ്റുന്ന നാട്ടുകാരില്‍ പലരും പറയുന്നു, അവര്‍ ശുദ്ധഹൃദയരും നല്ലവരുമാണെന്ന്. ആ വീട്ടിലെ എല്ലാ മക്കളും ദുബൈയിലാണ്.
പത്തമ്പലത്തു പുതുതായി പണിത പള്ളിക്ക് ആ വീട്ടിലെ എല്ലാവരുംകൂടെച്ചേര്‍ന്ന് ഭീമമായ ഒരു തുക സംഭാവന നല്കി. അതുകൊണ്ട്, പള്ളിക്കാര്‍ക്കും പ്രമാണികള്‍ക്കും പ്രാര്‍ഥനാഗ്രൂപ്പുകള്‍ക്കുമൊക്കെ അവരെ വലിയ മതിപ്പാണ്. വട്ടയ്ക്കാപ്പറമ്പിലെ അമ്മച്ചിയുടെ സ്വന്തം അനുജത്തിയായ തന്റെ അമ്മയെ ഉള്ളറിഞ്ഞു സഹായിക്കാന്‍ അവരും ശ്രമിച്ചില്ല. 
അമ്മ അവരുടെ വീട്ടില്‍ച്ചെന്ന് പോരാന്‍ നേരത്ത് ആ പേരമ്മ വന്ന് ഒരു നൂറു രൂപ കൈയില്‍ ചുരുട്ടിവച്ചു കൊടുക്കും. എന്നിട്ട് കെട്ടിപ്പിടിച്ച് കവിളില്‍ ഒരു മുത്തവും കൊടുക്കും. റോയിച്ചായനെ അവരൊന്നു ദുബായിക്കു കൊണ്ടുപോയാല്‍ മാറാവുന്ന ദാരിദ്ര്യമേ ലിസിയുടെ ഭവനത്തിലുള്ളൂ. അമ്മ നാണോം മാനോം നോക്കാതെ  എത്രയോ തവണ അവരോടാവശ്യപ്പെട്ടതാണ്. റോയിച്ചായനു ഭാഗ്യമില്ലാതെപോയി.
ലിസിയുടെ സമപ്രായക്കാരൊക്കെ സാരിയുടുത്ത് നിഗളിപ്പ് കാട്ടാന്‍ തുടങ്ങി. ലിസി ഇപ്പോഴും ആ പഴയ പാവാടയും ബ്ലൗസുമായിട്ടാണ് നടപ്പ്. 
മേഴ്‌സി അമ്മയെ അനുനയിപ്പിച്ച് രണ്ടു സാരികള്‍ വാങ്ങിയെടുത്തു. എന്നിട്ട് അതുതന്നെ മാറിമാറിയുടുക്കുന്നു.
ചാക്കോച്ചായന്‍  ലിസിയുടെ വീടിനടുത്തായി ഒരു നല്ല വീടും ഒരു തോട്ടവും വാങ്ങി. 
ഉച്ചകഴിഞ്ഞുള്ള നേരത്ത് വീട്ടില്‍ വന്ന് അല്പമിരിക്കും. 
ലിസി മോനുവിനെ ശട്ടം കെട്ടി. ''മോനൂട്ടാ, ഇനി ചാക്കോച്ചായനിവിടെ വരുമ്പം മോന്‍ ചോദിക്കണം, ലിസിച്ചേച്ചിക്കൊരു സാരി കൊടുക്കാവോന്ന്.'' അവനു കൂലിയായി ലിസി ഒരു ബലൂണ്‍ വാങ്ങിക്കൊടുത്തു. എന്നിട്ടു പറഞ്ഞു: ''ഈ കാര്യം വേറാരോടും പറയരുത്.''
പിറ്റേന്നു ചാക്കോച്ചായന്‍ വന്നു. നടുക്കത്തെ മുറിയില്‍ കയറി ഒളിച്ചിരുന്നിട്ട് കിഴക്കേ മുറിയിലേക്കുള്ള കിളിവാതിലില്‍ക്കൂടി  മോനു വിളിച്ചു: ''ചാക്കോച്ചായാ ദേ ഈ ലിസിച്ചേച്ചി പറയുവാ....'' അഭിമാനബോധംകൊണ്ട് അവനു മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല.
''ആ പറ മോനേ, എന്നതാ, ലിസിച്ചേച്ചി എന്നതാ പറഞ്ഞേ?''
''ലിസിച്ചേച്ചിക്കൊരു സാരികൊടുക്കാവോന്ന്.'' അവന്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞിട്ട് ലിസിക്കിട്ട് രണ്ടടിവച്ചുകൊടുത്തു. 
ചാക്കോച്ചായന്‍ പിറ്റേന്നു വന്നത് ഒരു കടലാസുകവറുമായാണ്.  വയലറ്റുനിറത്തില്‍ ഒരു സാരി. നീലയും മജന്തയും ഡിസൈനുകളുള്ള നല്ല ഒരു സാരി. മോനുവിന് ഒരു ഷര്‍ട്ട്പീസും, അമ്മച്ചിക്ക് ഒരു കവിണിയും പ്രോച്ചും. സാരിയെടുത്ത് പാത്തുവയ്ക്കാന്‍ അമ്മ നിര്‍ദേശിച്ചു. മേഴ്‌സി അതിനെ കാച്ചിക്കാസാരി എന്നു വിളിച്ചു. 
മേഴ്‌സി പറഞ്ഞു: ''എടീ ലിസീ എനിക്കുംകൂടെത്തരണേടീ, മാറിയുടുക്കാന്‍'' തരാമെന്ന് ലിസി തലയാട്ടിക്കാണിച്ചു.
