•  Published From Palai
  •  Contact Us
  •  Previous Issues
  •  17 Jul 2025
  •  ദീപം 58
  •  നാളം 19
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • ബാലനോവല്‍
    • നോവല്‍
    • കാര്‍ഷികം
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

ഇന്ത്യന്‍ കര്‍ഷകര്‍ അമേരിക്കന്‍ അടിമത്തത്തിലേക്കോ?

  • അഡ്വ. വി. സി. സെബാസ്റ്റ്യന്‍
  • 17 July , 2025

ഇന്ത്യ ഇതിനോടകം ഏര്‍പ്പെട്ട 16 സ്വതന്ത്ര വ്യാപാരക്കരാറുകളില്‍ കാര്‍ഷികമേഖലയ്ക്ക് ഏറ്റവും അപകടം സൃഷ്ടിച്ചിരിക്കുന്നത് ആസിയാന്‍ വ്യാപാരക്കരാറാണ്. ഈ കരാറിന്റെ മറവില്‍ നികുതിരഹിതവും അനിയന്ത്രിതവുമായ കാര്‍ഷികോത്പന്ന ഇറക്കുമതി ഇന്നും കര്‍ഷകന്റെ നടുവൊടിക്കുന്നു. കേരളത്തിലെ കര്‍ഷകന്റെ സകല സ്വപ്‌നങ്ങളും പ്രതീക്ഷകളും തകര്‍ത്ത റബറിന്റെയും ഇതരനാണ്യവിളകളുടെയും വിലത്തകര്‍ച്ചയിലെ വില്ലനാണ് ആസിയാന്‍ കരാര്‍. എന്നാല്‍, ആസിയാനെപ്പോലും നിഷ്പ്രഭമാക്കുന്നതും ഗ്രാമീണകര്‍ഷകനെ തീറെഴുതി രാജ്യാന്തര കോര്‍പ്പറേറ്റുകള്‍ക്കു മുമ്പില്‍ മുട്ടുമടക്കിക്കുന്നതുമായ പുത്തന്‍ അമേരിക്കന്‍ വ്യാപാരക്കരാറിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങുമ്പോള്‍ വിശദാംശങ്ങള്‍ പഠിക്കാനും ശക്തമായി പ്രതികരിക്കാനും രാഷ്ട്രീയനേതൃത്വങ്ങളും കര്‍ഷക സംരക്ഷണം അവകാശമായി പ്രഖ്യാപിക്കുന്ന ജനപ്രതിനിധികളും ശ്രമിക്കാത്തത് അദ്ഭുതമുളവാക്കുന്നു.
കൃഷി-യുദ്ധക്കളം
അമേരിക്ക-ഇന്ത്യാ വ്യാപാരയുദ്ധക്കളത്തില്‍ കൃഷി ഒരു പ്രധാന ആയുധമാണ്. ഇന്ത്യ കാര്‍ഷികോത്പന്ന ഇറക്കുമതിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉയര്‍ന്ന താരിഫ് പിന്‍വലിക്കണമെന്നാണ് അമേരിക്ക മാറ്റമില്ലാതെ ആവശ്യപ്പെടുന്നത്. ഇന്ത്യയിലെ കര്‍ഷകരെ സംരക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിലവിലെ ഇറക്കുമതിച്ചുങ്കത്തില്‍നിന്ന് അമേരിക്കന്‍വാശിക്കുമുമ്പില്‍ മുട്ടുമടക്കി ഉഭയകക്ഷിക്കരാറിന്റെ പേരില്‍ പുറകോട്ടുപോകാനുള്ള ഒരുക്കത്തിലാണ് ഒരു പരിധിവരെ കേന്ദ്രവാണിജ്യമന്ത്രാലയം.
