സിറിയന്‍ അതിര്‍ത്തിക്കുസമീപം വടക്കുകിഴക്കന്‍ ഇസ്രായേലിലെ വളരെ പ്രസിദ്ധിയാര്‍ജിച്ച ഒരു ശുദ്ധജലതടാകമാണ് ഗലീലിയാക്കടല്‍. യേശുക്രിസ്തുവിന്റെ ജീവിതകാലശുശ്രൂഷയുടെ അധികഭാഗവും ഗലീലിയാക്കടലും ചുറ്റുമുള്ള തീരപ്രദേശങ്ങളിലുമാണ് നടന്നിട്ടുള്ളത്. ഭൂമിയിലെ ഏറ്റവും താഴ്ന്ന ശുദ്ധജലത്തടാകവും ലോകത്തിലെ ഏറ്റവും താഴ്ന്ന രണ്ടാമത്തെ തടാകവുമാണ് ഗലീലിയാക്കടല്‍. സമുദ്രനിരപ്പില്‍നിന്ന് 215 മീറ്റര്‍ (705 അടി) താഴെ സ്ഥിതി ചെയ്യുന്ന ഈ തടാകത്തിന് 53 കിലോമീറ്റര്‍ ചുറ്റളവും (33 മൈല്‍) ആഴം 43 മീറ്റര്‍ (141 അടി)യുമാണ്. ഗലീലിയാക്കടലിലേക്കുള്ള പ്രധാന നീരൊഴുക്ക് ജോര്‍ദാന്‍ നദിയാണ്. കൂടാതെ, ഹസ്ബനി, ദാന്‍, മെഷൂസിം എന്നീ അരുവികളിലെ ജലവും ഭൂഗര്‍ഭ ഉറവകളും ഗലീലിയാക്കടലിലെത്തുന്നു. തടാകത്തെ ജലസമൃദ്ധമാക്കുന്നത് ചുറ്റിലുമുള്ള ഗോലാന്‍ കുന്നുകളില്‍നിന്നുദ്ഭവിക്കുന്ന അരുവികളുംകൂടി ചേര്‍ന്നാണ്. തിബേരിയാസ്, കിന്നരത്ത്, ഗനസറേത്ത് എന്നീ പേരുകളിലും ഗലീലിയാക്കടല്‍ അറിയപ്പെടുന്നു. ഇതില്‍ തിബേരിയാസ് എന്നു പേരിട്ടത് റോമാക്കാരാണ്. ദാവീദ് രാജാവ് ജറുസലേമിന്റെ ഭരണാധിപനായിരുന്ന കാലത്ത്, അദ്ദേഹം സ്വന്തമായുണ്ടാക്കിയ കിന്നരം എന്ന സംഗീതോപകരണവുമായി ഗലീലിയാക്കടല്‍ത്തീരത്തുചെന്ന് താനെഴുതി ചിട്ടപ്പെടുത്തിയ സ്തുതിഗീതങ്ങള്‍ ആലപിക്കുമായിരുന്നു. അതുകൊണ്ടാണ് ഹീബ്രുഭാഷയില്‍ കിന്നരത്തുതടാകം എന്നു പേരു വന്നതെന്നും പറയപ്പെടുന്നു.
ജോര്‍ദാന്‍നദി സിറിയയില്‍നിന്നുദ്ഭവിച്ച് ഗലീലിയാ ക്കടലില്‍ പതിച്ചശേഷം വീണ്ടും മുമ്പോട്ടൊഴുകി ചാവുകടലില്‍ (Dead Sea) ലയിക്കുന്നു. പത്തു വര്‍ഷം മുമ്പുവരെയും വര്‍ഷംതോറും നാല്പതുകോടി ക്യുബിക് മീറ്റര്‍ ശുദ്ധജലം ഗലീലിയാത്തടാകത്തില്‍നിന്നു ലഭിച്ചിരുന്നു. വേനല്‍ക്കാലവരള്‍ച്ച അതി രൂക്ഷമായതിനെത്തുടര്‍ന്ന് ഇതു മൂന്നു കോടി ക്യുബിക് മീറ്ററായി കുറഞ്ഞു. മെഡിറ്ററേനിയന്‍കടലിലെ ജലം ശുദ്ധി ചെയ്ത് ഗലീലിയാക്കടലില്‍ നിക്ഷേപിക്കുന്നു ഇതു പൂര്‍ണമായും ഇസ്രയേലിന്റെ നിയന്ത്രണത്തിലാണ്. 1967 ലെ ആറുദിവസം നീണ്ടുനിന്ന സിറിയയുമായുള്ള യുദ്ധത്തിലാണ് ഗലീലിയാക്കടല്‍ ഇസ്രായേലിനു സ്വന്തമായത്.
