മലേഷ്യയിലെ അപ്പച്ചന്‍ ദത്തുപുത്രനെ സ്വന്തമകനാണെന്നു നാട്ടുകാരെയും ബന്ധുക്കളെയും ധരിപ്പിക്കേണ്ടതിന് നീണ്ട പത്തുവര്‍ഷം നാട്ടിലേക്കു വന്നതേയില്ല. ആ അവസരം മുതലെടുത്തത് കൊച്ചുപ്പാപ്പന്‍ എന്നു ലിസി വിളിക്കുന്ന കുഞ്ഞവറായും ലിസിയുടെ അപ്പന്റെ മൂത്തജ്യേഷ്ഠന്‍ കൊച്ചുകൊച്ചപ്പച്ചനുമാണ്. അതിബുദ്ധിമാന്മാരായ അവരിരുവരും വല്യപ്പച്ചന്റെ സ്ഥാവരജംഗമസ്വത്തുക്കള്‍ അവരുടെ പേരിലേക്കു മാറ്റിക്കൊണ്ടിരുന്നു. ഏറിയപങ്ക് കൊച്ചുപ്പാപ്പനും കുറച്ച്, കൊച്ചുകൊച്ചപ്പച്ചനും കൈക്കലാക്കി.
കൊച്ചുകൊച്ച് ഇതിനിടയ്ക്ക് ലിസിയുടെ അപ്പനെ അതിവിദഗ്ധമായിട്ടൊന്നു പറ്റിച്ചു.
ബേബിക്ക് ഒരു ബിസിനസ്സ് ഉണ്ടാക്കിക്കൊടുക്കണം. അവന്‍ ദാരിദ്ര്യപ്പെടുന്നു എന്ന് മലേഷ്യലെ അപ്പച്ചനു കത്തിട്ടു. ചക്കരയും തേങ്ങാപ്പീരയുംപോലെയാണ് കൊച്ചുകൊച്ചപ്പച്ചനും മലേഷ്യനപ്പച്ചനും. അതുകൊണ്ട് എളുപ്പം അനുകൂലമായ പ്രതികരണമുണ്ടായി.
മറുപടി താമസിയാതെ വന്നു.
''ശരിയാ ബേബീ, നീ എന്തു ബിസിനസ്സാണ് ചെയ്യുക? കച്ചോടം നടത്തി ഒന്നു പൊളിഞ്ഞതല്ലേ? പിന്നേം...അതുതന്നേ വേണോ? എന്തുചെയ്യാനാ നിന്റെ പ്ലാന്‍? ആട്ടേ, ഞാന്‍ കൊച്ചായനുമായി ബന്ധപ്പെടാം, നീ ഇനി കുടിച്ചുമുള്ളാതിരുന്നാല്‍മതി.''
'കുടിച്ചുമുള്ളുക' എന്ന കുത്തുവാക്ക് അപ്പനെ വേദനിപ്പിച്ചു.
അപ്പന്‍ പറഞ്ഞു: ''എല്ലാരുംകൂടെ എന്നെയങ്ങു കുടിയനുമാക്കി.''
അമ്മ പറഞ്ഞു: ''അതിലും ഇച്ചിരെ നേരില്ലേ, കാലായിലെ അവറാഞ്ചേട്ടനുമായി ചരക്കെടുക്കാന്‍ പോയിട്ട് നാലുകാലില്‍ വന്ന ദിവസങ്ങളുമില്ലേ.''
''അതു നീ കുടിയന്മാരെ കാണാഞ്ഞിട്ടാ, കുഞ്ഞവറാ കുടിക്കുന്നതു നീ കണ്ടിട്ടുണ്ടോ? എന്തിനേറെ പാപ്പനിച്ചായനെന്നാ കുടിയനാ.''
