•  30 Jan 2025
  •  ദീപം 57
  •  നാളം 46

കലോത്സവവേദികള്‍ കലാപമുക്തമാകണം


.

*

കാമ്പസ്‌രാഷ്ട്രീയത്തിലെ ആള്‍ക്കൂട്ടവിചാരണയ്ക്കും പ്രാകൃതപീഡനത്തിനുമിരയായി സിദ്ധാര്‍ഥ് എന്ന ഒരു വിദ്യാര്‍ഥികൂടി ജീവന്‍ വെടിയേണ്ടിവന്നതിന്റെ നൊമ്പരം മനുഷ്യമനഃസാക്ഷിയില്‍നിന്നു മായുംമുമ്പേ, കലാശാലയില്‍ കലാപത്തീ വീണ്ടും ആളിക്കത്തിയതിന്റെ വാര്‍ത്തയാണ് കേരളം കഴിഞ്ഞ ദിവസം കേട്ടത്. കേരളസര്‍വകലാശാല കലോത്സവം കൈയാങ്കളിയിലെത്തി ഇടയ്ക്കുവച്ചു നിറുത്തേണ്ടിവന്നിരിക്കുന്നു. പാതിവഴിയില്‍ കര്‍ട്ടന്‍വീണ ഈ കലോത്സവം കേരളസര്‍വകലാശാലയ്ക്കു മാത്രമല്ല, സാംസ്‌കാരികകേരളത്തിനാകെ അപമാനം വിതച്ചിരിക്കുകയാണ്. 
കാമ്പസ്‌രാഷ്ട്രീയവും അതിന് ഓശാന പാടുന്ന കുറെ അധ്യാപകരുടെ കിടമത്സരങ്ങളും നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗത്തെ എത്രമാത്രം അലങ്കോലമാക്കിയിരിക്കുന്നുവെന്നതിന്റെ മറ്റൊരുദാഹരണമാണിത്. വിദ്യാര്‍ഥിസംഘടനകള്‍ അക്രമരാഷ്ട്രീയത്തിലൂടെ അണിയറയിലും അരങ്ങത്തും  ജയഭേരി മുഴക്കുമ്പോള്‍, തോറ്റുപോകുന്നത് കലയും അതിന്റെ സാംസ്‌കാരികനന്മകളും കലോപാസകരുമാണെന്നോര്‍ക്കണം. കലയെ തപസ്യയായിക്കണ്ട് മാസങ്ങളോളം പരിശീലനക്കളരിയില്‍ കഠിനാധ്വാനം ചെയ്തും വലിയ തോതില്‍ പണം ചെലവഴിച്ചും പ്രതീക്ഷയോടെ കടന്നുവരുന്ന വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് കണ്ണീരും കൈയുമായി മടങ്ങേണ്ടിവരുന്നത്. ഉദ്ഘാടനമത്സരയിനത്തിനു പിന്നാലേ കൊടിയേറിയ പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും അവസാനദിവസവും തുടരുന്നതിനിടെ യുവജനോത്സവം താത്കാലികമായി നിറുത്തിവയ്ക്കാന്‍ വൈസ്ചാന്‍സലര്‍ ഉത്തരവിടുകയായിരുന്നു. എസ്എഫ്‌ഐ നേതൃത്വം നല്‍കുന്ന സംഘാടകസമിതിക്കെതിരേ കെ.എസ്.യു. പ്രവര്‍ത്തകരോടൊപ്പം എസ്.എഫ്.ഐ. യൂണിയന്‍ ഭരിക്കുന്ന മറ്റു കോളജുകളും പ്രതിഷേധത്തിനെത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം.
കോഴ വാങ്ങി വിധിനിര്‍ണയം അട്ടിമറിച്ചതിനെത്തുടര്‍ന്ന് ഒരു വിധികര്‍ത്താവിനെയും പരിശീലകരെയും പോലീസ് അറസ്റ്റു ചെയ്തതോടെയാണ് യുവജനോത്സവവേദി കലാപകലുഷിതമായിത്തീര്‍ന്നത്. സര്‍വകലാശാല കലോത്സവചരിത്രത്തില്‍ ആദ്യമായി ഒരു വിധികര്‍ത്താവിനെ വേദിയില്‍നിന്നുതന്നെ പോലീസിന് അറസ്റ്റു ചെയ്യേണ്ടിവന്നു. മാര്‍ഗംകളി മത്സരത്തിന്റെ വിധിനിര്‍ണയവുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കവെയാണ് വിധികര്‍ത്താവിന്റെമേല്‍ സ്വാധീനമുണ്ടായതിന്റെ ശബ്ദസന്ദേശങ്ങളും വാട്‌സാപ്പ് സ്‌ക്രീന്‍ഷോട്ടുകളും തെളിവുകളായി പുറത്തുവന്നത്. 
