•  7 Jul 2022
  •  ദീപം 55
  •  നാളം 18
നോവല്‍

കാറ്റിന്റെ മര്‍മരങ്ങള്‍

''ലിസിയേ... എടീ ലിസിയേ...'' 
തറവാട്ടില്‍നിന്നാണ് വിളി ഉയരുന്നത്. നേരം പുലരുന്നതേയുള്ളൂ.
വല്യപ്പച്ചന് കണ്ണു തീരെ മങ്ങി.
അക്ഷരം കണ്ണിനു പിടിക്കാതെയായി. പത്രം വായിച്ചുകൊടുക്കണം. 
പക്ഷേ, ഇത്ര രാവിലെ? ഇതവരുടെ അടവാണ്. വിടുപണി എടുപ്പിക്കാനുള്ള അടവുനയം.
പ്രാര്‍ഥന ചൊല്ലിക്കൊടുക്കാ നും പത്രം വായിച്ചുകേള്‍പ്പിക്കാനുമെന്ന വ്യാജേന വിളിച്ച് അടുക്കളയുടെ കിഴക്കേപ്രത്ത് കൂട്ടിയിട്ടിരിക്കുന്ന കരിപ്പാത്രങ്ങളെല്ലാം തേപ്പിക്കും. ആഴമുള്ള കിണറ്റില്‍നിന്ന് വലിയ തൊട്ടിയില്‍ വെള്ളം കോരിപ്പിക്കും. കയറ് കൂടെക്കൂടെ പൊട്ടിപ്പോവും. അതിനാല്‍, തൊട്ടിയിലും കപ്പിയിലും കെട്ടിയിരിക്കുന്നത് മിനുസം ഒട്ടുമില്ലാത്ത കനമുള്ള ടയറിന്റെ വള്ളിയാണ്. മുകളിലോട്ട് എത്ര ആയത്തില്‍ വലിക്കുന്നോ അതേശക്തിയില്‍ താഴോട്ടു ചാടുന്ന ടയറുവള്ളി.
വീതിയുള്ള പത്തുനാല്പതു  നടകളുണ്ട്. കരിങ്കല്ലുകീറിപ്പാകിയ നടകള്‍ കയറി വിശാലമായ അടുക്കളമുറ്റത്തൂടെ, വെള്ളം ചുമന്ന് അടുക്കളത്തിണ്ണയില്‍ അടുക്കിവച്ചിരിക്കുന്ന ചെമ്പുകലങ്ങള്‍, കുട്ടകങ്ങള്‍, വലിയ ചരുവങ്ങള്‍ എല്ലാറ്റിലും നിറപ്പിക്കും. കുട്ടകങ്ങളും ചെമ്പുകലവുമെല്ലാം വല്യമ്മച്ചി പാളക്കീറുകൊണ്ട് മൂടിവയ്ക്കും. ചെറിയ പാത്രങ്ങള്‍, മൊന്തകള്‍, കിണ്ടികള്‍ എല്ലാം അടുക്കളയിലും ഊണുമേശയിലും വല്യപ്പച്ചന്റെ തളത്തിലും കൊണ്ടുപോയി വയ്ക്കണം. നടവാതുക്കല്‍ ബക്കറ്റില്‍ വെള്ളം വയ്ക്കണം. നാട്ടുവര്‍ത്തമാനം പറയാന്‍ വരുന്നവര്‍ക്ക് കാലുകഴുകിക്കയറാന്‍. വല്യപ്പച്ചന്‍ വിശ്രമിക്കുന്നിടത്തെ പ്രധാന നടയ്ക്കുമുന്നില്‍ തിണ്ണയില്‍ കിണ്ടിയില്‍ വെള്ളം വയ്ക്കണം. 
തുപ്പല്‍ക്കോളാമ്പി കഴുകിപ്പിക്കുന്നതൊക്കെ വൈകിട്ടത്തെ അഭ്യാസമാണ്. 
ഇസ്രായേല്‍ജനത്തെക്കൊണ്ട് മിസ്രയിമ്യര്‍ വൈക്കോലുകൊണ്ട് ഇഷ്ടിക ഉണ്ടാക്കിച്ചതിനെക്കാള്‍ കഷ്ടമാണ് വല്യമ്മച്ചിയും  കൊച്ചമ്മയുംകൂടി അവളെക്കൊണ്ടു ചെയ്യിക്കുന്നത്. ആ സമയമത്രയും അവള്‍ അവരെ പിരാകിക്കൊണ്ടിരിക്കും.
