•  17 Apr 2025
  •  ദീപം 58
  •  നാളം 7
കടലറിവുകള്‍

നിഗൂഢതകളുടെ കടലാഴങ്ങള്‍

   അത്യഗാധവും അതിവിസ്തൃതവുമായ കടലില്‍ ഇന്നിപ്പോള്‍ ചരിത്രാതീതകാലത്തെ വമ്പന്‍ കടല്‍ സത്വങ്ങളില്ല. ഫോസിലുകളില്‍ തങ്ങളുടെ ജീവിതങ്ങള്‍ ബാക്കിയാക്കി അവയെല്ലാം മറഞ്ഞുകഴിഞ്ഞു. ചരിത്രാതീതകാലത്തെ കടല്‍സത്വങ്ങളുടെ വലുപ്പവുമായി താരതമ്യപ്പെടുത്തിയാല്‍ ഇന്നത്തെ കടല്‍ജീവികള്‍ നിസ്സാരന്മാര്‍.
108 അടി നീളവും 40 ആനകളുടെ ഭാരവുമുള്ള നീലത്തിമിംഗലമാണ് ഇന്നിപ്പോള്‍ ജീവികളില്‍ ഏറ്റവും വലുത്. ഒരുപക്ഷേ, നീലത്തിമിംഗലം ചരിത്രാതീതകാലത്തെ ചില കടല്‍സത്വങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അത്ര വലിയ ജീവിയൊന്നുമല്ല.
വലുപ്പത്തിലും ഭീകരതയിലും ചരിത്രാതീതകാലത്തെ കടല്‍സത്വങ്ങളുമായി തുലനം ചെയ്യാനാവില്ലെങ്കിലും ഇന്നും നമ്മുടെ സമുദ്രങ്ങളില്‍ ധാരാളം വമ്പന്മാര്‍ ജീവിക്കുന്നുണ്ട്. കടലിലെ സസ്തനികളാണിവ. തിമിംഗലം, ഡോള്‍ഫിന്‍, സീലുകള്‍, കടല്‍സിംഹങ്ങള്‍, കടല്‍നായ് തുടങ്ങിയ ജലജീവികള്‍ കുഞ്ഞുങ്ങളെ പ്രസവിക്കുകയും പാലൂട്ടുകയും ചെയ്യുന്നു. ഇവയില്‍ കടലില്‍മാത്രം  കഴിയുന്നവയും ഉഭയജീവികളുമുണ്ട്. തിമിംഗലങ്ങളും ഡോള്‍ഫിനുകളും മുഴുവന്‍ സമയവും വെള്ളത്തിലാണ്. എന്നാല്‍, സീലുകളും കടല്‍സിംഹങ്ങളും കടല്‍നായ്ക്കളും കടലിലും കരയിലും ജീവിക്കുന്നവയാണ്.
കടല്‍ജീവികളും സത്വങ്ങളും മറ്റുമടങ്ങുന്ന മഹാസമുദ്രങ്ങള്‍ നിഗൂഢതകളുടെ കാണാക്കയങ്ങളാണ്.  കടലിലൂടെ യാത്ര ചെയ്യുന്നവര്‍ ഒട്ടനവധി ആചാരങ്ങളും വിശ്വാസങ്ങളും കെട്ടുകഥകളും  വച്ചുപുലര്‍ത്തിയിരുന്നു. അതിലൊന്നാണ് കടല്‍പ്പാട്ട്! വിജനമായ കടല്‍പ്പരപ്പിലൂടെ ദിനരാത്രങ്ങള്‍ കപ്പലോടിച്ചുപോകുമ്പോള്‍ എവിടെനിന്നോ കാറ്റിനൊപ്പം അതിമനോഹരമായൊരു സംഗീതം ഒഴുകിവരുമത്രേ. പകുതി സ്ത്രീയും പകുതി മത്സ്യവുമായ ജലകന്യകമാരുടെ പാട്ടാണുപോലും!
കടല്‍യാത്ര സുഗമമാക്കാന്‍ പുരാതനറോമാക്കാര്‍ കടല്‍ദേവനായ പോസിഡോണിനോടു പ്രാര്‍ഥിച്ചിരുന്നു. സീയൂസിന്റെ സഹോദരനാണ് പൊസിഡോണ്‍. ഡോള്‍ഫിനുകള്‍ വലിക്കുന്ന രഥത്തില്‍ സഞ്ചരിക്കുന്ന പൊസിഡോണ്‍ കടലിന്റെ അജ്ഞാതനിലവറയിലാണു വാഴുന്നത്. പൊസിഡോണ്‍ ദേവനു കാഴ്ചകള്‍ അര്‍പ്പിച്ചാല്‍ കടല്‍യാത്ര സുരക്ഷിതമായിരിക്കുമെന്നു പുരാതനഗ്രീക്കുകാര്‍ വിശ്വസിച്ചുപോന്നു. അങ്ങനെ എന്തൊക്കെ വിചിത്രവിശ്വാസങ്ങള്‍! വികലമായ ആചാരങ്ങള്‍!

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)