1934 ല്‍ ക്രിസ്റ്റന്‍ സ്പര്‍ലിങ് എന്ന ഇംഗ്ലീഷുകാരനാണ് നെസിയുടെ ചിത്രം പ്രസിദ്ധീകരിച്ചത്. വെള്ളത്തിനുമീതേ തെന്നിനീങ്ങുന്ന ഭീകരസത്വത്തിന്റെ
ചിത്രം കണ്ട് ജനങ്ങള്‍ ഞെട്ടി. എന്നാല്‍, 60 വര്‍ഷങ്ങള്‍ക്കുശേഷം സംഭവിച്ചത്? എന്തായിരുന്നു നെസി?
നീണ്ട കഴുത്തും തലയും കുതിരയുടേതുപോലുള്ള മുഖവുമായി വെള്ളത്തിനു മീതേ ഉയര്‍ന്നുനില്ക്കുന്ന രൂപം. ഒരു കറുത്ത വള്ളം മറിച്ചിട്ടതുപോലെ കാണപ്പെടുന്ന ശരീരത്തിന്റെ മുതുകുഭാഗം. ഓളങ്ങളില്ലാത്ത വെള്ളത്തിനുമീതേ ചിലപ്പോള്‍ ശീഘ്രം തെന്നിനീങ്ങുന്ന വിസ്മയക്കാഴ്ച! മറ്റുചിലപ്പോള്‍ വെള്ളത്തില്‍ ശക്തിയായ അലകളുണ്ടാക്കി അതിവേഗം മുങ്ങാംകുഴിയിടും.
ഇതാണു നെസി. ലോകത്തിലെ ഏറ്റവും പേരുകേട്ട കടല്‍സത്വം! സ്‌കോട്ട്‌ലന്‍ഡിലെ ലോക്‌നെസ്തടാകമാണതിന്റെ താവളം. ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കംമുതല്‍ ആയിരക്കണക്കിനു ടൂറിസ്റ്റുകള്‍ കണ്ടതായി അവകാശപ്പെടുന്ന ലോക്‌നെസ് തടാകത്തിലെ ഭീകരകടല്‍ജീവി! നെസിയടക്കം പല കടല്‍ജീവികളെപ്പറ്റിയും സത്യവും മിഥ്യയും കലര്‍ന്ന നൂറുനൂറു കഥകള്‍!
അറുപതുവര്‍ഷങ്ങള്‍ക്കുശേഷം ക്രിസ്റ്റ്യന്‍ സ്പര്‍ലിങ്തന്നെ അതൊരു തട്ടിപ്പായിരുന്നെന്ന് ആണയിട്ടുപറഞ്ഞു. എന്നാല്‍, ലോകമെങ്ങുമുള്ള വിനോദസഞ്ചാരികള്‍ അതൊന്നും വിശ്വസിച്ചില്ല. വെള്ളത്തിലൂടെ സ്വയം സഞ്ചരിക്കുന്ന ഒരു വിചിത്ര ടോയ് ആയിരുന്നുപോലും! അത് അന്തര്‍വാഹിനിയില്‍ നീണ്ട കഴുത്തും തലയും ഉണ്ടാക്കിവച്ച് ഫോട്ടോയെടുത്തതായിരുന്നത്രേ!