''കുഞ്ഞവറാച്ചന്‍ കുടിച്ചാലേ അവന്റെ അപ്പന്റെ മൊതലു മുഴുവന്‍ അനുഭവിക്കുന്നതവനാ, പാപ്പനിച്ചായന്‍ മലേഷ്യയില്‍ രാജാവിനെപ്പോലെ വാഴുന്നോനാ. ആ ഒപ്പം നേരേചൊവ്വേ അനത്തിക്കുടിക്കാന്‍ മാര്‍ഗം കാണാത്തോരു കുടിച്ചാലിങ്ങനെയും കേക്കേണ്ടിവരും.''
അമ്മ തുടര്‍ന്നു: ''അല്ലെങ്കിലും ഇച്ചാച്ചാ, ഈ കച്ചവടം എന്നൊക്കെപ്പറയുന്നതേ നല്ല മനുഷ്യര്‍ക്കു പറഞ്ഞ ഒന്നല്ല. അതിനിച്ചിരെ കാപട്യമൊക്കെ വേണം. 'കച്ചകപടം' ആണത്, കച്ചവടമല്ല.''
''രണ്ടു കൈയും കൂട്ടിയടിച്ചാലേ ഒച്ചയുണ്ടാകൂ, ഞാമ്പോണ്, നീയിരുന്നെന്തേലും പുലമ്പ്.''
അപ്പന്‍ കളം കാലിയാക്കി.
അപ്പന്‍ കൊച്ചായന്റെ നിഷ്‌കളങ്കമായ സ്‌നേഹത്തിന്റെയും ആത്മാര്‍ഥതയുടെയും മുന്നില്‍ മനസ്സുകൊണ്ട്, നമ്രശിരസ്‌കനായി.
അമ്മ ശബ്ദം താഴ്ത്തിപ്പറഞ്ഞു: ''കാര്യമൊക്കെപ്പറഞ്ഞാലും പാപ്പനിച്ചായന്‍ വല്ലോം കൊടുക്കുന്നെങ്കില്‍ ഈ മനുഷ്യന്റെ കൈയില്‍ നേരിട്ടങ്ങു കൊടുത്താമതിയായിരുന്നു, ഇങ്ങേരു സാധുവായതുകൊണ്ട് വക്രബുദ്ധിക്കാര്‍ ഈ പാവത്തിനെ പറ്റിക്കും.''
കൊച്ചുകൊച്ചിന്റെ പേരില്‍ ഇമ്മിണി വല്യൊരു തുക മലേഷ്യനപ്പച്ചന്‍ അയച്ചുകൊടുത്തു. കൊച്ചുകൊച്ച് ആ പണം 'വകമാറ്റി' ചെലവിട്ട് സ്വന്തംപേരില്‍ സ്ഥലംവാങ്ങി.
ഏറെക്കാലം കഴിഞ്ഞാണ് അപ്പനീ കൊലച്ചതി അറിയുന്നത്; വിവരമറിഞ്ഞ അപ്പന്‍ കൊച്ചുകൊച്ചപ്പച്ചനുമായി വഴക്കിട്ടു. എന്നാല്‍, സ്വന്തം പെറ്റമ്മപോലും അപ്പന് പക്ഷം നിന്നില്ല.
കുഞ്ഞവറായുടെ കള്ളക്കളികള്‍ മുഴുവനറിയാവുന്ന കൊച്ചു കൊച്ചിനെ പിണക്കാന്‍ അവര്‍ക്കാവില്ലല്ലോ! തന്നെയല്ല, വല്യമ്മച്ചി കൊച്ചുകൊച്ചിന്റെ രണ്ടാനമ്മയുമാണ്, ആ വഴിയിലും ഒരു പഴിദോഷം വരാതിരിക്കാന്‍ വല്യമ്മച്ചിയും ഒത്തുകളിച്ചു.
കറുത്തിരുണ്ടിരിക്കുന്ന വല്യമ്മച്ചിയുടെ പ്രാണനാണ് വെളുത്ത സുമുഖനായ വല്യപ്പച്ചന്‍. വാടകപിരിക്കുന്നതും സമ്പാദിക്കുന്നതുമൊക്കെ വല്യമ്മച്ചിയാണ്. കറുത്തിട്ടാണെങ്കിലും വല്യമ്മച്ചിയുടെ മുഖത്തിന് ഏഴഴകാണ്. നല്ല ആരോഗ്യവും കാര്യശേഷിയും വല്യമ്മച്ചിയുടെ പ്രത്യേകതയാണ്.
