•  8 Jan 2026
  •  ദീപം 58
  •  നാളം 43
ലേഖനം

ചിരിയുടെ ശ്രീ; ചിന്തയുടെയും

മലയാളത്തിന്റെ ശ്രീനിവാസന് ആദരവോടെ യാത്രാമൊഴി

   അതിമാനുഷികതയുടെ അദ്ഭുതലോകത്തുനിന്നും മലയാളസിനിമയെ സുതാര്യവും സുഖദുഃഖസമ്മിശ്രവുമായ സാധാരണക്കാരന്റെ ജീവിതത്തിലേക്കു പറിച്ചുനട്ടവരില്‍ പ്രധാനിയായിരുന്നു ശ്രീനിവാസന്‍. മധ്യവര്‍ഗമലയാളിയുടെ സ്വത്വപ്രതിസന്ധികള്‍, ദാരിദ്ര്യം,  ആത്മവിശ്വാസക്കുറവ്, അപകര്‍ഷതാബോധം ഇവയൊക്കെ യും ശ്രീനിവാസന്റെ കഥാപാത്രങ്ങളിലൂടെ,  തിരക്കഥകളിലൂടെ പ്രേക്ഷകര്‍ക്കു മുന്നിലെത്തി. മറ്റു നായകന്മാര്‍ മലയാളിക്കു താരങ്ങളായിരുന്നുവെങ്കില്‍ ശ്രീനിവാസനില്‍ അവര്‍ സ്വന്തം മുഖം കണ്ടു. ആ താദാത്മ്യപ്പെടലാണ് അയാളെ മലയാളത്തിന്റെ മുഖശ്രീയാക്കി മാറ്റിയത്.
    സംവിധായകന്‍, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിലെല്ലാം കൈരളിയുടെ കലാലോകത്ത് തന്റേതായ വ്യക്തിമുദ്രപതിപ്പിക്കാന്‍ ശ്രീനിവാസനു കഴിഞ്ഞു. ആഴത്തിലുള്ള സാമൂഹികനിരീക്ഷണപാടവവും അനല്പമായ രാഷ്ട്രീയാവബോധവും അദ്ദേഹത്തിനു കൈമുതലായുണ്ടായിരുന്നു. അന്യരെ നോക്കി ചിരിക്കുംപോലെ എളുപ്പമല്ല,  അവനവനെ നോക്കി ചിരിക്കുക എന്നത്. ആത്മവിമര്‍ശനത്തില്‍ അധിഷ്ഠിതമായ ആ ചിരിയായിരുന്നു ശ്രീനിവാസന്റെ മറ്റൊരു പ്രധാന സവിശേഷത. പുറംപൂച്ചുകളെ പൊളിച്ചടുക്കി, പച്ചയായ മനുഷ്യജീവിതസന്ദര്‍ഭങ്ങളെ കൃത്രിമത്വമേതുമില്ലാതെ അയാള്‍ ആവിഷ്‌കരിച്ചപ്പോള്‍ മലയാളിക്ക് അവ മുഖവും മനവും നോക്കാനുള്ള കണ്ണാടികളായി.
    കണ്ണൂരിലെ കൂത്തുപറമ്പിനടുത്ത് പാട്യം എന്ന ഗ്രാമത്തില്‍ ജനിച്ച  ശ്രീനിവാസനെ മലയാളസിനിമയുടെ ശ്രീനിവാസനാക്കി മാറ്റിയെടുത്തത് മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ആയിരുന്നു. തമിഴ് സൂപ്പര്‍താരം രജനീകാന്ത് അടക്കമുള്ള പ്രമുഖര്‍ക്കൊപ്പം ആയിരുന്നു മദ്രാസിലെ സിനിമാപഠനം. തുടര്‍ന്ന് 1977 ല്‍ പി എ ബക്കറിന്റെ മണിമുഴക്കം എന്ന ചിത്രത്തിലൂടെ അഭിനയജീവിതത്തിനു തുടക്കമിട്ടു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് 1984 ല്‍ പുറത്തിറങ്ങിയ 'ഓടരുതമ്മാവാ ആളറിയാം' എന്ന ചിത്രത്തിലൂടെ ശ്രീനി തിരക്കഥാകൃത്തുമായി. 'അഭിനയിക്കാനായിച്ചെന്ന തന്നെ തിരക്കഥാരചന എന്ന അണ്ഡകടാഹത്തിലേക്കു ബലമായി തള്ളിയിടുകയായിരുന്നു പ്രിയദര്‍ശന്‍' എന്ന് തന്റെ സ്വതഃസിദ്ധമായ ശൈലിയില്‍ ശ്രീനിവാസന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. പ്രിയദര്‍ശന്റെ ആ ബലപ്രയോഗം ഏതായാലും പില്ക്കാലമലയാളസിനിമയ്ക്ക് അനുഗ്രഹമായിത്തീര്‍ന്നു. ചിരിയും ചിന്തയും ഇഴചേര്‍ന്ന, കാമ്പും കഴമ്പുമുള്ള, കാലാതിവര്‍ത്തിയായ കുറെയേറെ തിരക്കഥകള്‍ ശ്രീനിവാസതൂലികയില്‍നിന്നും മലയാളത്തിനു ലഭിച്ചു.
