•  3 Apr 2025
  •  ദീപം 58
  •  നാളം 5
നോവല്‍

കാറ്റിന്റെ മര്‍മരങ്ങള്‍

കാലചക്രം അതിവേഗത്തില്‍ തന്റെ താളുകള്‍ മറിച്ചുകൊണ്ടിരുന്നു. കുക്കിയെ ഒന്നു കാണാന്‍ ലിസി എത്ര കൊതിച്ചെന്നോ?
ഒരിക്കല്‍ ഡോറിനാന്റി തന്റെ സഹോദരിക്കൊപ്പം വിദേശപര്യടനത്തിനു പോയപ്പോള്‍ മാത്തുപ്പാപ്പന്‍ മക്കളെയുംകൊണ്ട് നാട്ടില്‍ വന്നു. അപ്പോള്‍ ലിസിയുടെ വീട്ടുകാര്‍ തറവാട്ടുകാരുമായി പിണക്കത്തിലായിരുന്നു. പോക്കുവരവില്ല. എന്നിട്ടും മാത്തുപ്പാപ്പന്‍ മക്കളെയുംകൊണ്ട് വീട്ടില്‍വന്നു. എസ്‌കോര്‍ട്ടായി കൊച്ചുപ്പാപ്പന്‍ തിണ്ണയില്‍ നിലകൊണ്ടു. അമ്മ ഞാലിപ്പൂവന്‍പഴവും പരിപ്പുവടയും പാല്‍ക്കാപ്പിയും നല്കി ആദരിച്ചു. പിറ്റേന്നത്തെ അത്താഴത്തിനു ക്ഷണിക്കുകയും ചെയ്തു. കൊച്ചുപ്പാപ്പന്‍ കൂടെയുള്ളതുകൊണ്ട് മാത്തുപ്പാപ്പന്‍കൂടി അറിയണം എന്നുദ്ദേശിച്ച തറവാട്ടിലെ വീതംവയ്പുകാര്യങ്ങളിലെ അനീതിയൊക്കെ സംസാരിക്കാനാവാതെ അപ്പന്റെ ഹൃദയത്തിലത്  വിമ്മിട്ടമുണ്ടാക്കി.
ധരിച്ചിരുന്ന വസ്ത്രങ്ങളുടെ പോരായ്മയും സംസാരിക്കാനുള്ള ഭാഷയുടെ അപര്യാപ്തതയും നിമിത്തം  കതകിനുമറഞ്ഞുനിന്ന് അവരെ കണ്‍നിറയെക്കണ്ടു. ചെറുപ്പത്തില്‍ പരസ്പരം സംസാരിക്കാന്‍ ഭാഷ ഒരു പ്രശ്‌നമല്ലായിരുന്നു. അന്ന് എന്തു പൊട്ടത്തരവും പറയാം. കുട്ടിക്കളിയായി കരുതും. എന്നാല്‍, ഇന്നു നാണക്കേടാ. 
അവര്‍ തന്നെ സ്‌നേഹത്തോടെ അടുത്തുവിളിച്ചെങ്കിലും ഭാഷയും വേഷവും പ്രശ്‌നമായതിനാല്‍, ലജ്ജനിമിത്തം പോയില്ല. അടുത്തുചെല്ലുകയോ ആലിംഗനം ചെയ്യുകയോ ചെയ്തില്ല. അതുനിമിത്തം, കറയറ്റ ആ സഹോദരബന്ധം തങ്ങള്‍ക്കു തുടര്‍ന്നുകൊണ്ടുപോകാനായില്ല. അവര്‍ പരിഷ്‌കൃതലോകത്തിന്റെ തിരക്കിലായി. ക്രമേണ അവര്‍ തന്നെ പാടേ മറന്നു. 
ധനികരായ സഹോദരങ്ങള്‍ക്ക് ദരിദ്രരായ സഹോദരങ്ങളെ എളുപ്പം മറക്കാന്‍ കഴിയും. അത് ലോകത്തിന്റെ ഒരു അലിഖിതനിയമമാണ്. 
കുക്കിയും ജോളിയും ഒരേ നിറത്തിലും ഡിസൈനിലുമുള്ള വേഷമാണു ധരിച്ചിരുന്നത്. ചുവപ്പില്‍ കറുത്ത നീളന്‍വരകളുള്ള ടോപ്പും ഷര്‍ട്ടും. പാന്റ്‌സും അതേ നിറവും ഡിസൈനും. 
