•  8 Jan 2026
  •  ദീപം 58
  •  നാളം 43
ലേഖനം

കടപ്പാടിന്റെ കണക്കുപുസ്തകം

വര്‍ഷാന്ത്യദിനചിന്തകള്‍ 

   തളിരിട്ടുതുടങ്ങിയ അത്തിമരത്തണലില്‍ അയാളിരുന്നു. വീട്ടിലേക്കുള്ള വഴിയിലാണ്. നട്ടുച്ചയിലെ നീണ്ട നടപ്പില്‍ നല്ല തളര്‍ച്ച തോന്നി. തോളില്‍ തൂങ്ങിയ പഴന്തുണിപ്പാണ്ഡം കൈയകലത്തേക്കു നീക്കിവച്ച് അയാള്‍ അകലേക്കു നോക്കി. ദൃഷ്ടിയെത്തുംദൂരത്ത് തന്റെ കൊച്ചുഗ്രാമം! അപ്പോള്‍ ആ വഴി കടന്നുപോയ ഇളംകാറ്റില്‍ അയാളുടെ ഓര്‍മപ്പുസ്തകത്തിന്റെ താളുകള്‍ പിന്നിലേക്കു മറിഞ്ഞു. ഭാസുരമായൊരു ഭാവിഭദ്രതയ്ക്കായി താന്‍ ആഹ്ലാദപൂര്‍വം അധ്വാനിച്ചിരുന്ന നാളുകള്‍. മുപ്പതു വര്‍ഷത്തെ ആ ജീവിതത്തില്‍ മോദങ്ങള്‍ക്കു മാത്രമായിരുന്നു മുന്‍തൂക്കം. പക്ഷേ, പൊടുന്നനെ പതിച്ച കദനങ്ങളുടെ കല്‍മഴക്കുത്തൊഴുക്കില്‍ എല്ലാം എത്രയോ പരിഹാസ്യമായി പര്യവസാനിച്ചു! അന്ന് പുലര്‍ച്ചെ പണിയായുധങ്ങള്‍ കൈയിലെടുത്തപ്പോള്‍ തോന്നിയ ഒരു മരവിപ്പ്! ആദ്യം അതിനെ അവഗണിച്ചു. എന്നാല്‍, ശരീരഭാഗങ്ങളെയാകെ ഒരു പെരുമ്പാമ്പിനെപ്പോലെ വരിഞ്ഞുമുറുക്കിയ ആ നിര്‍ജ്ജീവത്വം തീര്‍ത്തും തളര്‍ത്തുന്ന ഒരു തിരിച്ചറിവിന്റെ തിമിരക്കുഴിയിലേക്കാണ് തന്നെ തള്ളിയിട്ടത്! കുഷ്ഠരോഗത്തിന്റെ കരാളഹസ്തങ്ങളില്‍ താനും കുരുങ്ങിപ്പോയിരിക്കുന്നു! ഒറ്റപ്പെട്ട ഒരിടത്ത് ദുഃഖദുരിതങ്ങളുടെ കറുത്ത കോട്ടയ്ക്കുള്ളില്‍ ദുര്‍ഗന്ധം വമിക്കുന്ന ദേഹവുമായി ദ്രവിച്ചുകഴിഞ്ഞ പിന്നീടുള്ള പത്തുവര്‍ഷങ്ങള്‍...
