•  21 Nov 2024
  •  ദീപം 57
  •  നാളം 37

കണ്ണില്‍ ചോരയില്ലാത്ത കലാലയരാഷ്ട്രീയം


.

-

മൃഗസംരക്ഷകരാവേണ്ട ഭാവി വെറ്ററിനറി ഡോക്ടര്‍മാരെ പരിശീലിപ്പിക്കുന്ന ഒരു കലാലയം 'മൃഗീയത'യുടെ ബീഭത്സരൂപമണിഞ്ഞു കളരിക്കൂത്തു നടത്തിയതാണ് കഴിഞ്ഞയാഴ്ച കേരളമനഃസാക്ഷിയെ നൊമ്പരംകൊള്ളിച്ചത്. വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ സിദ്ധാര്‍ഥ് എന്ന വിദ്യാര്‍ഥിക്കുണ്ടായ ദാരുണാന്ത്യം കേരളത്തിലെ കാമ്പസുകളില്‍ മുമ്പൊരിക്കലും ഉണ്ടാകാത്തത്ര ക്രൂരവും പൈശാചികവുമാണ്. സാക്ഷരകേരളത്തിലെ ക്രിമിനല്‍വത്കരണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഭീകരമുഖമാണിത്. 
സിദ്ധാര്‍ഥിന്റേത് ഒരു തൂങ്ങിമരണമല്ല, ആള്‍ക്കൂട്ടക്കൊലപാതകമാണെന്ന പൊതുവിചാരണയിലേക്കാണ് സാഹചര്യങ്ങളും തെളിവുകളും വിരല്‍ചൂണ്ടുന്നത്. കലാലയരാഷ്ട്രീയത്തിലെ ഗുണ്ടാവിളയാട്ടം സകല രാക്ഷസീയഭാവങ്ങളുംപേറി അഴിഞ്ഞാടുന്നതിന്റെയും അതു ഭരണകൂടഭീകരതയായി വ്യാഖ്യാനിക്കാന്‍ ജനം നിര്‍ബന്ധിതരാകുന്നതിന്റെയും അവസാനത്തെ സാക്ഷ്യമാണ് പൂക്കോടുദുരന്തം. 
വെറ്ററിനറി സര്‍വകലാശാലയില്‍ ഭരണകക്ഷിവിദ്യാര്‍ഥി സംഘടന നടത്തിയ 'മൃഗീയ' അഴിഞ്ഞാട്ടങ്ങള്‍ ഏറെ അപലപനീയമാണ്. കേരളത്തില്‍ നടന്ന ഏറ്റവും നിഷ്ഠുരമായ കൊലപാതകങ്ങളിലൊന്നായി പൂക്കോടു ദുരന്തം ചരിത്രത്തിലിടംപിടിക്കുകയാണ്. വിവരവും വിദ്യാഭ്യാസവുമുണ്ടെന്നു കരുതപ്പെടുന്ന കുറെ സതീര്‍ഥ്യരാണ് സിദ്ധാര്‍ഥിനെ ആള്‍ക്കൂട്ടവിചാരണയ്‌ക്കൊടുവില്‍ കൊന്നുതള്ളിയത്. മൂന്നുദിവസം വെള്ളംപോലും കൊടുക്കാതെ പല മുറികളില്‍ പൂട്ടിയിട്ടു പീഡിപ്പിച്ചു. ഹോസ്റ്റലിന്റെ മുന്‍വശത്തെ ഗ്രൗണ്ടില്‍ അവനെ വസ്ത്രാക്ഷേപം ചെയ്ത് വിദ്യാര്‍ഥിനീവിദ്യര്‍ഥികളുടെ മുന്നിലിട്ട് ദേഹമാസകലം മര്‍ദിച്ചു. റാഗിങ്ങിന്റെയും ആള്‍ക്കൂട്ടവിചാരണയുടെയും പ്രാകൃതമായ രീതിയാണ് അവിടെ നടന്നത്. മുറിവേറ്റുകിടക്കുന്ന മൃഗങ്ങളോടു സഹജീവികള്‍ കാണിക്കുന്ന സഹാനുഭൂതിപോലും സഹപാഠികളായ ക്രിമിനലുകള്‍ സിദ്ധാര്‍ഥിനോടു കാണിച്ചില്ല എന്നതിലാണ് അവരുടെ കൂട്ടുകെട്ടിന്റെ മുഖാവരണം അഴിയുന്നത്. 
കാമ്പസ് രാഷ്ട്രീയത്തിലെ അധികാരദാഹം വയലന്‍സായി പരിണമിക്കുന്നതും അതു സംഹാരതാണ്ഡവമാടുന്നതും ഇന്നു പതിവായിരിക്കുന്നു. റാഗ് ചെയ്തും ഭീഷണി മുഴക്കിയും വിപ്ലവാഹ്വാനം നടത്തിയുമാണ് കേരളത്തിലെ കുട്ടികള്‍ രാഷ്ട്രീയം അഭ്യസിക്കുന്നതെന്ന് ആരും അറിയാതെപോകുന്നു. അറിയുന്ന അധ്യാപകരോ ചുരുക്കം ചില രക്ഷിതാക്കളോ മൗനവ്രതത്തിലാണുതാനും. 
