കൊല്ലത്തെ ചുവപ്പണിയിച്ച് പതിനായിരക്കണക്കിനു റെഡ് വോളണ്ടിയര്‍മാര്‍ പങ്കെടുത്ത സിപിഎം സംസ്ഥാനസമ്മേളനം സമാപിച്ചു. വിഭാഗീയതയുടെ തമ്മിലടിയില്ലാതെ ഏകകണ്ഠമായ തീരുമാനങ്ങളോടെ പാര്‍ട്ടിസമ്മേളനം പൂര്‍ത്തിയായി. പാര്‍ട്ടിസെക്രട്ടറിയായി എം.വി. ഗോവിന്ദന്‍ തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ അകാലവിയോഗത്തില്‍ പാര്‍ട്ടി സെക്രട്ടറിയായി നിയോഗിക്കപ്പെട്ട ഗോവിന്ദന്‍ മാഷ് ഇത്തവണ പാര്‍ട്ടിസമ്മേളനത്തില്‍ ഔദ്യോഗികമായ തിരഞ്ഞെടുപ്പോടെ ആ സ്ഥാനത്തെത്തി.
സിപിഎമ്മില്‍ പാര്‍ലമെന്ററി പൊളിറ്റിക്‌സിനെക്കാള്‍ പ്രാധാന്യം സംഘടനാരാഷ്ട്രീയത്തിനാണ്. മന്ത്രിമാരും ജനപ്രതിനിധികളും പറയുന്നതുപോലെയല്ല പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്; പകരം, പാര്‍ട്ടി നിശ്ചയിക്കുന്നതുപോലെയാണ് മന്ത്രിമാരും മറ്റു ജനപ്രതിനിധികളും വര്‍ത്തിക്കുന്നത്. പാര്‍ട്ടിസെക്രട്ടേറിയറ്റില്‍ മൂന്നു പുതുമുഖങ്ങള്‍ക്ക് അവസരം കിട്ടി. കെ. കെ. ഷൈലജ, എം.വി. ജയരാജന്‍, സി.എന്‍. മോഹനന്‍. പ്രായപരിധിയുടെ പേരില്‍ ഒഴിവായ എ.കെ. ബാലന്‍, പി.കെ. ശ്രീമതി, ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ക്കു പകരമാണ് പുതിയ അംഗങ്ങള്‍. സെക്രട്ടേറിയറ്റില്‍ 17 അംഗങ്ങളാണുള്ളത്. 88 പേരുള്ള സംസ്ഥാനകമ്മിറ്റിയില്‍ 17 പുതുമുഖങ്ങളുണ്ട്.
കമ്യൂണിസ്റ്റുകാര്‍ പൊതുവെ ത്യാഗികളാണെങ്കിലും പാര്‍ട്ടിസ്ഥാനങ്ങള്‍ നഷ്ടപ്പെടുന്നതില്‍ പലര്‍ക്കും വിഷമമുണ്ട്. ഈ സങ്കടം ഒളിഞ്ഞും തെളിഞ്ഞും കമ്യൂണിസ്റ്റുസംസ്‌കാരത്തിനു പരിക്കുണ്ടാകാത്തവിധം അവര്‍ പ്രകടിപ്പിക്കുകയും ചെയ്തു. പ്രായത്തിന്റെയും അനാരോഗ്യത്തിന്റെയുംപേരില്‍ ഒഴിവാകേണ്ടിവന്നവര്‍ക്കു മറ്റു ഗത്യന്തരങ്ങളില്ല. അല്ലാത്തവരാണ് അസ്വസ്ഥരായത്. സ്ഥാനമാനങ്ങളും സ്ഥാനക്കയറ്റങ്ങളും പ്രതീക്ഷിച്ചിരുന്ന പി. ജയരാജനും പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗം എം. പത്മകുമാറും തങ്ങളുടെ ബുദ്ധിമുട്ട് സാമൂഹികമാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചു. കണ്ണൂര്‍കാരി എന്‍. സുകന്യയും തന്റെ വ്യസനം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. എം.ബി. രാജേഷും കടകംപള്ളി സുരേന്ദ്രനും ഉയര്‍ന്ന പാര്‍ട്ടിസ്ഥാനങ്ങള്‍ ലഭിക്കാതെപോയവരുടെ പട്ടികയില്‍പ്പെടുന്നു. വി.എസ്. അച്ചുതാനന്ദന്‍ ജീവിച്ചിരിപ്പുണ്ടെന്ന തോന്നല്‍പോലും ജനിപ്പിക്കാതെയാണ് കൊല്ലം സമ്മേളനം അവസാനിച്ചത്. 75 വയസ്സിന്റെ അടിസ്ഥാനത്തില്‍ പലരും ഒഴിവാക്കപ്പെട്ടപ്പോള്‍ ആ പ്രായത്തിന്റെ പടിവാതില്‍ക്കലെത്തി നില്ക്കുന്ന രണ്ടുപേര്‍ - ഇ.പി. ജയരാജനും ടി.പി. രാമകൃഷ്ണനും സാങ്കേതികത്വത്തിന്റെ ന്യായത്തില്‍ രക്ഷപ്പെട്ടു. സെക്രട്ടേറിയറ്റിലും സംസ്ഥാനകമ്മിറ്റിയിലും ഇടംപിടിച്ചവരിലധികവും മുഖ്യമന്ത്രിയോടു കൂറുള്ളവരാണെന്നത് പാര്‍ട്ടിക്കുള്ളിലെ സംസാരവിഷയമാണ്. സംസ്ഥാനകമ്മിറ്റിയിലെ 19 പേര്‍ കണ്ണൂര്‍ സ്വദേശികളാണ്. മുഖ്യമന്ത്രിക്കു വേണ്ടപ്പെട്ടവര്‍മാത്രമാണ് ഉന്നതാധികാരസമിതിയിലുള്ളത്. മുഖ്യമന്ത്രി എന്ന നേതാവിന്റെ കരുത്തും സ്വാധീനവും തന്ത്രജ്ഞതയുമാണ് അതു വെളിപ്പെടുത്തുന്നത്. കൂടെ നിറുത്താനും കീഴില്‍ നിറുത്താനുമുള്ള കഴിവാണ് ഒരു നേതാവിനാവശ്യം. അതു വേണ്ടതിലധികമുള്ള നേതാവാണ് മുഖ്യമന്ത്രി.