വന്‍ഇറക്കുമതിയില്‍നിന്നു കര്‍ഷകരെ സംരക്ഷിക്കാന്‍ ഇന്ത്യ ഉയര്‍ന്ന താരിഫ് നിലനിര്‍ത്തുന്നു. ചില ഉത്പന്നങ്ങള്‍ക്ക് 150 ശതമാനം വരെ താരിഫുണ്ട്. അമേരിക്കന്‍ കാര്‍ഷികോത്പന്നങ്ങളുടെ ആവറേജ് തീരുവനിരക്ക് 37.7 ശതമാനവും. ഇന്ത്യന്‍ കാര്‍ഷികോത്പന്നങ്ങളുടെ അമേരിക്കന്‍ ഇറക്കുമതിയിലെ തീരുവ 5.3 ശതമാനവുമാണ്. 2020 ല്‍ ഒരു അമേരിക്കന്‍ കര്‍ഷകന് ശരാശരി 46 ഹെക്ടറിലധികം കൃഷിയുള്ളപ്പോള്‍ ഇന്ത്യന്‍ കര്‍ഷകന് ഒരു ഹെക്ടറില്‍ താഴെമാത്രം. ഇന്ത്യ പ്രധാനമായും, അരി, ചെമ്മീന്‍, തേന്‍, പച്ചക്കറിസത്ത്, ആവണക്കെണ്ണ, കുരുമുളക് എന്നിവ അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുമ്പോള്‍ അമേരിക്ക ബദാം, വാല്‍നട്ട്, പിസ്ത, ആപ്പിള്‍, പയര്‍, സിന്തറ്റിക് റബര്‍, ക്ഷീരോത്പന്നങ്ങള്‍, പരുത്തി, ഗോതമ്പ്, ചോളം എന്നിവ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നു.
അമേരിക്കയുടേത് വാണിജ്യവത്കരിച്ച കാര്‍ഷികമേഖലയും കൃഷിയുമാണ്. ഇന്ത്യയില്‍ കൃഷി ഗ്രാമീണകര്‍ഷകന്റെ ഉപജീവനമാര്‍ഗമാണ്. അമേരിക്ക കൃഷിക്കു വന്‍തോതില്‍ സബ്‌സിഡി നല്‍കുകയും കര്‍ഷകരെ സംരക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍, ഇന്ത്യയിലെ ചെറുകിടകര്‍ഷകര്‍ക്കു സംരക്ഷണവുമില്ല; നിക്ഷേപശേഷിയുമില്ല.
ഇന്ത്യയിലെ സ്വകാര്യമേഖലയ്ക്കാകട്ടെ, കൃഷിയോടു താത്പര്യമില്ല. ഇന്ത്യയിലെ മൊത്തം സര്‍ക്കാര്‍, സ്വകാര്യനിക്ഷേപത്തിന്റെ 6 ശതമാനം മാത്രമേ കൃഷിയിലുള്ളൂ. ജലസേചനസംഭരണസൗകര്യങ്ങളുടെ അഭാവവും കാര്‍ഷികമേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ കാര്‍ഷിക താരിഫ് കുറയ്ക്കാനും താങ്ങുവില കുറയ്ക്കാനും ജനിതകമാറ്റം വരുത്തിയ വിളകളും പാലുത്പന്നങ്ങളും നികുതി കുറച്ചും നികുതിരഹിതമായും ഇറക്കുമതി ചെയ്യാനും കരാറൊപ്പിട്ടാല്‍ ഇന്ത്യയിലെ കര്‍ഷകരെ സര്‍ക്കാര്‍ കുരുതികൊടുക്കുകയായിക്കും. ആയുധമില്ലാതെ യുദ്ധക്കളത്തില്‍ കര്‍ഷകര്‍ മരിച്ചുവീഴുന്ന ദുരവസ്ഥയ്ക്കു കേന്ദ്രസര്‍ക്കാര്‍ വഴിയൊരുക്കരുത്.