    വെള്ളാനകളുടെ നാട്,  മിഥുനം, കിളിച്ചുണ്ടന്‍ മാമ്പഴം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു,  ചിത്രം തുടങ്ങി പ്രിയദര്‍ശന്‍ -  മോഹന്‍ലാല്‍ - ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ പിറവിയെടുത്തു. സംവിധായകന്‍ കമലിനൊപ്പംചേര്‍ന്ന് ശ്രീനിവാസന്‍ തിരക്കഥ എഴുതിയ പാവം പാവം രാജകുമാരന്‍, മഴയെത്തും മുമ്പേ,  അഴകിയ രാവണന്‍ തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷകപ്രശംസയും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയവയായിരുന്നു. മുത്താരംകുന്ന് പി ഒ,  ദൂരെ ദൂരെ ഒരു കൂടുകൂട്ടാം തുടങ്ങിയ ചിത്രങ്ങളിലൂടെ സംവിധായകന്‍ സിബി മലയിലിനൊപ്പം ചേര്‍ന്നും ശ്രീനിവാസന്‍ സൂപ്പര്‍ഹിറ്റുകളൊരുക്കി.
    ശ്രീനിവാസന്‍ ഏറ്റവുമധികം തിരക്കഥകളെഴുതിയത് സംവിധായകന്‍ സത്യന്‍ അന്തിക്കാടിനുവേണ്ടിയായിരുന്നു. വല്ലാത്തൊരു ഹൃദയൈക്യമുണ്ടായിരുന്നു ഇവര്‍ തമ്മില്‍. 1986 ല്‍ 'ടി പി ബാലഗോപാലന്‍ എം എ' എന്ന സിനിമയില്‍ ആരംഭിച്ച ഈ കൂട്ടുകെട്ട്  2018 ല്‍ പുറത്തിറങ്ങിയ 'ഞാന്‍ പ്രകാശന്‍' എന്ന സിനിമ വരെയും തുടര്‍ന്നു. ഇതിനിടയില്‍ ആക്ഷേപഹാസ്യവും ആത്മവിമര്‍ശനവുമെല്ലാം ഒത്തുചേര്‍ന്ന, അത്യന്തം സാമൂഹികപ്രസക്തമായ അനവധി സിനിമകള്‍ ഇവരുടെ കൂട്ടുകെട്ടില്‍ പിറവിയെടുത്തു. ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്,  സന്മനസ്സുള്ളവര്‍ക്കു സമാധാനം, നാടോടിക്കാറ്റ്,  പട്ടണപ്രവേശം,  വരവേല്പ്,  സന്ദേശം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്നിങ്ങനെ ഇരുവരും ചേര്‍ന്നൊരുക്കിയ ചിത്രങ്ങള്‍ മലയാളസിനിമയില്‍ പുതിയൊരു ഭാവുകത്വംതന്നെ സൃഷ്ടിച്ചു. നേതാക്കന്മാരുടെ പൊങ്ങച്ചങ്ങളും രാഷ്ട്രീയക്കാരുടെ കാപട്യങ്ങളും തുടങ്ങി കുടുംബബന്ധങ്ങള്‍ക്കുള്ളിലെ സങ്കീര്‍ണതകളും സൗഹൃദത്തിന്റെ അനന്യമായ ആഴവുംവരെ  ഇവര്‍ തങ്ങളുടെ സിനിമകള്‍ക്കു വിഷയമാക്കി. സാധാരണക്കാരന്റെ ജീവിതവേദനകളെ ചിരിചേര്‍ത്ത് നേര്‍പ്പിച്ച വേദതത്ത്വങ്ങളായിരുന്നു ശ്രീനിവാസന്റെ തിരക്കഥകള്‍.
    മധ്യവര്‍ഗമലയാളിയുവാവിന്റെ സാമൂഹികജീവിതത്തെ, അപകര്‍ഷതാബോധത്തെ, അതില്‍നിന്നും ഉടലെടുക്കുന്ന രോഗത്തോളമെത്തുന്ന സംശയത്തെ  ഒക്കെയും വിമര്‍ശനഹാസ്യരൂപത്തില്‍ അവതരിപ്പിച്ച ചലച്ചിത്രമായിരുന്നു ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് അദ്ദേഹം തന്നെ നായകനായ 'വടക്കുനോക്കിയന്ത്രം'.