പാര്‍ട്ടിസംസ്ഥാനസമ്മേളനമായിരുന്നെങ്കിലും ചര്‍ച്ച ചെയ്തത് സര്‍ക്കാരിന്റെ നയരേഖതന്നെയാണ്. 'കേരളത്തെ നയിക്കാന്‍ പുതുവഴികള്‍' എന്നതായിരുന്നു ചര്‍ച്ചാവിഷയം. കൊച്ചിയില്‍ വച്ചു നടന്ന കഴിഞ്ഞ സംസ്ഥാനസമ്മേളനത്തിന്റെ വിഷയം 'നവകേരളത്തിന്റെ പാര്‍ട്ടി കാഴ്ചപ്പാട്' പാസാക്കപ്പെട്ടതുപോലെ ചര്‍ച്ചയും തിരുത്തലുമില്ലാതെ ഇത്തവണത്തെ ചര്‍ച്ചാവിഷയം പാസാക്കാനായില്ല. ആവശ്യകമായ ഭേദഗതികളോടെയാണ് വിഷയം അംഗീകരിക്കപ്പെട്ടത്. ലോകസഭാതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ കനത്ത തിരിച്ചടിയും സാമ്പത്തികഞെരുക്കവും പണം കണ്ടെത്താന്‍വേണ്ടി നിര്‍ദേശിക്കപ്പെട്ട സെസുകളും ടോള്‍പിരിവുമൊക്കെ വിമര്‍ശനവിധേയമായതും ഭരണനേതൃത്വത്തെ വീണ്ടുവിചാരത്തിനു പ്രേരിപ്പിച്ചു. അതിനുള്ള തെളിവ് മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം. ജനവിരുദ്ധമോ ജനങ്ങള്‍ക്കു ഭാരമുണ്ടാക്കുന്നതോ ആയ ഒരു നീക്കവും ഭരണപക്ഷത്തുനിന്നുണ്ടാകില്ലെന്നു പ്രതിനിധികള്‍ക്കു മുഖ്യമന്ത്രി ഉറപ്പുനല്‍കി.
സാങ്കേതികമായി കൊല്ലം സമ്മേളനം പാര്‍ട്ടിയുടെ സംസ്ഥാനസമ്മേളനമായിരുന്നെങ്കിലും ഈ വര്‍ഷാവസാനത്തിലും അടുത്ത വര്‍ഷാരംഭത്തിലും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്കുള്ള ഒരുക്കമായിട്ടാണ് പാര്‍ട്ടി സമ്മേളനത്തെ പ്രയോജനപ്പെടുത്തിയത്. മൂന്നാം ഊഴത്തിനുവേണ്ടി നിലവിലുള്ള പാര്‍ട്ടിനിയമങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്നതില്‍ ബുദ്ധിമുട്ടില്ലെന്ന ചിന്ത പ്രതിനിധിസമ്മേളനത്തില്‍ വികസിപ്പിച്ചെടുക്കാന്‍ മുഖ്യമന്ത്രിയുടെ ടീമിനായി എന്നത് നിസ്സാരമായി കരുതാനാവുകയില്ല. പാര്‍ട്ടിയുടെ പഴഞ്ചന്‍നിലപാടുകളില്‍നിന്നു മാറാതെ തുടര്‍ഭരണസാധ്യതയില്ലെന്ന തിരിച്ചറിവ് പാര്‍ട്ടിക്കുണ്ട്. കട്ടന്‍കാപ്പിയുടെയും പരിപ്പുവടയുടെയും കാലം കഴിഞ്ഞു. വികസനത്തിന്റെ വഴികളില്‍ സഞ്ചരിക്കുന്നവരെ പിന്തുണയ്ക്കാനാണ് സമ്മതിദായകര്‍ക്കിഷ്ടം.
നേര്‍മൊഴി
കൊല്ലംസമ്മേളനം നല്‍കുന്ന സൂചനകള്‍