കാര്‍ഷികസബ്സിഡി
കാര്‍ഷികസബ്‌സിഡി സംബന്ധിച്ച് ലോകവ്യാപാരക്കരാറില്‍ നിബന്ധനകളേറെയുണ്ട്. പക്ഷേ, അമേരിക്കയ്ക്ക് ഇതൊന്നും ബാധകമല്ല. വന്‍ സബ്സിഡി കര്‍ഷകര്‍ക്കു നല്‍കി കൂടുതല്‍ ഉത്പാദനവും സംഭരണവും അതോടൊപ്പം കര്‍ഷകസംരക്ഷണവും അമേരിക്കന്‍സര്‍ക്കാര്‍ നടപ്പിലാക്കുന്നു. മുന്‍കാലത്ത് ചീസിന്റെ വിലയിടിഞ്ഞപ്പോള്‍ ഒട്ടും മടിക്കാതെ കര്‍ഷകരില്‍നിന്ന് സര്‍ക്കാര്‍ പ്രഖ്യാപിത ഉയര്‍ന്ന വിലയ്ക്കു ചീസ് വിലയ്ക്കുവാങ്ങി കടലിലൊഴുക്കിയ ചരിത്രം അമേരിക്കയ്ക്കുണ്ട്. കര്‍ഷകരെ സംരക്ഷിക്കാന്‍ അമേരിക്കന്‍സര്‍ക്കാര്‍ കാണിക്കുന്ന പ്രതിബദ്ധത അത്രയ്ക്കും വലുതാണ്. ഇതിന്റെ തുടര്‍ച്ചയാണ് ഇന്ത്യയുടെ കാര്‍ഷികവിപണി കീഴടക്കാനുള്ള ട്രംപിന്റെ ആസൂത്രിത ശ്രമങ്ങളും. 2014 ല്‍ അമേരിക്ക അംഗീകരിച്ച പത്തുവര്‍ഷത്തേക്കുള്ള ഫാം ബില്ലിന്റെ മറവിലാണ് വന്‍ സബ്‌സിഡികള്‍ കര്‍ഷകര്‍ക്കു നല്‍കുന്നത്. കര്‍ഷകരെ സംരക്ഷിച്ച് എല്ലാ സൗകര്യങ്ങളുമൊരുക്കി ഉത്പാദനം വര്‍ദ്ധിപ്പിച്ച് അവര്‍ക്ക് രാജ്യാന്തര വിപണിയും കണ്ടെത്തിക്കൊടുക്കുന്ന സര്‍ക്കാര്‍ ഉത്തരവാദിത്വത്തിന് കൈയടിക്കുകതന്നെ വേണം.
ക്ഷീരമേഖലയില്‍ പ്രതിസന്ധി
ഇന്ത്യ-അമേരിക്ക വ്യാപാരക്കരാര്‍ ഏറ്റവും പ്രതിസന്ധിയിലേക്കു തള്ളിവിടാനിരിക്കുന്നത് ഇന്ത്യയുടെ ക്ഷീരമേഖലയാണ്. നിയന്ത്രണമില്ലാത്ത ക്ഷീരോത്പന്ന ഇറക്കുമതി പാല്‍വിപണിയുടെ തകര്‍ച്ച ഉറപ്പാക്കും. ആര്‍സിഇപി കരാറില്‍ ഒപ്പിടാതെ 2019 നവംബറില്‍ ഇന്ത്യ പിന്‍വാങ്ങിയത് പ്രധാനമായും ഇന്ത്യയിലെ ക്ഷീരകര്‍ഷകരെ സംരക്ഷിക്കാനാണ്. ന്യൂസിലാന്റ്, ഓസ്‌ട്രേലിയ സമഗ്രസാമ്പത്തിക കരാറിലും പാല്‍ ഉത്പന്നങ്ങളെ ഉള്‍ക്കൊള്ളിച്ചിട്ടില്ല. ഇത്രയും ശക്തമായ നിലപാട് സ്വീകരിച്ചവര്‍ അമേരിക്കയുടെ പിടിവാശിക്കുമുമ്പില്‍ മുട്ടുമുടക്കുന്നത് ഇന്ത്യയിലെ 70 ശതമാനത്തോളംവരുന്ന ഗ്രാമീണകര്‍ഷകരുടെ നെഞ്ചില്‍ ചവിട്ടിനിന്നാണ്. ലോകത്ത് പാലുത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണ് അമേരിക്കയിപ്പോള്‍. ചൈനയുമായി വര്‍ഷങ്ങളായി തുടരുന്ന വ്യാപാരയുദ്ധം ടണ്‍കണക്കിന് പാല്‍കട്ടികള്‍ കെട്ടിക്കിടക്കുന്ന സാഹചര്യം സൃഷ്ടിച്ചു. ഇതിന് പുതിയ വിപണി കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ലക്ഷ്യംവയ്ക്കുന്നത് ഇന്ത്യയാണ്. കരാറുമായി മുന്നോട്ടുനീങ്ങിയാല്‍ പാല്‍പ്പൊടിയോടൊപ്പം പ്രോട്ടീന്‍ നീക്കംചെയ്ത മട്ടപ്പൊടിയും ഇന്ത്യന്‍ വിപണിയിലെത്തുന്ന നാളുകള്‍ വിദൂരമല്ല.