കൂടുതല്‍ ആരോപണവും പ്രതിഷേധവുമായി കുട്ടികളും രക്ഷിതാക്കളും രംഗത്തെത്തിയതോടെ കലോത്സവം പലവട്ടം നിറുത്തിവയ്ക്കുകയും വീണ്ടും തുടങ്ങുകയും ചെയ്തു. കലോത്സവം നിറുത്തിവച്ചതിനെത്തുടര്‍ന്ന് ഒരുവിഭാഗം വിദ്യാര്‍ഥികള്‍ വേദിയില്‍ പ്രതിഷേധസൂചകമായി സംഘനൃത്തം അവതരിപ്പിച്ചതിനും കലോത്സവം സാക്ഷ്യംവഹിക്കേണ്ടിവന്നു. കലോത്സവവുമായി ബന്ധപ്പെട്ട മുഴുവന്‍ പരാതികളും പരിശോധിച്ചതിനുശേഷം മാത്രമേ അന്തിമതീരുമാനമെടുക്കൂവെന്ന് വി.സി. വ്യക്തമാക്കി. 
കലയുടെ കുലപതികളായി ഭാവിയില്‍ വിരാജിക്കപ്പെടേണ്ടവര്‍ക്കാണ് കണ്ണീരോടെ വേദിയില്‍നിന്നു മടങ്ങേണ്ടിവന്നതെന്ന വസ്തുത കലാകേരളത്തെ നൊമ്പരംകൊള്ളിക്കുന്നു. ഇവരുടെ മനസ്സിനേറ്റ മുറിവുകള്‍ക്ക് ഉത്തരവാദികള്‍ ആരാണ്? സര്‍വകലാശാലാധികൃതരോ അതോ കാമ്പസ് രാഷ്ട്രീയത്തെ പോറ്റിവളര്‍ത്തുന്ന രാഷ്ട്രീയനേതാക്കളോ? അതുമല്ലെങ്കില്‍ വര്‍ഷങ്ങളായി കോഴപ്പണത്തിന്റെ മറവില്‍ തഴച്ചുവളരുന്ന നിരുത്തരവാദികളായ വിധികര്‍ത്താക്കളോ? അവരാരായാലും, കലയെ നെഞ്ചോടു ചേര്‍ത്തുപിടിച്ച ആ വിദ്യാര്‍ഥികള്‍ക്കുണ്ടായ നൊമ്പരം നികത്താനാവാത്തതാണെന്ന് അറിഞ്ഞേ മതിയാകൂ. കാമ്പസുകളിലെ അക്രമരാഷ്ട്രീയവും ഗുണ്ടാവിളയാട്ടങ്ങളും നിറുത്തലാക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ലെങ്കില്‍, കോടതികള്‍ അടിയന്തരമായി ഇടപെട്ടേ പറ്റൂ. സത്യസന്ധതയും നീതിബോധവുമില്ലാത്തവരെ മത്സരവിധികര്‍ത്താക്കളാക്കാന്‍ പാടുള്ളതല്ല. വിധികര്‍ത്താക്കള്‍ക്ക് അക്കാദമികയോഗ്യത മാത്രമല്ല, 'സത്യസന്ധതയുടെ യോഗ്യതാപത്ര'വുംകൂടി ഉണ്ടോയെന്ന് സംഘാടകസമിതി ഉറപ്പുവരുത്തണം. കലോത്സവനടത്തിപ്പ് വിദ്യാര്‍ഥിരാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് തീറെഴുതിക്കൊടുക്കാതെ സത്യസന്ധരും പരിചയസമ്പന്നരുമായ ഒരുപറ്റം അധ്യാപകരുടെ മേല്‍നോട്ടത്തിലാകണമെന്ന് സര്‍വകലാശാലാധികൃതര്‍ നിര്‍ബന്ധപൂര്‍വം തീരുമാനമെടുക്കേണ്ടിയിരിക്കുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)