ലോകസഭാമണ്ഡലങ്ങളുടെ എണ്ണവും അതിര്‍ത്തിയും ഓരോ സെന്‍സസിനുശേഷവും പുനര്‍നിര്‍ണയിക്കണമെന്നു ഭരണഘടനയുടെ 82-ാം വകുപ്പ് നിര്‍ദേശിക്കുന്നു. അതിന്‍പ്രകാരം 1951, 1961, 1971 എന്നീ മൂന്നു സെന്‍സസുകള്‍ക്കുശേഷം മണ്ഡലപുനര്‍നിര്‍ണയം നടന്നു. 1971 ലെ സെന്‍സസിനുശേഷമാണ് ലോകസഭാമണ്ഡലങ്ങളുടെ എണ്ണം 543 എന്നു നിജപ്പെടുത്തിയത്. ആ സമയത്ത് ജനസംഖ്യ 54.8 കോടിയായിരുന്നു. ഇന്നു ജനസംഖ്യ 140 കോടിയിലധികമാണ്. അതുകൊണ്ട് മണ്ഡലപുനര്‍നിര്‍ണയം നടത്തണമെന്ന സമ്മര്‍ദം തിരഞ്ഞെടുപ്പുകമ്മീഷനും കേന്ദ്രസര്‍ക്കാരിനുമുണ്ട്. അതിനുവേണ്ടിയുള്ള ചര്‍ച്ചകളും മുന്നൊരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.
1971 നുശേഷം പുനര്‍നിര്‍ണയം നടത്താതിരുന്നത് ജനസംഖ്യാനിയന്ത്രണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നതിനാലാണ്. 'നാം രണ്ട് നമുക്കു രണ്ട്' എന്ന കുടുംബാസൂത്രണപദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചത്. ഈ പദ്ധതി വിജയിച്ചുവെന്നു പറയാനാവില്ല. ഉത്തരേന്ത്യന്‍സംസ്ഥാനങ്ങള്‍ ഈ സര്‍ക്കാര്‍നിര്‍ദേശത്തെ ചെവിക്കൊണ്ടതായി കരുതാനാവില്ല. എന്നാല്‍, ദക്ഷിണേന്ത്യയിലെ ജനനനിരക്കു വലിയ തോതില്‍ കുറഞ്ഞു. കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവു സംഭവിച്ചു. ചില സമുദായങ്ങളില്‍ ഈ കുറവ് പ്രകടമാണ്. ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളും അതിനു കാരണമായി കരുതപ്പെടുന്നു.
ജനസംഖ്യാനിയന്ത്രണത്തിനുവേണ്ടി മരവിപ്പിച്ച മണ്ഡലപുനര്‍നിര്‍ണയപരിപാടി രണ്ടു തവണ നടത്തിയ ഭരണഘടനാഭേദഗതിയിലൂടെയാണ് സാധുവാക്കിയത്. 25 വര്‍ഷത്തേക്കാണ് ഓരോ തവണയും പുനര്‍നിര്‍ണയം നീട്ടിവച്ചത്. അതിന്റെ കാലാവധി 2026 ല്‍ തീരുകയാണ്. അതുകൊണ്ട് കേന്ദ്രസര്‍ക്കാരിനുമുമ്പില്‍ രണ്ടു സാധ്യതകളാണുള്ളത്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും അഭിപ്രായങ്ങള്‍ സ്വരൂപിച്ച് പുനര്‍നിര്‍ണയപദ്ധതി 25 വര്‍ഷത്തേക്കുകൂടി മരവിപ്പിക്കുക. അല്ലെങ്കില്‍ 2026 ലെ സെന്‍സസ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് മണ്ഡലങ്ങളുടെ എണ്ണവും അതിര്‍ത്തിയും പുതുക്കിനിശ്ചയിക്കുക.