അമ്മ പറഞ്ഞു: ''ഇപ്പം ലിസി മോളു സാരിയുടുക്കണ്ട, അത് അമ്മ പാത്തുവച്ചോളാം. നല്ല സാരിയല്ലേ, വല്ല കല്യാണത്തിനൊക്കെ ഉടുക്കാം. എന്നിട്ട് മോള്‍ക്കൊരു ഹാഫ്സാരി വാങ്ങിത്തരാം. അതാകുമ്പം മാറിമാറിയുടുക്കാനില്ലല്ലോ എന്ന സങ്കടം വേണ്ടതാനും.''      
''ആര്‍ക്കു ഹാഫ്സാരി വാങ്ങുന്ന കാര്യമാ.'' കാരാപ്പുഴയമ്മച്ചിയുടെ സ്വരം.
''അതു പിന്നെ, കൊച്ചമ്മേ ഈ ലിസിപ്പെണ്ണും ആ മോനു ച്ചെറുക്കനുംകൂടെ എന്നെ നാണംകെടുത്തി ഒരു സാരി ഒപ്പിച്ചെടുത്തു. അതിന്റെ കാര്യമാ.''
അമ്മച്ചി തുടര്‍ന്നു: ''തുണി വറുത്തുപൊടിച്ചുതിന്നാലും, എത്ര ഇല്ലേലും ആരുടെ മുന്നിലും കൈനീട്ടരുതെന്നാ ഞാന്‍ പഠിച്ചിരിക്കുന്നേ, കൊച്ചമ്മേടെ ആങ്ങളയ്ക്കും അതു നിര്‍ബന്ധാ. എന്നിട്ടും ഈ പിള്ളേര് എന്റെ ചേടത്തീടെ മകന്‍ ചാക്കോച്ചനോടൊരു സാരി ചോദിച്ചു മേടിച്ചു.''
''അവരു ചോദിച്ചു മേടിച്ചെങ്കി കണക്കായിപ്പോയി, പിള്ളേര് വളരുന്നതും ഉടുക്കാറും കെട്ടാറുമായതും മാതാപിതാക്കളറിയണം.''
''... ന്റെ മക്കളു വിഷമിക്കണ്ടാ ഞാന്നോക്കട്ടേ, വല്ല വഴീമൊണ്ടോന്ന്.''
പിറ്റേന്നുതന്നെ ബാബുച്ചായന്റെ കൈയില്‍ കാരാപ്പുഴയമ്മച്ചി ഒരു പൊതി കൊടുത്തുവിട്ടു. അതിമനോഹരമായ ഒരു പുത്തന്‍സാരി.
ഇളംനീലനിറത്തില്‍ സാരിയില്‍ കടുംനീല പ്രിന്റുകളുള്ള സാരി, ഒപ്പം അതിനു ചേരുന്ന ബ്ലൗസിനു തുണിയും സാരിഫോളും. ലിസി അതു മണപ്പിച്ചു നോക്കി: ''പുത്തനാ.'' 
രണ്ടു സാരികിട്ടി. സന്തോഷമായി.  മേഴ്‌സി സാരിക്കു ഫോള്‍ പിടിപ്പിച്ചു. ഇനി ബ്ലൗസു തയ്പിക്കാന്‍ തയ്യല്‍ക്കൂലി വേണം. പത്തമ്പലത്ത് ആണുങ്ങളാണ് തയ്യല്‍ക്കാരായിട്ടുള്ളത്. പാപ്പിച്ചേട്ടനും ദാമോദരനും. ആണുങ്ങളെക്കൊണ്ട് എങ്ങനെയാ അളവെടുപ്പിക്കുന്നത്? മേഴ്‌സിക്കും ലിസിക്കും ഒരേ വണ്ണമാണ്. മേഴ്‌സീടെ അളവില്‍ തയ്പിക്കാം. മേഴ്‌സി അമ്മച്ചിയെ സോപ്പിട്ട് തയ്യല്‍ക്കൂലി കൊടുത്തോളും. അങ്ങനെ ആ കാര്യത്തിനും തീരുമാനമായി. കാരാപ്പുഴയമ്മച്ചി  വേറേ ഒന്നു രണ്ടു പഴയ സാരികളും ബ്ലൗസുകളും സാരിപ്പാവാടകളും കൊണ്ടെത്തന്നു. ''മക്കളൊന്നുരണ്ടുടുത്തതാ. അവര്‍ക്ക് അവലോസുപോലെ ഒത്തിരിയുണ്ട്. മാറിയുടുത്തോ.'' 
''ബാബുച്ചന്‍ ബഹറിനു പോകുവാ. സോമിനീം ജോറൂട്ടിം   ഖത്തറിലല്ലേ, അവരു വരട്ടേ.'' 
ലിസിക്ക് കര്‍ത്താവു പഠിപ്പിച്ച നല്ല ശമരിയാക്കാരന്റെ കഥ ഓര്‍മ വന്നു. കരോട്ടെ വല്യമ്മച്ചിയുടെ മകളാണെന്നേ തോന്നത്തില്ല. അത്ര നല്ല പെരുമാറ്റമാണ്.
ഇച്ചാച്ചന്‍ പറഞ്ഞു: ''ചിന്നമ്മയ്ക്ക് നമ്മുടെ ലിസിമോളെ വല്യ ഇഷ്ടമാ. അവള്‍ അപ്പാപ്പന് പ്രാര്‍ഥന ചൊല്ലിക്കൊടുക്കുന്നതും പത്രം വായിച്ചുകൊടുക്കുന്നതുമൊക്കെയാ കാരണം.''

           (തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)