ഈ വൃത്തികെട്ടവര്‍ ഒരിക്കലും സ്വര്‍ഗത്തിന്റെ പടിവാതിലില്‍പ്പോലും എത്തില്ല. മൂന്നുതരമാണ്. അവര്‍ അട്ടയും പുഴുവും ദുഷ്ടപിശാചുക്കളും അഴിഞ്ഞാടുന്ന  നിത്യനരകത്തിലെത്തും. അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും. അനുഭവിക്കട്ടേ, ഇതെല്ലാം നല്ലവനായ ദൈവം കാണുന്നില്ലേ എന്നു ചിന്തിക്കുമ്പോള്‍ അവള്‍ക്കു തെല്ലൊരാശ്വാസം ലഭിക്കും. 
അടുത്താഴ്ച കാരാപ്പുഴ അമ്മച്ചീടെ മകള്‍ടെ കല്യാണമാ. കാരാപ്പുഴത്തെ ചിന്നമ്മയമ്മച്ചി അപ്പന്റെ മൂത്തപെങ്ങളാണ്. വല്യ സ്വത്തുകാരാണ്, സംസ്‌കാരമുള്ളവരാണ്. അപ്പച്ചന്‍ പേരെടുത്ത വക്കീലാണ്. കാറിലേ സഞ്ചരിക്കൂ. മക്കളൊക്കെ സിനിമാതാരങ്ങളെ വെല്ലുന്ന മുഖശ്രീയുള്ളവര്‍. കൈയേലും കഴുത്തേലുമൊക്കെ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നു. 
വക്കീലപ്പച്ചന്‍ വരുന്നത് ലിസിക്ക് വല്യ ഇഷ്ടമാണ്. പോകാന്‍നേരം കുട്ടികള്‍ക്കു രൂപ തരും. വല്യഭാവമില്ല. ലിസിയുടെ വീട്ടിലും വന്ന് കുറച്ചുനേരമിരിക്കും. ഒരു ഈസ്റ്ററിന് ആ അപ്പച്ചന്‍ വന്നുപോയത് സന്തോഷം പകരുന്ന ഓര്‍മകളോടെയാണ്. 
അമ്മ വളരെ ഭവ്യതയോടെ  മീല്‍സെയ്ഫില്‍ പാത്തുവച്ചിരിക്കുന്ന ഒരു കപ്പെടുത്ത് അതില്‍ ചായ കൊടുത്തു. അപ്പച്ചന്‍ ചായയേ കുടിക്കൂ, ഏലയ്ക്കാത്തരി അല്ലെങ്കില്‍ അല്പം ഇഞ്ചി  ചേര്‍ത്ത ചായ വേണം.
വീട്ടില്‍ രണ്ടുനേരവും കാപ്പിയാണനത്തുന്നത്.  തീരെച്ചെറിയ കുട്ടിയായ മോനുവിന്  സ്റ്റീല്‍ഗ്ലാസ്സിലും ബാക്കിയുള്ളവര്‍ക്ക് കുപ്പിഗ്ലാസ്സിലും അമ്മയ്ക്കും അപ്പനും കോപ്പയിലുമാണു പകരുന്നത്.  
റോസാപ്പൂക്കളുടെ പടങ്ങളുള്ള വലിയൊരു കോപ്പയിലാണ് അപ്പനു കൊടുക്കുന്നത്. ഗൃഹനാഥനല്ലേ, ഇച്ചിരെ പാലിന്റെ അംശം കൂടുതല്‍ ചെല്ലട്ടേ എന്നാണ് അമ്മ പറയുന്നത്. 
വക്കീലപ്പച്ചന്‍  മറ്റൊരു കപ്പുംകൂടെ ആവശ്യപ്പെട്ടിട്ട് അതിലൊഴിച്ച് അരക്കപ്പ് കാപ്പി കുടിച്ചു. 
''ചിന്നമ്മയും പിള്ളേരും നാളെയേ വരൂ. എനിക്കു ചെന്നിട്ട് അത്യാവശ്യമുണ്ട്.'' 
ഇങ്ങോട്ട് അപ്പച്ചനാണ് കാറോടിച്ചു വന്നത്. ചിന്നമ്മ വരുമ്പോഴൊക്കെ ബന്ധുവീടുകളില്‍ പോകുക പതിവാണ്. അതിനാല്‍, അപ്പച്ചന്റെ മടക്കയാത്ര ബസിലാക്കി. 
തിണ്ണയില്‍ കാപ്പികുടിച്ചു കൊണ്ടു നില്‍ക്കേ കൈകള്‍കൊട്ടി റോഡിലൂടെ പോയ ബസ് നിര്‍ത്തി. പോയപോക്കില്‍ ലിസിക്കും സഹോദരങ്ങള്‍ക്കും അപ്പച്ചന്റെ പോക്കറ്റില്‍നിന്ന് പള്ളിപ്പെരുന്നാളു കൂടാനുള്ള വക കിട്ടി. 
ആളിനെ കാണാന്‍ നല്ല ഗെറ്റപ്പാണ്. വെളുത്ത ഖദര്‍ജുബ്ബയാണു ധരിക്കുന്നത്. കറുത്തകരയോടുകൂടിയ ഖദര്‍ഷാളും ഇടതുതോളില്‍ കാണും. 
കാരാപ്പുഴ അമ്മച്ചിയുടെ മൂത്തമകന്‍ ബാബു അന്ന് ചങ്ങനാശ്ശേരിയിലാണു പഠിക്കുന്നത്.  കോളജിന്റെ ബോര്‍ഡിങ്ങില്‍ താമസിച്ചു പഠിക്കുകയാണ്. സിനിമാതാരത്തെപ്പോലിരിക്കുന്ന ബാബുച്ചായന്‍ വന്നു. സ്വര്‍ണമാലയിലെ സ്വര്‍ണക്കാശുരൂപത്തിലാണ് ലിസിയുടെ നോട്ടം. അന്ന് സ്വര്‍ണത്തിന്റെ വിലയൊന്നും അറിയാതെ അവള്‍ ആ കാശുരൂപത്തില്‍ തെരുപ്പിടിച്ചുകൊണ്ട് ചോദിച്ചു: ''ബാബുച്ചായാ എനിക്കീ കാശുരൂപം തരാമോ?'''' 
ബാബു പറഞ്ഞു: ''നിന്റെ കല്യാണത്തിനാകട്ടേ, എത്ര വേണേലും തരാം.'' കൊച്ചുകുട്ടിയാണെങ്കിലും കല്യാണമെന്നു കേട്ടപ്പോള്‍ ലിസിക്കു നാണം വന്നു. അവള്‍ പെട്ടെന്ന് അവിടെനിന്ന് ഓടിപ്പോയി. 
അവള്‍ തീരുമാനിച്ചിട്ടുണ്ട്, തനിക്കൊരിക്കലും കല്യാണമേ വേണ്ടെന്ന്. കല്യാണം കഴിഞ്ഞാല്‍പ്പിന്നെ അപ്പന്റെയും അമ്മയുടെയും ഒപ്പം നില്ക്കാന്‍ പറ്റില്ലല്ലോ. അതിനാല്‍, താന്‍ വളരുന്നതോ കല്യാണം കഴിക്കുന്നതോ അവള്‍ക്കിഷ്ടമല്ല. 
തറവാട്ടില്‍ അത്രയേറെ സ്ഥലങ്ങളും തെങ്ങുകളും മറ്റു കൃഷികളും ഉണ്ടെങ്കിലും കൊച്ചുപ്പാപ്പന്‍, വേലക്കാരന്‍ മണിയനെക്കൊണ്ട് തങ്ങള്‍ക്കു കിട്ടിയ ആ ഒരുതുണ്ടു പറമ്പിലെ കരിക്കും കുരുമുളകും ഏത്തക്കുലയും എടുപ്പിക്കും. 
ലിസിയുടെ അമ്മ വീട്ടാവശ്യത്തിനുപോലും തേങ്ങ എടുപ്പിക്കാറില്ല. തേങ്ങയില്ലാതെ കറികള്‍ വയ്ക്കും. എന്നിട്ട് സൂക്ഷിക്കുന്നതാണ് മുറ്റത്തെ തൈത്തെങ്ങിലെ തേങ്ങകള്‍. അതു വിറ്റിട്ടാണ് അപ്പന്‍ കറന്റ് ചാര്‍ജ് അടയ്ക്കുന്നത്.