വല്യപ്പച്ചന്‍ വിശുദ്ധ ബൈബിളിലെ ഇസഹാക്കായി മാറി. യാതൊരു രഹസ്യവും, ആ വീട്ടില്‍ നടക്കുന്ന അനീതികളൊന്നും ആ സാത്വികന്‍ അറിയുന്നില്ല. യാമപ്രാര്‍ഥനകള്‍ ചൊല്ലിയും പത്രംവായിച്ചും റേഡിയോകേട്ടും സുഭിക്ഷമായ ഭക്ഷണംകഴിച്ചും കാലംപോക്കി. ആയകാലത്ത് ഈ സ്വത്തെല്ലാം വല്യപ്പച്ചന്‍ ഒറ്റയ്ക്കുണ്ടാക്കിയതാണ്. വല്യപ്പച്ചന്‍ കൊച്ചീന്ന് ചരക്കുകൊണ്ടുവരുന്ന രാജകീയയാത്രയെക്കുറിച്ച് അഴകനും കറമ്പനുമൊക്കെ വിവരിക്കുന്നതു കേള്‍ക്കാന്‍ നല്ല രസമാണ്.
വല്യപ്പച്ചന്റെ ജ്യേഷ്ഠന്റെ മക്കള്‍ കണക്കുകളില്‍ തിരിമറി കാണിക്കാന്‍ തുടങ്ങിയപ്പോള്‍ 'ശനിദശ' തുടങ്ങി. ഇനി നഷ്ടമേ വരൂ, എന്നു പറഞ്ഞ് വല്യപ്പച്ചന്‍ ബിസിനസ്സൊക്കെ നിര്‍ത്തി പരിപൂര്‍ണ വിശ്രമജീവിതം നയിക്കുകയാണ്.
വഞ്ചിച്ചവരെപ്പോലെതന്നെ വഞ്ചിക്കപ്പെട്ടവരും, ആരുമാരും വല്യപ്പച്ചനെ യാതൊന്നും അറിയിച്ചതേയില്ല.
എന്നാല്‍, വല്യമ്മച്ചി അറിയാതെ ആ കുടുംബത്ത് ഒരു ഇലപോലുമനങ്ങില്ല.
ലിസിയുടെ അമ്മയും മലേഷ്യേലേ അമ്മച്ചിയുമാണ് ഏറ്റവും കൂടുതല്‍ സ്ത്രീധനവും സ്വര്‍ണവുമായി തറവാട്ടിലേക്കെത്തിയവര്‍. ഡോറിന് കുറേ പ്രോപ്പര്‍ട്ടീസും ഗോള്‍ഡുമൊക്കെ കിട്ടിയെങ്കിലും അതവര്‍ അവിടെത്തന്നെ കൈകാര്യം ചെയ്യുകയാണുണ്ടായത്. നാട്ടിലേക്കൊന്നും കൊണ്ടുവന്നിട്ടില്ല.
അമ്മയുടെ സ്ത്രീധനത്തുകയില്‍നിന്നു കല്യാണച്ചെലവിനെടുത്തതിന്റെ ബാക്കികൊണ്ട് വല്യപ്പച്ചന്‍ ഭേദപ്പെട്ട ഒരു പലചരക്കുകട അപ്പനിട്ടുകൊടുത്തതാണ്. അത് കടംകയറി പൊളിഞ്ഞതാണ്. കടംകയറി കുത്തുപാളയെടുത്തു എന്നു പറയുന്നതാണ് കൂടുതല്‍ ശരി.
'കുഞ്ഞവറാ എന്റെ കട പൊളിച്ചു' എന്നുപറഞ്ഞ് പലപ്പോഴും അപ്പന്‍ പദംപറഞ്ഞ് വിഷമിക്കുന്നത് ലിസി കണ്ടിട്ടുണ്ട്.