ഈ കടലില്‍ മുഷ്ത് (തിലാപ്പിയ) മത്തി, ബാര്‍ബെല്‍, ടിസ്ട്രാ, മെല്ലാസാക്രാ, സിമോണീസ് തുടങ്ങി 21ല്‍പ്പരം മത്സ്യങ്ങള്‍ വളരുന്നു. ഇവയില്‍ മുഷ്ത് എന്ന മത്സ്യം സെന്റ് പീറ്റേഴ്‌സ് ഫിഷ് (വി. പത്രോസിന്റെ മീന്‍) എന്നറിയപ്പെടുന്നു. വിശുദ്ധനാട് സന്ദര്‍ശിക്കുന്നവര്‍ക്ക് കടല്‍ത്തീരത്തുള്ള ഹോട്ടലുകളില്‍നിന്ന് ഈ മത്സ്യം വറുത്തു ലഭിക്കും പ്രത്യേകിച്ച്, ഉച്ചഭക്ഷണത്തില്‍ ഇതുള്‍പ്പെടുന്നു. വാണിജ്യപരമായി ടണ്‍ കണക്കിനു മത്സ്യം ഈ തടാകത്തില്‍നിന്നു ദിവസവും കയറ്റുമതി ചെയ്യുന്നു. മത്സ്യബന്ധനസീസണില്‍ ലക്ഷക്കണക്കിനു ടണ്‍ മത്തി ലഭിക്കുന്നുണ്ട്. സാധാരണയായി നാം കാണുന്ന മറ്റ് 16 ഇനം നാടന്‍ മത്സ്യങ്ങളും ഈ കടലിലുണ്ട്. ച എന്ന അക്ഷരത്തിന്റെ അര്‍ത്ഥം അരാമിക്ഭാഷയില്‍ മത്സ്യം എന്നാണ്. യഹൂദന്മാര്‍ പാരമ്പര്യമായി വെള്ളിയാഴ്ച രാത്രിയിലുള്ള സാബത്ത് ഭക്ഷണത്തിലും, പെസഹാസമയത്തും ഗലീലിയാക്കടലില്‍നിന്നു ലഭിക്കുന്ന ബാര്‍ബസ് ലോങ്ങൈസെപ്‌സ്, ബാര്‍ബസ് കാനീസ് എന്നീ മത്സ്യങ്ങള്‍ ആദ്യഭക്ഷണമായി വിളമ്പുന്നു. ഏതാനും വര്‍ഷംമുന്‍പ് എട്ടു ലക്ഷം മത്സ്യങ്ങളെ ഇസ്രായേല്‍ ഈ കടലില്‍ നിക്ഷേപിച്ചതാണ്. അമിതമായ മത്സ്യബന്ധനം മൂലം 2010 ല്‍ ഗലീലിയാക്കടലില്‍ മത്സ്യബന്ധനം രണ്ടുവര്‍ഷത്തേക്കു നിരോധിച്ചിരുന്നു.
