കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് കേരളത്തിനു പുറത്തു നാല് അതിരൂപതകള്‍കൂടി നിലവില്‍ വന്നു. ഫരീദാബാദ്, ഉജ്ജയിന്‍, കല്യാണ്‍, ഷംഷാബാദ് രൂപതകളാണ് അതിരൂപതകളായി ഉയര്‍ത്തിയത്. യഥാക്രമം മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ എന്നിവരെ ഈ അതിരൂപതകളില്‍ ആര്‍ച്ചുബിഷപ്പുമാരായി നിയമിച്ചു. ഇതോടെ കേരളത്തിലെ അഞ്ചെണ്ണമുള്‍പ്പെടെ സീറോമലബാര്‍ സഭയിലെ അതിരൂപതകളുടെ എണ്ണം ഒമ്പതായി.
മാര്‍ ലോറന്‍സ് മുക്കുഴി ആരോഗ്യകാരണങ്ങളാല്‍ രാജിവച്ച ഒഴിവില്‍ ബല്‍ത്തങ്ങാടി രൂപത ബിഷപ്പായി മോണ്‍. ജെയിംസ് പട്ടേരിലിനെ നിയമിച്ചു. അദിലാബാദ് രൂപതാധ്യക്ഷനായിരുന്ന മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ ഷംഷാബാദ് രൂപതാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഒഴിവില്‍ അദിലാബാദ് ബിഷപ്പായി മോണ്‍. ജോസഫ് തച്ചാപറമ്പത്തിനെയും നിയമിച്ചു. കേരളത്തിനു പുറത്തുള്ള 12 രൂപതകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഹൊസൂര്‍ രൂപത തൃശൂര്‍ അതിരൂപതയുടെ സാമന്തരൂപതയാക്കി.
പുതിയ അതിരൂപത, മെത്രാന്മാര്‍ നിയമനം, അതിര്‍ത്തി പുനര്‍നിര്‍ണയപ്രഖ്യാപനം മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിച്ചു. കാക്കനാട് മൗണ്ട് സെന്റ്‌തോമസില്‍ നടന്ന സഭയുടെ സിനഡ് സമ്മേളനത്തിലെ ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ക്ക് വത്തിക്കാന്റെ അംഗീകാരം ലഭിച്ചതോടെയാണ് 28 ന് വൈകുന്നേരം 3.30 ന് സഭാ ആസ്ഥാനത്തു പ്രഖ്യാപനം നടത്തിയത്. ഇറ്റാലിയന്‍ സമയം ഉച്ചയ്ക്ക് 12 ന് വത്തിക്കാനിലും പ്രഖ്യാപനം നടന്നു.
പുതിയ മെത്രാന്മാരെ മേജര്‍ ആര്‍ച്ചുബിഷപ് സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു. പുതിയ ആര്‍ച്ചുബിഷപ്പുമാര്‍ക്ക് അദ്ദേഹം നിയമനപത്രങ്ങള്‍ കൈമാറി.
ക്ലരീഷ്യന്‍ സന്ന്യാസസമൂഹാംഗമായ മോണ്‍. പട്ടേരില്‍ ജര്‍മനിയിലെ വ്യൂര്‍സ്ബുര്‍ഗ് പ്രൊവിന്‍ഷ്യല്‍ പ്രൊക്യുറേറ്ററായി സേവനം ചെയ്യുന്നതിനിടെയാണ് മെത്രാനായി നിയമിക്കപ്പെട്ടത്. ഇന്ത്യയിലെ ആദ്യത്തെ ക്ലരീഷ്യന്‍ മെത്രാനാണ് ഇദ്ദേഹം.
സിഎംഐ സന്ന്യാസസമൂഹാംഗമായ മോണ്‍. തച്ചാപറമ്പത്ത് ഛാന്ദാ മാര്‍ത്തോമ്മാ പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സേവനമനുഷ്ഠിക്കുന്നതിനിടെയാണു മെത്രാന്‍ നിയോഗമെത്തുന്നത്.
2017 ഒക്‌ടോബര്‍ ഒമ്പതിന് ഷംഷാബാദ് രൂപത സ്ഥാപിക്കപ്പെട്ടതോടെയാണ് സീറോ മലബാര്‍ സഭയ്ക്കു ഭാരതം മുഴുവന്‍ അജപാലനാവകാശം ലഭിച്ചത്. ഇപ്പോള്‍ ഷംഷാബാദിനു പുറമേ, അദിലാബാദ്, ബിജ്‌നോര്‍, ഛാന്ദാ, ഗോരക്പുര്‍, കല്യാണ്‍, ജഗദല്‍പുര്‍, രാജ്‌കോട്ട്, സാഗര്‍, സത്‌ന, ഉജ്ജയിന്‍, ഫരീദാബാദ് രൂപതകളുടെ അതിര്‍ത്തികളാണ് പുനര്‍നിര്‍ണയിച്ചത്.