    അങ്ങനെയിരിക്കെ യാദൃച്ഛികമായാണ് യേശുവിന്റെ യശസ്സിനെക്കുറിച്ച് താന്‍ കേട്ടറിഞ്ഞത്. ആ ക്ഷണംമുതല്‍ അവന്‍ തന്നെ സുഖപ്പെടുത്തുമെന്ന് അന്തഃരംഗം ആവര്‍ത്തിച്ച് അനുസ്മരിപ്പിച്ചിരുന്നു. അതിനായി ആഴമായി ആശിച്ചിരുന്നു. സമ്പൂര്‍ണസൗഖ്യം സാധ്യമാകുമെന്ന വലിയ വിശ്വാസമുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്ന ഒമ്പതാള്‍ക്കും അതേ ആത്മബോധ്യമായിരുന്നു. അതുകൊണ്ടുതന്നെയാണ് അതിരാവിലെ മുതല്‍ ആ അദ്ഭുതപ്രവര്‍ത്തകന്റെ ആഗമനം അതിയായി ആഗ്രഹിച്ച് അകലെ ആളൊഴിഞ്ഞയിടത്ത് തങ്ങള്‍ പത്തുപേരും പേടിച്ച് പതുങ്ങിക്കൂടിയതും (ലൂക്കാ 17:12). പെട്ടെന്ന് പന്ത്രണ്ടു ശിഷ്യരാല്‍ പരിസേവിതനായി പ്രഭാമയനായ ആ പരിശുദ്ധനെത്തി. ആ സൂര്യബിംബത്തിലേക്കു തങ്ങളും അറിയാതെ ആകര്‍ഷിക്കപ്പെട്ട അനുഭവം. ശവസമാനമായിരുന്ന ശരീരമാകെ കുളിരുകോരി. പിന്നെ അല്പവും അമാന്തിച്ചില്ല, നാവുയര്‍ത്തി നിലവിളിച്ചു: ''നസ്രായനായ നാഥാ, കരുണാമയാ, കനിവാകേണമേ'' ഉടന്‍ മറുപടിയുടെ മാറ്റൊലിയെത്തി: 'പരിഹാരകര്‍മങ്ങള്‍ക്കായി പുരോഹിതരുടെ പക്കല്‍ പോകുവിന്‍' എന്ന്. പോകവെ പാതിപാതയില്‍ പത്തുപേരും പരിപൂര്‍ണസുഖം പ്രാപിച്ചു. വെണ്‍മഞ്ഞുപോലെ വിളറിക്കിടന്ന ദേഹത്ത് ആ വികൃതവ്യാധിയുടെ വടുക്കള്‍പോലും ശേഷിച്ചില്ല. അപ്പോഴുണ്ടായ അടക്കാനാവാത്ത ആനന്ദത്തില്‍ ആര്‍ത്തുഘോഷിച്ച് ആടിപ്പാടി ഒമ്പതുപേരും ഓരോ വഴിയേ പോയി. താന്‍ തനിച്ചായി. മുമ്പോട്ടുപോകാന്‍ തോന്നിയില്ല. പിന്നിട്ട ദൂരമത്രയും തിരികെ താണ്ടാനും സൗഖ്യം സമ്മാനിച്ച നന്മരൂപനു നന്ദി നല്കാനും മനം മോഹിച്ചു. വിജാതീയനാണെങ്കിലും വിശ്വസ്തനായിരിക്കണം. പിന്നെ വൈകിയില്ല. സ്തുതിപ്പുകളോടെ ആ സൗഖ്യദായകന്റെ സവിധമണഞ്ഞു. കൃതജ്ഞതാപൂര്‍വം കൈകള്‍ കൂപ്പി നന്ദി നേര്‍ന്നപ്പോള്‍ നയനങ്ങള്‍ നനഞ്ഞു... 
    ഓര്‍മകളുടെ ഓളപ്പരപ്പില്‍നിന്നും ഒരുവേള ഉണര്‍വിന്റെ ഊഷ്മളതീരത്ത് അയാള്‍ അടിഞ്ഞു. മിഴികള്‍ മെല്ലെ തുറന്നു. വേഗം വീടെത്തണം. പൊയ്‌പ്പോയ പഴയ സന്തോഷങ്ങള്‍ സ്വന്തമാക്കണം. അയാള്‍ എഴുന്നേറ്റ് സ്വഗ്രാമകവാടത്തിലേക്കു നടന്നു. തന്റെ കീറിപ്പറിഞ്ഞ മാറാപ്പെടുക്കാന്‍ മനഃപൂര്‍വം മറന്നു. കഴിഞ്ഞകാലത്തിന്റെ കദനങ്ങളുടെയും സഹനങ്ങളുടെയും സാക്ഷിയായിരുന്ന ആ സഞ്ചി ഇനി അവിടെ കിടക്കട്ടെ.    നൂതനനാളുകളെക്കുറിച്ചുള്ള നൂറുനൂറു നറുകിനാക്കള്‍ അപ്പോള്‍മുതല്‍ അയാളുടെ അനുയാത്രികരായി.