യേശുക്രിസ്തുവിന്റെ മൂന്നു വര്‍ഷത്തെ പരസ്യജീവിത കാലയളവില്‍നടന്ന നിരവധി അദ്ഭുതങ്ങളും ഗലീലിയക്കടലിലും പരിസരപ്രദേശങ്ങളിലും നടന്നതായി വി. ബൈബിളില്‍ കാണാന്‍ സാധിക്കും. കര്‍ത്താവ് ആദ്യം ശിഷ്യരായി വിളിച്ചത് മീന്‍പിടിത്തക്കാരായിരുന്ന പത്രോസിനെയും, അന്ത്രയോസിനെയും പിന്നീട് യാക്കോബ്, യോഹന്നാന്‍ എന്നിവരെയും ഗലീലിയാക്കടല്‍ത്തീരത്തുനിന്നാണ് തന്റെകൂടെ കൂട്ടിയത്. യേശു വിളിച്ച നിമിഷംതന്നെ വള്ളവും വലയുമുപേക്ഷിച്ച് അവര്‍ യേശുവിനെ അനുഗമിച്ചു. കടലില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റിനെയും തിരമാലകളെയും ശകാരിച്ചു ശാന്തമാക്കിയതും, കടലിലെ തിരമാലകള്‍ യേശുവിന്റെ പാദങ്ങള്‍ക്കു പരവതാനിയൊരുക്കിയതും ഭയന്നു നിലവിളിച്ച പത്രോസിനെ വെള്ളത്തില്‍നിന്ന് കൈ പിടിച്ചുയര്‍ത്തി രക്ഷിച്ചതും രാത്രിമുഴുവന്‍ വലവീശിയിട്ടും മത്സ്യങ്ങളൊന്നും കിട്ടാതിരുന്ന ശിഷ്യന്മാര്‍ക്ക്, യേശു പറഞ്ഞ ഭാഗത്ത് വലയിട്ടപ്പോള്‍ ശിഷ്യരുടെ വല നിറഞ്ഞ് മത്സ്യം ലഭിച്ചതും, ലെഗിയോന്‍ എന്ന പിശാചു ബാധിച്ച പന്നിക്കൂട്ടം ചെന്നു പതിച്ചതുമെല്ലാം ഗലീലിയക്കടലിലായിരുന്നു.
യേശുവിന്റെ മലയിലെ പ്രസംഗം, ഗലീലിയക്കടലിന് അഭിമുഖമായുള്ള ഒരു വലിയ കുന്നില്‍മുകളിലാണ് നടന്നതെന്നു കരുതപ്പെടുന്നു. വിശുദ്ധനാട് സന്ദര്‍ശിക്കുന്നവരെല്ലാംതന്നെ ഈ കടലില്‍ സമയം ബോട്ടുസവാരി നടത്താറുണ്ട്. മിക്കവരും ''അക്കരക്കു യാത്രചെയ്യും സീയോന്‍ സഞ്ചാരി'' എന്ന ഗാനമാലപിച്ചുകൊണ്ടാണ് ബോട്ടുയാത്ര നടത്തുന്നത്. ലേഖകന്‍ 9 പ്രാവശ്യം ഗലീലക്കടലില്‍ യാത്ര ചെയ്തിട്ടുണ്ട്. ഗലീലിയായില്‍നിന്ന് യേശു ജനിച്ച ബത്‌ലഹേമിലേക്ക് 155 കിലോമീറ്ററും നസ്രത്തിലേക്ക് 31 കിലോമീറ്ററും ജറുസലേമിലേക്ക് 123 ഉം, ചാവുകടലിലേക്ക് 141 കിലോമീറ്ററും ദൂരമുണ്ട്.
യേശു സ്‌നാപകയോഹന്നാനില്‍നിന്ന് മാമ്മോദീസ സ്വീകരിച്ച ജോര്‍ദാന്‍ നദിയിലെ ബാപ്റ്റിസം സൈറ്റിനു സമീപം, ഗലീലിയാക്കടലിനു തൊട്ടുതാഴെ വടക്കന്‍ഇസ്രായേല്‍ പണികഴിപ്പിച്ചിരിക്കുന്ന ഒരു തടയണയാണ് ഡെഗാനിയ അണക്കെട്ട്. ഗലീലിയാക്കടലിലെ ജലനിരപ്പു നിയന്ത്രിക്കുകയും ജോര്‍ദാന്‍ നദിയിലേക്ക് ജലം ഒഴുക്കുകയും ചെയ്യുകയാണിതിന്റെ ലക്ഷ്യം.
യേശുക്രിസ്തുവിന്റെ പാദസ്പര്‍ശമേറ്റ ഈജിപ്റ്റ്, ഇസ്രായേല്‍, ജോര്‍ദാന്‍, പലസ്തീന്‍ എന്നീ രാജ്യങ്ങളില്‍പ്പെടുന്ന പുണ്യഭൂമിയില്‍ ക്രിസ്തുവിന്റെ ജനനം മുതല്‍ മരിച്ച് ഉയിര്‍ത്തെഴുന്നേറ്റ സംഭവങ്ങളൊക്കെയും അരങ്ങേറിയ ഈ സ്ഥലങ്ങള്‍ കാണാന്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്ന് ലക്ഷക്കണക്കിനു വിശ്വാസികള്‍ സന്ദര്‍ശകരായി എത്തുന്നു.