•  3 Apr 2025
  •  ദീപം 58
  •  നാളം 5
നോവല്‍

കാറ്റിന്റെ മര്‍മരങ്ങള്‍

    തറവാട്ടുവീടിനു കിഴക്കു ഭാഗം ഒഴിച്ച് എല്ലായിടത്തും വീതിയേറിയ വരാന്തയുണ്ട്. അടുക്കളയ്ക്കു നേരേ ചതുരാകൃതിയില്‍ കെട്ടിപ്പൊക്കിയ വലിയ ഒരു തിണ്ണ. അവിടെയിരുന്ന് ചക്കയൊരുക്കാനും കപ്പയരിയാനും കറിക്കരിയാനുമാണ്. വീട്ടുജോലിക്കാര്‍ക്കു ഭക്ഷണംകൊടുക്കുന്നതും അവിടെവച്ചാണ്. അവരില്‍ ഒരാള്‍പോലും ഇരുന്നു ഭക്ഷണം കഴിക്കുന്നത് അവള്‍ കണ്ടിട്ടില്ല, അവരവിടെ വന്നുനിന്ന് നാട്ടുവര്‍ത്തമാനങ്ങള്‍ മുഴുവന്‍ പറഞ്ഞ് വല്യമ്മച്ചിയെയും കൊച്ചമ്മയെയും സുഖിപ്പിക്കും. റബര്‍വെട്ടുന്ന അഴകന്‍ റബര്‍വെട്ടുകഴിഞ്ഞ്  പതിവായി വന്ന് വല്യമ്മച്ചിയുടെ കൈയില്‍നിന്ന്, വല്യമ്മച്ചിയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'പേറുമാറിയ വലിയകോപ്പ'യില്‍ കഞ്ഞിയും, അഴകന്റെ ഭാഷയില്‍ കഞ്ഞാളവും അടുക്കളത്തിണ്ണയ്ക്കരികില്‍നിന്ന് കോപ്പ കുലുക്കിക്കുലുക്കി കുടിച്ച് ഏമ്പക്കവും വിട്ട് വീണ്ടും റബ്ബര്‍തോട്ടത്തിലേക്കു പാലെടുക്കാന്‍ പോകും. വല്യമ്മച്ചി പറയും, എന്റെ അഴകന്  ഞാനാ കോപ്പേല്‍ കൊടുക്കുന്ന ആ കഞ്ഞിയാ അവന്റെ ബലം. അഴകന്റെ യജമാനഭക്തിയും വിധേയത്വവും, വല്യമ്മച്ചിയുടെ ആശ്രിതവാത്സല്യവും ഒരുകോപ്പ കഞ്ഞിയില്‍ തുളുമ്പി നില്ക്കുന്നതു കാണാം. 
പടിഞ്ഞാറേത്തിണ്ണയിലാണ് സീസറിനെ പകല്‍ മുഴുവന്‍ കെട്ടുന്നത്. രാത്രിയില്‍ വടക്കോട്ടു ദര്‍ശനമുള്ള വീടിന്റെ പടിഞ്ഞാറേമുറ്റത്ത് ഇരുമ്പപുളിയോടു ചേര്‍ന്നുള്ള പട്ടിക്കൂട്ടിലും. വൃത്തിയും വെടിപ്പുമുള്ള കൂടാണ്.  സീസര്‍ നല്ല അനുസരണവും സ്‌നേഹവുമുള്ള ഒന്നാന്തരം ശ്വാനന്‍ ആണ്. സ്റ്റാന്‍ഡേര്‍ഡ് കൂടുതലായതിനാല്‍ നായുടെ പര്യായം പറയാം;  വെറും 'പട്ടി' അല്ലെന്നു സാരം. തമ്പിച്ചാച്ചന്‍ സീസറിനെ ടൂത്ത് ബ്രഷിട്ട് പല്ലുതേപ്പിക്കാറുണ്ട്. 
