ജനുവരി 19 ദനഹാക്കാലം മൂന്നാം ഞായര്‍
സംഖ്യ 11:11-20 ഏശ 45:18-46:4
ഹെബ്രാ 4:1-10 യോഹ 1:29-34
ഇന്നത്തെ ദൈവവചനവായനകളെല്ലാം വഹിച്ചുകൊണ്ടുപോകുന്നതിനെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്. ഒന്നാമത്തെ വായനയില്‍ (സംഖ്യ 11:11-20), മോശ ഇസ്രയേല്‍ജനത്തെ വഹിച്ചുകൊണ്ടുപോകുന്നതിലെ കഷ്ടപ്പാടും ഭാരവും തനിക്കു താങ്ങാവുന്നതിലുമധികമാണ് എന്നു പറഞ്ഞ് ആവലാതിപ്പെടുന്നു. രണ്ടാമത്തെ വായനയില്‍ (ഏശ. 45:18-46:4), ഏശയ്യാപ്രവാചകന്‍ ഇസ്രയേല്‍ജനത്തെ വിഗ്രഹങ്ങള്‍ ചുമലിലേറ്റി നടക്കുന്ന അജ്ഞരായും (ഏശ. 45:20), ജനതകളെ തങ്ങളുടെ വിഗ്രഹങ്ങള്‍ കന്നുകാലികളെക്കൊണ്ടും മൃഗങ്ങളെക്കൊണ്ടും സംവഹിപ്പിച്ച് അവയ്ക്കു പിമ്പേ നടക്കുന്നവരായും (ഏശ 46:1), ഇസ്രായേലിന്റെ കര്‍ത്താവായ ദൈവത്തെ, തന്റെ ജനത്തെ ചുമലിലേറ്റി സംരക്ഷിക്കുന്ന മാതാവായും പിതാവായും അവതരിപ്പിക്കുന്നു. സുവിശേഷത്തില്‍ (യോഹ. 1:29-38), കര്‍ത്താവീശോമിശിഹായെ ലോകപാപങ്ങള്‍ സംവഹിക്കുന്ന കുഞ്ഞാടായും, ലേഖനത്തില്‍ (ഹെബ്രാ. 4:1-10), ദൈവജനത്തിനു വിശ്രമം നല്കുന്ന രക്ഷകനായും അവതരിപ്പിക്കുന്നു.
മോശ ജനത്തെ വഹിച്ചുതളരുമ്പോള്‍ ദൈവകൃപയ്ക്കായി പ്രാര്‍ഥിക്കുന്നു. ഭാരം വഹിച്ചു തളരുന്ന മോശയ്ക്കു സഹായികളായി ദൈവത്തിന്റെ നിര്‍ദേശപ്രകാരം മോശ തിരഞ്ഞെടുത്ത എഴുപതുപേര്‍ക്ക് മോശയില്‍ നിവസിപ്പിച്ചിരുന്ന തന്റെ ചൈതന്യത്തില്‍നിന്നെടുത്തു ദൈവം നല്കുന്നു. തന്റെ കൃപയാല്‍ മോശയുടെ ഭാരം ലഘൂകരിക്കുന്നു. ദൈവികചൈതന്യവും മാനുഷികസഹകരണവുമുള്ളിടത്തു ജനം ഭാരമല്ലാതായിമാറുന്നു. ഓരോ മനുഷ്യനും ദൈവികചൈതന്യം വഹിക്കേണ്ടത് തങ്ങളുടെ ഉള്ളിലാണ്; മറിച്ച്, വിഗ്രഹങ്ങളില്‍ ശ്രദ്ധ വയ്ക്കുന്നവരും അതു ചുമന്നുകൊണ്ടു നടക്കുന്നവരും അജ്ഞരും പരിക്ഷീണിതരായി ഭാരം വഹിക്കുന്ന മൃഗങ്ങള്‍പോലെയുമാണ്. അവ കുമ്പിട്ടുപോകുന്നു. അപ്രകാരമുള്ള വിഗ്രഹങ്ങള്‍ക്കു മനുഷ്യനെ വഹിക്കാനോ തങ്ങളുടെ ചൈതന്യം മനുഷ്യനില്‍ നിവസിപ്പിക്കാനോ സാധിക്കുകയില്ല. വിളിച്ചപേക്ഷിക്കുമ്പോള്‍ ഉത്തരമരുളാനോ ക്ലേശങ്ങളില്‍ രക്ഷ നല്കാനോ സാധിക്കാത്തവരാണ് അവര്‍. കാരണം, അവയ്ക്കു ജീവനില്ല. അവയ്ക്ക് ആരെയും വഹിക്കാന്‍ സാധ്യമല്ല. അവയ്ക്കു ജനത്തിന്റെ പക്കലേക്ക് ഇറങ്ങിവരാന്‍ സാധ്യമല്ല. അവ കരവേലകള്‍മാത്രമാണ്, ദൈവമല്ല.
