•  6 Oct 2022
  •  ദീപം 55
  •  നാളം 30

പാതകളില്‍ പൊലിയുന്ന ജീവിതങ്ങള്‍


സൗമ്യമായ മറുപടി ക്രോധം ശമിപ്പിക്കുന്നു; പരുഷമായ വാക്ക് കോപം ഇളക്കിവിടുന്നു. സുഭാഷിതങ്ങള്‍ 15:

ദേശീയപാതകളിലടക്കമുള്ള മരണക്കുഴികളെക്കുറിച്ചാണ് കഴിഞ്ഞ കുറേ ആഴ്ചകളായി വര്‍ത്തമാനകേരളം ആവര്‍ത്തിച്ചുസംസാരിക്കുന്നത്. മാധ്യമങ്ങള്‍ വാര്‍ത്തയെഴുതിയും പരമ്പരയിറക്കിയും പ്രതിഷേധിച്ചു മടുക്കുന്നു. സമൂഹമാധ്യമങ്ങളാകട്ടെ ട്രോളുകള്‍ നിരത്തി സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനമുന്നയിക്കുന്നു. ഒടുവിലിതാ കോടതിയും അന്ത്യശാസനമിറക്കി പ്രതികരിക്കേണ്ടിവന്നിരിക്കുന്നു.

ദേശീയപാതകളിലടക്കമുള്ള മരണക്കുഴികളെക്കുറിച്ചാണ് കഴിഞ്ഞ കുറേ ആഴ്ചകളായി വര്‍ത്തമാനകേരളം ആവര്‍ത്തിച്ചുസംസാരിക്കുന്നത്. മാധ്യമങ്ങള്‍ വാര്‍ത്തയെഴുതിയും പരമ്പരയിറക്കിയും പ്രതിഷേധിച്ചു മടുക്കുന്നു. സമൂഹമാധ്യമങ്ങളാകട്ടെ ട്രോളുകള്‍ നിരത്തി സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനമുന്നയിക്കുന്നു. ഒടുവിലിതാ കോടതിയും അന്ത്യശാസനമിറക്കി പ്രതികരിക്കേണ്ടിവന്നിരിക്കുന്നു. ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും, പാതകളിലെ പാതാളക്കുഴികളുടെ ആഴവും മരണപ്പെടുന്നവരുടെ എണ്ണവും ദിനംപ്രതി വര്‍ദ്ധിക്കുന്നതല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല എന്നതാണു വിചിത്രം. ഉത്തരവാദിത്വപ്പെട്ടവരുടെ ക്രിയാത്മകവും സത്യസന്ധവുമായ ഇടപെടലുകള്‍ സമയബന്ധിതമായി ഉണ്ടാവാത്തതില്‍ ജനത്തിന്റെ അങ്കലാപ്പും അമര്‍ഷവും പെരുകുകയാണ്. ഓരോ റോഡപകടമരണവും വിളിച്ചറിയിക്കുന്നത്, അധികൃതരുടെ ഭാഗത്തുനിന്ന് നിരന്തരശ്രദ്ധയും ജാഗ്രതയും ഉണ്ടാവണമെന്ന ഓര്‍മപ്പെടുത്തലാണ്. അതിനുള്ള ഇച്ഛാശക്തിയും പ്രതിബദ്ധതയുമാണ് സര്‍ക്കാര്‍വൃത്തങ്ങളില്‍നിന്നു ജനം ഉറ്റുനോക്കുന്നത്.