പിന്നാമ്പുറത്തെ വരാന്തയുടെ കിഴക്കുഭാഗത്താണ് ഈയിടെയായി വല്യപ്പച്ചന്റെ കുളിയും കുളിക്കു മുമ്പത്തെ ചെറിയ കസര്‍ത്തും. എണ്ണയും കുഴമ്പുമെല്ലാം തേച്ച് ഇഞ്ചയുപയോഗിച്ച് കൃത്യം നാലുമണിയാകുമ്പോള്‍ കുളിച്ചൊരുങ്ങും, റേഡിയോവാര്‍ത്ത കേള്‍ക്കാനും പ്രാര്‍ഥിക്കാനുമായി. ഓണക്കാലമായാല്‍പ്പിന്നെ, താഴത്തങ്ങാടിയില്‍ ബാല്യവും യൗവനവും പിന്നിട്ട, വെളുത്തിട്ട് അതിസുന്ദരനായ വല്യപ്പച്ചന് വള്ളംകളിയുടെ റേഡിയോകമന്ററി കേള്‍ക്കുന്നതാണ് ഏറ്റവും വലിയ വിനോദം. അന്ന് പത്തമ്പലത്തു റേഡിയോയുള്ളത് വല്യപ്പച്ചനും പിന്നെ വാക്കയില്‍കാര്‍ക്കുംമാത്രമാണ്. 
വീടിന്റെ മുന്‍ഭാഗത്ത് രണ്ടുവലിയ വരാന്തകളാണ്. താഴത്തെവരാന്ത പടിഞ്ഞാറ്, പിന്നാമ്പുറം വരാന്തകളോടു യോജിച്ചാണ് കിടക്കുന്നത്. മുകളിലത്തെ തിണ്ണയും വിസ്താരമേറിയതാണ്. ഒരു കയറുകട്ടിലും ഒരു ചില്ലിട്ട തടിയലമാരയും മുകളിലത്തെ വരാന്തയിലുണ്ട്. കൊച്ചുപ്പാപ്പന്‍ അതിഥികളുള്ളപ്പോള്‍  കിടക്കുന്നത് ആ കട്ടിലിലാണ്. ഭിത്തിയില്‍ നിറച്ച് പിന്നെ കുടുംബക്കാരുടെ ഫോട്ടോകളാണ്. നടുക്കായി തിരുക്കുടുംബത്തിന്റെ ഫോട്ടോ. ലിസി ആരും കാണാതെ ആ തിണ്ണയില്‍ കയറിനിന്ന് ഉണ്ണിയേശുവിന്റെ മുഖത്തു സൂക്ഷിച്ചുനോക്കിക്കൊണ്ടു ചോദിക്കും: ''ഉണ്ണിയേശുവേ, കാണുന്നില്ലേ എല്ലാം, എന്നെ ഇവരൊത്തിരി കഷ്ടപ്പെടുത്തുന്നത്.'' വല്യപ്പച്ചന്റെ വേദപുസ്തകവും പ്രാര്‍ഥനപ്പുസ്തകങ്ങളും വയ്ക്കാന്‍ ഭിത്തിയോടു ചേര്‍ത്ത് തടികൊണ്ട് ചെറിയതട്ടുകള്‍പോലെ ഓരോന്ന് ചെയ്തുവച്ചിട്ടുണ്ട്. അതില്‍ അനുദിനപ്രാര്‍ഥനക്രമങ്ങളും പാട്ടുപുസ്തകങ്ങളും അടുക്കിവച്ചിരിക്കുന്നു.
മാത്തുക്കുട്ടിപ്പാപ്പന്‍ ജോലി ചെയ്തിരുന്ന ബര്‍മാഷെല്‍ കമ്പനിയെ ഭാരതസര്‍ക്കാര്‍, ദേശസാല്‍കൃതമാക്കി ഭാരത് പെട്രോളിയം കമ്പനിയാക്കുന്നതിനു മുമ്പും ശേഷവുമുള്ള മനോഹരമായ കലണ്ടറുകളിലെ ചിത്രങ്ങള്‍ നോക്കിക്കാണുന്നത് ലിസിക്കേറെ ഇഷ്ടമാണ്.   യേശുവും ശിഷ്യന്മാരുമായുളള അന്ത്യത്താഴം,  മാതാവും ഉണ്ണിയേശുവും, വി. ബൈബിളിലെ ചില അദ്ഭുതകൃത്യങ്ങള്‍ ഒക്കെ അതിലുണ്ട്. 