പറഞ്ഞിട്ടൊരു കാര്യവുമില്ല. അക്കഥയൊന്നും വിശ്വസിക്കാനാവാത്തവിധം നെസി എന്ന ഭീകരസത്വം വര്‍ഷങ്ങളായി മനുഷ്യമനസ്സില്‍ നീന്തിത്തുടിക്കുകയായിരുന്നു. ഇന്നും നെസിയെ കാണാന്‍ നൂറുകണക്കിനാളുകള്‍ സ്‌കോട്ട്‌ലന്‍ഡില്‍ എത്തുന്നു എന്നതാണ് വിചിത്രം. അയര്‍ലണ്ടിന്റെ പുണ്യവാളനായ സെന്റ് കൊളംബയെപ്പറ്റി ഏഴാംനൂറ്റാണ്ടില്‍ എഴുതപ്പെട്ട ഗ്രന്ഥത്തിലാണ് ആദ്യമായി നെസി കടന്നുവരുന്നത്. കൊളംബയുടെ അനുയായികളിലൊരാള്‍ ഒരിക്കല്‍ നെസ് നദി നീന്തിക്കടക്കുകയായിരുന്നു. പെട്ടെന്നു വെള്ളത്തില്‍നിന്ന് അതിഭീകരനായ ഒരു കടല്‍സത്വം പൊന്തിവന്നു. വായും പൊളിച്ചു ഗര്‍ജിച്ചുകൊണ്ട് അത് അയാളുടെ അടുത്തേക്കു ചീറിപ്പാഞ്ഞുവന്നു. എന്നാല്‍, കരയില്‍ ഇതു കണ്ടുനില്‍ക്കുകയായിരുന്ന സെന്റ് കൊളംബ ഭീകരസത്വത്തിനുനേരേ കുരിശടയാളം വരച്ചു. ആ നിമിഷം ആ ഭീകരസത്വം വെള്ളത്തിലേക്ക് ഊളിയിട്ട് അപ്രത്യക്ഷമായി.
ലോക്‌നെസ് തടാകത്തിലെ ഭീകരസത്വം വിചിത്രസര്‍പ്പമായും കുതിരത്തലയന്‍ ഭീകരജലജീവിയായുമൊക്കെ ആളുകള്‍ വിശ്വസിച്ചു. 1719 ല്‍ ഇംഗ്ലണ്ടിലെ നോട്ടിങ്ങാംഷെയറിലെ കരിങ്കല്‍ക്വാറിയില്‍നിന്നു ചരിത്രാതീതകാലത്തെ ഒരു വമ്പന്‍ജലജീവിയുടെ ഫോസില്‍ കണ്ടെത്തുകയുണ്ടായി. നെസിയെപ്പറ്റി പൊടിപ്പും തൊങ്ങലുംവച്ച കഥകള്‍ കേട്ടു തഴമ്പിച്ച മനുഷ്യമനസ്സില്‍ അതോടെ അതൊരു ചരിത്രാതീതകാലഭീകരജീവിയായി പ്രതിഷ്ഠിക്കപ്പെട്ടു. പത്തൊമ്പതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ കൂടുതല്‍ ഫോസിലുകള്‍ കണ്ടെത്താനായതോടെ ഒട്ടനവധി ചരിത്രാതീതകടല്‍ ഉരഗങ്ങളെപ്പറ്റിയുള്ള വിവരണങ്ങള്‍ ജനങ്ങള്‍ വായിച്ചറിയാന്‍ തുടങ്ങി. പല ഭീകരകടല്‍ജീവികള്‍ മനുഷ്യന്റെ ചിന്തയിലും ഭാവനയിലും വിഹരിക്കുകയായി. ദിനോസറെപ്പറ്റിയുള്ള പഠനങ്ങളും വന്നുകൊണ്ടിരുന്ന കാലമായിരുന്നത്. ചിത്രകാരന്മാര്‍ നിറംപിടിപ്പിച്ച ഇവയുടെ ഭീമാകാരരൂപങ്ങളെ വരയ്ക്കാനും തുടങ്ങിയിരുന്നു. ഇതെല്ലാം കൂടിച്ചേര്‍ന്നപ്പോള്‍ ലോക് നെസ് തടാകത്തിലെ ഭീകരസത്വം തികച്ചും യഥാതഥമായി ജനങ്ങള്‍ കരുതിയിരിക്കണം. ലോക്‌നെസ്ഭീകരനെ കഥാപാത്രമാക്കിയും ഉപകഥാപാത്രമാക്കിയും ചില സിനിമകളും പുറത്തിറങ്ങിയിട്ടുണ്ട്.