പൂക്കോടുവിഷയത്തില്‍ സര്‍വകലാശാല ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ നിലപാടു വ്യക്തമാക്കി ക്രിമിനലുകളെ തളയ്ക്കണമെന്നു നിശ്ചയദാര്‍ഢ്യമെടുത്താണ് മുന്നോട്ടുപോകുന്നത്. സര്‍വകലാശാല വി.സി.യെ ഉടനടി സസ്‌പെന്‍ഡു ചെയ്ത നടപടി അതിന്റെ ഭാഗമാണ്.  കോളജ് ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നുവെന്ന വാര്‍ത്തയും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. ഗുണ്ടാവിളയാട്ടങ്ങളെ നിയന്ത്രിക്കാതിരിക്കുന്നതും കണ്ടില്ലെന്നു നടിക്കുന്നതും ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുള്ള കൃത്യവിലോപംതന്നെയാണെന്ന് ഈ നടപടികള്‍ അടിവരയിട്ടു പറയുന്നു. 
ക്രിമിലുകളെ പോറ്റിവളര്‍ത്തുന്ന സുരക്ഷിതതാവളങ്ങളാണോ നമ്മുടെ കലാലയങ്ങളും സര്‍വകലാശാലകളുമെന്ന് ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കേരളത്തിലെ പല കലാലയങ്ങളുടെയും കവാടങ്ങള്‍ പാര്‍ട്ടി ഓഫീസുകളെ വെല്ലുന്ന തരത്തില്‍ കൊടിതോരണങ്ങളും പോസ്റ്ററുകളുംകൊണ്ട് അലങ്കോലമാക്കിയതു കണ്ടിട്ടെന്തേ ആര്‍ക്കും ലജ്ജ തോന്നാത്തത്? അവിടെയുള്ള എഴുത്തുകളില്‍ ഭൂരിഭാഗവും അശ്ലീലവും അസഭ്യവും ഭീഷണികളും വിപ്ലവങ്ങളുമാണെന്നു പെട്ടെന്നൊന്നു കണ്ണോടിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ഇതൊക്കെക്കണ്ടിട്ടും നമ്മുടെ ബുദ്ധിജീവിവര്‍ഗം ഒന്നും മിണ്ടാതിരിക്കുന്നത് ആരെപേടിച്ചാണ് അഥവാ ആരെ പ്രീണിപ്പിക്കാനാണ്? ദിശ തെറ്റിയോടുന്ന കാമ്പസ്‌രാഷ്ട്രീയത്തെ തിരുത്തിയെടുത്തു ചികിത്സിക്കാന്‍ നമ്മുടെ വിദ്യാഭ്യാസവിചക്ഷണന്മാരും സാഹിത്യനായകരും മുന്നോട്ടിറങ്ങാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യവും ഉത്തരമില്ലാതെ അവശേഷിക്കുകയാണ്. അതോ, ഇക്കൂട്ടരെല്ലാം രാഷ്ട്രീയത്തടവറയില്‍ സുഖശയനം നടത്തുന്നതുകൊണ്ടാണാ പ്രതികരണശേഷി വറ്റിപ്പോകുന്നത്. 
ആയുധങ്ങള്‍ സൂക്ഷിക്കാനുള്ള മുറികളും ഇടിമുറികളും വിചാരണക്കോടതികളും റാഗിങ് സെന്ററുകളും മദ്യമയക്കുമരുന്നിടങ്ങളും കേരളത്തിലെ പ്രൊഫഷണല്‍ കാമ്പസുകളുടെ, പ്രത്യേകിച്ച് സര്‍ക്കാര്‍ കോളജുകളുടെ അവിഭാജ്യഘടകമാണെന്നതു പരസ്യമായ രഹസ്യമാണ്. കക്ഷിരാഷ്ട്രീയത്തിന്റെ തിമിരം ബാധിച്ച് അധികാരക്കൊയ്ത്തിനായി അഭിരമിക്കുന്ന അഭിനവ കുട്ടിനേതാക്കന്മാരുടെ ഈ ഗതികെട്ട പോക്ക് അപകടത്തിലേക്കാണെന്നു വിളിച്ചുപറയാന്‍ അധ്യാപകരും രക്ഷിതാക്കളും രംഗത്തിറങ്ങിയില്ലെങ്കില്‍ പൊതുജനം അതിനു തയ്യാറായി വരും. 
കേരളത്തിലെ വിദ്യാര്‍ഥിപ്രസ്ഥാനങ്ങളുടെ ഗുണ്ടാവിളയാട്ടം പാര്‍ട്ടി നോക്കാതെ അടിച്ചമര്‍ത്താന്‍ ഇവിടുത്തെ സര്‍ക്കാരിനു കഴിയേണ്ടതുണ്ട്. പക്ഷേ, രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം കാമ്പസ്‌രാഷ്ട്രീയത്തില്‍ മൃദുനയം സ്വീകരിച്ചിരിക്കുന്നതിനാല്‍ ഇനി കോടതിയിലേ അഭയമുള്ളൂ. റാഗിങ്ങും രാഷ്ട്രീയാതിപ്രസരവും ശാപമോക്ഷം ലഭിക്കാതെ വര്‍ഷങ്ങളായി കോടതി കയറിയിറങ്ങുകയാണ്. കോടതി ഇക്കാര്യത്തില്‍ വിധിത്തീര്‍പ്പു നടത്താനുള്ള സത്വരശ്രദ്ധയും ഇച്ഛാശക്തിയും കാണിച്ചേ പറ്റൂ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)