അന്നത്തെകാലത്ത് മുന്തിരിങ്ങയും ആപ്പിളുംകാണുന്നത് വിദേശത്തുപോയവര്‍ നാട്ടിലെത്തുന്ന വേളകളിലാണ്. മുന്തിരിങ്ങ വല്യമ്മച്ചി കഴുകിക്കൊടുക്കാന്‍ കുലകളായിക്കൊടുത്തുവിടും. എന്നാല്‍, ഒരു ചെറിയ കുലപോലും കഴിക്കാന്‍ തന്നിട്ടുമില്ല. വലിയ ആപ്പിള്‍കൂടയില്‍നിന്ന് ഒരാപ്പിള്‍  ഇച്ചാച്ചന്‍ കൊടുക്കും. ചിലപ്പോള്‍ രണ്ടെണ്ണം കാണും. ഇച്ചാച്ചനു താഴെ വീട്ടില്‍ കൊണ്ടുവന്ന് പേനാക്കത്തികൊണ്ട് അത് ചെറിയ പൂളാക്കി മക്കള്‍ക്കു കൊടുക്കുമ്പോള്‍ ലിസിക്കും ഒരു പൂള്‍ കിട്ടും. 
മുകളിലത്തെ തിണ്ണയില്‍ രണ്ടു തൂണുകളുണ്ട്. കൊച്ചമ്മ മുമ്പിലത്തെ തൂണിലും വല്യമ്മച്ചി പിന്നിലത്തെ തൂണിലും ചാരിയിരുന്നാണു  സന്ധ്യാപ്രാര്‍ഥന നടത്തുന്നത്.  വല്യപ്പച്ചന്‍ കയ്യുള്ള നീളന്‍കസേരയില്‍ ഏറ്റവും പിന്നിലായും കൊച്ചുപ്പാപ്പനും മൂന്നുമക്കളും മേല്‍ത്തിണ്ണയുടെ ഒത്തനടുക്ക് പായിലിരുന്നുമാണ് പ്രാര്‍ഥിക്കുന്നത്.
ലിസിയെയും കുടുംബത്തെയും ഒട്ടും സഹായിക്കാതെ കഷ്ടപ്പെടുത്തുന്നവരുടെ ഈ സന്ധ്യാപ്രാര്‍ഥനയാണ് ഏറെ രസകരം. നിത്യപ്രാര്‍ഥനയില്‍ അവര്‍ അമ്പതുനോമ്പില്‍ മാത്രം ചൊല്ലുന്ന 'കര്‍ത്തൃകര്‍ത്താവേ...'  എന്ന സൂത്താറാഗീതവും  ചൊല്ലും. 
അച്ചോയി തറവാട്ടില്‍ ചെന്നു പറഞ്ഞോട്ടെ എന്നു കരുതി ലിസി അച്ചോയിയോടു ചോദിച്ചു: ''അച്ചോയിച്ചാ, കര്‍ത്തൃകര്‍ത്താവ് എന്നു പറഞ്ഞാല്‍ പിതാവാം ദൈവമല്ലേ, പിതാവാം ദൈവത്തോട് കരോട്ടുകാര്‍ എന്നും പറയുന്നതു കേട്ടിട്ടില്ലേ, കൊല്ലും വഞ്ചനയായുള്ള പൊന്നും വെള്ളിയും നേടേണ്ട, നിത്യജീവന്‍ പ്രാപിപ്പാന്‍ സത്യോപദേശം കേള്‍ക്ക, നാല്പതുനാള്‍ ഉപവസിക്ക, വിശക്കുന്നവനപ്പം കൊടുക്ക, ഈശായ്‌സുതനെപ്പോല്‍ ദിനം ഏഴുവട്ടം പ്രാര്‍ഥിക്ക, മോ -ശയും ഏലിയാവും നോമ്പുനോറ്റു, നമ്മുടെ കര്‍ത്താവും നോറ്റു ആകല്‍ക്കറുസായെ ജയിച്ചു തലയില്‍ തുണിയുമിട്ട്, കിഴക്കോട്ടു തിരിഞ്ഞിരുന്ന് ചുമ്മാ ജല്പനം ചെയ്യുന്നതല്ലേ, യേശുക്രിസ്തുവിന്റെ കല്പനകള്‍ പ്രമാണിച്ചു  ജീവിക്കാനും പരിശുദ്ധന്മാര്‍ ചെയ്തതുപോലെ ഉപവസിക്കാനും പ്രാര്‍ഥിക്കാനുമല്ലേ പൂര്‍വപിതാക്കന്മാര്‍ അങ്ങനെ എഴുതിയിരിക്കുന്നത്, അതല്ലാതെ ഇതിനെല്ലാം എതിരായി ജീവിച്ചിട്ട് ദൈവത്തെ എല്ലാ രാത്രിയിലും ചൊല്ലിക്കേള്‍പ്പിക്കുകയാണോ വേണ്ടത്? ദൈവത്തെ പരിഹസിക്കുന്നതിനുതുല്യമല്ലേ അത്?'' അന്നതുകേട്ട് അച്ചോയിയുള്‍പ്പടെ വീട്ടില്‍ എല്ലാരും തലയറഞ്ഞു ചിരിച്ചതാണ്. എന്നാല്‍, എന്തു പറഞ്ഞാലും തറവാട്ടിലെത്തിക്കുന്ന അച്ചോയി ഇതേക്കുറിച്ച് ഒരക്ഷരം പറഞ്ഞില്ല. പകരം തന്നെ കാണുമ്പോള്‍ ഇതിലെ കോമഡി പറഞ്ഞു ചിരിക്കുകയും ചിരിപ്പിക്കുകയും  ചെയ്യും. 
അറയും നിരയുമുള്ള വലിയ വീട്. പടിഞ്ഞാറേത്തളം, തളത്തില്‍നിന്ന് അറയിലേക്കു കടക്കാന്‍ മനോഹരമായ ചിത്രപ്പണികളുള്ള വാതില്‍. മണിപ്പൂട്ടുതാഴ്. ഇന്നു പലരും പറയുമ്പോലെ മണിച്ചിത്രത്താഴ്. അറയില്‍ ആരെങ്കിലും കയറിയാല്‍ അലാറം മുഴങ്ങുന്നതുപോലെ കുറെ ദൂരം മണിനാദം കേള്‍ക്കാം. ആ ശബ്ദം കേള്‍ക്കുമ്പോള്‍ താഴെ തന്റെ അമ്മ പറയും, അമ്മച്ചി അറയില്‍ കേറുന്നു എന്ന്. വിലപ്പെട്ട ഒരുപാട് ശേഖരങ്ങളുള്ള അറ. വല്യമ്മച്ചിയുടെ കാല്‍പ്പെട്ടിക്കും മണിപ്പൂട്ടുണ്ട്. അതു തുറന്നാലും പുറത്തെല്ലാം ശബ്ദം കേള്‍ക്കാം. 
പിന്നെ വാരം, വാരത്തിന് നാലു വാതിലുണ്ട്, ഒരു വാതില്‍ തളത്തിലേക്ക്; മറ്റൊന്ന് പര്യമ്പുറത്തിറങ്ങാന്‍, ഒന്ന് ഇടക്കെട്ടിലേക്ക്, ഒരു വാതില്‍ വീടിന്റെ മുന്‍വശത്തെ മുകളിലെ തിണ്ണയിലേക്ക്.   കിളിവാതില്‍പോലെ മൂന്നു ജനലുകളും. വാരത്തിന്റെ നടുക്കായി ഒരു അലമാരയുണ്ട്, അതിലും എന്തൊക്കെയോ കനത്തില്‍ ഉണ്ടെന്നാ സംസാരം. വല്യമ്മച്ചിയുടെ കട്ടില്‍ കൂടാതെ രണ്ടു കട്ടില്‍കൂടി വാരത്തില്‍ ഉണ്ട്. എന്നാല്‍, വേറെ വേറെ മുറികളില്‍ കിടക്കുന്ന പ്രതീതിയാണ് അതിനുള്ളില്‍. അറയുടെ പ്രധാനഭാഗം വാരത്തിലേക്കു തള്ളിനില്ക്കുന്നു. വല്യമ്മച്ചിയുടെ കട്ടിലിനു കീഴെ പലകകളാണ്. നടക്കുമ്പോള്‍ ഒച്ച കേള്‍ക്കാം. ആ പലകകള്‍ മാറ്റിയിട്ടാണ് വല്യമ്മച്ചി പഴുത്ത വാഴക്കുലകളൊക്കെ എടുത്തുകൊണ്ടുവരുന്നത്. അതില്‍ വിലപ്പിടിപ്പുള്ള വാര്‍പ്പും കുട്ടകങ്ങളും നിലവിളക്കുകളും ചെമ്പുപാത്രങ്ങളും ഓട്ടുപാത്രങ്ങളും ഒക്കെയുണ്ട്. ഇരുട്ടറയാണ്. അകംനിറയെ കൂരിരുട്ട്.  