മാത്തുക്കുട്ടിപ്പാപ്പന്‍ അകല്‍ച്ചയുടെ കാര്യം അന്വേഷിച്ചപ്പോള്‍ കൊച്ചുപ്പാപ്പന്‍ പറഞ്ഞത്രേ, മാത്തുക്കുട്ടിയുടെ വീതത്തിലുള്ള പറമ്പില്‍ പലതരത്തിലുള്ള തോന്ന്യാസങ്ങള്‍ നടത്തി പറമ്പു നശിപ്പിക്കാന്‍ തുടങ്ങിയതു തടഞ്ഞതിന്റെ പിണക്കമാണെന്ന്. സ്‌നേഹിച്ചിരുന്നവരെ,  തെറ്റിദ്ധരിപ്പിച്ച് പിണക്കിക്കാന്‍ മറിയക്കുട്ടിക്കൊച്ചമ്മയും  കൊച്ചുപ്പാപ്പനും അതിസമര്‍ഥരാണ്. അതൊക്കെ വര്‍ഷങ്ങള്‍ക്കുശേഷം ഈപ്പച്ചന്‍ വന്നു പറഞ്ഞാണ് അറിഞ്ഞത്. ഈപ്പച്ചന്‍ ഒന്നുകൂടെ കൂട്ടിച്ചേര്‍ത്തു: 
''അവര് ഭാഗംവയ്ക്കലെല്ലാം കഴിഞ്ഞു, ആകെയുള്ള സ്വത്തിന്റെ മുക്കാല്‍ഭാഗവും, അതായത്, കാതലായതെല്ലാം കുഞ്ഞവറായ്ക്കാണ്. ആധാരവും അവിടന്നു മാറ്റി. അതു മൂലേക്കാരുടെ പത്താഴത്തിലാണെന്നും ഒരു ശ്രുതിയുണ്ട്.  നിങ്ങളെയും അച്ചോയിയെയും അകറ്റിയാല്‍ പിന്നെ ഒന്നും പേടിക്കണ്ടല്ലോ. ബാക്കിയുള്ളോരൊക്കെ വിദേശത്തല്ലേ, അവര്‍ക്കിവിടെ എന്തിനാ സൊത്തുക്കള്‍?'' 
വല്യമ്മച്ചി കൊച്ചുപ്പാപ്പന്റെ ഇഷ്ടത്തിനുമാത്രമേ പ്രാധാന്യം കൊടുക്കൂ. മലേഷ്യനപ്പച്ചന്‍ പറയുമ്പോലെ വല്യപ്പച്ചന്‍ ഒരു സൈനിങ് കമ്മീഷന്‍ മാത്രമാണ്. മാത്തുക്കുട്ടിപ്പാപ്പന്റെ ജീവനാ വല്യമ്മച്ചി.  വല്യമ്മച്ചി പറയുന്നതെല്ലാം വേദപ്രമാണമാ മാത്തുപ്പാപ്പന്. തങ്ങളുടെ ഇടവകപ്പള്ളിയിലുള്ള, കോളജുവിദ്യാഭ്യാസമുള്ള ലാലമ്മയെക്കൊണ്ട് മാത്തുക്കുട്ടിപ്പാപ്പന്റെ കല്യാണം വല്യപ്പച്ചന്‍ വാക്കാല്‍ ഉറപ്പിച്ചതായിരുന്നു. ഡോറിനാന്റിയെ കെട്ടാന്‍ വല്യപ്പച്ചനില്‍നിന്ന് അനുവാദം വാങ്ങിക്കൊടുത്തതു വല്യമ്മച്ചിയാണ്.
എല്ലാ ക്രിസ്മസിനും  മാത്തുക്കുട്ടിപ്പാപ്പന്റെ ക്രിസ്മസ് കാര്‍ഡും ചെറിയതുകയും ലിസിയുടെ വീട്ടിലും കിട്ടുന്നതാണ്. നാളിതുവരെ അതു മുടങ്ങിയിട്ടില്ല. ഇത്തവണ പക്ഷേ, കാര്‍ഡ്മാത്രം. 