      ഓര്‍ക്കണം, കടപ്പാടിന്റെ കണക്കുപുസ്തകമാണ് മണ്ണിലെ മനുഷ്യജീവിതം. കൊടുക്കുന്തോറും കുന്നുകൂടുന്ന കടങ്ങളുടെയും പറഞ്ഞുതീരുന്തോറും നാവിന്‍തുമ്പില്‍ പെരുകിവരുന്ന നന്ദിവാക്കുകളുടെയും ബന്ധിക്കാനാവാത്ത ബാധ്യതകളുടെയും  പ്രതിഫലാതീതമായ പ്രതിബദ്ധതകളുടെയും വിരാമമില്ലാത്ത വഴിക്കണക്കുകള്‍ വേണ്ടുവോളമുള്ള കടലാസുതാളുകള്‍കൊണ്ട് കുത്തിക്കെട്ടിയ കുടിശ്ശികപ്പുസ്തകം! കണ്ണടയുംകാലത്തോളം കൈയില്‍ കണിശമായും കരുതേണ്ട കടപ്പത്രം! ഒടുവില്‍ കൂട്ടിക്കുറച്ചു കഴിയുമ്പോള്‍ സ്വന്തമെന്നു പറയാന്‍ കൈവെള്ളയില്‍ കടുകുമണിപോലും കാണില്ല. ഉണ്ടെന്നു പറയുന്നതെല്ലാം എപ്പോഴെങ്കിലും എവിടെനിന്നെങ്കിലും എങ്ങനെയെങ്കിലും ഉദാരമായി ലഭിച്ചവയല്ലേ? ഇല്ലായ്മയില്‍നിന്നു നമ്മെ സൃഷ്ടിച്ച വിശ്വശില്പിയായ ദൈവത്തോട് കണക്കില്ലാത്ത കണക്കെയല്ലേ നാം കടപ്പെട്ടിരിക്കുന്നത്? അമ്മയുടെ അന്‍പെഴുന്ന ഉദരത്തില്‍ ഉരുവായി ഊഴിയില്‍ ഉത്ഭവിച്ചതിനുമുമ്പേ നമ്മെ മുഴുവനായും അറിഞ്ഞ (ജെറ. 1:5) ആ മഹാശക്തിയുടെ മുന്നിലല്ലാതെ മറ്റെവിടെയാണ് നാം മുട്ടുകള്‍ മടക്കേണ്ടത്? പരിചയമില്ലാത്ത, പേരറിയാത്തവരുടെ പാണീതലങ്ങളിലേക്കു പിറന്നുവീഴുന്ന ഓരോ ചോരക്കുഞ്ഞിന്റെയും ആര്‍ദ്രമായ ആദ്യരോദനത്തിലും അതോടൊപ്പമൊഴുകുന്ന അശ്രുകണങ്ങളിലും അത്താണിക്കായുള്ള അപേക്ഷാധ്വനിയും ഉപാശ്രയബോധത്തിന്റെ ഉപ്പുരസവുമാണുള്ളത്. പെരുനോവില്‍ പിറവിയേകി മാറിലെ മധുരമുള്ള പാലാഴി പകര്‍ന്ന് പരിപാലിച്ചുപോറ്റുന്ന പെറ്റമ്മയോടും, അനുദിനം അധ്വാനിച്ച് ആഹാരമേകുന്ന അച്ഛനോടും പാടിത്തീര്‍ക്കാന്‍ പറ്റുമോ പ്രതിനന്ദിയുടെ പ്രണാമപല്ലവികള്‍?
