ലോകരക്ഷകനായ കര്‍ത്താവീശോയുടെ മനുഷ്യാവതാരത്തിന് ആയിരത്തിയഞ്ഞൂറു വര്‍ഷംമുമ്പ് (ബി.സി. 1500), ഭാരതത്തില്‍ ഗുരുകുലങ്ങളില്‍നിന്നു മുഴങ്ങിക്കേട്ടിരുന്ന ഭക്തഗാനങ്ങള്‍ വളരെ ശ്രദ്ധേയങ്ങളാണ്. നമ്മുടെ ബൈബിള്‍ പഴയനിയമം വിരചിതമായ കാലത്ത് ബി.സി. ആയിരത്തിയഞ്ഞൂറിനടുത്ത്, വിരചിതമായ ഋഗ്വേദത്തിലെ ചില ആമുഖപ്രാര്‍ത്ഥനകള്‍ വിവര്‍ത്തന-വ്യാഖ്യാനസഹിതം താഴെച്ചേര്‍ക്കുന്നു.
ഓം! സഹനാവ്-അവതു!
സഹ നൗ ഭുനക്തു, സഹവീര്യം കരവാവഹൈ!
തേജസ്വി നാവ്-അവധീതം അസ്തു!
മാ വിദ്വിഷാവഹൈ!
ഓം! ശാന്തിഃ ശാന്തിഃ ശാന്തിഃ!
വിവര്‍ത്തനം
ദൈവമേ, (ഞങ്ങളെ) എന്നെയും എന്റെ പ്രിയ ശിഷ്യന്മാരെയും, കാത്തുപരിപാലിക്കണമേ,
ഞങ്ങള്‍ ആരെയും ദ്വേഷിക്കാതെ, എല്ലാവരോടും സ്‌നേഹമായി വര്‍ത്തിക്കട്ടെ!
ഞങ്ങള്‍ ഒരുമിച്ചു ഭക്ഷിച്ച് ശക്തി ആര്‍ജിക്കട്ടെ!
ഞങ്ങളുടെ പഠനപരിശ്രമങ്ങളെല്ലാം തേജസ്സുറ്റതാകട്ടെ!
ഞങ്ങള്‍ക്ക് ആരോടും വെറുപ്പും വിദ്വേഷവും ഇല്ലാതിരിക്കട്ടെ!
എല്ലാവെരയും സ്‌നേഹിക്കട്ടെ!
ഓം! ശാന്തിഃ ശാന്തിഃ ശാന്തിഃഃ/
വ്യാഖ്യാനം
ഓം! സഹ നാവ് - അവതു!
''ദൈവമേ, എന്നെയും എന്റെ ശിഷ്യന്മാരെയും അനുഗ്രഹിക്കണമേ'' എന്ന പ്രാര്‍ത്ഥനയോടെയാണ് സ്റ്റഡി ക്ലാസ് ആരംഭിക്കുന്നത്. വളരെ പ്രശംസനീയമായ പദ്ധതി!
സഹനൗ ഭുനക്തു - ഞങ്ങള്‍ ഒരുമിച്ചു ഭക്ഷണപാനീയങ്ങള്‍ ആസ്വദിക്കട്ടെ! ആശാസ്യമായ സദാചാരം!
സഹവീര്യം കരവാവഹൈ -ഞങ്ങള്‍ ഒരുമിച്ച് വീര്യം (ശക്തി, കരുത്ത്) ആര്‍ജിക്കട്ടെ. ഗുരുവിന്റെ വീര്യാദിഗുണങ്ങള്‍ ശിഷ്യന്മാരും ആര്‍ജിക്കട്ടെ. ഗുരുവിരോധമോ ശിഷ്യസ്പര്‍ദ്ധയോ ലവലേശമില്ലാതെ, എല്ലാവരുമൊത്ത് സ്‌നേഹമായി ജീവിക്കട്ടെ.
മാ വിദ്‌വിഷാവഹൈ - ഞങ്ങളില്‍ ആര്‍ക്കെങ്കിലും, ആരോടും വിദ്വേഷമോ വെറുപ്പോ വിരോധമോ ഉണ്ടാകാതിരിക്കട്ടെ. ''നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍'' എന്ന ക്രിസ്തൂപദേശത്തിന്റെ പൂര്‍വരൂപം!
തേജസ്വി നാവധീതം അസ്തു - ഞങ്ങളുടെ പഠനം, അധ്യയനം പ്രകാശപൂര്‍ണമാകട്ടെ, പ്രയോജനപ്രദമാകട്ടെ! ഗുരുശിഷ്യന്മാരുടെ പ്രാര്‍ത്ഥനപോലെ, ദൈവാനുഗ്രഹവും ലഭിക്കുമാറാകട്ടെ!
ഗുരുത്വവും ദൈവാനുഗ്രഹവും കൂടാതെയുള്ള ബുദ്ധികസര്‍ത്തുകളൊക്കെ വെറും ജലബുദ്ബുദങ്ങള്‍! വെള്ളത്തിലെ കുമിളകള്‍!