അപ്പനെ മക്കളും അമ്മച്ചിയും ഇച്ചാച്ചന്‍ എന്നാണു വിളിക്കാറുള്ളത്.  തന്നെക്കൊണ്ട് മാത്തുപ്പാപ്പന് ഒരു കത്തെഴുതിച്ചു. കാരണം, ഇച്ചാച്ചന് ആസ്ത്മയുടെ ഉപദ്രവമുണ്ട്. ചികിത്സയിലാണ്. വലിയ കുടുംബത്തില്‍ ജനിച്ചുവളര്‍ന്നതാണെങ്കിലും അപ്പന്‍ കഷ്ടപ്പെടുകയാണ്, കൈയില്‍ അഞ്ചിന്റെ തുട്ടില്ലാതെ. സ്വത്തുള്ള വീട്ടില്‍ ജനിച്ചതിനാല്‍ കൂലിപ്പണിപോലും ആരും വിളിച്ചുകൊടുക്കില്ല. ആരുടെമുന്നിലും അഭിമാനം പണയപ്പെടുത്താത്ത ഇച്ചാച്ചന്‍ സ്വന്തം പേരുവയ്ക്കാതെ എന്നാല്‍ മക്കളെഴുതിയതാണെന്നു തോന്നാത്ത രീതിയില്‍, കത്തെഴുതാന്‍ എല്ലാവരേം വിളിച്ചു. ലിസിക്കു കാര്യം മനസ്സിലായി.  ഇച്ചാച്ചന്റെ കൈപ്പട ലിസിക്കേറ്റവും പ്രിയപ്പെട്ടതാണ്. നല്ല വടിവൊത്ത അക്ഷരം, ഇച്ചാച്ചന്റെ ഒപ്പിനുമുണ്ട് ചാരുതയേറെ. എ.എം. കുര്യന്‍ എന്ന് ഇംഗ്ലീഷില്‍ അതിവേഗത്തില്‍ എഴുതി അടിയില്‍ വരയിടും. എ. എം. എന്ന ഇനിഷ്യല്‍സ് ആ രീതിയില്‍ മറ്റാരും എഴുതി ലിസി കണ്ടിട്ടില്ല.  
ലിസി ഇച്ചാച്ചനെ സഹായിക്കാന്‍ ഒരു വരികൂടി കൂട്ടിച്ചേര്‍ത്തു: ഉണ്ണാനില്ല, ഉടുക്കാനില്ല, വളരെയേറെ കഷ്ടപ്പെടുന്നു. സത്യത്തില്‍ അതാണു സത്യവും. 
മാത്തുക്കുട്ടിപ്പാപ്പന്‍ ക്ഷമാപണം അറിയിച്ചുകൊണ്ട് മറുപടിക്കത്തും കുറച്ചു പണവും അയച്ചുതന്നു. 
എന്നിട്ടു പറഞ്ഞു, ബേബീ നിനക്ക് നല്ല ബിസിനസ്സ് ആണെന്നും വരുമാനം ഉണ്ടെന്നും അറിഞ്ഞതുകൊണ്ടാണ് ഞാന്‍ കാശയക്കാഞ്ഞത്. നീ ആ ബിസിനസും കളഞ്ഞോ?
ഇച്ചാച്ചന്‍ വാപൊളിച്ചിരുന്നുപോയി. ഏതു ബിസിനസ്? എന്തെല്ലാം നുണകളാണ് തന്നെക്കുറിച്ച് കുഞ്ഞവറായുടെ കുടുംബം അവരുടെ സ്വാര്‍ഥലാഭങ്ങള്‍ക്കുവേണ്ടി പ്രചരിപ്പിക്കുന്നത്? തന്റെ എളിയ കുടുംബത്തെ രണ്ടുകാശു തന്ന് ആരും സഹായിക്കരുത്. അതാണവരുടെ ലക്ഷ്യം. അതിനുവേണ്ടിയാണ്  തന്നെ വല്ലപ്പോഴും ഒരു മുട്ടുശാന്തിക്കു സഹായിക്കുന്ന പാപ്പനിച്ചായനോടും മാത്തുക്കുട്ടിയോടും അവര്‍ ഇത്തരത്തില്‍ നുണകള്‍ പടച്ചിറക്കുന്നത്.
എന്നാലും ഇച്ചാച്ചന്‍ പെറ്റമ്മയോടുപോലും പരാതിപറഞ്ഞില്ല. അങ്ങനെ ചെയ്താല്‍ വല്യമ്മച്ചി പിരാകുമെന്ന് ഇച്ചാച്ചനു ഭയമാണ്. 
ലിസി ചോദിച്ചു: ''ഇച്ചാച്ചാ, നമ്മളെന്തിനാ കരോട്ടുകാരോടു പെണങ്ങിയേ''
അപ്പന്‍ പറഞ്ഞു: ''പൊന്നുമോളേ, എല്ലാം ചതിയാരുന്നെടീ. എല്ലാം  മനസ്സിലാക്കിവരുമ്പോഴേക്കും കാലോം തീരും'' 
ലിസിക്ക് ഒന്നും സ്പഷ്ടമായില്ല. എങ്കിലും കുറെക്കാര്യങ്ങള്‍ പിടിത്തംകിട്ടി.
ബേബിയുടെ പിള്ളേര്‍ക്കു തിന്നാന്‍ കപ്പ വേണം. ആ ചെവിക്കുന്നേല്‍ ഒരു രണ്ടേക്കര്‍ വില്ക്കാനുണ്ട്. അതു വാങ്ങിക്കൊടുത്താ അതുങ്ങളു വേലയെടുത്തു തിന്നോളും. പലതവണ റോയിച്ചായനെ വിളിച്ചിരുത്തി മലേഷ്യേലെ അപ്പച്ചന് കത്തെഴുതിച്ചത് കൊച്ചുപ്പാപ്പനാണ്.
