ലോകമെമ്പാടും വിവിധ മതവിശ്വാസികള്‍ നോമ്പിന്റെയും ഉപവാസത്തിന്റെയും പ്രാര്‍ഥനയുടെയും ത്രിവേണീസംഗമത്തിലാണ്. യേശുവിന്റെ പീഡാസഹനസ്മരണകളുമായി ക്രൈസ്തവര്‍ വലിയനോമ്പിലും, റമദാന്‍ പ്രാര്‍ഥനകളുമായി ഇസ്ലാം സഹോദരങ്ങള്‍ റമദാന്‍വ്രതത്തിലും, മീനമാസപൂജയും ഉത്സവങ്ങളുമായി ഹൈന്ദവസഹോദരങ്ങള്‍ ശബരീശന്റെ സന്നിധിയിലും പ്രാര്‍ഥനയില്‍ ഒന്നാകുന്ന അവസരം. ചുരുക്കത്തില്‍, തുളസീഗന്ധവും അത്തറിന്റെ നറുമണവും കുന്തിരിക്കത്തിന്റെ വിശുദ്ധീകരണസുഗന്ധവും ഓരോ മനസ്സില്‍നിന്നും ഒരുമിച്ചുയരുന്ന ഒരു കാലഘട്ടം. ഈ വേളയില്‍ അവശ്യം മനസ്സില്‍ സൂക്ഷിക്കേണ്ടത് സ്വാര്‍ഥത അശേഷം തീണ്ടാത്ത കരുണാഭാവമാണ്. ക്ഷമിക്കാനും ക്ഷമ ചോദിക്കാനും അങ്ങനെ ജീവിതപുസ്തകത്തില്‍ ശുഭ്രമായ ഒരു പേജ് പ്രാര്‍ഥനാപൂര്‍വം തുറക്കാനുമുള്ള അവസരം. ചില പോരായ്മകളോട് എന്നേക്കും വിട പറയേണ്ട കാലം. പുതിയ ജീവിതരീതിക്കു വാതില്‍ തുറക്കേണ്ട കാലം. ചിന്തയാലോ വാക്കാലോ പ്രവൃത്തിയാലോ ആരെയും വേദനിപ്പിക്കാത്ത ഒരു കാലമായിരിക്കണമത്.
ജാഗ്രതയുടെ ഈ കാലഘട്ടത്തില്‍ ഒരു പൊതുതിന്മപോലും രേഖപ്പെടുത്താന്‍ ഇടയാകരുത്. 2023 ലെ സ്ഥിതിവിവരണക്കണക്കനുസരിച്ച്, കേരളത്തില്‍മാത്രം 20,569 കുറ്റകൃത്യങ്ങളാണു രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശിലാണ്. ദില്ലിയില്‍ ഒരു ലക്ഷം ജനസംഖ്യയില്‍ 1518 പേര്‍ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നു. നിശ്ശബ്ദകൊലപാതകമായ ഗര്‍ഭച്ഛിദ്രം അഹിംസയുടെ ഈറ്റില്ലമായ ഭാരതത്തില്‍ 2023 വര്‍ഷത്തില്‍ 1.6 കോടിയാണ്! ഭാരതത്തില്‍ സൈബര്‍ ക്രൈംകേസുകള്‍ അനുനിമിഷമാണു വര്‍ധിച്ചുവരുന്നത്. ചുരുക്കത്തില്‍, കുറ്റങ്ങളുടെ അഗ്നികുണ്ഡത്തിലേക്കാണു നാം പാഞ്ഞുകൊണ്ടിരിക്കുന്നത്.
