ബഷീര്കഥാപാത്രമായ എട്ടുകാലി മമ്മൂഞ്ഞിനെപ്പോലും നാണിപ്പിക്കുംവിധമാണ് വിഴിഞ്ഞം തുറമുഖനിര്‍മാണത്തിന്റെ പിതൃത്വം ചില നേതാക്കന്മാര്‍ അവകാശപ്പെട്ടത്. വിഴിഞ്ഞംതുറമുഖത്ത് ആദ്യമായെത്തിയ സാന്‍ ഫെര്‍ണാണ്ടോ എന്ന മദര്‍ഷിപ്പിനെ വരവേല്ക്കാന്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ തുറമുഖത്തിന്റെ അവകാശത്തര്‍ക്കം മറനീക്കി പുറത്തുവന്നു. ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്താണ് തുറമുഖനിര്‍മാണത്തിനുള്ള കരാര്‍ അദാനിയുമായി ഒപ്പുവച്ചതെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രം അക്കാര്യം മറന്നു. ഉമ്മന്‍ചാണ്ടിയുടെ പേരുപോലും സമ്മേളനത്തില്‍ അദ്ദേഹം പരാമര്‍ശിച്ചില്ല. രാഷ്ട്രീയഭേദമെന്യേ പലരും അതിനെ നന്ദികേടെന്നു വിശേഷിപ്പിച്ചു. വിഴിഞ്ഞം തുറമുഖത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയെ മറക്കാനാവില്ലെന്നു സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഫേസ്ബുക്കില്‍ കുറിച്ചു. രാഷ്ട്രീയത്തില്‍ തുടരാന്‍ താത്പര്യമുള്ള മന്ത്രി വാസവന്‍ ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ചു. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നതില്‍ മുഖ്യപങ്കുവഹിച്ച ഉമ്മന്‍ചാണ്ടിയുടെ പേരുപോലും പറയാത്ത നേതാവ് സ്വയം അവഹേളിതനായി. ഉമ്മന്‍ചാണ്ടി കടല്‍ക്കൊള്ള നടത്തുന്നുവെന്നാക്ഷേപിച്ച് സമരം നടത്തിയ പാര്‍ട്ടിയാണ് ഇപ്പോള്‍ തുറമുഖത്തിന്റെ പിതൃത്വം ഏറ്റെടുത്തിരിക്കുന്നത്.
അനാവശ്യമായ അവകാശത്തര്‍ക്കത്തിന്റെ പേരില്‍ കേരളത്തില്‍ എത്രയോ പദ്ധതികളാണ് മുടങ്ങിപ്പോയിട്ടുള്ളത്, വൈകിയിട്ടുള്ളത്. പണി തീര്‍ന്നിട്ടും അവകാശത്തിന്റെ പേരില്‍ ഉദ്ഘാടനം നടക്കാത്ത എത്രയോ പദ്ധതികളും സ്ഥാപനങ്ങളും റോഡുകളും നമ്മുടെ നാട്ടിലുണ്ട്. തമ്മിലടിക്കുന്ന നേതാക്കന്മാര്‍ മനസ്സിലാക്കേണ്ട കാര്യം ഇത് ആരുടെയും തറവാട്ടുസ്വത്തല്ല എന്നാണ്. ജനങ്ങളാണ് യഥാര്‍ഥ അവകാശികള്‍. അതിന്റെ കാവല്‍ക്കാരും നടത്തിപ്പുകാരുമാകാനുള്ള അവകാശമാണ് വോട്ടിലൂടെ ജനം നേതാക്കള്‍ക്കു നല്‍കിയിട്ടുള്ളത്. സാക്ഷരതയില്‍ മുന്നില്‍നില്ക്കുന്ന കേരളം വികസനത്തില്‍ പതിനഞ്ചാം സ്ഥാനത്താണ്. പിന്നിലാകാന്‍ പ്രധാന കാരണം തമ്മിലടിതന്നെ. ജനത്തെ മറക്കുന്ന നേതാക്കന്മാരെ ജനം മറക്കുന്നില്ലെന്നത് നേതാക്കന്മാരുടെ ഭാഗ്യംതന്നെ.
