മിക്കവാറും സമയം ജലത്തില്‍ത്തന്നെ കഴിയുന്ന ആമവിഭാഗമാണ് കടലാമകള്‍. ഭൂമിയില്‍ ജീവന്‍ ആദ്യമായി ഉദ്ഭവിച്ചത് കടലിലാണല്ലോ. കോടിക്കണക്കു വര്‍ഷങ്ങള്‍കൊണ്ടു ചില ജീവികള്‍ കരയിലേക്കു കയറി. ഇപ്രകാരം കരയിലേക്കുകയറിവന്ന് തിരികെ കടലിലേക്കുതന്നെ പോയവയാണ് ഇവറ്റകള്‍.
ശുദ്ധജലത്തില്‍ കഴിയുന്ന ആമകളാണ് ടെറാപിന്‍ എന്നറിയപ്പെടുന്നത്. ഇവ തടാകങ്ങളിലും പുഴകളിലും കാണപ്പെടുന്നു. സമുദ്രത്തില്‍ കഴിയുന്ന ആമകളാണ് കടലാമകള്‍ അഥവാ മറൈന്‍ ടര്‍ട്ടില്‍സ്. ലോകത്തിലെ എല്ലാ സമുദ്രങ്ങളിലുമായി ഏഴ് കടലാമസ്പീഷിസുകളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നിപ്പോള്‍ സമുദ്രമലിനീകരണംമുഖാന്തരം കടലാമകളുടെ നിലനില്പ് അപകടഭീഷണിയിലാണ്.
ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള ഉരഗവര്‍ഗമാണ് കടലാമകള്‍. ഏകദേശം 20 കോടി വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ കടലാമകളുടെ വര്‍ഗം ഉണ്ടായിരുന്നുവെന്നാണു ശാസ്ത്രമതം. ഏതാനും ഇഞ്ചുകള്‍ മുതല്‍ ഏഴ് അടിയിലേറെ നീളമുള്ള കടലാമകളുണ്ട്.
ജീവിക്കുന്നതു കടലിലാണെങ്കിലും തീരപ്രദേശത്തുണ്ടാക്കുന്ന കുഴിയിലാണ് കടലാമ മുട്ടയിടുക. മുട്ടയിട്ടുകഴിഞ്ഞാല്‍ മണല്‍കൊണ്ടു കുഴി മൂടും. പിന്നെ കാര്യം കഴിഞ്ഞു. കടലാമ വെള്ളത്തിലേക്കു മടങ്ങുകയായി. ആഴ്ചകള്‍ കഴിഞ്ഞ് മുട്ടവിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങള്‍ അതിവേഗം കടലിലേക്കിറങ്ങും. അതിനുമുമ്പ് മനുഷ്യന്റെയോ കടല്‍പക്ഷികളുടെയോ കണ്ണില്‍പ്പെട്ടാല്‍ കഥ കഴിഞ്ഞതുതന്നെ.
കടലില്‍ ജീവിക്കാനുള്ള ഒരുപാട് സൂത്രങ്ങളും സവിശേഷതകളും പ്രകൃതി കടലാമകള്‍ക്കു നല്‍കിയിട്ടുണ്ട്. കടലിലെ ആഴങ്ങളിലേക്കു ഡൈവ് ചെയ്തുപോകാനും ദീര്‍ഘദൂരം നീന്താനുമൊക്കെ പറ്റുന്ന തരത്തിലാണ് ഇവയുടെ ശരീരഘടന. വീതികുറഞ്ഞ് നീളംകൂടിയ ചിറകിനു സമാനമായി കാണപ്പെടുന്ന മുന്‍കാലുകളാണ് കടലാമകളെ അനായാസം നീന്താന്‍ സഹായിക്കുക. ചെറിയ പിന്‍കാലുകൊണ്ടു ദിശ നിയന്ത്രിക്കാനുമാവും. ഫ്‌ളിപ്പറുകള്‍ എന്നാണു കടലാമകളുടെ മുന്‍-പിന്‍കാലുകളെ വിളിക്കുക. പലയിടത്തും ഉറച്ച ഗ്രിപ്പു കിട്ടാനും തീരത്തേക്കും പാറമുകളിലേക്കുമൊക്കെ പിടിച്ചുകയറാനും മറ്റും ഇവയെ സഹായിക്കുന്നത് ഇതേ ഫ്‌ളിപ്പറുകള്‍ക്കു മുന്നിലെ നീളന്‍നഖങ്ങളാണ്.
വെള്ളത്തിനടിയിലാണ് ഇവയുടെ ഉറക്കവും വിശ്രമവും. എന്നാല്‍, ഇടയ്ക്കു ശ്വാസമെടുക്കാനായി ഇവ ജലോപരിതലത്തിലേക്കു പൊങ്ങിവരും. ഒരുതവണ ശ്വാസമെടുത്താല്‍ അഞ്ചു മണിക്കൂര്‍ വരെ ഇവയ്ക്കു വെള്ളത്തില്‍ മുങ്ങിക്കിടക്കാനാവും. മണം പിടിക്കുന്നതില്‍ വിരുതന്മാരാണ് കടലാമകള്‍. ചെറുതായി വായ് തുറന്നു വെള്ളം അകത്തുകയറ്റി പുറത്തുവിട്ടാണ് ഇവ ഗന്ധങ്ങള്‍ തിരിച്ചറിയുക.