സ്വന്തം വ്യക്തിത്വത്തിന്റെ നിയന്ത്രിക്കാനാവാത്ത സ്വാര്‍ഥ-രഹസ്യമോഹങ്ങളാണ് കുറ്റകൃത്യങ്ങളുടെ അടിസ്ഥാനം. സമൂഹം അപകടത്തിലേക്കു നീങ്ങുമ്പോഴും നാമോരോരുത്തരും അതില്‍ പങ്കാളികളാണെന്ന കാര്യം വിസ്മരിക്കരുത്. തന്റെ ഭാര്യയുടെ സ്വര്‍ണാഭരണമോഹങ്ങളടക്കം കാര്യങ്ങള്‍ നിര്‍വഹിക്കാനാണ് താന്‍ വഴിയാത്രക്കാരെ കൊന്നു കൊള്ളചെയ്യുന്നത് എന്നു ന്യായീകരിച്ച വാല്മീകിക്ക് ഇതിന്റെ ശിക്ഷകൂടി ഭാര്യ ഏറ്റെടുക്കുമോ എന്ന ചോദ്യത്തിനുമുമ്പിലാണു ബോധോദയമുണ്ടായി തപസ്സിന്റെ ചിതല്‍പ്പുറ്റിലൂടെ യാഥാര്‍ഥ്യത്തിന്റെ മൂന്നാംകണ്ണു തുറന്നുകിട്ടിയത്.
ചില കാര്യങ്ങള്‍ ത്യജിക്കേണ്ടിവരുമ്പോള്‍ ഉണ്ടാകുന്ന നോവാണു നോമ്പ്. പാപപങ്കിലമായിരുന്ന ഭൂതകാലത്തിലേക്കു തിരിഞ്ഞുനോക്കാതെ നന്മയുടെ വെണ്‍മയിലേക്കുള്ള ഒരു തീര്‍ഥാടനമാകട്ടെ നോമ്പുകാലം. ഈ യാത്ര ശബരിമലയിലേക്കായാലും കാല്‍വരിമലയിലേക്കായാലും മക്കയിലേക്കായാലും ലോകം നവീകരിക്കപ്പെടും. നമ്മുടെ ബന്ധങ്ങളില്‍നിന്നു മൂന്നു മതസ്ഥരും നോമ്പില്‍ ഒന്നാകുന്ന ഈ വേളയില്‍ കല്‍ക്കരിക്കട്ടകളാകുന്ന നാം വൈഡൂര്യശോഭയിലേക്കു പ്രവേശിക്കട്ടെ.
''ഈശ്വരചിന്തയിതൊന്നേ മനുഷ്യനു
ശാശ്വതമീയുലകില്‍'''നമ്മുടെ പ്രിയപ്പെട്ട കവി കമുകറ എവിടെനിന്നോ മൂളുന്നു.
വ്രതത്രയത്തില്‍ മനുഷ്യര്‍ ഈശ്വരനില്‍ ഒന്നാകുമ്പോള്‍ കാണേണ്ട നല്ല കാര്യങ്ങളല്ല ഇപ്പോള്‍ കാണുന്നത്. മക്കളെ കൊലചെയ്ത് ആത്മഹത്യ ചെയ്യുന്ന മാതാപിതാക്കള്‍, കാമുകിയെ മാരകമായി വാളുകൊണ്ട് അരിയുന്നവര്‍, സഹപാഠിയെ തല്ലിക്കൊല്ലുന്ന പ്രഫഷണല്‍ വിദ്യാര്‍ഥികള്‍, വഴിവിട്ട ബന്ധത്തില്‍നിന്നു ജനിക്കുന്ന കുഞ്ഞിനെ വീടിന്റെ തറയിലും പറമ്പിലെ പാഴ്‌ചെടികള്‍ക്കിടയിലും കുഴിച്ചുമൂടുന്നവര്‍... പട്ടിക നീളുന്നു. റംസാന്‍ കാലത്തുപോലും വെടിനിര്‍ത്തലില്ലാത്ത ഗാസയും റഷ്യ-യുക്രൈന്‍ യുദ്ധവും.
ലോകജനസംഖ്യയുടെ പകുതിയിലേറെ ഭാഗം പ്രാര്‍ഥനയില്‍ മുഴുകുന്ന ഈ കാലത്തെങ്കിലും സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും സുഗന്ധം ലോകത്തില്‍ വ്യാപിക്കട്ടെയെന്നു പ്രാര്‍ഥിക്കാം.