അപ്പന്‍ ചരക്കെടുക്കാന്‍ കോട്ടയത്തിനു പോകുമ്പോള്‍ കൊച്ചുപ്പാപ്പന്‍ വന്ന് അധികാരത്തോടെ താക്കോലെടുപ്പിച്ച് തന്റെ വേലക്കാരുമായി കടയില്‍ കയറി സാധനങ്ങളെല്ലാം തറവാട്ടിലേക്കു ചുമന്നുകൊണ്ടുപോകും. അപ്പന്‍ വന്നിട്ട് താക്കോല്‍ എന്തിന് എടുത്തുകൊടുത്തെന്നുപറഞ്ഞ് അമ്മയോടു വഴക്കിടുമെങ്കിലും പെറ്റമ്മയോടുപോലും അപ്പന്‍ പരാതി പറയില്ല.
അത്താഴവും കള്ളും മുറുക്കാനും കൊടുത്ത് അവര്‍ അപ്പനെ വശത്താക്കിയിട്ടുണ്ട്. അവരുടെ കൈയിലെ ഒരു കളിപ്പാവ മാത്രമായിരുന്നു അപ്പന്‍. അവരെന്തുപറഞ്ഞാലും പഞ്ചപുച്ഛമടക്കി അനുസരിക്കുന്ന ഒരു അടിമയെപ്പോലെയാണ് അപ്പന്‍.
എഴുതിത്തള്ളിയ കിട്ടാക്കടങ്ങളുടെ കണക്കുകള്‍ സംസാരിക്കുന്ന രണ്ടുമൂന്നു വലിയ രജിസ്റ്റര്‍ബുക്കുകള്‍മാത്രം അപ്പന്റെ മേശയിലുണ്ട്. അപ്പന്‍ നിധിപോലെ കാക്കുന്ന ആ രജിസ്റ്റര്‍ ബുക്കുകളില്‍ പത്തമ്പലത്തെ മിക്ക ഗൃഹനാഥന്മാരുടെയും വീട്ടുപേരോടുകൂടിയ പേരുകളുണ്ട്. അപ്പന്റെ കൈപ്പടയുടെ ചന്തം ആസ്വദിക്കണമെന്നു തോന്നുമ്പോള്‍ അപ്പന്‍ കാണാതെ അവള്‍ ആ ബുക്കുകളിലൂടെ വിരലുകളോടിക്കും.
ജാക്‌സണ്‍ കണ്ടിട്ടുണ്ടെങ്കില്‍ അവനോടിച്ചെന്ന് അമ്മയോടു പറയും: 'അമ്മേ, ദേ ലിസ്സിപ്പെണ്ണ് ഇച്ചാച്ചന്റെ രജിസ്റ്റര്‍ബുക്കില്‍ കുത്തിവരയ്ക്കുന്നു.' അമ്മയുടെ വക നല്ലതല്ല് ഉറപ്പാണ്.
ലിസിക്ക് അപ്പനെ തീരെ പേടിയില്ല. എന്നാല്‍, അമ്മ ഒരു രക്ഷേമില്ല. സൈ്വരോം തരില്ല, ജോലീം ചെയ്യിക്കും, ഇച്ഛ പിഴച്ചാല്‍ അടീം തരും. അമ്മ പറയുന്നത് പെമ്പിളേളര് അടങ്ങിയൊതുങ്ങി പറയുന്നതനുസരിച്ച് മര്യാദയ്ക്കങ്ങു ജീവിച്ചാ മതീന്നാ. നാളെ മറ്റൊരു വീട്ടില് പറഞ്ഞുവിടാനൊള്ളതാണ്.
ഈ പാവം ആങ്കുഞ്ഞുങ്ങള്‍ മേലെടുത്തു പണിത് വല്ലോം ഒണ്ടാക്കിയാലേ നിന്റെയൊക്കെ കഴുത്തേ മിന്നുവച്ചിറക്കി വിടാന്‍ കഴിയൂ എന്ന കുത്തുവാക്കുകള്‍ ഇടയ്ക്കിടയ്ക്ക് പെണ്‍മക്കള്‍ക്ക് അമ്മ സമ്മാനിക്കാറുണ്ട്.
