•  6 Jul 2023
  •  ദീപം 56
  •  നാളം 18
നേര്‍മൊഴി

കുരിശിന്റെ പേരില്‍ മുതലെടുപ്പു പാടില്ല

   ഇടുക്കി പരുന്തുംപാറയില്‍ ഒരു കുരിശ് തകര്‍ക്കപ്പെട്ടു. തകര്‍ത്തത് കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂഉദ്യോഗസ്ഥരാണ്. തകര്‍ക്കാന്‍ കാരണം അനധികൃതഭൂമിയില്‍ സ്ഥാപിച്ച കുരിശാണെന്ന കാരണം പറഞ്ഞത്രേ. നിയമവിരുദ്ധനിര്‍മാണങ്ങള്‍ നീക്കം ചെയ്യുന്നതില്‍ തെറ്റു പറയാനാവില്ല. എന്നാല്‍, അത്തരം  പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ അതു വികാരത്തിന്റെ പ്രകടനമാകാതിരിക്കാനും    പ്രകോപനപരമാകാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ആ അവധാനത പക്ഷേ, കുരിശു തകര്‍ത്ത കാര്യത്തില്‍ കണ്ടില്ല. മാധ്യമങ്ങളെ വിളിച്ചുകൂട്ടി ആസൂത്രിതമായിട്ടാണ് വലിയ കോണ്‍ക്രീറ്റ് കുരിശ് തകര്‍ത്തു തരിപ്പണമാക്കിയത്. അതിനെ കുരിശിനോടുള്ള അനാദരവായും ക്രൈസ്തവരോടുള്ള വെല്ലുവിളിയായും വിശ്വാസികള്‍ വ്യാഖ്യാനിച്ചാല്‍ അതിനു തെറ്റു പറയാനാവില്ല.
    അനധികൃതകൈയേറ്റവും നിര്‍മാണവും തടയാനാണെങ്കില്‍ എന്തുകൊണ്ട് കുരിശുമാത്രം തകര്‍ക്കപ്പെട്ടു എന്ന ചോദ്യം ബാക്കിയാകുന്നു. പരുന്തുംപാറയിലും വാഗമണ്ണിലുമെല്ലാം സര്‍ക്കാര്‍ ഭൂമി കൈയേറി പണിതുയര്‍ത്തിയ കെട്ടിടങ്ങള്‍ക്ക് എന്തുകൊണ്ട് സര്‍ക്കാര്‍ പെര്‍മിറ്റും നിര്‍മാണാനുമതിയും നല്‍കി?
    കുരിശ് ആഘോഷമായി തകര്‍ക്കപ്പെട്ടത് സജിത്ത് ജോസഫ് എന്ന സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലും കൈവശത്തിലുമുള്ള ഭൂമിയിലാണ്. ഈ ഭൂമി രേഖാമൂലം നിയമാനുസൃതം വാങ്ങിയിട്ടുള്ളതാണ്. 2024-25 വര്‍ഷംവരെ നികുതി അടച്ചിട്ടുള്ള ഭൂമിയാണ്. അതുപോലെതന്നെ കെ.എസ്.ഇ.ബി.യില്‍നിന്ന് വൈദ്യുതികണക്ഷന്‍ അനുവദിച്ചിട്ടുള്ള ഭൂമിയുമാണ്. അവിടെ ഉയര്‍ത്തിയ കുരിശ് തകര്‍ത്ത നടപടി ദുരൂഹമാണ്. അനധികൃതനിര്‍മാണങ്ങള്‍ പരിശോധിക്കാന്‍ നിയമിതമായ എസ്.ഐ.റ്റിയുടെ റിപ്പോര്‍ട്ടുപ്രകാരം നാല്പതിലധികം നിയമലംഘനങ്ങള്‍ ആ പ്രദേശങ്ങളില്‍ നടന്നിട്ടുണ്ട്. അതു പരിഹരിക്കുന്നതിനുപകരം കുരിശുമാത്രം തകര്‍ത്തതിലാണ് ദുരൂഹതയും ആശങ്കയും.
കുരിശു തകര്‍ത്തതിന്റെ പിന്നിലുള്ള ശക്തികളെ വെളിച്ചത്തുകൊണ്ടുവരേണ്ടതുണ്ട്. ചില മാധ്യമങ്ങളും നിക്ഷിപ്തതാത്പര്യക്കാരും വര്‍ഗീയവാദികളും മതതീവ്രവാദികളുമൊക്കെ അതിന്റെ പിന്നിലുണ്ടെന്ന സംശയം ദൂരീകരിക്കാനുള്ള  ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. കുരിശു സ്ഥാപിച്ച് സ്ഥലം സ്വന്തമാക്കാനാണ് സ്ഥലം ഉടമ ശ്രമിച്ചതെങ്കില്‍ അതു തെളിയിക്കപ്പെടണം. കുരിശിനെ മറയാക്കി ലാഭം കൊയ്യാന്‍ ആരെയും അനുവദിച്ചുകൂടാ.