കൊച്ചമ്മ എന്നും ഇടക്കെട്ടിലാണ് പകലും രാത്രിയും വിശ്രമവും ഉറക്കവും. ഇടക്കെട്ടിനെ നിലവറക്കുഴി എന്നാണ് വല്യമ്മച്ചി പറയുക.  പണ്ടൊക്കെ നെല്ലുകുത്തുന്നത് നിലവറക്കുഴിയിലോ മറ്റോ ആയിരുന്നത്രേ. ഇടക്കെട്ടിനും നാലുവാതിലുകളുണ്ട്. രണ്ടു ജനലുകളും. ഇടക്കെട്ടിലും ഒരലമാരയുണ്ട്.  
കിഴക്കേമുറി തന്റെ അപ്പനും  അമ്മയും തറവാട്ടിലായിരുന്നപ്പോള്‍ രാപാര്‍ത്ത മുറി. പകല്‍ ഒരു നേരം അമ്മയെ ഇരുത്തിയിട്ടില്ല. ഒത്തിരി കഷ്ടപ്പെടുത്തി. 
ആ മുറിയില്‍ ഒരു കട്ടിലുണ്ട്. 
കട്ടിലിനുമുകളില്‍ മേക്കട്ടിക്കു പകരം വിരുന്നുകാര്‍ വരുമ്പോള്‍ കിടക്കാനുള്ള മെത്തപ്പായ്കളും, തലയിണകളും അടുക്കിക്കെട്ടിത്തൂക്കിയിരിക്കുന്നു. കട്ടിലിനു കീഴെ ചെമ്പും വാര്‍പ്പുമൊക്കെയുണ്ട്. ആ മുറിയാണ് ഊണുമുറി. വല്യപ്പച്ചനും വിരുന്നുകാരുമെല്ലാം അവിടെയിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. മൂന്നു വാതിലുള്ള ആ മുറിയില്‍നിന്ന് അടുക്കളയിലേക്കെത്താം.
വിശാലമായ അടുക്കള. അടുക്കളയിലും ഒരു അലമാരയുണ്ട്. ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങള്‍ അടുക്കടുക്കായി അതില്‍ സൂക്ഷിച്ചിരിക്കുന്നു. അച്ചാറുകളും വറ്റലുകളും വറുത്ത ഉപ്പേരിവര്‍ഗങ്ങളുമൊക്കെ അലമാരയെ കുബേരമാക്കിയിരിക്കുന്നു.  പൊക്കിക്കെട്ടിയ അടുപ്പിന്‍പാതകത്തിനു കീഴെ ഉപയോഗിക്കാത്ത ചെമ്പ്, ഓട്ടുപാത്രങ്ങള്‍, വലിയ ഭരണികളില്‍ ഉപ്പിലിട്ടതുകള്‍.