അതു ശരിക്കും ആങ്ങളമാര്‍, പ്രത്യേകിച്ച്, ജാക്‌സനങ്ങു മുതലെടുക്കുന്നുമുണ്ട്.
തറവാട്ടിലെ തടികള്‍ മുഴുവന്‍ വില്ക്കുകയാണ്. തേക്കും ആഞ്ഞിലിയുമാണ് കൂടുതലും. തടികളെല്ലാം ലിസിയുടെ വീട്ടുമുറ്റത്തും കെ.കെ. റോഡിന്റെ ഇരുവശവുമായി അട്ടിയടുക്കിയിട്ടിരിക്കുന്നു, കാവല്‍ കിടക്കാന്‍ കൊച്ചുപ്പാപ്പന്‍ രാത്രിയില്‍ വന്ന് തങ്ങളുടെ തിണ്ണയില്‍ കിടക്കും. കൊച്ചുവെളുപ്പാന്‍കാലത്ത് അമ്മയോട് ചൂടുകടുംകാപ്പിയും വാങ്ങിക്കുടിച്ച്, പുതച്ച കമ്പിളിയുമായി തറവാട്ടിലേക്കു പോകും.
ആ തടികള്‍ വിറ്റവകയില്‍ ഒരു നയാപൈസപോലും അപ്പനു ലഭിച്ചിട്ടില്ല.
റബര്‍ത്തോട്ടത്തിലെ വൃക്ഷങ്ങളെല്ലാം വെട്ടിമാറ്റി. കപ്പയും വാഴയും ചേമ്പുമെല്ലാം കൃഷിചെയ്തു.
ആഘോഷമായ വിളവെടുപ്പുകഴിഞ്ഞ് പറമ്പുകിളച്ച് അടുത്ത വിളവിറക്കാന്‍ മണ്ണ് പരുവപ്പെടുത്തി. പറമ്പുകിളച്ചപ്പോള്‍ കുഞ്ഞുകുഞ്ഞു കാച്ചിക്കകളും ചേമ്പിന്‍വിത്തുകളുമെല്ലാം കിട്ടി. മറ്റു പണിക്കാര്‍ക്കാര്‍ക്കും അതൊന്നും വേണ്ടാ, ആ പണിക്കാരുടെ പ്രേരണയും ഒത്താശയുംകൂടെ കണക്കിലെടുത്ത് അപ്പനതെല്ലാം ഒരു കുട്ടയിലാക്കി സാജന്റെ കൈവശം കൊടുത്തയച്ചു. അമ്മയതൊക്കെ നന്നായി കുഴച്ചു വേവിച്ചിളക്കി ഒമ്പതു പാത്രങ്ങളിലായി വിളമ്പി.
അപ്പന്‍ എവിടെപ്പോയാലും സാജന്‍ മുട്ടിയുരുമ്മി നടക്കും. അപ്പന് പ്രഭാതസവാരി നിര്‍ബ്ബന്ധമാണ്. കൊഴുകൊഴാന്ന് തടിച്ചുരുണ്ടിരിക്കുന്ന സാജനും അപ്പനോടൊപ്പം നടക്കാന്‍ പോകും.
അപ്പന്റൊപ്പം പഠിച്ച പുളിമൂട്ടിലെ ഗീവറിച്ചായന്‍ പതിവായി അവന് പങ്കിയുടെ കടയില്‍നിന്ന് ഓരോ ഏത്തയ്ക്ക വാങ്ങിക്കൊടുക്കും. ഗീവറീച്ചായനറിയാം അപ്പന്‍ പണത്തിന് നന്നേ ക്ലേശിക്കുന്നുണ്ടെന്ന്.
ആരോഗ്യംകൊണ്ടല്ല സാജന്‍ അങ്ങനെ കൊഴുത്തുരുണ്ടിരിക്കുന്നത്, പിത്തക്കാടിയാണത്രേ. സാജനെ അമ്മ കുറേ കഷായം കുടിപ്പിച്ചതാണ്.
