•  3 Apr 2025
  •  ദീപം 58
  •  നാളം 5
കടലറിവുകള്‍

ഗോഡ്‌സില

  ഭൂമിയിലെ എല്ലാ വലിയവരുടെയും വീട്ടുവിലാസം കടലാണെന്നു ശാസ്ത്രലോകം. ജീവനുള്ളവയാകട്ടെ, ഇല്ലാത്തവയാകട്ടെ, ഉയരത്തിലാകട്ടെ വലുപ്പത്തിലാകട്ടെ കടലിലാണ് അവരെല്ലാം  വാസമിട്ടത്. കടലില്‍നിന്ന് അവര്‍ നേരേ കരയിലെ റെക്കോര്‍ഡുബുക്കിലേക്കു കയറിച്ചെല്ലുന്നു.
ഭൂമിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി മൗണ്ട് എവറസ്റ്റല്ലെന്ന് അറിയേണ്ടതുണ്ട്. എവറസ്റ്റിന്റെ ഉയരം 8848 മീറ്ററാണ്. എന്നാല്‍, ശാന്തസമുദ്രത്തിന്റെ അടിത്തട്ടില്‍നിന്ന് ഉയര്‍ന്നുനില്ക്കുന്ന ''മോനാ കീ'' അഗ്നിപര്‍വതത്തിന്റെ ഉയരം 10203 മീറ്ററാണെന്ന് അറിയുക. മോനാ കീ കരയിലായിരുന്നെങ്കില്‍ എവറസ്റ്റ് അതിന്റെ മുന്നില്‍ തലകുനിച്ചേനേ!
   കഴിഞ്ഞ ദശകത്തിലാണ് കടലിലെ പുരാതനജലജീവികളിലൊന്നായ ഗോഡ്‌സിലയുടെ ഫോസിലുകള്‍ ശാസ്ത്രജ്ഞര്‍ക്കു ലഭിക്കുന്നത്. തെക്കേ അമേരിക്കയുടെ ചുറ്റിലുമുള്ള അറ്റ്‌ലാന്റിക്-പസഫിക് സമുദ്രങ്ങളായിരുന്നു ഗോഡ്‌സിലയുടെ വിഹാരരംഗം. 135 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ സമുദ്രങ്ങളുടെ അകത്തളങ്ങളില്‍ ഇവര്‍ കുതിച്ചുകൂത്താടി ജീവിച്ചു. കടലില്‍ ചത്തൊടുങ്ങുന്ന മറ്റു ജീവികളെപ്പോെല, ഇക്തിയോസറുകള്‍ അടക്കമുള്ള ഭീമന്മാരെയും പിടികൂടാനുള്ള കരുത്തും വലുപ്പവും ഗോഡ്‌സിലയുടെ കടലിലെ സര്‍വാധിപത്യത്തിനു സാധിച്ചു.
ഒട്ടനവധി കഥകള്‍ക്കും ഭാവനാചിത്രങ്ങള്‍ക്കും വിഷയമായിട്ടുള്ള വമ്പന്‍സമുദ്രജീവിയാണ് ഗോഡ്‌സില. കാഴ്ചയില്‍ ചീങ്കണ്ണിയുടെ ഒരു മുതുമുത്തച്ഛനായിട്ടു കാണാനാവും ഗോഡ്‌സിലയെ. ശരീരത്തിനിരുവശത്തും കാലുകള്‍ക്കുപകരം പരന്ന വലിയ പങ്കായംപോലുള്ള കൈകള്‍, വാല്‍ഭാഗത്ത് പ്രത്യേകരീതിയിലും വീതിയിലും രൂപപ്പെട്ടിട്ടുള്ള ദിശനിയന്ത്രണശേഷിയുള്ള  ചിറകുകള്‍. ഭീമാകാരമായ തല കണ്ടാല്‍ കൂറ്റന്‍ ദിനോസറുകളുടേതുപോലെതന്നെ. മാംസഭോജിയായ ഈ കടല്‍ജീവിയുടെ  വായില്‍ എട്ടിഞ്ചു നീളത്തിലേറെയുള്ള കൂര്‍ത്തുമൂര്‍ത്ത പല്ലുകള്‍ ദൃശ്യമാണ്.
   രക്തക്കൊതിയനായ ഗോഡ്‌സിലയ്ക്ക് അടുത്ത സഹജീവികള്‍പോലും ഇഷ്ടഭോജ്യമായിരുന്നു. ഇക്തിയോസറുകളെ ആക്രമിച്ചുകീഴടക്കി ശാപ്പിടുന്ന അതിഭീകരനായിരുന്നു ഗോഡ്‌സില. ഒട്ടേറെ ഭാവനാസൃഷ്ടികള്‍ക്കും കഥകള്‍ക്കും സിനിമകള്‍ക്കുംവരെ ഗോഡ്‌സില പ്രമേയമായിട്ടുണ്ട്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)