തറവാട്ടുവീട്ടിലേക്കുള്ള മതില്‍കെട്ടിയ വഴികള്‍ക്കിരുവശവും  ചെന്തെങ്ങുകള്‍ കുലകളായി കായ്ച്ചു നില്പുണ്ട്. കാണാന്‍ ചന്തമുള്ള ഉയരം കുറഞ്ഞ ഗൗളിത്തെങ്ങുകള്‍. അതിലൊന്നില്‍നിന്ന് ഒരു കരിക്കിട്ട് ചെത്തിക്കൊടുക്കേണ്ടതിനുപകരം, കുടുംബത്ത് ആരെങ്കിലും വന്നാല്‍ ബേബിച്ചനെയാണ് കഷ്ടപ്പെടുത്തുന്നത്. എതിര്‍ത്താല്‍ സ്‌നേഹമില്ലാത്ത കുടുംബദ്വേഷിയെന്ന് സാക്ഷ്യപ്പെടുത്താമല്ലോ.
വിശുദ്ധബൈബിളിലെ നാബോത്തിന്റെ മുന്തിരിത്തോട്ടം എന്ന സംഭവകഥ ഓര്‍മ്മവന്നു. സണ്‍ഡേ സ്‌കൂളില്‍ പോകുന്നതിനാല്‍ ബൈബിളിലെ ഒട്ടുമിക്ക കാര്യങ്ങളും ലിസിക്കറിയാം. അമ്മച്ചിയോടു സംശയങ്ങള്‍ ചോദിച്ചാല്‍ ഹൃദ്യമായി വിവരിച്ചു തരും. അമ്മച്ചി വിവാഹത്തിനുമുമ്പ് പള്ളിയിലെ 'സ്ത്രീസമാജം' സെക്രട്ടറിയായിരുന്നത്രേ.
അപ്പന്‍ തനിക്കു കിട്ടിയ ആ തുണ്ടുപറമ്പില്‍മാത്രമല്ല,  കെ.കെ. റോഡിന്റെ പുറമ്പോക്കിലും കുരുമുളകും വാഴയും കൃഷി ചെയ്തിട്ടുണ്ട്. പുറമ്പോക്കു ഭൂമിയിലെ ഏത്തക്കുലകള്‍ മൂപ്പാകുമ്പോള്‍ കൊച്ചുപ്പാപ്പന്‍ വന്ന് വെട്ടിയെടുക്കും.
കാരാപ്പുഴയമ്മച്ചിക്ക് വര്‍ഷാവര്‍ഷം ഇത്തിരി കുരുമുളകു വേണം. കൊച്ചുമറ്റം, വലിയമറ്റം, പുളി നില്ക്കുന്ന തൊട്ടി, ജാതി നില്ക്കുന്നിടം, ചാമ്പനില്ക്കുന്നതൊട്ടി, കക്കൂസിരിക്കുന്നിടം, കോഴിക്കൂടുള്ളിടം എല്ലാം കുരുമുളകുകൃഷിയാണ്. എന്നാലും കൊച്ചുപ്പാപ്പന്‍, മണിയനെ വിട്ട് പുറമ്പോക്കില്‍ അപ്പന്‍ നട്ടുപിടിപ്പിച്ച കൊടിയിലെ മുളകുകള്‍ എടുക്കും, കാരാപ്പുഴയമ്മച്ചിയുടെ പേരില്‍. 
എതിര്‍ത്താല്‍ പിന്നെ പെങ്ങന്മാര്‍ക്ക് എന്തെങ്കിലും കൊടുക്കാന്‍ ബേവിച്ചന്‍ സമ്മതിക്കില്ലെന്ന നുണപ്രചാരണം നടത്തും. പെങ്ങന്മാര്‍ തെറ്റിദ്ധരിച്ച് പിന്നീട് പിണക്കമാകും. 
ഇങ്ങനെയൊര
വസരത്തിലാണ് വല്യപ്പച്ചന്‍ നീതിയായി എഴുതിയുണ്ടാക്കിയ വില്‍പ്പത്രം കൊച്ചുപ്പാപ്പന്‍ അഴിപ്പിച്ച് തോന്ന്യാസം കാട്ടി എല്ലാം സ്വന്തമാക്കിയത്.
അപ്പനും അമ്മച്ചിയും ദൈവത്തില്‍മാത്രം അഭയം തേടി. വലിയ കുടുംബത്തു ജനിച്ചതിനാല്‍ ഒരു കൂലിപ്പണിക്കുകൂടെ ആരും വിളിക്കില്ല.     
 
(തുടരും)
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)