എന്നാല്‍, ഇസ്രയേലിന്റെ ദൈവമായ കര്‍ത്താവ് ജനത്തിന്റെ പക്കലേക്ക് ഇറങ്ങിവരുന്നവനാണ്, അവരില്‍ വസിക്കുന്നവനാണ്, അവരുടെകൂടെ നടക്കുന്നവനാണ്. കാരണം, അവിടുന്ന് നീതിമാനും രക്ഷകനുമായ ദൈവമാണ്. ദൈവം നമ്മെ വഹിക്കുന്നത് ആയാസരഹിതമാക്കാനാണ്. കര്‍ത്താവീശോ നമ്മുടെ പാപങ്ങള്‍ തന്റെ ചുമലില്‍ വഹിക്കുന്നത് നമ്മുടെ രക്ഷയ്ക്കുവേണ്ടിയാണ്.
ദൈവം നമ്മെ വഹിക്കുന്നുവെന്നും ഈശോ നമ്മുടെ പാപങ്ങള്‍ ഏറ്റെടുക്കുന്നുവെന്നുമുള്ള കാര്യങ്ങള്‍ മനസ്സിലാക്കുമ്പോള്‍ ദൈവം തന്റെ ജനത്തിനു നല്കുന്ന വിശ്രമം (ഹെബ്രാ. 4:1) എന്ന ആശയം വ്യക്തമാകും. ദൈവം നമ്മെ ചുമലില്‍ വഹിക്കുകയും കര്‍ത്താവീശോ നമ്മുടെ പാപങ്ങള്‍ വഹിക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ സ്വതന്ത്രരും കര്‍ത്താവു നിശ്ചയിച്ചിരിക്കുന്ന വിശ്രമത്തിനര്‍ഹരുമാവും.
ജനത്തിന്റെ പാപം വഹിച്ച്, അവരെ രക്ഷിച്ച് പറുദീസായിലെ വിശ്രമത്തിനു യോഗ്യമാക്കുന്നതിനു മണ്ണിലിറങ്ങിവന്ന ദൈവപുത്രനായ ഈശോയെ സ്‌നാപകയോഹന്നാന്‍ ജനത്തിനു പരിചയപ്പെടുത്തിക്കൊടുക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷഭാഗം. യോഹന്നാന്‍ പറഞ്ഞു: പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്. ഇസ്രായേല്‍ക്കാര്‍ക്കു വളരെ പരിചയമുള്ളതായിരുന്നു പാപം നീക്കുന്ന കുഞ്ഞാട്. ഇസ്രയേല്‍ക്കാര്‍ പാപമോചനം നേടിയിരുന്നതു കുഞ്ഞാടിനെ ബലിയര്‍പ്പിച്ചുകൊണ്ടായിരുന്നു. ഇസ്രയേലിന്റെ പാപപരിഹാരബലിയര്‍പ്പണത്തിനു സാധാരണ രണ്ടു കുഞ്ഞാടുകളെ ഉപയോഗിച്ചിരുന്നു. ഒന്നാമത്തെ കുഞ്ഞാടിനെ കൊണ്ടുവന്നിട്ട് അതിന്റെമേല്‍ കൈകള്‍വച്ചു തങ്ങളുടെ പാപങ്ങളെല്ലാം അതിന്റെമേല്‍ ആരോപിച്ച് ആ കുഞ്ഞാടിനെ വിജനപ്രദേശത്തു കൊണ്ടുപോയി വിട്ടിരുന്നു. വന്യമൃഗങ്ങള്‍ ആ കുഞ്ഞാടിനെ പിച്ചിച്ചീന്തുന്നതുവഴി തങ്ങളുടെ പാപങ്ങള്‍ മോചിച്ചിരുന്നതായി അവര്‍ വിശ്വസിച്ചിരുന്നു. രണ്ടാമത്തെ കുഞ്ഞാടിനെ ബലിയര്‍പ്പിച്ച് കൃതജ്ഞതാസ്‌തോത്രബലിയും അര്‍പ്പിച്ചിരുന്നു. സ്‌നാപകയോഹന്നാന്റെ ശ്രോതാക്കള്‍ക്കും പാപം നീക്കുന്ന ഈ കുഞ്ഞാടിനെ സുപരിചിതമായതുകൊണ്ടാണ് ലോകത്തിന്റെ പാപം നീക്കാന്‍ വന്ന ദൈവപുത്രനെ പാപം നീക്കുന്ന കുഞ്ഞാട് എന്നു വിളിച്ചത്. പഴയ നിയമത്തിലെ കുഞ്ഞാട് ആരെല്ലാം അതിന്റെമേല്‍ കൈകള്‍ വയ്ക്കുന്നുവോ അവരുടെ പാപങ്ങളാണു മോചിച്ചിരുന്നത്. എന്നാല്‍, ദൈവത്തിന്റെ കുഞ്ഞാട് ലോകത്തിന്റെ മുഴുവന്‍ പാപങ്ങള്‍ നീക്കുന്നതായിരുന്നു.