ഭക്ഷ്യോത്പന്ന വിപണിയും തകരും
ഗോതമ്പുകയറ്റുമതിയില്‍ റഷ്യയെ പിന്തള്ളി അമേരിക്ക മുന്‍നിരയിലാണിന്ന്. ലോകവിപണിയുടെ 20 ശതമാനത്തോളം അമേരിക്കന്‍ഗോതമ്പാണ്. 2016ല്‍ അമേരിക്കയുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് ഇന്ത്യ ഗോതമ്പിന്റെ ഇറക്കുമതിച്ചുങ്കം എടുത്തുകളഞ്ഞത് സൃഷ്ടിച്ച ആഘാതാനുഭവങ്ങള്‍ നമുക്കുണ്ട്. പുതിയ കരാര്‍പ്രകാരം ഇറക്കുമതിത്തീരുവ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്താല്‍ തകര്‍ന്നടിയുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കര്‍ഷകരായിരിക്കും.
സോയാബിന്‍ എണ്ണയുടെ ഏറ്റവും വലിയ ഉത്പാദകരും കയറ്റുമതിരാജ്യവും അമേരിക്കതന്നെ. പ്രധാന ഇറക്കുമതി രാജ്യം ചൈനയായിരുന്നു. വ്യാപാരയുദ്ധത്തിന്റെ പേരില്‍ ചൈനയുടെ വിപണിയില്‍നിന്ന് അമേരിക്കയ്ക്കു വിട്ടുനില്‍ക്കേണ്ടിവന്നപ്പോള്‍ മറ്റൊരു വലിയ വിപണിയായ ഇന്ത്യയെ ലക്ഷ്യമിടുന്നു. ഇറക്കുമതിത്തീരുവ കുറച്ചാല്‍ പാമോയിലും ഒഴുകിയെത്തും. പ്രതിസന്ധിയിലാകുന്നത് തേങ്ങയുള്‍പ്പെടെ എണ്ണക്കുരുക്കള്‍.
ഇന്ത്യ ചോളത്തിന്റെ ഇറക്കുമതിരാജ്യമാണ്. അമേരിക്ക ചോളത്തിന്റെ ഏറ്റവും വലിയ കയറ്റുമതിക്കാരും. 2020 ജൂണില്‍ ഇറക്കുമതിത്തീരുവ കുറച്ചപ്പോള്‍ വിപണി അമേരിക്കയുടെ കൈകളിലേക്കു നീങ്ങി. ഇനി തീരുവ ഇല്ലാതാക്കിയാലോ? ഇന്ത്യയിലെ ചോളംകൃഷി അപ്രത്യക്ഷമാകും; കര്‍ഷകര്‍ വഴിയാധാരമാകും.
പഴങ്ങള്‍-പയറുവര്‍ഗങ്ങള്‍
അമേരിക്കയില്‍നിന്ന് ഇന്ത്യ ആപ്പിള്‍ ഇറക്കുമതി ചെയ്യുന്നു. മുന്‍കാലങ്ങളില്‍ ഇറക്കുമതി നിയന്ത്രിച്ചത് തീരുവ ഉയര്‍ത്തിയാണ്. പുതിയ കരാറിലൂടെ തീരുവ കുറച്ചാല്‍ ഈ വിപണിയും അമേരിക്കയുടെ നിയന്ത്രണത്തിലാകും. ബദാമിന്റെ കാര്യത്തിലും സ്ഥിതി വിഭിന്നമല്ല. ഇന്ത്യ ബദാമിന്റെ ഏറ്റവും വലിയ ഉത്പാദകരാജ്യമായിരുന്നിട്ടും തീരുവ കുറച്ചതുകൊണ്ട് ഇറക്കുമതിയും ഉയര്‍ന്നുനില്‍ക്കുന്നു. ഇതിന്റെ ആഘാതം അനുഭവിക്കുന്നത് പ്രധാനമായും ജമ്മു കാശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചെറുകിട കര്‍ഷകരാണ്.