അടുക്കളയില്‍,  കിഴക്കേഭിത്തിയോടുചേര്‍ന്ന് ലിസിയെക്കൊണ്ടും മറ്റും ആഴക്കിണറില്‍നിന്നു വലിപ്പിച്ചുവച്ചിരിക്കുന്ന വെള്ളംനിറച്ച കുട്ടകങ്ങളും പാത്രങ്ങളും നിരനിരയായി, വരിവരിയായി ഇരിക്കുന്നു. നല്ലതുപോലെ ഭക്ഷണം വെന്തു വേകുന്ന ഐശ്വര്യമുള്ള അടുപ്പിനും അടുപ്പിന്‍പാതകത്തിനു മുകളിലുമായി വലിയ ഒരു ചേര്. ചേരില്‍ നിറയെ മണിയനെക്കൊണ്ട് കീറിച്ച് ഉണക്കിവച്ചിരിക്കുന്ന വിറകുകള്‍. ചേരില്‍നിന്ന് രണ്ടു മൂന്നു മുളംകൂട തൂക്കിയിട്ടിരിക്കുന്നു. അതില്‍ ഉണക്കമീനുകളാണ്. ചന്തയില്‍നിന്നു കൊണ്ടുവരുന്ന ഉണക്കമീന്‍ വൃത്തിയാക്കി കഴുകിയുണക്കി ഈ കൂടകളില്‍ സൂക്ഷിക്കുന്നു. പാവപ്പെട്ട ബന്ധുക്കള്‍ വിരുന്നുവരുമ്പോഴും, വേലക്കാര്‍ക്കും ആ ഒപ്പം ലിസിക്കും മേഴ്‌സിക്കും മറ്റും ചുട്ടുകൂട്ടാന്‍ അതിലെ തുണ്ടങ്ങളല്ലാത്ത മീന്‍ നല്കാറുണ്ട്. 
വീടിന്റെ കിഴക്കുഭാഗത്ത് ആട്ടിന്‍കൂട് സ്ഥിതിചെയ്യുന്നു. വീടിനോടു ചേര്‍ന്ന്, അവിടെ നിന്ന് മൂന്നുനിര കുത്തുകല്ലുകള്‍ കയറിച്ചെന്നാല്‍ കോഴിക്കൂട്. പൊക്കത്തില്‍ ഉയര്‍ത്തിക്കെട്ടിയ ഏറെ കോഴികളുള്ള ആ കോഴിക്കൂട്ടിനു കീഴെ എത്ര പ്രാവശ്യം വല്യമ്മച്ചി ലിസിയെക്കൊണ്ട് ചാരമിടീപ്പിച്ചിട്ടുണ്ട്. പറമ്പിലെ കരീല കത്തിപ്പിച്ച് ചാരംവാരിച്ച് കോഴിക്കൂടിനു കീഴെയും ചാണകക്കുഴിയിലും ആട്ടിന്‍കൂടിനുകീഴെയും  ഇടുവിക്കുന്ന വല്യമ്മച്ചീ... മരിച്ചുചെന്ന് വെറുതെയങ്ങ് വിശ്രമിക്കുകയാണോ ?
കോഴിക്കൂട് നില്ക്കുന്ന തൊടിയില്‍നിന്ന് അടുക്കളമുറ്റത്തുനിന്നും കന്നുകാലിക്കൂട്ടിലേക്കുള്ള ഇറക്കം. വലിയ കന്നുകാലിക്കൂട്. അതിന്റെ തട്ടിന്‍പുറത്ത് വിറകുശേഖരങ്ങള്‍. രണ്ടു തുറു ഉണ്ടെങ്കിലും ആ തട്ടിന്‍പുറത്തും ഏതാനും ദിവസത്തേക്കു വീതമുള്ള കച്ചി ശേഖരിച്ചിട്ടുണ്ട്. 
പുല്‍ത്തൊട്ടിയില്‍ ഒരു ചെറിയ കളത്തിലായി ഉണക്കമണ്ണില്‍ മൂടയ്ക്കിട്ടുവച്ചിരിക്കുന്ന ചക്കക്കുരു ശേഖരം. കന്നുകാലിക്കൂട്ടിനപ്പുറം ഭംഗിയില്‍ കരിങ്കല്ലിട്ടുകെട്ടിയ ചാണകക്കുഴി. ഗോമൂത്രം പോകാന്‍ സിമന്റില്‍ നിര്‍മിച്ച ചാലുകള്‍. ഗോമൂത്രം ഒഴുകിയൊഴുകി ലിസിയുടെ വീടിനു പിന്നിലൂടെ ഒഴുകും. കെട്ട നാറ്റമാണ് ലിസിക്കും വീട്ടുകാര്‍ക്കും. മഴക്കാലത്ത് കൈത്തോട്ടില്‍ വെള്ളം നിറയുമ്പോള്‍ നാറ്റമില്ല. അല്ലാത്തപ്പോള്‍ കൊതുകും നാറ്റവും സഹിക്കാനാവാതെ ലിസിയുടെ വീട്ടുകാര്‍ വിഷമിയ്ക്കും. 