    മുഖ്യധാരാസിനിമയില്‍ സാധാരണമായി കണ്ടുവന്നിരുന്ന ധീരോദാത്തനും അതിപ്രതാപവാനുമായ നായകബിംബത്തെ പൂര്‍ണമായും പൊളിച്ചെഴുതി ഈ ചിത്രത്തിലെ ശ്രീനിവാസന്റെ  നായകകഥാപാത്രം. ശ്രീനിവാസന്‍ ആദ്യം സംവിധാനം ചെയ്ത ഈ ചിത്രം സംസ്ഥാന ചലച്ചിത്രപുരസ്‌കാരത്തിനും അര്‍ഹമായി. സമാനമായിത്തന്നെ രചനയും സംവിധാനവും നിര്‍വഹിച്ച്,  നായകവേഷത്തില്‍ അഭിനയിച്ച ശ്രീനിവാസന്റെ മറ്റൊരു ചലച്ചിത്രമാണ് 'ചിന്താവിഷ്ടയായ ശ്യാമള.' ഉത്തരവാദിത്വബോധമില്ലാത്ത ഭര്‍ത്താവ് കുടുംബത്തില്‍ സൃഷ്ടിക്കുന്ന കഷ്ടപ്പാടുകളാണ് ചിത്രത്തിന്റെ മുഖ്യപ്രമേയം. ആത്മീയത ഉള്‍പ്പെടെ  അലസജീവിതത്തിനുള്ള ഉപാധിയാക്കാന്‍ ശ്രമിക്കുന്നവരെ ആക്ഷേപഹാസ്യത്തിന്റെ ചാട്ടവാര്‍കൊണ്ട് നന്നായി പ്രഹരിക്കുന്നുണ്ട് ശ്രീനിവാസന്‍ ഈ സിനിമയില്‍. സാമൂഹികപ്രസക്തമായ പ്രാദേശികചലച്ചിത്രത്തിനുള്ള ദേശീയപുരസ്‌കാരവും ജനപ്രിയസിനിമയ്ക്കുള്ള സംസ്ഥാനപുരസ്‌കാരവും ചിന്താവിഷ്ടയായ ശ്യാമള സ്വന്തമാക്കി.
     'എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ' (നാടോടിക്കാറ്റ്), 'പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്'  (സന്ദേശം), 'മീനവിയല്‍ എന്തായോ എന്തോ' (അക്കരെയക്കരെ അക്കരെ) എന്നിങ്ങനെ ശ്രീനിവാസന്‍ എഴുതിയ അനവധിയായ ചലച്ചിത്രസംഭാഷണങ്ങള്‍ പഴഞ്ചൊല്ലുകള്‍പോലെ മലയാളിയുടെ നിത്യജീവിതവ്യവഹാരങ്ങളില്‍ ഇടംനേടി. അഭിനയത്തിലെ അനായാസതയും എഴുത്തിന്റെ ജൈവികസ്വഭാവവും ശ്രീനിവാസന്‍ എന്ന സിനിമക്കാരനെ സാധാരണക്കാരന്റെ പ്രതിനിധിയാക്കിത്തീര്‍ത്തു.  ഏതെങ്കിലും  കക്ഷിരാഷ്ട്രീയത്തിനോ ജാതിമതവിഭാഗങ്ങള്‍ക്കോ തന്റെ തലച്ചോറ് അടിയറവച്ചിരുന്നില്ല ശ്രീനിവാസന്‍. അതിനാല്‍ത്തന്നെ അപ്രിയസത്യങ്ങള്‍ അതാരോടായാലും അയാള്‍ ഉറക്കെത്തന്നെ വിളിച്ചുപറഞ്ഞു. ഉദയനാണ് താരം, പത്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍ തുടങ്ങിയ സിനിമകളിലൂടെ സിനിമാവ്യവസായത്തിനുള്ളിലുള്ള പുഴുക്കുത്തുകളെ പരിഹസിക്കാനും ശ്രീനിവാസന്‍ ധൈര്യം കാട്ടി. തനിക്കു ശരിയെന്നു തോന്നുന്നത് പറയാനും പ്രവര്‍ത്തിക്കാനും അയാള്‍ ഒരുകാലത്തും മടിച്ചുനിന്നില്ല. കാലമെത്ര കഴിഞ്ഞാലും ശ്രീനിവാസന്‍ എന്ന പേരില്ലാതെ മലയാളസിനിമയുടെ ചരിത്രത്തെ രേഖപ്പെടുത്തുക അസാധ്യം. ശ്രീനിവാസന്‍ ഭൗതികമായ അര്‍ഥത്തില്‍ നമ്മോടു വിടപറഞ്ഞെങ്കിലും അയാള്‍ അഭിനയിച്ച സിനിമകളും എഴുതിയ തിരക്കഥകളും ഈ മണ്ണില്‍ ഇനിയും ഏറെക്കാലം തുടരുകതന്നെ ചെയ്യും. മരണം കലാകാരനേയുള്ളൂ, അയാള്‍ സൃഷ്ടിച്ച കല കാലാതിവര്‍ത്തിയത്രേ.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)