മലേഷ്യേലെ അപ്പച്ചനാണ് കൂടുതല്‍ കാശു മുടക്കിയത്. പക്ഷേ, കൊച്ചുപ്പാപ്പന്റെ പേരില്‍ സ്ഥലമെഴുതി. തന്റെ അപ്പന്‍ വെറും പണിക്കാരന്‍മാത്രമായി.
കപ്പക്കൃഷിക്കായി ആ റബര്‍ തോട്ടത്തിലെ മരക്കുറ്റികളെല്ലാം പിഴുതെടുത്ത് ഇച്ചാച്ചന്റെ ആരോഗ്യം നശിച്ചു. ആസ്ത്മാ രോഗിയായി.  
സ്ഥലം വാങ്ങിയ ഉടനെ റബര്‍ സ്ലോട്ടര്‍വെട്ടാന്‍ കൊടുത്തു. അങ്ങനെ കടുംവെട്ടിനു ശേഷം റബര്‍മരങ്ങളും, ആ പറമ്പിലുണ്ടായിരുന്ന കായ്ക്കുന്ന പ്ലാവുകളും മുത്തശ്ശിയാഞ്ഞിലികളും അഞ്ചാറു തേക്കുമരങ്ങളും റബറുമെല്ലാം തടിക്കച്ചവടക്കാര്‍ക്കു വിറ്റു. മരക്കുറ്റികള്‍ പറിച്ചുമാറ്റാന്‍ ആരും വന്നില്ല. ''ചുമ്മാ മക്കക്ക് തിന്നാന്‍ പറ്റ്വോ, നന്നായി പണിയാന്‍'' പറഞ്ഞു ഇച്ചാച്ചനോട്.  അമ്മ പശുവിനെ വളര്‍ത്തി വളരെ കഷ്ടപ്പെട്ടുണ്ടാക്കുന്ന ആഹാരവും കഴിച്ച്, ഒരു കച്ചത്തോര്‍ത്തും തലയില്‍ കെട്ടി, പൊരിവെയിലില്‍, ഞായര്‍ ഒഴികെ ബാക്കി എല്ലാദിവസവും ഇച്ചാച്ചന്‍ പോയി പറമ്പു കിളച്ചുമറിച്ചു.  ആഴത്തില്‍ വേരോടിയ മരക്കുറ്റികളെല്ലാം പറിച്ചെടുത്തു. ഭൂമി കിളച്ചുമറിച്ച് കാടുംപടര്‍പ്പും തീയിട്ട്, തറവാട്ടുപറമ്പിലെ കുടികിടപ്പവകാശം ചോദിച്ച് ഒഴിഞ്ഞുമാറാതെ വഴക്കുപിടിച്ചുകിടക്കുന്ന തങ്കനെ പാട്ടിലാക്കി അയാളുടെ  കാളവണ്ടിയില്‍, അമ്മ വല്ലവരുടെയും പറമ്പുകളില്‍നിന്നു പുല്ലു പറിച്ചുതീറ്റുന്ന പശുക്കളുടെ ചാണകവും ചാരവുംകൂടെ കൊണ്ടുപോയി കാലാമുഴുവന്‍ കപ്പ നടാന്‍ വെട്ടിമൂടി. അഞ്ചാറേക്കര്‍ പറമ്പ് തറവാടിനോടു ചേര്‍ന്നു കിടക്കുന്നതിലെ മുഴുവന്‍ ആദായവും കുഞ്ഞവറായാണ് എടുക്കുന്നത്. ഒരുതല പുല്ലുപോലും പറിക്കാന്‍ സമ്മതിക്കില്ല, തീ കത്തിക്കാന്‍ ഒരു ഓലപോലും എടുപ്പിക്കില്ല. അയല്‍പക്കത്തുള്ള മറ്റു ബന്ധുക്കളുടെയും മറ്റുള്ളവരുടെയും പറമ്പുകളില്‍നിന്നാണ് പശുക്കള്‍ക്ക് പുല്ലും ആടിനു തീറ്റകളും അടുപ്പില്‍ കത്തിക്കാനുള്ള വിറകും അമ്മ സ്വരൂപിക്കുന്നത്. 