സ്‌നാപകയോഹന്നാന്റെ പരിചയപ്പെടുത്തല്‍ ക്രിസ്തുവിന്റെ ജീവിതത്തില്‍ പൂര്‍ത്തിയാവുന്നതു കണ്ടെത്താന്‍ സാധിക്കും. പീലാത്തോസിന്റെ സന്നിധിയില്‍ നില്‍ക്കുമ്പോള്‍ ലോകത്തിന്റെ പാപങ്ങള്‍ ഒന്നിനുപിറകേ ഒന്നായി അവന്റെമേല്‍ ആരോപിക്കുന്നുണ്ട്. പഴയനിയമത്തില്‍ പാപമില്ലാത്ത ആടിന്റെമേല്‍ പാപങ്ങള്‍ ആരോപിച്ചതുപോലെ, പഴയനിയമത്തിന്റെ പൂര്‍ത്തീകരണമെന്ന നിലയില്‍ പുതിയ നിയമത്തില്‍ പാപമില്ലാത്ത ഈശോയുടെമേല്‍ പാപങ്ങള്‍ ആരോപിക്കുന്നു.
കുഞ്ഞാടിനെ വിജനപ്രദേശത്തു കൊണ്ടുപോയി കൊല്ലാന്‍ വിട്ടിരുന്നതുപോലെ ക്രിസ്തുനാഥന്റെമേലും കുറ്റങ്ങള്‍ ആരോപിച്ചതിനുശേഷം വിജനപ്രദേശത്തേക്കു കൊണ്ടുപോകുന്നുണ്ട്. കാല്‍വരിമല വിജനപ്രദേശമാണ്. ഈശോയുടെ പ്രവര്‍ത്തനങ്ങളുടെയെല്ലാം ആമുഖമാണ് സ്‌നാപകയോഹന്നാന്റെ പരിചയപ്പെടുത്തലില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. അവിടുത്തെ ദൈവികതയും പ്രവര്‍ത്തനങ്ങളുടെ ആധികാരികതയുമാണ് സ്‌നാപകയോഹന്നാന്‍ തന്റെ സാക്ഷ്യത്തിലൂടെ ജനത്തിനു വെളിപ്പെടുത്തിക്കൊടുത്തത്.
ലോകത്തിന്റെ പാപങ്ങള്‍ എന്നു പറയാതെ പാപം എന്നു പറയുന്നതിന്റെ കാരണം ആരായുന്നവരുണ്ട്. ലോകത്ത് ഒരു പാപംമാത്രമേയുള്ളൂ - ജീവനില്ലാത്ത അവസ്ഥ. അതായത്, ദൈവവുമായി ബന്ധമില്ലാത്ത അവസ്ഥ. പാപം എന്നത് പ്രവൃത്തി എന്നതിനെക്കാള്‍ അവസ്ഥയാണ്. പ്രവൃത്തി ഈ അവസ്ഥയുടെ പ്രകാശനമാണ്. ദൈവവുമായി ബന്ധമില്ലാത്ത അവസ്ഥ മാറ്റി ജീവന്‍ നല്കാന്‍ വന്നതാണ് ഈ കുഞ്ഞാട്. പഴയനിയമത്തിലെ പാപപരിഹാരബലിയിലെ രണ്ടാമത്തെ കുഞ്ഞാടിന്റെ ബലിയര്‍പ്പണത്തിലൂടെ ദൈവവുമായുള്ള രമ്യപ്പെടലാണു സൂചിപ്പിച്ചിരിക്കുന്നത്. ക്രിസ്തുനാഥന്റെ ബലിയര്‍പ്പണത്തിലൂടെ ലോകത്തെ ദൈവത്തില്‍നിന്നകറ്റി നിര്‍ത്തിയിരുന്ന മറനീക്കി ദൈവവുമായി മനുഷ്യവംശത്തെ രമ്യതയിലാക്കി. ദൈവവുമായി എപ്രകാരമാണു രമ്യതയില്‍ നില്‌ക്കേണ്ടതെന്ന് ക്രിസ്തുനാഥന്‍ കാണിച്ചുതരുന്നു. ആ ജീവിതപ്പാത പിന്തുടര്‍ന്നവര്‍ക്ക് പാപത്തിന്റെ അടിമത്തത്തില്‍നിന്നു ദൈവപുത്രന്റെ സ്വാതന്ത്ര്യത്തിലേക്കു പ്രവേശിക്കാന്‍ സാധിക്കും. മിശിഹായുടെ മരണത്തിലൂടെ ബറാബാസ് നേടുന്ന സ്വാതന്ത്ര്യവും, വലതുവശത്തെ കള്ളന്‍ കരസ്ഥമാക്കുന്ന പറുദീസായും ഇതിനുള്ള ഉദാഹരണങ്ങളാണ്.