അവനൊരു രോഗമുണ്ട്, പുറത്തറിഞ്ഞാല്‍ ആളുകള്‍ പരിഹസിക്കും, കിടന്നുമുള്ളും.
മകനെ 'കിടന്നുമുള്ളീന്നു' വിളിപ്പിക്കാതിരിക്കാന്‍ വീടിന്റെ പര്യത്തുകൂടെ ഒഴുകുന്ന കൈത്തോട്ടില്‍ വെളുപ്പിനെതന്നെ അവന്റെ പായും പുതപ്പും കഴുകി അമ്മ ഉണക്കാനിടും. എന്നിട്ട് നാട്ടുവൈദ്യരുടെ നിര്‍ദേശപ്രകാരം അവന്റെ പായുടെ കീഴില്‍ തവിടുകളയാത്ത നെല്ലുകുത്തരിയിട്ട്, അവനറിയാതെ വറുത്ത് തേങ്ങാപ്പീരയുമിട്ടുകൊടുക്കും. ഇത്തരം പ്രാകൃതചികിത്സയോട് റോയിച്ചായനും അപ്പനും എതിര്‍പ്പാണ്. എന്നാലും തവിട് ശരീരത്തിന് ഏറെ ഗുണകരമാണെന്ന് അവരുപറഞ്ഞു.
ദിവസവും മീന്‍നെയ്ഗുളികകള്‍ അമ്മ അവനെ തല്ലിത്തീറ്റി. മുട്ടത്തോട് പഞ്ചസാര ചേര്‍ത്തുപൊടിച്ച് കുറേ തീറ്റിച്ചു.
കുഞ്ഞുകാച്ചിക്കയും ചേമ്പും 'കാലാകിളച്ചപ്പോള്‍' കിട്ടിയ കിഴങ്ങുകളൊക്കെ ബേവിച്ചായന്റെ വീട്ടില്‍ക്കൊണ്ടുപോയേന്നു പറഞ്ഞ് മറിയക്കുട്ടി അലമുറയിട്ടു. അക്കാരണം പേര്‍ത്തും പേര്‍ത്തും പറഞ്ഞ് മറിയക്കുട്ടിക്കൊച്ചമ്മ വലിയൊരു പുകിലുണ്ടാക്കി, അപ്പനെ കള്ളനാക്കാന്‍ ശ്രമിച്ചു.
ഈ വിവരം അറിഞ്ഞ അമ്മച്ചി പറഞ്ഞു: ''അതെങ്ങനെയാ വേദപുസ്തകം വായിക്കുകേലാ, സങ്കീര്‍ത്തനംമാത്രേ വായിക്കുന്നൊള്ളൂ, അതിന്റെ ഏനക്കേടാ അവളീ കാണിക്കുന്നതൊക്കെ. ആവര്‍ത്തനപ്പുസ്തകം ഇരുപത്തിനാലിന്റെ പത്തൊമ്പതും ഇരുപതും ഇരുപത്തൊന്നും വായിച്ചാ മാറുന്ന രോഗമേ മറിയക്കുട്ടിക്കൊള്ളൂ.''
''വല്യമ്മച്ചിയും കൊച്ചുപ്പാപ്പനും അതൊക്കെ വായിച്ചിട്ടാരിക്കും നമ്മളോടു യുദ്ധത്തിനു വരാഞ്ഞത്, അല്ലേമ്മേ.'' സംസാരത്തില്‍ പിശുക്കിയായ സുമ ചോദിച്ചു.
തങ്ങള്‍ക്കുകൂടി അവകാശപ്പെട്ട സ്വത്താണത്. അപ്പന്‍ പാവമായതുകൊണ്ട് വെറും പതിന്നാലുസെന്റു സ്ഥലംമാത്രം നല്കി ഒതുക്കിയിട്ട്, ഇത്രയേറെ സ്ഥലങ്ങളും മറ്റു ജീവിതസൗകര്യങ്ങളുമെല്ലാം ഒറ്റയ്ക്കനുഭവിക്കുന്ന കൊച്ചുപ്പാപ്പനോടും മറിയക്കുട്ടി ക്കൊച്ചമ്മയോടും ഇവരുടെ എല്ലാ കള്ളത്തരങ്ങള്‍ക്കും കൂട്ടുനില്ക്കുന്ന വല്യമ്മച്ചിയോടും ലിസിക്ക് അടക്കാനാവാത്ത അമര്‍ഷമായി.