അമ്മയുടെ സ്വന്തംവീട്ടില്‍ ധാരാളം ഭൂസ്വത്തുണ്ട്. അമ്മ എല്ലാവരുടെയും ഓമനയായിരുന്നു. അവര്‍ക്ക് അമ്മയുടെ ഈ അതിജീവനം കാണുമ്പോള്‍ അതിശയമാണ്. എങ്കിലും സഹനപുത്രിയായ അമ്മ ചിരിച്ച മുഖത്തോടെ, ചിരി മായാതിരിക്കാന്‍ ശ്രദ്ധയോടെ ആരോടും പരാതിയൊന്നും പറയാതെ കഷ്ടപ്പെട്ടു. 
തന്റെ അപ്പന്‍ ആരോഗ്യം വകവയ്ക്കാതെ കഷ്ടപ്പെട്ട് ആ  റബര്‍ത്തോട്ടം കപ്പക്കാലായ്ക്കായി ഒരുക്കിയെടുത്തു. കപ്പ നട്ടു, സമയാസമയങ്ങളില്‍ ഇട കിളച്ചതും, കള ചെത്തിയതും, വളമിട്ടതുമെല്ലാം ഇച്ചാച്ചന്‍ തനിച്ച്. പുറത്തുനിന്ന് വേറേ പണിക്കാരെയൊന്നും വിളിച്ച് കൂലി കൊടുക്കാതിരിക്കാന്‍ കൊച്ചുപ്പാപ്പന്‍ ശ്രദ്ധിച്ചു. വല്യമ്മച്ചി, കൊച്ചുപ്പാപ്പന്റെ ഉപായങ്ങള്‍ അറിഞ്ഞിട്ടും തിരുത്താന്‍ ഭാവിച്ചില്ല. പകരം വല്യപ്പച്ചനില്‍നിന്നു സത്യങ്ങള്‍ മറച്ചുവയ്ക്കുകയും ചെയ്തു. 
നല്ല വിളവു കിട്ടി. കപ്പചെത്തുകാര്‍ എല്ലാവരുംകൂടി എത്തിയപ്പോള്‍ എന്തു രസമായിരുന്നു! തറവാട്ടുപറമ്പിലെ കെ.കെ. റോഡ് സൈഡിലുള്ള പഞ്ഞിനില്ക്കുന്ന തൊടിയിലിട്ടാണ് കപ്പചെത്തും കപ്പവാട്ടും ആദ്യവര്‍ഷംനടത്തിയത്. കപ്പ പെറുക്കാന്‍ ലിസിയും സഹോദരിമാരും  ചുമന്നുകൂട്ടാന്‍ സഹോദരന്മാരും തന്നാലാവും വിധം എന്ന മട്ടില്‍  മത്സരബുദ്ധിയോടെ പ്രവര്‍ത്തിച്ചു. എന്നാല്‍, കപ്പച്ചാക്കുകള്‍ മുഴുവനും പണിക്കാരെ നിര്‍ത്തി അവര്‍ തറവാട്ടിലേക്കെത്തിച്ചു. ലിസിയുടെ അപ്പന്‍ ഒരു ചാക്കു കപ്പയ്ക്കായി കേണു. കുഞ്ഞവറാ ഒരു കുട്ടിച്ചാക്കുകപ്പപോലും നല്കിയില്ല. വഞ്ചന മനസ്സിലായ അപ്പന്‍ പിന്നീട് ആ  കൂലിയില്ലാവേലയ്ക്കു പോയില്ല.    
സര്‍ക്കാരിലെ അളവുകളും തൂക്കവും വിഭാഗക്കാര്‍ വന്ന് ത്രാസും കട്ടിയുമെല്ലാം കണ്ടുകെട്ടി കൊണ്ടുപോയി. ത്രാസും കട്ടികളും അപ്പന്റെ കടംകയറി മുടിഞ്ഞ കടയിലേതായിരുന്നു. അതും പൊക്കോട്ടേ എന്ന് അപ്പന്‍ വീണ്ടും ഉദാരമനഃസ്ഥിതി പ്രകടിപ്പിച്ചു. എന്നും നഷ്ടം അപ്പനുമാത്രമാണല്ലോ. 
അടുത്തവര്‍ഷം ആ കപ്പക്കാലായിലിട്ടുതന്നെ അവര്‍ കപ്പചെത്തും വാട്ടും ഉണക്കും നടത്തി. കാളവണ്ടിയില്‍ കപ്പച്ചാക്കുകള്‍ തങ്ങളുടെ വീട്ടുമുറ്റത്തെത്തിച്ച് അവിടെനിന്നു തറവാട്ടിലേക്ക് പണിക്കാരെക്കൊണ്ട് ചുമപ്പിച്ചു കയറ്റി. 
പിറ്റേവര്‍ഷം ബ്ലോക്കുകാരുടെ നേതൃത്വത്തില്‍ അവിടെ വീണ്ടും റബര്‍കൃഷി തുടങ്ങി. 