അടുക്കളമുറ്റത്തുനിന്ന് കിണറ്റിന്‍പാതകത്തിലേക്ക് കരിങ്കല്ലുകീറിക്കെട്ടിയ സ്റ്റെപ്പുകള്‍ കുറെയുണ്ട്. കിണറ്റിനുചുറ്റുവട്ടം ഒരു നടപ്പാതയായി മനോഹരമായി കെട്ടിപ്പൊക്കിയിരിക്കുന്നു. കിണറ്റിലെ കൈയെത്തുന്നിടത്തെ പുല്ലുപറിക്കല്‍ തങ്ങളുടെ  ഒരു തൊഴില്‍കൂടിയാണ്. പാദകത്തില്‍നിന്നു താഴോട്ടും നടകളുണ്ട്. 
നടവാതില്‍മുറ്റത്തുനിന്ന് താഴോട്ട് അതിവിശാലമായ സ്റ്റെപ്പുകള്‍. പിന്നെ തങ്ങള്‍  ഇരുന്നു പത്രം വായിക്കുകയും വല്യമ്മച്ചിയെ ഒളിച്ച് കല്ലുകൊത്തുകയും ചെയ്യുന്ന കളിസ്ഥലം, അവിടെനിന്ന് താഴേക്കു വീണ്ടും വിശാലമായ നടകള്‍. രണ്ടുവശത്തെയും നടകള്‍ ചേരുന്നിടത്തുനിന്ന് വിശാലമായ പാതകെ.കെ. റോഡ് എത്തുന്നിടംവരെ. കൂറ്റന്‍ മതിലുകള്ള ഗേറ്റ്, ഒരിക്കലും അടയ്ക്കാത്ത തുറന്ന ഗേറ്റ്. പാതയ്ക്കിരുവശവും മനോഹരമായ ഇലച്ചെടികള്‍. ഇടയ്ക്ക് നിറയെ കായ്ക്കുന്ന ചാമ്പമരങ്ങള്‍. 
ഏക്കറുകണക്കു സ്ഥലമുണ്ടെങ്കിലും തങ്ങള്‍ക്ക് വെറും ഒരു തുണ്ടുഭൂമിയും അത്യാവശ്യം ജീവിച്ചുപോകാവുന്ന ഒരു വീടുമാണ് നല്കിയത്. ആ പതിന്നാലുസെന്റിലെപോലും ആദായം കൊച്ചുപ്പാപ്പന്‍ പണിക്കാരെവിട്ട് അങ്ങോട്ട് എടുപ്പിക്കും. വാഴക്കുല, തേങ്ങ, കുരുമുളക് ഒക്കെ അങ്ങനെ എടുക്കും. നില്ക്കക്കള്ളിയില്ലാതെ അപ്പന്‍ വല്യമ്മച്ചിയുടെ മുമ്പില്‍ നെഞ്ചത്തലച്ചും തലതല്ലിയും കരഞ്ഞു. അങ്ങനെ ആ കൊച്ചുതുണ്ടിലെ വരുമാനം കിട്ടിത്തുടങ്ങി.  എന്നാല്‍, തിന്നാറായ ഏഴു പിള്ളേര്‍ക്കും അപ്പനും അമ്മയ്ക്കും ഒന്നു പറിച്ചുതിന്നാന്‍ ഒരു ചക്കയോ മാങ്ങയോ മറ്റു കായ്കനികളോ ആ തുണ്ടുഭൂമിയില്‍തീരെയില്ല. 
തറവാട്ടുപറമ്പില്‍ പത്തിരുപത് കായ്ക്കുന്ന പ്ലാവുകളുണ്ട്. ഇഷ്ടം പോലെ മാവുകളും മറ്റു ഫലവൃക്ഷങ്ങളും. എന്നാല്‍, ഒരു ചക്കയിട്ടെടുക്കാന്‍പോലും സമ്മതിച്ചില്ല. നാട്ടുകാര്‍ക്ക് യഥേഷ്ടം വന്നുകൊണ്ടു പോകാം. എന്നാല്‍, സ്വന്തം മകന് സ്വാതന്ത്ര്യവും അനുവാദവുമില്ല.
 
(തുടരും)
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)