   കുരിശ് ക്രൈസ്തവര്‍ക്കു പൂജ്യവസ്തുവാണ്. കുരിശിനോട് അനാദരവ് കാണിക്കുന്നത് ക്രൈസ്തവരെ അപമാനിക്കുന്നതിനു തുല്യമാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ മതവികാരം ആളിക്കത്തിക്കുകയും സമാധാനാന്തരീക്ഷം തകര്‍ക്കുകയും ചെയ്യും. അതുകൊണ്ട് ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ തികഞ്ഞ  അവധാനതയോടും ജാഗ്രതയോടും വിവേകത്തോടുംകൂടി ഇടപെടുകയും മതസ്വാതന്ത്ര്യത്തിന്റെയും മതമൈത്രിയുടെയും അന്തരീക്ഷം നിലനിര്‍ത്തുകയും വേണം.
   കുരിശ് ക്രൈസ്തവരുടെ അടയാളവും ക്രൈസ്തവസാന്നിധ്യത്തിന്റെ സൂചനയുമാണ്. കുരിശ് ക്രൈസ്തവര്‍ക്കു രക്ഷയുടെയും പ്രത്യാശയുടെയും സന്ദേശമാണ് നല്‍കുന്നത്. കാരണം, യേശുവിന്റെ കുരിശുമരണം ലോകത്തിനു രക്ഷ കൊണ്ടുവന്നുവെന്നു ക്രൈസ്തവര്‍ വിശ്വസിക്കുന്നു. യേശുവിന്റെ കുരിശുമരണത്തിനുമുമ്പ് കുരിശ് അപമാനത്തിന്റെ അടയാളമായി കരുതപ്പെട്ടിരുന്നു. കൊടുംകുറ്റവാളികളെ കൊല്ലാനുള്ള മാര്‍ഗമായിരുന്നു കുരിശുമരണം. രണ്ടു മരക്കഷണങ്ങള്‍ കൂട്ടിക്കെട്ടിയാണ് അന്നു കുരിശുണ്ടാക്കിയിരുന്നത്. രണ്ടു മരങ്ങളെക്കുറിച്ചു ബൈബിളില്‍ പറയുന്നുണ്ട്. ഒന്ന്, നാശത്തിന്റെ മരമാണ്. ആദ്യമനുഷ്യര്‍ വിലക്കപ്പെട്ട കനി ഭക്ഷിച്ച മരമാണത്. അങ്ങനെയാണ് ലോകത്തില്‍ പാപമുണ്ടായത്. രണ്ടാമത്തേത് രക്ഷയുടെ മരമാണ്. അത് കാല്‍വരിക്കുന്നില്‍ ഉയര്‍ത്തിയ മരമാണ്. ആ കുരിശിലാണ് യേശു മനുഷ്യരക്ഷയ്ക്കുവേണ്ടി ജീവന്‍ ഹോമിച്ചത്.
   ക്രൈസ്തവര്‍ ആദരവോടെ വന്ദിക്കുന്ന കുരിശിനെ ഇന്നു പലവിധത്തില്‍ അപമാനിക്കുന്നു. സിനിമയിലും സീരിയലുകളിലും  മറ്റു കഥാവിഷ്‌കാരങ്ങളിലും  കുരിശിനെ അപഹാസ്യവിഷയമാക്കുന്നു. കുറ്റവാളികളും മദ്യപരും കൊലപാതകികളുമായ കഥാപാത്രങ്ങള്‍ കുരിശു ധരിക്കുകയും ആ കുരിശിനെ എടുത്തുകാണിക്കുകയും ചെയ്യുന്നത് ക്രൈസ്തവവിരുദ്ധതയുടെ ആവിഷ്‌കാരമായി കാണാതിരിക്കാനാവുകയില്ല. കുരിശിനെ മതവിരുദ്ധപ്രചാരണത്തിനുള്ള പ്രോപ്പര്‍ട്ടിയായി ഉപയോഗിക്കുന്ന രീതി അപലപനീയമാണ്. കുരിശു വന്ദിക്കാന്‍ ധാരാളം ഇടങ്ങള്‍ ഉണ്ടായിരിക്കെ ആള്‍പ്പാര്‍പ്പില്ലാത്ത ഇടങ്ങളില്‍ കുരിശു കൃഷി നടത്തുന്ന രീതി പ്രോത്സാഹനം അര്‍ഹിക്കുന്നില്ല.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)