ലിസി നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴും ഈ ദുരനുഭവം ഉണ്ടായിട്ടുണ്ട്. വല്യപ്പന്റെ അയ്മനത്തെ തോട്ടംവിറ്റ കാശുകൊണ്ട് വണ്ടന്‍മേട്ടില്‍ ആറേഴേക്കര്‍ നല്ലഭൂമി വാങ്ങി. ഓറഞ്ചുതോട്ടവും നെല്ലിമരങ്ങളുടെ തോട്ടവും കൂടാതെ നെല്‍ക്കൃഷിയും നടത്തി. അന്നും അവര്‍ അപ്പനെ പറഞ്ഞുപറ്റിച്ചു. അപ്പനെയും മറ്റു സഹോദരങ്ങളെയും സ്ഥലംവിറ്റ കാര്യങ്ങള്‍ അറിയിച്ചില്ല. അന്നും അവിടെ പോയി പണിതത് ഇച്ചാച്ചനാണ്. അയ്മനത്ത് ഇരുപത്തഞ്ച് - ഇരുപത്താറ് റബര്‍ഷീറ്റുകിട്ടുമ്പോള്‍ വെട്ടുകാരന്‍ പന്ത്രണ്ട് എന്നൊക്കെ പറഞ്ഞ് കബളിപ്പിച്ചു. അതിനാലാണ് വിറ്റതെന്ന് പില്ക്കാലത്ത് അച്ചോയി പറഞ്ഞറിഞ്ഞു. 
വണ്ടന്‍മേട്ടില്‍ വാങ്ങിയത് മറിയക്കുട്ടിക്കൊച്ചമ്മയുടെ ആങ്ങളമാരുടെ സഹകരണത്തോടെയാണത്രേ.
അന്നും ഇച്ചാച്ചനെ പ്രധാന കൃഷിക്കാരനാക്കി. ഇച്ചാച്ചന്‍ 'നെല്ലിന്‍വെള്ളത്തില്‍' മറിഞ്ഞു പോയതാണെന്നു പറഞ്ഞ് അമ്മ പിന്നെ എന്തുമാത്രം കരഞ്ഞിട്ടുണ്ട്. അക്കാലത്ത് ലിസിയുടെ ഇളയസഹോദരന്‍ മോനു ന്യുമോണിയ ബാധിച്ച് മരണാസന്നനായി കങ്ങഴ ആശുപത്രിയില്‍ ഐ സി യുവിലായി. പത്തമ്പലം ആശുപത്രിയില്‍നിന്ന്ഉപേക്ഷിച്ചതാണ്. അമ്മയെയും മോനുവിനെയും ആശുപത്രിയില്‍ അന്വേഷിക്കുന്നതും, വീട്ടില്‍ പശുവിനെ കറക്കുന്നതും പാലെടുത്ത് കടകളില്‍ കൊടുക്കുന്നതും, പശുവിന് കാടിയും പുല്ലും കൊടുക്കുന്നതും, ഇറക്കിക്കെട്ടുന്നതുമൊക്കെ റോയിച്ചായന്‍. അഞ്ചാംതരത്തില്‍ പഠിക്കുന്ന മേഴ്‌സി ഇളയത്തുങ്ങളെയും നോക്കി കഞ്ഞീംകറീം വച്ചുവിളമ്പും. വെറും നാലാംതരത്തില്‍ പഠിക്കുന്ന ലിസി ചാണകംവാരും, ഗോമൂത്രംകോരും. പശുവിനും ആടിനും തീറ്റകൊടുക്കും. കഷ്ടപ്പാടിന്റെ ദിനങ്ങള്‍. ഓരോ വയസ്സിനിളപ്പമെങ്കിലും ലിസിക്കിളയതായ ജാക്‌സണ്‍, സാജന്‍, സുമ എന്നിവര്‍ അറിവില്ലാപ്പൈതങ്ങളുടെ ലിസ്റ്റില്‍ സമയാസമയത്ത് കൊടുക്കുന്ന ആഹാരം കഴിക്കുന്നവര്‍മാത്രം.
രാവിലെ ജോലിതീര്‍ത്ത് 
സ്‌കൂളിലേക്കെത്തുമ്പോള്‍ രണ്ടാംമണിയും അടിച്ചിട്ടുണ്ടാകും. ക്ലാസ്സ്റ്റീച്ചറിന്റെ ചൂരലടി ഉറപ്പാണ്. ഒന്നും കഴിച്ചിട്ടുകൂടി ഉണ്ടാവില്ല, വെറും വയറ്റില്‍ കിട്ടുന്ന അടി ശരീരത്തെ മൊത്തത്തില്‍ തളര്‍ത്തും. ഉച്ചയ്ക്ക് വീട്ടിലേക്ക് ഒരൊറ്റയോട്ടമാണ്. വന്ന് ഇളയവര്‍ക്കു കൊടുത്തിട്ട് തങ്ങളും കഴിച്ചിട്ട് ഓടുമ്പോള്‍ എല്ലിനിടയില്‍ ചോറു കയറുന്നതുപോലെ വേദനിക്കും.