പയറുവര്‍ഗങ്ങളുടെ അമേരിക്കന്‍ ഇറക്കുമതിക്ക് അല്പമെങ്കിലും കടിഞ്ഞാണിടാന്‍ ഇടയായത് 2018 ല്‍ ഇറക്കുമതി ത്തീരുവ കൂട്ടിയതാണ.് കടലയ്ക്ക് 70 ശതമാനവും മറ്റു പയറുവര്‍ഗങ്ങള്‍ക്ക് 50 ശതമാനവുമായി ഉയര്‍ത്തി. അനന്തരഫലമോ? ആഭ്യന്തര ഉത്പാദനം കൂടുകയും കയറ്റുമതി കുതിക്കുകയും ചെയ്തു. പുത്തന്‍ കരാറിലൂടെ തീരുവ കുറച്ചാല്‍ ഇറക്കുമതി കസറും. ഇന്ത്യയിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കും.
പരുത്തിക്കര്‍ഷകര്‍ക്ക് വന്‍ സബ്സിഡിയാണ് അമേരിക്ക നല്‍കുന്നത്. ലോകവ്യാപാരസംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങളെപ്പോലും ഇക്കാര്യത്തില്‍ അമേരിക്ക അട്ടിമറിച്ചു. പരുത്തി യുത്പാദനത്തില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനമെങ്കിലും കയറ്റുമതിയില്‍ അമേരിക്കയാണ് മുന്നില്‍. റബറിനെ വ്യവസായ അസംസ്‌കൃതവസ്തുവായും പരുത്തിയെ കാര്‍ഷികോത്പന്നമായുമുള്ള നിലപാട് ലോകവ്യാപാരസംഘടനയില്‍ നരസിംഹറാവുവിന്റെ  നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ 1994ല്‍ എടുത്തതു മറക്കാറായിട്ടില്ല. പരുത്തിയുടെ നികുതിരഹിത ഇറക്കുമതി ഇക്കുറി അമേരിക്കയുടെ മുഖ്യപരിഗണനയാണ്.
കോഴി, കരിമ്പ്, റബര്‍
കോഴിയിറച്ചി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായി അമേരിക്ക മാറുമെന്നുറപ്പായിട്ടുണ്ട്. 100 ശതമാനത്തില്‍നിന്ന് തീരുവ 26 ശതമാനത്തിലെത്തി പൂജ്യമാക്കാനുള്ള നീക്കത്തിലൂടെ കോഴിവ്യാപാരം കസറും. കോഴിയുടെ തുടയിറച്ചി അമേരിക്കക്കാര്‍ക്കു താത്പര്യമില്ല. അതാണ് ഇന്ത്യയിലേക്കു കയറ്റുമതി ചെയ്യുന്നത്. കോഴിമുട്ടയുടെ ഇറക്കുമതിയുമുണ്ടാകും.
ഇന്ത്യയുടെ പഞ്ചസാര ഇറക്കുമതിത്തീരുവ 100 ശതമാനമാണ് നിലവിലെങ്കിലും ഇറക്കുമതി തുടരുന്നു. അസംസ്‌കൃത പഞ്ചസാര ഇറക്കുമതി ചെയ്ത് ഇന്ത്യ സംസ്‌കരിച്ച് കയറ്റുമതി ചെയ്യുന്നു. 26 ശതമാനത്തിലേക്കും തുടര്‍ന്ന് നികുതിരഹിതവുമായി പഞ്ചസാര ഇറക്കുമതി മാറുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെ വോട്ടുനല്‍കി അധികാരത്തിലേറ്റി സംരക്ഷിക്കുന്ന സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ പെരുവഴിയിലാകും.