റോയിച്ചായനെ ഒന്നു മുന്നോട്ടുപഠിപ്പിക്കാന്‍ മനസ്സു കാണിക്കാതിരുന്ന മലേഷ്യനപ്പച്ചനോട്, ബേബിച്ചന് ഒരു ബിസിനസിട്ടുകൊടുക്കാന്‍ പണം വേണമെന്നാവശ്യപ്പെട്ട്, കിട്ടിയ പണംകൊണ്ട് സ്വന്തംപേരില്‍ സ്ഥലം വാങ്ങിയ കൊച്ചുകൊച്ചപ്പച്ചനും ബേബിയുടെ മക്കള്‍ക്കു തിന്നാന്‍ കപ്പ വേണം എന്നു പറഞ്ഞ് സ്ഥലംവാങ്ങി പേരില്‍ക്കൂട്ടിയ കൊച്ചുപ്പാപ്പനും എല്ലാം ഒരു ഗണത്തില്‍പ്പെട്ടവരാണ്. അസുരഗണം. പ്രാക്കുമേടിച്ചു കൂട്ടുന്നവര്‍ഗം. പൈശാചികന്റെ സന്തതികള്‍.
'ഇച്ചാച്ചാ, ഒരമളിയേ പറ്റാവൂ, ഒമ്പതു പറ്റല്ലേ എന്നാണ് പറയാറ്, എന്നാല്‍ ഇത് എത്രവട്ടമാണ് ഇച്ചാച്ചനെ സ്വന്തസഹോദരങ്ങള്‍ ചതിയില്‍പ്പെടുത്തുന്നത്' എന്നു പറഞ്ഞ് അമ്മച്ചി വ്യാകുലപ്പെട്ടു.
പഠനത്തില്‍ സമര്‍ഥനാണെങ്കിലും ഉപരിപഠനം നടത്താനാവാതെ റോയിച്ചായനും അതീവഖിന്നനായി.
സ്വന്തം മാതാവിനും സഹോദരങ്ങള്‍ക്കുമെതിരേ ഒരക്ഷരംപോലും ഭാര്യയും മക്കളുമുരിയാടരുത് എന്ന കാര്‍ക്കശ്യംമാത്രം അപ്പന്‍ സൂക്ഷിച്ചു.
അപ്പന്‍ പറഞ്ഞു: ''സമയദോഷംകൊണ്ട് അങ്ങനെയൊക്കെ സംഭവിച്ചുപോയി, ഇനിയാരും നമ്മെളെ പറ്റിക്കില്ല.''
കൊച്ചുപ്പാപ്പന്‍ പത്തമ്പലത്തിന്റെ കണ്ണായ ഭാഗങ്ങളിലെല്ലാം സ്ഥലം വാങ്ങിക്കൂട്ടി. റോഡ്, വെള്ളം, വഴി, വെളിച്ചം എന്നീ സൗകര്യങ്ങളോടെ ആദായമുള്ള ഭൂമികള്‍.
ചെവിക്കുന്നേപ്പറമ്പിനു കാവലേല്പിച്ചത് മറിയക്കുട്ടിയുടെ ഒരടുത്ത ബന്ധുവിനെയാണ്. സര്‍വരഹസ്യവും അറിയാവുന്ന ആ ബന്ധുവിന് കാലം മുന്നോട്ടു ചെന്നപ്പോള്‍, കുടികിടപ്പവകാശംപോലെ പത്തുസെന്റു സ്ഥലം കുഞ്ഞവറാ വിട്ടുനല്കി. അവരവിടെ വീടുവച്ചു താമസിച്ചു.
