•  10 Jul 2025
  •  ദീപം 58
  •  നാളം 18
കടലറിവുകള്‍

സന്ന്യാസിഞണ്ട്

    ഞണ്ടുകള്‍ ലോകമെമ്പാടുമുണ്ട്. ആഴക്കടലിലും തീരക്കടലിലുമുണ്ട്. പല നിറങ്ങളിലും രൂപങ്ങളിലും കാണാം. അക്കൂട്ടത്തില്‍പ്പെടുന്ന ഒരിനമാണ് സന്ന്യാസിഞണ്ട്. (Hermit Crab).  ക്രസ്റ്റേഷ്യ വിഭാഗത്തില്‍പ്പെട്ടവയാണിവ. ഞണ്ടുകള്‍ക്കൊക്കെ കട്ടിയുള്ള പുറന്തോടുണ്ടാകുമെങ്കിലും സന്ന്യാസിഞണ്ടിന് അതില്ലെന്നതാണു വാസ്തവം. എന്നാലും ജീവിതത്തില്‍ ഇത്തരം ഞണ്ട് തോല്‍ക്കാന്‍ നില്‍ക്കില്ല. പരിശ്രമശാലിയാണ്. തനിക്കും സുരക്ഷിതമായി ജീവിക്കണം. അതിനായിരിക്കും അതിന്റെ ശ്രദ്ധയത്രയും.
    നല്ല കട്ടിയുള്ള പുറന്തോടുള്ള ജീവികള്‍ വേറെയുണ്ടല്ലോ. അവയിലേതെങ്കിലും ചത്തു കഴിഞ്ഞാല്‍പ്പിന്നെ അതിന്റെ ജഡം ചീഞ്ഞഴുകിപ്പോകുന്നു. അതേസമയം പുറന്തോടിനു കുഴപ്പമൊന്നും സംഭവിക്കുകയുമില്ല. ഇത്തരം പുറന്തോടുകളില്‍ ഒന്നില്‍ക്കയറി സന്ന്യാസിഞണ്ട് താവളമടിക്കുന്നു.          കാലിന്റെ പരന്നഭാഗം ഉപയോഗിച്ചു പുറന്തോടിനുള്ളിലെ ദ്വാരം അടച്ചുപിടിക്കുകയും ചെയ്യും. ഇങ്ങനെ അതിനകത്ത് ഒതുങ്ങിക്കൂടിക്കഴിയാനാണ് ഇത്തരം ഞണ്ടിന് ഇഷ്ടം. അതുകൊണ്ടാവാം ഇതിനു സന്ന്യാസിഞണ്ടെന്നു പേരു വീണുകിട്ടിയത്.
അങ്ങനെ അതിനു സൂത്രത്തിലൊരു വീടു കിട്ടി. ഇനി ആഹരിക്കാനുള്ള വകകൂടി ആരെങ്കിലും തന്നിരുന്നെങ്കില്‍ മെയ്യനങ്ങാതെ ഈ കൂരയ്ക്കുള്ളില്‍ കഴിയാമായിരുന്നു. മടിയന്‍സന്ന്യാസി ഞണ്ടിന്റെ ചിന്ത പോണ പോക്ക് നോക്കണേ! അതിനും അവന്‍ വഴി കണ്ടെത്തിക്കഴിഞ്ഞു. കടല്‍പ്പൂവിനെ കൂട്ടുപിടിക്കുക. കടല്‍പ്പൂവിന്റെ അടുത്തേക്ക് ആരും അടുക്കില്ല. അതിന്റെ തലയ്ക്കുചുറ്റും കൈകളാണ്. കൈകള്‍ നിറച്ചു മുള്ളുകളും. ആ മുള്ളുകള്‍ ഇടയ്ക്കിടെ വെളിയില്‍ കൊണ്ടുവരുന്ന സ്വഭാവമുണ്ട്. ആ കടല്‍പ്പൂവാകട്ടെ സന്ന്യാസിഞണ്ടിന്റെ പുറന്തോടില്‍ പറ്റിപ്പിടിച്ചിരിക്കും. ഒട്ടിപ്പിടിക്കുന്ന 'ഗം' പോലെ!
   സന്ന്യാസിഞണ്ട് കടല്‍പ്പൂവിനെയുംകൊണ്ടു ചുറ്റിനടക്കുന്ന കടല്‍ക്കാഴ്ച! കടല്‍പ്പൂവെന്ന വിചിത്രജീവിയുടെ കുത്തു പേടിച്ച് ഒരു ജീവിയും അടുത്തേക്ക് അടുക്കില്ല. അങ്ങനെ സന്ന്യാസിഞണ്ടിന്റെ ജീവിതം കുശാല്‍! സുരക്ഷിതവും. ഇര തേടുന്നതില്‍ അതിവിദഗ്ധനാണീ കടല്‍പ്പൂവ്. ഇതിനിടയില്‍ വീണുകിട്ടുന്ന ആഹാരസാധനങ്ങളില്‍ പലതും സന്ന്യാസിഞണ്ടും ഭക്ഷണമാക്കുന്നു. ഒരു ചെലവുമില്ലാതെ... ഓണ്‍ലൈന്‍ ഫുഡുപോലെ... ചില സൂത്രപ്പണികള്‍ പ്രയോഗിച്ച് സന്ന്യാസിഞണ്ട് എത്ര സുഖമായി ജീവിക്കുന്നു!

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)