നിലവിലുള്ള മാനദണ്ഡപ്രകാരം പുനര്‍നിര്‍ണയം നടത്തുന്നതില്‍ ദക്ഷിണേന്ത്യന്‍സംസ്ഥാനങ്ങള്‍ തൃപ്തരല്ലെന്നതിന്റെ സൂചനയായി ചെന്നൈയില്‍ നടന്ന ദക്ഷിണേന്ത്യന്‍ നേതാക്കന്മാരുടെ സമ്മേളനം. തമിഴ്‌നാട്, കേരള, പഞ്ചാബ് മുഖ്യമന്ത്രിമാരും കര്‍ണാടക ഉപമുഖ്യമന്ത്രിയും യോഗത്തില്‍ പങ്കെടുത്തു. ഇന്ത്യാസഖ്യത്തിന്റെ ഭാഗമാകാത്ത നേതാക്കളും സമ്മേളനത്തില്‍ പങ്കെടുത്തത് ശ്രദ്ധേയമായി. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍മാത്രം മണ്ഡലപുനര്‍നിര്‍ണയം നടന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അതു വലിയ നഷ്ടമുണ്ടാക്കും. ഇപ്പോള്‍ ദക്ഷിണേന്ത്യയില്‍നിന്ന് 129 എം.പി.മാര്‍ പാര്‍ലമെന്റിലുണ്ട്. ജനസംഖ്യാനുപാതത്തില്‍ പുനര്‍നിര്‍ണയം നടന്നാല്‍ അത് 103 ആയി കുറയും. ഉത്തേരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച്, ഉത്തര്‍പ്രദേശ്, ബീഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വന്‍തോതില്‍ സീറ്റുവര്‍ധനയുണ്ടാകും. പാര്‍ലമെന്റിന്റെ മൊത്തം അംഗബലം 800 ലധികമായി ഉയരുമെന്നു കണക്കാക്കപ്പെടുന്നു. പുതിയ പാര്‍ലമെന്റുമന്ദിരത്തില്‍ 888 ഇരിപ്പിടമുണ്ടെന്നു വാര്‍ത്തയുണ്ടായിരുന്നു.
എണ്ണംമാത്രം നോക്കിയുള്ള മണ്ഡലപുനര്‍നിര്‍ണയം സംസ്ഥാനങ്ങളുടെ ഫെഡറല്‍ അവകാശങ്ങള്‍ നഷ്ടപ്പെടുത്തുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമുണ്ട്. ജനസംഖ്യ കുറവുള്ള സംസ്ഥാനങ്ങള്‍ക്ക് പാര്‍ലമെന്റില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കില്ല. അതുകൊണ്ട് സംസ്ഥാനം കൈവരിച്ച വികസനവും പുരോഗതിയും ഉയര്‍ന്ന സാക്ഷരതയുമെല്ലാം മാനദണ്ഡമാക്കണമെന്ന നിര്‍ദേശത്തിനു പിന്തുണ വര്‍ധിച്ചുവരികയാണ്. അതുപോലെതന്നെ സംസ്ഥാനങ്ങളുടെ ജി.ഡി.പി. വിഹിതവും പരിഗണനാവിഷയമാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ദക്ഷിണേന്ത്യന്‍സംസ്ഥാനങ്ങളില്‍നിന്നു കേന്ദ്രത്തിനു ലഭിക്കുന്നത് ജിഡിപിയുടെ 36 ശതമാനമാണ്. എന്നാല്‍, അവിടെനിന്നു പാര്‍ലമെന്റില്‍ ലഭിക്കുന്ന പ്രാതിനിധ്യം 24 ശതമാനംമാത്രമാണ്. മറ്റൊരു നിര്‍ദേശമുയരുന്നത് ലോകസഭാമണ്ഡലങ്ങളുടെ എണ്ണം കുറേക്കാലത്തേക്കുകൂടി 543 ആയി നിലനിര്‍ത്തിക്കൊണ്ടു നിയമസഭാസീറ്റുകളുടെ എണ്ണം ജനസംഖ്യാനുപാതത്തില്‍ വര്‍ധിപ്പിക്കുക എന്നതാണ്. അങ്ങനെ ചെയ്താല്‍ ഫെഡറല്‍ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടു എന്ന പരാതിക്കു പരിഹാരമാകും.
പുതിയ മണ്ഡലപുനര്‍നിര്‍ണയത്തില്‍ ദക്ഷിണേന്ത്യന്‍സംസ്ഥാനങ്ങളുടെ സീറ്റ് കുറയില്ലെന്ന ആശ്വാസവാക്ക് അമിത്ഷായുടെ പക്കല്‍നിന്നുണ്ടായിട്ടുണ്ട്. ദക്ഷിണേന്ത്യന്‍സംസ്ഥാനങ്ങളുടെ സീറ്റ് കുറയുന്നില്ലെങ്കിലും ഉത്തരേന്ത്യന്‍സംസ്ഥാനങ്ങളുടെ സീറ്റു കൂടിയാല്‍ അതും പ്രശ്‌നമാണ്. ബിജെപിക്കു മേല്‍ക്കോയ്മയുള്ള വടക്കേയിന്ത്യയില്‍ ഇനിയും സീറ്റു കൂടിയാല്‍ ഇന്ത്യാസഖ്യത്തിന് ഒരിക്കലും അധികാരത്തിലേക്കു തിരിച്ചുവരാനാവില്ലെന്ന അവസ്ഥ ഇന്ത്യാസഖ്യത്തെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്.