•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

ഫാ. മാത്യു ജോര്‍ജ് കാര്യപ്പുറത്തിന് വത്തിക്കാന്റെ പ്രത്യേക പുരസ്‌കാരം

പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും ഇന്ത്യയിലെ നവോത്ഥാനത്തിന്റെയും സാംസ്‌കാരികപുരോഗതിയുടെയും ശക്തികേന്ദ്രമായിരുന്ന ബംഗാള്‍ സാമ്പത്തികമായും തൊഴില്‍പരമായും സാംസ്‌കാരികമായുമെല്ലാം ഇന്നു വളരെ പിന്നാക്കാവസ്ഥയിലാണ്. തികച്ചും ദരിദ്രരായ ബഹുഭൂരിപക്ഷത്തിനും വിദ്യാഭ്യാസത്തിനും പാര്‍പ്പിടത്തിനും നിത്യവൃത്തി കഴിക്കുന്നതിനുപോലുമുള്ള സൗകര്യങ്ങള്‍ അവിടെ പരിമിതമാണ്.
കേരളത്തില്‍നിന്നു പ്രേഷിതരംഗത്തുള്ളവരും അല്ലാത്തവരുമായ നിരവധി ആളുകള്‍ കല്‍ക്കത്തയിലും വിദൂരപ്രാന്തപ്രദേശങ്ങളിലും ജീവിതത്തിന്റെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. അവരില്‍ പ്രമുഖനാണ് പാലാ രാമപുരം സ്വദേശിയായ ഫാ. മാത്യു ജോര്‍ജ്.
കാര്യപ്പുറത്ത് വര്‍ഗീസ് - മറിയാമ്മ ദമ്പതികളുടെ മകനായ ഫാ. മാത്യു ജോര്‍ജ് കഴിഞ്ഞ അരനൂറ്റാണേ്ടാളമായി കല്‍ക്കത്തയിലെ വിവിധ ചേരിപ്രദേശങ്ങളില്‍ സേവനമനുഷ്ഠിക്കുന്നു.
1986 ല്‍ പൗരോഹിത്യം സ്വീകരിച്ച മാത്യു ജോര്‍ജ് മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍നിന്നു തിയോളജിയില്‍ എം.ഫില്ലും പിഎച്ച്ഡിയും കരസ്ഥമാക്കി. പിന്നീട് വിദ്യാഭ്യാസരംഗത്ത് ദീര്‍ഘകാലം സജീവമായിരുന്നു. ദൈവശാസ്ത്രസംബന്ധിയായ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ അദ്ദേഹം ഷില്ലോങ്ങിലെ സേക്രഡ് ഹാര്‍ട്ട് കോളജില്‍ 1991 മുതല്‍ 2004 വരെ പ്രൊഫസറായിരുന്നു. അനാഥരും ദരിദ്രരുമായ തെരുവുകുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചുവന്ന 'ഡോണ്‍ ബോസ്‌കോ ആശാലയ'ത്തോടു ചേര്‍ന്ന് ഫാ. ജോര്‍ജ് തന്റെ ശുശ്രൂഷ സജീവമാക്കുകയും പിന്നീട് അതിന്റെ ഡയറക്ടറായി നിയമിതനാവുകയും ചെയ്തു.
2008 ല്‍ കല്‍ക്കട്ടയിലെ സിലിഗുരി ഗ്രാമത്തില്‍ ആരംഭിച്ച സലേഷ്യന്‍ കോളജിന്റെ കാമ്പസ് കോര്‍ഡിനേറ്റര്‍, ബര്‍സാര്‍, കാമ്പസിലെ ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി പ്രവര്‍ത്തനങ്ങളുടെ കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചു. 2014 ല്‍ അദ്ദേഹം കല്‍ക്കട്ട സലേഷ്യന്‍ പ്രോവിന്‍സിന്റെ സെക്രട്ടറിയായി നിയമിതനായി.
ഗ്രാമങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസപുരോഗതിക്കായി ട്യൂഷന്‍ സെന്ററുകള്‍, ആരോഗ്യസംബന്ധമായ സേവനങ്ങള്‍ക്കായി ക്ലിനിക്കുകള്‍, തൊഴിലെടുക്കുന്ന വനിതകളുടെ കുഞ്ഞുങ്ങള്‍ക്കായുള്ള ക്രഷുകള്‍, വിവിധ പോഷകാഹാരവിതരണബോധവത്കരണപരിപാടികള്‍ എന്നിവ ആരംഭിച്ചു. ഗ്രാമീണരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനായി സ്വയം തൊഴില്‍ സംരംഭങ്ങള്‍ ഏര്‍പ്പെടുത്തിയതും വികലാംഗരും ഭിന്നശേഷിയുള്ള കുട്ടികള്‍ക്കുമായി പുനരധിവാസപ്രവര്‍ത്തനങ്ങള്‍ നടത്തിയതും ഫാ. മാത്യു ജോര്‍ജിന്റെ സേവനമേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങളാണ്.
ഫാ. മാത്യു ജോര്‍ജിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ്പാപ്പായുടെ പ്രത്യേകപുരസ്‌കാരവും അംഗീകാരവും ലഭിച്ചു. 2019 ഡിസംബര്‍ 16-ാം തീയതി ലഭിച്ച പ്രസ്തുത പുരസ്‌കാരത്തില്‍ 10000 യൂറോയും (8 ലക്ഷം ഇന്ത്യന്‍ രൂപ) പ്രശസ്തിപത്രവും ഉള്‍പ്പെടുന്നു. ഫാ. മാത്യു ജോര്‍ജിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കരുത്തും ഉത്തേജനവും നല്കുന്നതാണ് ഈ അംഗീകാരം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)