കേരളത്തിന്റെ വികസനത്തിനു മണ്ണുപോലെ പ്രധാനപ്പെട്ടതാണ് കടലും വനവും. ഇവ രണ്ടും കൊള്ളയടിക്കപ്പെടുന്നുണ്ടെങ്കിലും വികസനത്തിനുവേണ്ടി ഉപയോഗിക്കപ്പെടുന്നില്ല എന്നതാണു സത്യം. വിഴിഞ്ഞംപദ്ധതി ഉദ്ഘാടനം ചെയ്യപ്പെടുകവഴി കടല്‍ കേരളത്തിന് അനുഗ്രഹമായി മാറിയിരിക്കുകയാണ്. മത്സ്യസമ്പത്തിനെ വെല്ലുന്ന വരുമാനമാണ് അടുത്ത നാലു വര്‍ഷത്തെ പദ്ധതിപൂര്‍ത്തീകരണത്തിലൂടെ കേരളത്തിനു ലഭിക്കാന്‍ പോകുന്നത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞം മാറുകയാണ്. കാരണം, ഇന്ത്യയിലെ മറ്റു തുറമുഖങ്ങളെക്കാള്‍ അനുകൂലമായ ചില ഘടകങ്ങള്‍ വിഴിഞ്ഞത്തുണ്ട്. വലിയ കപ്പലുകള്‍ അടുക്കുന്നതിന് കടലിന് 10 മീറ്ററിലധികം ആഴം ആവശ്യമാണ്. വിഴിഞ്ഞത്ത് 20 മീറ്ററിലധികം ആഴമുണ്ട്. എത്ര വലിയ മദര്‍ഷിപ്പുകള്‍ക്കും വിഴിഞ്ഞത്ത് അടുക്കാന്‍ സാധിക്കും. രണ്ടാമത്തെ ഘടകം പ്രധാന കപ്പല്‍ച്ചാലില്‍നിന്നു വിഴിഞ്ഞം തുറമുഖത്തേക്ക് 10 നോട്ടിക്കല്‍ മൈല്‍ (19 കിലോമീറ്റര്‍) മാത്രമാണ് ദൂരം. അതായത്, കപ്പലുകള്‍ക്ക് ഒരു മണിക്കൂര്‍ സഞ്ചരിച്ചാല്‍ തുറമുഖത്തെത്താം. ഒരു കപ്പലിലെ കണ്ടെയ്‌നറുകള്‍ കയറ്റിയിറക്കാനുള്ള ശരാശരി സമയം പത്തു മണിക്കൂറാണ്.
വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ടം കമ്മീഷന്‍ ചെയ്യുന്നതിന് ഇനി മൂന്നു മാസംകൂടി വേണം. കഴിഞ്ഞ ദിവസം നടന്നത് ട്രയല്‍റണ്‍ മാത്രമാണ്. ഇപ്പോള്‍ വിഴിഞ്ഞം തുറമുഖത്തിന് 800 മീറ്റര്‍ ബര്‍ത്താണുള്ളത്. വരുന്ന നാലു വര്‍ഷത്തിനിടയില്‍ ബര്‍ത്തിന്റെ ദൈര്‍ഘ്യം രണ്ടു കിലോമീറ്ററായി നീട്ടിയാല്‍ ഒരേസമയം 6 കപ്പലുകള്‍ക്കു കയറ്റിയിറക്കുജോലി നിര്‍വഹിക്കാനാകും. നിലവില്‍, കണ്ടെയ്‌നര്‍ കപ്പലുകളുടെ നീളം 300 മുതല്‍ 400 വരെ മീറ്ററാണ്.
ഇപ്പോള്‍ രണ്ടു കപ്പലുകള്‍ക്കാണ് ഒരേ സമയം ജോലി ചെയ്യാവുന്നത്. ഇതോടൊപ്പം പുലിമുട്ടുകളുടെ നിര്‍മാണവും നടക്കണം. ഇപ്പോള്‍ 3005 മീറ്റര്‍ പുലിമുട്ടാണുള്ളത്. അത് നാലായിരം മീറ്ററാക്കണം. ഫ്രഞ്ച് പേറ്റന്റുള്ള അക്രോവോഡ് എന്ന പ്രത്യേകതരം കോണ്‍ക്രീറ്റ് നിര്‍മിതി ഉപയോഗിച്ചാണ് 20 മീറ്റര്‍ ആഴമുള്ള കടലിന്റെ അടിത്തട്ടുമുതല്‍ ജലനിരപ്പിനു മുകളില്‍ നാലു മീറ്റര്‍ ഉയരത്തില്‍ പുലിമുട്ടു നിര്‍മിച്ചത്.
ഇപ്പോള്‍ എട്ട് ഷിപ്പു ടു ഷോര്‍ ക്രെയിനുകളും 23 യാര്‍ഡ് ക്രെയിനുകളുമുപയോഗിച്ചാണ് കയറ്റിറക്കു നടത്തുന്നത്. ഇതിനുപുറമേ, 12 സെമി ഓട്ടോമേറ്റഡ് ക്രെയിനുകളും 36 യാര്‍ഡ് ക്രെയിനുകളും അടുത്തഘട്ടത്തില്‍ ആവശ്യമാണ്. ഇപ്പോള്‍ 10 ലക്ഷം ടിഇയു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. നാലുവര്‍ഷം കഴിഞ്ഞാല്‍ അത് 30-40 ലക്ഷമായി ഉയരും. ഒരു മദര്‍ഷിപ്പില്‍ 1200 കണ്ടെയ്‌നറുകളാണുണ്ടാവുന്നത്. മദര്‍ഷിപ്പ് തുറമുഖത്തുനിന്നു മാറിയാല്‍ ഫീഡര്‍ഷിപ്പുകള്‍വഴി കണ്ടെയ്‌നറുകള്‍ മുംബൈ, കല്‍ക്കട്ട, ചെന്നൈ, മംഗലൂര്‍, കൊച്ചി എന്നിവിടങ്ങളിലേക്കു കൊണ്ടുപോകും. ഓരോ ചരക്കുനീക്കത്തിനും പല തരത്തിലുള്ള നികുതികള്‍ ഈടാക്കും. അതാണ് കേരളത്തിന്റെ വരുമാനമാര്‍ഗം. തമ്മിലടിച്ച് അതു നശിപ്പിക്കാതിരിക്കുക.