മോനു ആശുപത്രിയിലാണെന്നും കുഞ്ഞുങ്ങള്‍ വിഷമിക്കുന്നു എന്നും അറിഞ്ഞ് അമ്മയുടെ ആങ്ങളമാര്‍ ഒരുചാക്കു കുത്തരിയും ഉണക്കക്കപ്പയുമൊക്കെയായി വന്നു. അമ്മയുടെ അമ്മച്ചിയും വന്നു. അത് വലിയൊരാശ്വാസമായി. 
മോനുവിന്റെ നില വഷളായി. അമ്മയ്ക്കാണെങ്കില്‍ ഒരുതുണയ്ക്കാരുമില്ല. അമ്മയെ സഹായിക്കാന്‍ റോയിച്ചായന്‍ ഒപ്പംനിന്നു. പശുവിനെ കറവയും ചായക്കടകളിലോട്ടുള്ള പാലുവില്പനയും അവതാളത്തിലായി. 
ഫോണും കാര്യങ്ങളുമൊന്നുമില്ല. എങ്കിലും അമ്മയുടെ പ്രാര്‍ഥനയുടെ ഫലംകൊണ്ടാകാം, ഇച്ചാച്ചന്‍ വന്നു. ഉത്തരവാദിത്വത്തോടെ ഡോക്ടറെക്കണ്ടു. അമ്മയുടെ മിന്നുമാല വിറ്റിട്ടായാലും കുഞ്ഞിന് മെച്ചപ്പെട്ട ചികിത്സകിട്ടി. മോനുവിനെ ജീവിതത്തിലേക്കു മടക്കിക്കിട്ടി. എല്ലാവരും ദൈവത്തെ അതിരറ്റുവാഴ്ത്തി. 
ആശുപത്രിയിലെ ബില്ലടക്കാന്‍ കൂടുതല്‍ പാല്‍തരുന്ന  കറുത്തപശുവായ അമ്മിണിയെ അമ്മ വിറ്റു. എന്നും അമ്മയ്ക്ക് ഓരോ കറുത്ത പശു കാണും. പാല്‍ കുറച്ചുമാത്രംതരുന്ന, കള്ളച്ചുരത്ത് ശീലമാക്കിയ ചെമന്ന പശുമാത്രം കൂട്ടിലുണ്ട്. ഒഴിയാബാധപോലെ കൂട്ടിന് ദാരിദ്ര്യം തലയുയര്‍ത്തി നില്ക്കുന്നു. 
വണ്ടന്‍മേട്ടില്‍നിന്ന് ഇച്ചാച്ചന്‍ ഓറഞ്ചു കൊണ്ടുവന്നു. നാലഞ്ചെണ്ണം ലിസി മാറ്റിവച്ചു അവളുടെ കൂട്ടുകാരികള്‍ക്കുനല്കാന്‍.  തറവാട്ടുകാര്‍ പഴുത്ത നിറമുള്ളതെല്ലാം എടുത്തിട്ട് പത്തിരുപതു പച്ച ഓറഞ്ചാണ് തങ്ങള്‍ക്കു നല്കിയത്. തങ്ങള്‍ക്കുകിട്ടിയ ഒരു കുറ്റി നെല്ലിക്കയില്‍നിന്നും അവള്‍ കൂട്ടുകാര്‍ക്കായി കുറെയെണ്ണം മാറ്റിവച്ചു, ക്ലാസ്സില്‍ക്കൊണ്ടെ കൊടുക്കാന്‍. 
ഇച്ചാച്ചന്‍ മടങ്ങിപ്പോയി. നെല്ലുവിളഞ്ഞ് കൊയ്ത്ത് അത്യാഘോഷത്തോടെ കൊണ്ടാടി. വലിയ പാണ്ടിലോറി നിറയെ നെല്ലിന്‍ചാക്കുകള്‍ തങ്ങളുടെ വീടിന്റെ തിണ്ണയില്‍ ചിക്കുപായിട്ട് അട്ടിയട്ടിയായി അടുക്കിയിട്ടു. പിന്നീട് ചാക്കുകള്‍ ഒന്നൊന്നായി തറവാട്ടിലെ പണിക്കാര്‍ കരോട്ടേക്ക് എടുത്തുകൊണ്ടുപോയി. അഞ്ചാറ് ചാക്കുകള്‍മാത്രം അവശേഷിച്ചപ്പോള്‍ ഇച്ചാച്ചന്‍ പറഞ്ഞു:
''അതിവിടെ ഇരിക്കട്ടേ, എന്റെ ഓഹരി ഇവിടെയിരുന്നോട്ടേ'' കുഞ്ഞവറാ സ്വതഃസിദ്ധമായ തന്റെ ചുണ്ടുകോട്ടിയുള്ള പരിഹാസച്ചിരി ചിരിച്ചു. ''എനിക്കുള്ളതെന്നോ!, ആര്‍ക്കുള്ളതെന്നും ആരുണ്ണുമെന്നും നമുക്കുനോക്കാം.''
