കേരളത്തിന്റെ ആരോഗ്യമേഖല അത്രയേറെ മോശമാണോ? അല്ലേയല്ല. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എത്രയോ മുമ്പന്തിയിലാണു നമ്മുടെ നാട്! പല മാരകരോഗങ്ങളെയും മഹാപ്രളയങ്ങളെയും, ലോകത്തിനുതന്നെയും മാതൃകയാകുംവിധം സമര്‍ഥമായി നേരിട്ട സംസ്ഥാനമാണു കേരളം. മെച്ചപ്പെട്ട ആയുര്‍ദൈര്‍ഘ്യം, കുറഞ്ഞ ശിശുമരണനിരക്ക്, കുറഞ്ഞ മാതൃമരണനിരക്ക് എന്നിങ്ങനെ കേരളം കൈവരിച്ച നേട്ടങ്ങള്‍ ഒട്ടേറെയാണ്. ഉയര്‍ന്ന സാക്ഷരതയും ഭൂപരിഷ്‌കരണത്തിലൂടെയും മററും രാഷ്ട്രീയസാമൂഹികപ്രസ്ഥാനങ്ങള്‍ സൃഷ്ടിച്ചെടുത്ത പൊതുഅവബോധവും മെച്ചപ്പെട്ട പൊതുവിതരണസമ്പ്രദായവും പൊതുജനാരോഗ്യസംവിധാനവും ഈ നേട്ടങ്ങള്‍ക്കുപിന്നില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നുള്ളതും എടുത്തുപറയേണ്ടതുണ്ട്. പക്ഷേ, ഇത് ഒരുവശം മാത്രമാണ്. മേല്പറഞ്ഞ നേട്ടങ്ങളെയാകെ തകിടം മറിക്കുന്ന ചില സാഹചര്യങ്ങള്‍ ആരോഗ്യമേഖലയില്‍ ഇപ്പോഴും നിലനില്ക്കുന്നു.
ഒരു പ്രദേശത്തെ ആളുകളുടെ ശരാശരി ആരോഗ്യത്തിന്റെ അളവുകോല്‍ നിശ്ചയിക്കുന്നതില്‍ അവിടത്തെ സര്‍ക്കാരാശുപത്രികളുടെ നിലവാരത്തിനു വലിയ പങ്കുണ്ട്. മുമ്പത്തെക്കാള്‍ വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും അധികാരികളുടെ അനാസ്ഥയും ജനം സ്വയം സൃഷ്ടിക്കുന്ന ചില സാഹചര്യങ്ങളുംമൂലം ഒട്ടനേകം സര്‍ക്കാരാശുപത്രികളുടെ സ്ഥിതി ഇന്നും പരിതാപകരമെന്നേ പറയേണ്ടൂ. അധികാരികളുടെ അനാസ്ഥയ്ക്കു മികച്ച ദൃഷ്ടാന്തമാണല്ലോ ഇക്കഴിഞ്ഞ മൂന്നാം തീയതി കോട്ടയം മെഡിക്കല്‍ കോളജില്‍ ശുചിമുറിക്കെട്ടിടം തകര്‍ന്നുവീണ് ഒരു പാവം വീട്ടമ്മ മരിക്കാനിടയായ ദാരുണസംഭവം. മന്ത്രിമാരുള്‍പ്പെടെ സംഭവത്തെ നിസ്സാരമായി കണ്ടതുവഴി രക്ഷാപ്രവര്‍ത്തനം വൈകിയതുകൊണ്ടാണ് ഈ ജീവന്‍ പൊലിഞ്ഞതെന്ന പരാതി ഇപ്പോഴും നിലനില്ക്കുന്നു.
വേണ്ടത്ര ഉപകരണങ്ങളില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മുടങ്ങുന്നുവെന്നും രോഗികളോടു പിരിവെടുത്താണു പലതും വാങ്ങുന്നതെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജിവിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍ പരാതിപ്പെട്ടിട്ട് നാളുകളായതേയുള്ളൂ. ഇവിടെയൊക്കെ സംഭവങ്ങളെയും വ്യക്തികളെയും വലിയ വാര്‍ത്തയാക്കി സ്റ്റോറിയുണ്ടാക്കുന്നതല്ലാതെ, നിലനില്ക്കുന്ന പരാതികളും പരാധീനതകളും വേണ്ടവിധം ചര്‍ച്ച ചെയ്യപ്പെടുന്നില്ലായെന്നതാണു പരിതാപകരമായ കാര്യം. തന്റെ മുന്നിലെത്തുന്ന രോഗികള്‍ക്കുണ്ടാകുന്ന അസൗകര്യത്തെക്കുറിച്ചും അവരുടെ ജീവന്‍ രക്ഷിക്കാനാവാത്ത നിസ്സഹായതയെക്കുറിച്ചുമാണ് ഡോക്ടര്‍ ഹാരിസ് പറഞ്ഞത്. രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ചും സാഹചര്യങ്ങള്‍ വിശദീകരിച്ചും മടുത്ത് ഒരു പരിഹാരവുമില്ലാതെ വന്നപ്പോഴാണ് തനിക്കിതു വെളിപ്പെടുത്തേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞുവച്ചു.
ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിനും മെഡിക്കല്‍ കോളജ് ദുരന്തത്തിനും പിന്നാലെ, സംസ്ഥാനത്തെ സര്‍ക്കാരാശുപത്രികളുടെ ഗുണനിലവാരപരിശോധന സര്‍ക്കാരും പ്രതിപക്ഷവും മാധ്യമങ്ങളും ചേര്‍ന്ന് ഇപ്പോള്‍ തകൃതിയായി നടത്തിക്കൊണ്ടിരിക്കുകയാണ്. നല്ലതു തന്നെ. പക്ഷേ, എത്രനാള്‍ ഈ പ്രഹസനങ്ങള്‍? സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുള്‍പ്പെടെ സര്‍ക്കാരാശുപത്രികളില്‍ നിലവാരം സംബന്ധിച്ച് നിശ്ചിത ഇടവേളകളില്‍ കൃത്യമായ പരിശോധന നടക്കുന്നുണ്ടോയെന്ന് ഈയിടെ ഹൈക്കോടതി ആരാഞ്ഞതാണ് ഇവിടത്തെ പ്രസക്തമായ കാര്യം. ഇക്കാര്യത്തില്‍ വിശദീകരണം നല്കാന്‍ സര്‍ക്കാരിനു ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നല്കിയിരിക്കുകയാണ്.
ഒരു ദുരന്തം വന്നാലേ ഉറക്കം വിട്ടുണരൂ എന്ന നിലയിലാണ് ഉത്തരവാദിത്വപ്പെട്ട ഭരണാധികാരികള്‍. പുഴകള്‍ കരകവിഞ്ഞൊഴുകിയും വന്യജീവികള്‍ കടന്നാക്രമിച്ചും തെരുവുനായ്ക്കള്‍ കടിച്ചുപറിച്ചും ആളുകള്‍ ഒരു ഡസനെങ്കിലും മരിച്ചാലേ അതതു വകുപ്പുകള്‍ ഉണരൂ എന്നു വന്നാല്‍ അതെത്രയോ ഭീതിദമാണ്, ലജ്ജാകരമാണ്!
2023 ല്‍ 3.06 ലക്ഷം പേരും 2024 ല്‍ 3.16 ലക്ഷം പേരും നായ്ക്കളുടെ കടിയേറ്റു ചികിത്സ തേടുകയുണ്ടായി. ഇക്കൊല്ലം ആദ്യ അഞ്ചു മാസങ്ങളില്‍ മാത്രം കേരളത്തില്‍ ഇവറ്റകളുടെ കടിയേറ്റവര്‍ 1.65 ലക്ഷമാണ്. അവരില്‍ 17 പേര്‍ മരണത്തിനു കീഴടങ്ങുകയും ചെയ്തു.
തെരുവുനായശല്യം ഇത്രയേറെ രൂക്ഷമായിട്ടും ഇവയുടെ പ്രജനനം കുറയ്ക്കാനുള്ള വന്ധ്യകരണപദ്ധതിയായ എബിസി (അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍) യുമായി ഇഴഞ്ഞുനീങ്ങുന്ന സര്‍ക്കാരിനോട് ഒന്നേ ചോദിക്കാനുള്ളൂ - എന്തുകൊണ്ട് ഇവയെ വെടിവച്ചു കൊന്നുകൂടാ? ഭരണമുന്നണിയിലെ ഒരു പ്രധാനകക്ഷിയുടെ നേതാവുതന്നെ അതാവശ്യപ്പെട്ടുകഴിഞ്ഞു. ഒരു പക്ഷിപ്പനിയോ പന്നിപ്പനിയോ വന്നാല്‍ ആയിരക്കണക്കിനു കോഴികളെയും താറാവുകളെയും പന്നികളെയും കൊന്നൊടുക്കുന്ന ഭരണ-നിയമസംവിധാനങ്ങളുള്ള നാട്ടില്‍ തെരുവുനായ്ക്കള്‍ എങ്ങനെ നിയമത്തിനു പുറത്തായെന്നു സര്‍ക്കാര്‍ വിശദീകരിക്കണം. പേപ്പട്ടിയെപ്പോലും കൊല്ലാന്‍ കേന്ദ്രചട്ടങ്ങള്‍ അനുവദിക്കുന്നില്ലായെന്നു പറഞ്ഞ് മന്ത്രി എം.ബി. രാജേഷ് ഈയിടെ കൈമലര്‍ത്തുകയുണ്ടായി. ഇവിടെ പരിഹാരം പുതിയ നിയമം നിര്‍മിച്ചു പാസാക്കുകയാണ്. ഇനിയത് ഒട്ടും വൈകിക്കൂടാ. വന്യജീവി-തെരുവുനായശല്യത്തില്‍നിന്നു ജനങ്ങള്‍ക്കു ശാശ്വതമോചനമുണ്ടാവണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമേകാതെ എന്തു സര്‍ക്കാര്‍? എന്ത് ആരോഗ്യകേരളം?