   കടപ്പാടിന്റെ കുടിശ്ശികക്കണക്കുകള്‍ കടല്‍പോലെ കിടക്കുകയാണ്. സാന്ത്വനസാമീപ്യം സമ്മാനിക്കുന്നവരോട്, തെറ്റുകള്‍ തിരുത്തുന്നവരോട്, തളര്‍ച്ചയില്‍ താങ്ങാകുന്നവരോട്, വീഴ്ചകളില്‍ വീണ്ടെടുക്കുന്നവരോട്, മുറിവുകളില്‍ മരുന്നേകുന്നവരോട്, കണ്ണീരൊപ്പുന്ന കൈത്തൂവാലകളോട്, നല്ലതു വരാന്‍ നാളുകളോളം നോമ്പു നോല്‍ക്കുന്നവരോട്, നൊന്തുപ്രാര്‍ഥിക്കുന്നവരോട്. പ്രകൃതിയോടല്ലേ പ്രതിബദ്ധത? കുടിനീരിനും, കൂടെനടക്കുന്ന കുടയ്ക്കും, തണല്‍ വിരിക്കുന്ന തരുനിരകള്‍ക്കും, കാലദൈര്‍ഘ്യം ക്രമേണ കുറയുകയാണെന്നു കാതില്‍ മന്ത്രിച്ച് കാറ്റില്‍ കൊഴിയുന്ന കരിയിലയ്ക്കും കൃതജ്ഞതയേകണം. തട്ടിവീഴിക്കുന്ന കല്ലിനോടു പ്രതിനന്ദി പ്രകാശിപ്പിക്കണം, നിഗളിച്ചുള്ള നടപ്പ് നല്ലതല്ലെന്ന് ഔദാര്യപൂര്‍വം ഓര്‍മിപ്പിക്കുന്നതിന്. സ്വന്തം പേരെഴുതുമ്പോള്‍ ഓര്‍ക്കണം, ഈ പേരുപോലും പണ്ടാരോ പറഞ്ഞിട്ടതല്ലേ. ആയുസ്സിന്റെ വഴിയിലെ സഞ്ചാരികളായ നമുക്ക് സഹയാത്രികരുടെ സഹായഹസ്തങ്ങളെ സമയാസമയങ്ങളില്‍ ആശ്രയിക്കാതിരിക്കാനാവില്ല. 
പാഠങ്ങളിതൊക്കെ പലപ്പോഴും വെള്ളത്തില്‍ വരയ്ക്കുന്ന വരപോലെയാണ്. ഉപകാരികളെ ഉചിതമായി അനുസ്മരിക്കാനും ആദരിക്കാനും നാം മറക്കാറില്ലേ? നന്ദി നല്‌കേണ്ട നേരങ്ങളിലല്ലേ നമ്മുടെ നാവിന് നാഡീബലം നഷ്ടമാകുന്നത്? കര്‍ത്താവിന്റെ കാല്‍ക്കല്‍ കൃതജ്ഞതയോടെ കരങ്ങള്‍ കൂപ്പിയ കുഷ്ഠരോഗിയെപ്പോലെ പേരറിയാത്തവര്‍ പ്രതിനിമിഷം പറഞ്ഞുതരുന്ന പ്രതിബദ്ധതയുടെയും പ്രതിനന്ദിയുടെയും പാഠങ്ങള്‍ പഠിച്ച് പ്രാവര്‍ത്തികമാക്കാന്‍ പ്രയത്‌നിക്കാം. സന്തോഷങ്ങളിലും സന്താപങ്ങളിലും ഒരുപോലെ സര്‍വേശ്വരനെ ഓര്‍ക്കാം. കരഗതമായ കൃപകള്‍ക്കു കര്‍ത്താവിനു കീര്‍ത്തനം പാടിയ പരിശുദ്ധ കന്യാമറിയത്തെ മാതൃകയാക്കി നമ്മുടെ കരളിനെ കൃതജ്ഞതാരാഗങ്ങള്‍ മീട്ടുന്ന കിന്നരമാക്കി മാറ്റാനുള്ള അനുഗ്രഹത്തിനായി അപേക്ഷിക്കാം. വര്‍ഷമൊന്ന് ഇവിടെ അസ്തമിക്കുമ്പോള്‍ ജീവിതമാകുന്ന കടപ്പാടിന്റെ കടച്ചീട്ടും നന്ദിനിറഞ്ഞ നാവും ഇന്നത്തെ സന്ധ്യയ്ക്ക് സൗന്ദര്യവും സൗരഭ്യവും ചാര്‍ത്തട്ടെ. കഴിഞ്ഞനാളുകളിലെ കടപ്പാടുകളുടെ ഓര്‍മക്കുറിപ്പാകട്ടെ ഈ വര്‍ഷാന്ത്യദിനം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)