ഗുണമേന്മയുള്ള റോഡുകള്‍ക്കായി രണ്ടു വര്‍ഷത്തിനിടെ നാലു തവണയാണ് ഹൈക്കോടതി സഗൗരവം ഇടപെട്ടിരിക്കുന്നത്. മഴക്കാലത്തെ അതിജീവിക്കാന്‍ കഴിയുംവിധം ശാസ്ത്രീയമായും സത്യസന്ധമായും റോഡു നിര്‍മിക്കാനാവില്ലെങ്കില്‍ എന്‍ജിനീയര്‍മാര്‍ രാജിവച്ചുപോകണമെന്നഭിപ്രായപ്പെട്ടത് 2021 നവംബര്‍ 25 നാണ്. കൊച്ചിയിലെ റോഡുകള്‍ പശ തേച്ച് ഒട്ടിച്ചതാണോ എന്ന പരിഹാസമുന്നയിച്ചതാകട്ടെ 2022 ജൂലൈ ഏഴിന്. ഇതേമാസംതന്നെ, റോഡുകളുടെ കാര്യം പറഞ്ഞുമടുത്ത് നാണം തോന്നുന്നുവെന്നുവരെ കോടതി പറയേണ്ട ഗതികേടിലായി! ഏറ്റവുമൊടുവിലിതാ ഓഗസ്റ്റ് എട്ടിന്, കേരളത്തില്‍ ദേശീയപാതകളിലെ കുഴികള്‍ ഒരാഴ്ചയ്ക്കകം അടയ്ക്കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനവും. റോഡപകടങ്ങള്‍ മനുഷ്യനിര്‍മിതദുരന്തങ്ങളാണെന്നും റോഡുകള്‍ കുരുതിക്കളമാക്കരുതെന്നും കോടതി പ്രതികരിച്ചു. ദേശീയപാതയാണെങ്കിലും പി.ഡബ്ല്യു.ഡി, തദ്ദേശസ്വയംഭരണസ്ഥാപനറോഡുകളാണെങ്കിലും അപകടം ഒഴിവാക്കാനുള്ള നടപടികള്‍ ഊര്‍ജിതമായി ഉറപ്പാക്കേണ്ട കളക്ടര്‍മാര്‍ വെറും കാഴ്ചക്കാരാവരുതെന്നും കോടതി നിര്‍ദേശിച്ചു. റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച വിവിധ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിറങ്ങിയിരിക്കുന്നത്.
റോഡുകള്‍  സഞ്ചാരയോഗ്യമാക്കാന്‍ ഇനിയെത്ര ജീവന്‍ നഷ്ടമാകണമെന്ന ഹൈക്കോടതിയുടെ അതിരൂക്ഷമായ ചോദ്യം, മനുഷ്യജീവന്റെ കാവല്‍ഭടന്മാരായ ജനപ്രതിനിധികളുടെയും സര്‍ക്കാരുദ്യോഗസ്ഥരുടെയും കൂട്ടുത്തരവാദിത്വത്തെ ഓര്‍മിപ്പിക്കുന്നതാണ്. വീട്ടില്‍നിന്നു പോകുന്നവര്‍ മടങ്ങിയെത്തുമോയെന്ന് യാതൊരു ഉറപ്പുമില്ലാത്തവിധം നമ്മുടെ റോഡുകള്‍ മരണഗര്‍ത്തങ്ങളായി മാറിയിരിക്കുന്നത് പൊതുസമൂഹം വിമര്‍ശനബുദ്ധ്യാ വിലയിരുത്തേണ്ട സമയമാണിത്. റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതിലും അപകടമുണ്ടായാല്‍ നഷ്ടപരിഹാരം തീര്‍പ്പുകല്പിക്കുന്നതിലും നിയമത്തില്‍ വ്യവസ്ഥകള്‍ ഏറെയുണ്ടെങ്കിലും ഉത്തരവാദിത്വപ്പെട്ടവര്‍ അവയൊന്നും നടപ്പാക്കുന്നില്ല എന്നതാണു ഗുരുതരമായ പ്രശ്‌നം. ഈ പ്രശ്‌നത്തിനു പരിഹാരമുണ്ടാകണമെങ്കില്‍ പൗരസമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കുകയും ജനകീയസമരപോരാട്ടങ്ങളിലേക്കിറങ്ങുകയും വേണം.
പൗരന്മാര്‍ നടുറോഡില്‍ കൊല്ലപ്പെടുമ്പോള്‍ ഉത്തരവാദിത്വത്തില്‍നിന്നൊഴിയാന്‍ ജനപക്ഷത്തു നിലയുറപ്പിച്ചിരിക്കുന്ന ഒരു സര്‍ക്കാരിനുമാവില്ല. കേരളത്തിലെ റോഡുകള്‍ അടിയന്തരമായി കുഴികളടച്ചു നന്നാക്കണമെന്ന് ഹൈക്കോടതി അന്ത്യശാസനമിറക്കിയിട്ടും, കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ഉത്തരവാദിത്വത്തെച്ചൊല്ലി പരസ്പരം പഴിചാരുന്നതും തര്‍ക്കിക്കുന്നതുമൊന്നും ഒട്ടും ആശാസ്യമല്ല. ഈ വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ ചര്‍ച്ച ആവശ്യപ്പട്ട് അടിയന്തരപ്രമേയനോട്ടീസ് നല്കിയിട്ടും, അവഗണിച്ചുതള്ളിയത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള കടുത്ത അലംഭാവവും ഉദാസീനതയുമാണ്.
ദേശീയപാതയായാലും പൊതുമരാമത്തു റോഡായാലും ആരോപണങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കുമപ്പുറത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ കുഴികളടച്ച് റോഡുകള്‍ സഞ്ചാരയോഗ്യമാക്കണമെന്നത് ജനകീയാവശ്യമാണെന്നു കരുതാന്‍ ബന്ധപ്പെട്ടവര്‍ക്കു കനിവുണ്ടാവണം. പൗരന്മാരുടെ ജീവനും സമയവും സമ്പത്തും നഷ്ടപ്പെടുന്ന അവസ്ഥ ഇന്നാട്ടില്‍ ഇനിയും ഉണ്ടായിക്കൂടാ.