ഇന്ത്യയിലെ വനിതകള്‍ക്കു ലഭിക്കുന്ന പരമോന്നതബഹുമതിയായ നാരീശക്തി പുരസ്‌കാരം നേടിയ ആലപ്പുഴ ചേപ്പാട് സ്വദേശിനി കാര്‍ത്ത്യായനിയമ്മ ലോകവയോജനദിനത്തില്‍ മാധ്യമശ്രദ്ധ നേടിയിരിക്കുന്നു.
പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളിയാണ് അമ്മ. അമ്മയുടെ നിശ്ശബ്ദസമരത്തിന്റെ ഊര്‍ജ്ജത്തിലാണ് ഓരോ മനുഷ്യന്റെയും ജീവിതവിജയം. പ്രായമോ ശാരീരികാവശതകളോ ഒരിക്കലും ഒരു അമ്മയെ തന്റെ ദൗത്യങ്ങളില്‍നിന്നു പിന്തിരിപ്പിക്കാറില്ല.
ഇന്ത്യയിലെ വനിതകള്‍ക്കു ലഭിക്കുന്ന പരമോന്നത ബഹുമതിയായ നാരീശക്തിപുരസ്‌കാരം, ഇക്കഴിഞ്ഞ ലോകവനിതാദിനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍നിന്ന് ഏറ്റുവാങ്ങിയ ചേപ്പാട് പടീറ്റതില്‍ കാര്‍ത്ത്യായനിയമ്മ സ്ത്രീശക്തിയുടെ മികവുറ്റ ഉദാഹരണമാണ്.
പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന സാഹചര്യത്തിലും വീട്ടിലെ കഷ്ടപ്പാടുകള്‍ നിമിത്തവും കാര്‍ത്ത്യായനിയമ്മ വളരെ ചെറുപ്പത്തില്‍ത്തന്നെ മാവേലിക്കരയിലെ വിവിധ ക്ഷേത്രങ്ങളില്‍ തൂപ്പുജോലി ചെയ്തുതുടങ്ങി; അത് തൊണ്ണൂറു വയസ്സുവരെ തുടര്‍ന്നു. അടങ്ങാത്ത വിജ്ഞാനദാഹം ഉള്ളിലൊതുക്കിയിരുന്ന അവര്‍, 2018 ല്‍ സാക്ഷരതാമിഷന്‍ നടത്തിയ അക്ഷരലക്ഷം പരീക്ഷയില്‍ വിജയിയായി. 2020 ഡിസംബറില്‍ നടക്കാനിരിക്കുന്ന 4-ാംക്ലാസ് തുല്യതാപരീക്ഷയ്ക്കു തയ്യാറെടുക്കുകയാണ് കാര്‍ത്ത്യായനിയമ്മ ഇപ്പോള്‍. പത്താംക്ലാസ് പാസാകുകയാണ് തന്റെ ജീവിതാഭിലാഷമെന്ന് പ്രധാനമന്ത്രിയുമായുള്ള അഭിമുഖത്തില്‍ കാര്‍ത്ത്യായനിയമ്മ പറഞ്ഞു.
സമപ്രായക്കാര്‍ പ്രായാധിക്യത്തിന്റെ അവശതകളില്‍പ്പെട്ടുകഴിയുമ്പോള്‍ അക്ഷരമുറ്റത്ത് പിച്ചവച്ചുനടക്കുകയാണ് ഈ മുത്തശ്ശി വിദ്യാര്‍ത്ഥിനി. അറിവിന്റെ ലോകത്തേക്കു കടന്നുവരാന്‍ പ്രായം ഒരു തടസ്സമല്ലെന്ന് കാര്‍ത്ത്യായനിയമ്മ നമ്മെ ഓര്‍മിപ്പിക്കുന്നു. പരിശ്രമത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ഉജ്വലമാതൃകയാണ് കാര്‍ത്ത്യായനിയമ്മയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും എടുത്തു പറഞ്ഞു. 53 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കോമണ്‍വെല്‍ത്ത് ലേണിങ്ങിന്റെ ഗുഡ്‌വില്‍ അംബാസഡറാണ് കാര്‍ത്ത്യായനിയമ്മ.