മൂക്കറ്റം മദ്യപിച്ച കൊച്ചുപ്പാപ്പന്‍ പറഞ്ഞു: ''ദേ ഇയാക്കൊള്ളതായീപ്പുഴുക്കള്‍.''
കൊച്ചുപ്പാപ്പന്‍ പുഴുക്കളെന്നു വിളിച്ചത് ലിസിയെയും സഹോദരങ്ങളെയുമായിരുന്നു. 
ഇച്ചാച്ചന്റെ അഭിമാനത്തി
നേറ്റ ഒരു വലിയ ക്ഷതമായിരുന്നത്. അമ്മയ്ക്കും എന്തിനേറെ കൊച്ചുകുട്ടിയും കുഞ്ഞാങ്ങളയുമായ മോനുവിനുപോലും അതൊരു ആഘാതമായിരുന്നു. 
പ്രാവിന്‍ ചിറകെനിക്കേകു നാഥാ 
പറന്നു ഞാനെത്തിടട്ടെ   
                            നിന്‍സവിധേ
പ്രാണപ്രിയാ ക്രിസ്താ 
തിരുമുഖം കാണ്മാന്‍
കൊതിയേറ്റം
വര്‍ധിക്കുന്നേയെനിക്ക് 
തവസന്നിധേ ഞാനെത്തിടുമ്പോള്‍
         മമ കണ്ണീരെല്ലാം തുടയ്ക്കണേയെന്‍ പ്രിയനേ
ചാരത്തിരിക്കുവാന്‍ കൊതിയാവുന്നേ....
അമ്മച്ചിയേ ദേ ലിസിച്ചേച്ചി നുണപ്പാട്ടൊണ്ടാക്കി പാടുന്നു''
സാജന്‍ വിളിച്ചുപറഞ്ഞു. അവനു പാട്ടിഷ്ടമാണ്, നന്നായി പാടുകയും ചെയ്യും. ആരെങ്കിലും ഒരു പാട്ടുപാടിയാല്‍ അവന്‍ അരികത്തോടി വന്നു ശ്രദ്ധിക്കും.
''അതു പിന്നെ അവളു പാട്ടും കഥകളുമൊക്കെ ഒണ്ടാക്കാന്‍ മിടുക്കിയല്ലേ.''
അമ്മച്ചി അടുത്തുവന്നു പറഞ്ഞു: ''എന്നതാ ഇത്രേം സങ്കടം, കര്‍ത്താവിനാരദ്ഭുതം ചെയ്യാന്‍ സമയംവല്ലോം വേണോ? എല്ലായിപ്പം മാറുവേലേ.''
അമ്മച്ചി തുടര്‍ന്നു: ''എന്റെ ദൈവമേ, ഇതുങ്ങളെ വൃത്തിയായിട്ടൊന്നിറക്കിവിടാന്‍ സഹായിക്കണേ, ജോലിയൊക്കെ കല്യാണം കഴിഞ്ഞിട്ടാണേലും കിട്ടും.''
ലിസിക്കു നീരസം തോന്നി. അമ്മച്ചിക്ക്,  ഒരു പെണ്ണിന്റെ ജീവിതത്തിലെ അവസാനവാക്കാണ് കല്യാണം. 
താനാണെങ്കില്‍ അമ്മച്ചിയുടെ കഷ്ടപ്പാടു കണ്ട് മടുത്തിട്ട് ഒരു സര്‍ക്കാര്‍ജോലി സ്വപ്നംകണ്ട് അതിനായി പ്രയത്‌നിക്കുകയാണ്. 
മനഃപ്രയാസം വരുമ്പോള്‍ അവള്‍ തന്റെ  ഹൃദയത്തില്‍ നിന്നൊഴുകിവരുന്ന പാട്ടുകള്‍ പാടി സ്വയം ആശ്വസിക്കും.
പിന്നെയും ഓര്‍മകള്‍ വട്ടമിട്ടു പറക്കുകയാണ്.
 
(തുടരും)
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)