സിന്തറ്റിക് റബര്‍ ഏറ്റവും അധികം കയറ്റുമതി ചെയ്യുന്ന രാജ്യമാണ് അമേരിക്ക. ഇറക്കുമതി ഏറ്റവും കൂടുതല്‍ ഇന്ത്യയിലേക്കും. സിന്തറ്റിക് റബറിന്റെ നികുതിരഹിത ഇറക്കുമതി ഇന്ത്യന്‍ റബര്‍ വ്യവസായികളുടെ നിരന്തരമായ ആവശ്യമാണ്. സിന്തറ്റിക് റബറിന്റെ ഇറക്കുമതിത്തീരുവ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്താല്‍ ആഘാതമേല്‍ക്കുന്നത് റബര്‍കര്‍ഷകര്‍ക്കായിരിക്കും. പ്രതിസന്ധിയിലായിരിക്കുന്ന കേരളത്തിലെ റബര്‍ കര്‍ഷകര്‍ ഈ ഇറക്കുമതികൂടി അനുഭവിച്ചാല്‍ എല്ലാം നഷ്ടപ്പെട്ട് ചരിത്രത്തിലിടംനേടും.  
വിത്തുകളുടെ നിയന്ത്രണവും കരാറുകളുടെ ഭാഗമായി അമേരിക്കയിലെ ആഗോള കുത്തകകളിലേക്കു മാറും. ഉരുളക്കിഴങ്ങു കൃഷിയുടെ പേരില്‍ രാജ്യാന്തര കോര്‍പ്പറേറ്റുകള്‍ ഇന്ത്യന്‍ കര്‍ഷകരെ കോടതി കയറ്റിയ വേദനാജനകമായ അനുഭവം നമ്മുടെ മുന്നിലുണ്ട്. രാജ്യാന്തരഅജണ്ടകള്‍ ലക്ഷ്യംവെച്ച് വന്‍കിട കോര്‍പ്പറേറ്റുകളുടെ കടന്നുവരവിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ച കര്‍ഷകവിരുദ്ധകരാറുകളുടെ പിന്നാമ്പുറം എന്തായിരുന്നുവെന്ന് ഇന്ത്യ - അമേരിക്ക വ്യാപാരക്കരാറിന്റെ ഉള്ളറകളിലേക്കു പോയാല്‍ കൂടുതല്‍ ലഭ്യമാകും. പുത്തന്‍വ്യാപാരക്കരാറിന്റെ നിലവിലെ വിശദാംശങ്ങള്‍ കൃത്യമായി പുറത്തുവിടാതെ സര്‍ക്കാര്‍ രഹസ്യമാക്കിവയ്ക്കുന്നതിലും ദുരൂഹതകളേറെ. കേന്ദ്രസര്‍ക്കാര്‍ ഇതിനോടകം ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ വ്യാപാരക്കരാറുകളുടെയും ഇരകളായിരിക്കുന്നത് കര്‍ഷകരാണ്. വന്‍കിടകോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി കാര്‍ഷികമേഖലയെ വാണിജ്യമന്ത്രാലയം ആഗോളശക്തികള്‍ക്കു തുറന്നുകൊടുക്കുന്ന സമീപനം ഇന്ത്യ - അമേരിക്ക കരാറിലും ആവര്‍ത്തിക്കുന്നതു കര്‍ഷകസമൂഹത്തെ തീറെഴുതുന്നതിന് തുല്യമാണ്.  
യാഥാര്‍ത്ഥ്യങ്ങള്‍ 
തമസ്‌ക്കരിക്കരുത്
അമേരിക്കയിലെ വാണിജ്യ കര്‍ഷകരോടു വിപണിയില്‍ മത്സരിക്കുവാന്‍ ഇന്ത്യയിലെ ചെറുകിടകര്‍ഷകനാകില്ലെന്നുള്ള വസ്തുത നാം അംഗീകരിക്കണം. അമേരിക്കയില്‍ കൃഷി വന്‍കിടകുത്തകകളുടെ സ്വന്തമെങ്കില്‍ ഇന്ത്യയില്‍ ഗ്രാമീണകര്‍ഷകരുടെ ജീവല്‍പ്രശ്നവും നിലനില്പിന്റെ അടിസ്ഥാനവുമാണ്.