സ്വപ്നങ്ങളെല്ലാം തകിടംമറിഞ്ഞ പാവം അപ്പന്‍. കച്ചവടംകൊണ്ട് ജീവിതം പച്ചപിടിപ്പിക്കാമെന്നും മക്കളെ പഠിപ്പിച്ച് മറുകരയെത്തിക്കാമെന്നും വ്യാമോഹിച്ചിട്ട്, വഞ്ചിക്കുന്നത് ആരാണ്? മറ്റാരുമല്ലല്ലോ, സ്വന്തസഹോദരങ്ങളല്ലേ?
കൊച്ചുകൊച്ചിനെപ്പോലെ തന്നെ കുഞ്ഞവറായും അതിവിദഗ്ധമായി പറ്റിച്ചുവെന്നും സ്വന്തം അമ്മപോലും തന്നെ സഹായിക്കാനില്ലെന്നുമുള്ള സത്യം മനസ്സിലാക്കിയിട്ടും അപ്പന്‍ അവരുടെ കൈയിലെ കളിപ്പാവയായി തുടര്‍ന്നു. വളരെ വൈകിയാണ് ഈ വഞ്ചനയുടെ ചുരുളുകള്‍ അപ്പനു മുന്നിലഴിഞ്ഞത്.
തറവാട്ടുസ്വത്തുക്കള്‍ ഭാഗംവച്ചതിലും കൊടുംവഞ്ചനയുടെ കണക്കുകളായിരുന്നു നിറയെ. വല്യപ്പച്ചന്‍ മക്കള്‍ക്കെല്ലാം സ്വത്ത് തുല്യമായി പങ്കിടാന്‍ വിവരമുള്ള, അതായത്, വല്യപ്പച്ചന്റെ ഭാഷയില്‍ പറഞ്ഞാല്‍, 'തലയില്‍ ആള്‍ത്താമസമുള്ള' മൂത്ത മരുമകനുമായി പ്ലാനുകള്‍ തയ്യാറാക്കി.
ഈ വിവരമറിഞ്ഞ മറിയക്കുട്ടിയുടെ സഹോദരന്മാരുടെ ദുര്‍ബുദ്ധിയാണ് പിന്നീട് നടപ്പായതെല്ലാം.
കുടുംബത്തിനുവേണ്ടി അഹോരാത്രം കഷ്ടപ്പെട്ട പ്രിയമകന്‍ ബേബിച്ചനെക്കുറിച്ച് വല്യപ്പച്ചനും വല്യമ്മച്ചിയ്ക്കും ചിന്തിക്കാനോ സംസാരിക്കാനോ കഴിയാതെ പോയത്, എന്തു കൂടോത്രംകൊണ്ടാണെന്ന് ബേബിച്ചന്റെ പല അഭ്യുദയകാംക്ഷികളും വിസ്മയംകൂറി.
മറിയക്കുട്ടിയുടെ ബന്ധുക്കളെ പിന്നീട് അറപ്പോടെയും വെറുപ്പോടെയുംമാത്രമാണ് തങ്ങള്‍ കണ്ടത്. തങ്ങളുടെ തറവാട്ടില്‍ അവരുവന്ന് മദിച്ചു, ലസിച്ചു ലീലകളാടി.
ബേബിച്ചനും കുടുംബവും നിസ്സഹായതയോടെ വെറും നോക്കുകുത്തികളായി.
ആരോടും എതിര്‍ത്തു പറയാനോ, അവകാശങ്ങള്‍ തക്കസമയത്തു ചോദിച്ചു വാങ്ങാനോ കഴിയാതിരുന്ന ബേബിച്ചന്‍ ക്രമേണ രോഗിയായി മാറിക്കൊണ്ടിരുന്നു. ശ്വാസംമുട്ടി നെഞ്ചുതിരുമ്മിയിരിക്കുന്ന ഒരു പാവംമനുഷ്യന്‍. വലതു കൈപ്പടംകൊണ്ട് തലയും താടിയുംതാങ്ങി തിണ്ണയില്‍ കുന്തക്കാലില്‍ കുത്തിയിരുന്ന് ആ പാവം സമയം കഴിച്ചുകൂട്ടി.
(തുടരും)