നിയന്ത്രണങ്ങളും നിരോധനങ്ങളുംമൂലം കാര്‍ഷികമേഖലയില്‍ സര്‍ക്കാരിന്റെ കൈകടത്തലുകള്‍ തുടരുമ്പോള്‍ കൃഷി ലാഭകരമാക്കാന്‍പോലും ഇന്ത്യയിലെ കര്‍ഷകര്‍ക്കിന്നാകുന്നില്ല. ഭൂപ്രശ്‌നങ്ങള്‍, വന്യജീവിയാക്രമണങ്ങള്‍, വനനിയമങ്ങള്‍, ഉത്പന്നങ്ങളുടെ വിലയിടിവ് തുടങ്ങി ആരും സംരക്ഷിക്കാനില്ലാത്ത ദയനീയചിത്രമാണ് ഇന്ത്യയിലെ കര്‍ഷകരുടേത്. അതേസമയം ലോകത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് വ്യാപാരരംഗത്തെ ആഗോളമത്സരങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറിനില്‍ക്കാനും നമുക്കാവില്ലെന്നുള്ളതു വസ്തുതയാണ്.
സ്വതന്ത്രവ്യാപാരക്കരാറുകളിലെ വലിയ അപകടങ്ങള്‍കൂടി കാണാതിരിക്കരുത്. ഒരു സമഗ്ര വ്യാപാരക്കരാര്‍ വെറും താരിഫ് ഉദാരവത്കരണം മാത്രമല്ല. സേവനങ്ങള്‍, നിക്ഷേപം, ബൗദ്ധികസ്വത്തവകാശം, ഉദ്ഭവനിയമങ്ങള്‍, ഡിജിറ്റല്‍ വ്യാപാരം, തൊഴില്‍, പരിസ്ഥിതിമാനദണ്ഡങ്ങള്‍ തുടങ്ങി ഏറെ സങ്കീര്‍ണമായ വിവിധ പ്രശ്നങ്ങളും നേരിടേണ്ടിവരുന്നു. ഒരു സമഗ്രകരാറിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയുമായി മേല്പറഞ്ഞ ഘടകങ്ങളെല്ലാമുള്ള ഒരു സ്വതന്ത്രവ്യാപാരക്കരാര്‍ ഒപ്പുവച്ചാല്‍ 1947 നു മുമ്പുള്ള ബ്രിട്ടീഷ് ഭരണകാലഘട്ടത്തിന്റെ അവസ്ഥയിലേക്കു നാം തിരിച്ചുപോകുമെന്നുറപ്പാണ്. അതിനാല്‍ അമേരിക്കയുമായി ഒരു ചെറിയ ഇടപാട് കരാര്‍ മാത്രമായിരിക്കും അഭിലഷണീയം. വ്യാപാരക്കരാറിന്റെ മറവിലെ ആഭ്യന്തരവിപണി മാത്രമല്ല അമേരിക്കയുടെ ലക്ഷ്യം. സര്‍ക്കാര്‍സംഭരണം, ബൗദ്ധികസ്വത്തവകാശം തുടങ്ങി മേല്‍ സൂചിപ്പിച്ച എല്ലാ മേഖലകളിലും അമേരിക്കന്‍ കൈകടത്തല്‍ ഭാവിയില്‍ ഉറപ്പാണ്.
ഉഭയകക്ഷി വ്യാപാരഉടമ്പടിയുടെ ഫലമായി സര്‍ക്കാര്‍ സംഭരണത്തില്‍ പങ്കാളിയായി ചുവടുകള്‍വച്ച് ഇന്ത്യയില്‍ മികച്ച വിപണിപ്രവേശനം ഉറപ്പാക്കാന്‍ അമേരിക്കയ്ക്കു സാധിക്കും. ഇന്ത്യന്‍ സര്‍ക്കാരിന്റെ ടെന്‍ഡറുകളില്‍ അമേരിക്കന്‍സ്ഥാപനങ്ങള്‍ക്കും പങ്കുചേരാന്‍ സാധിക്കുന്ന വന്‍ ചതിക്കുഴി അണിയറയിലൊരുങ്ങുന്നത് തിരിച്ചറിഞ്ഞു പ്രതികരിക്കാന്‍ രാഷ്ട്രീയനേതൃത്വങ്ങളും ജനപ്രതിനിധികളും കര്‍ഷകരുള്‍പ്പെടെ പൊതുസമൂഹവും ഇനിയും മടിക്കുന്നതെന്ത്?

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)