•  2 May 2024
  •  ദീപം 57
  •  നാളം 8
ശ്രേഷ്ഠമലയാളം

മണിപ്രവാളം

ര്യാധിനിവേശത്തിന്റെ സദ്ഫലങ്ങളില്‍ ഒന്നാണ് മണിപ്രവാളം. പാട്ടുപ്രസ്ഥാനത്തിനു സമാന്തരമായാണ് മണിപ്രവാളവും വളര്‍ന്നുവന്നത്. ''ഭാഷാസംസ്‌കൃതയോഗോ മണിപ്രവാളം'' (സൂത്രം1)* എന്നു ലീലാതിലകകാരന്‍ ലക്ഷണം ചെയ്തു. ഭാഷയുടെയും സംസ്‌കൃതത്തിന്റെയും യോഗം മണിപ്രവാളമാകുന്നു. ലക്ഷണസൂത്രത്തിലെ ഭാഷയ്ക്കു കേരളഭാഷ (ഇന്നത്തെ മലയാളം) എന്നര്‍ഥം. അതാകട്ടെ, ഉത്കൃഷ്ടം, അപകൃഷ്ടം എന്നിങ്ങനെ രണ്ടുവിധമുണ്ട്. ത്രൈവര്‍ണികരുടെ ഭാഷ ഉത്കൃഷ്ടവും ത്രൈവര്‍ണികേതരരുടെ ഭാഷ അപകൃഷ്ടവുമാണ്. മണിപ്രവാളത്തിലെ ഭാഷ ഉത്കൃഷ്ടമായിരിക്കണം. സംസ്‌കൃതപ്രത്യയാന്തപദങ്ങളെയാണ് സംസ്‌കൃതം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അവയും രണ്ടു വിധമുണ്ട്. സംസ്‌കൃതപ്രകൃതികളില്‍ സംസ്‌കൃതപ്രത്യയം ചേര്‍ത്തുണ്ടാക്കുന്ന ശുദ്ധസംസ്‌കൃതവും (ആകര്‍ണ്യതാം - കേള്‍ക്കപ്പെട്ടാലും) ഭാഷാപ്രകൃതികളില്‍ സംസ്‌കൃതപ്രത്യയം ചേര്‍ത്തുണ്ടാക്കുന്ന സംസ്‌കൃതഭാഷയും (അര്‍പ്പയതി - അര്‍പ്പിക്കുന്നു). ഈ രണ്ടു രീതിയിലുള്ള പദങ്ങള്‍ മണിപ്രവാളത്തില്‍ പ്രയോഗിക്കാം.
സഹൃദയരുടെ ഹൃദയത്തെ വശീകരിക്കത്തക്കവിധമുള്ള സന്നാഹ(ചേര്‍ച്ച)മാണ് യോഗം. രസം, ഗുണം, അലങ്കാരം, ദോഷാഭാവം എന്നീ യോഗ്യതകളുടെ അനിവാര്യതയാണത്. പദ്യമാണെങ്കില്‍ വൃത്തവ്യവസ്ഥയും വേണമെന്നുണ്ട്. മണിക്ക് ചെമന്ന മാണികമെന്നും പ്രവാളത്തിനു പവിഴമെന്നും അര്‍ഥം (മുത്തും പവിഴവും). മണി ഭാഷയെയും പ്രവാളം സംസ്‌കൃതത്തെയും അധ്യവസാനം ചെയ്യുന്നു. ഈ ചെമന്ന മുത്തുകളെ കോര്‍ക്കുന്ന നൂലും ചെമന്നതായിരിക്കണം. മുത്തും പവിഴവും ചെന്നൂലില്‍ കോര്‍ത്തുകെട്ടുമ്പോള്‍, മാല അഭംഗുരഭംഗിയില്‍ തിളങ്ങും. അതുപോലെ കേരളഭാഷയും സംസ്‌കൃതവും കലര്‍ന്നുണ്ടാകുന്ന മിശ്രഭാഷയാണ് ലീലാതിലകകാരനെ സംബന്ധിച്ചിടത്തോളം ലക്ഷണയുക്തമായ മണിപ്രവാളം.
''തമിഴ്മണി സംസ്‌കൃതപവിഴം/ കോര്‍ക്കിന്റേന്‍ വൃത്തമാന ചെന്നൂന്മേല്‍'' (തമിഴാകുന്ന- കേരളഭാഷ-മണിയും സംസ്‌കൃതമാകുന്ന പവിഴവും വൃത്തമാകുന്ന ചെന്നൂലിന്‍മേല്‍ കോര്‍ക്കുന്നു) എന്ന 'യോഗപഞ്ചശതക'മെന്ന ഒരു വൈദ്യശാസ്ത്രഗ്രന്ഥത്തില്‍ ഉള്ള നിര്‍വചനം അംഗീകരിച്ചുകൊണ്ടാണ് ആചാര്യന്‍ ഇപ്രകാരം നിരീക്ഷിച്ചത്. അന്നു നിലവിലിരുന്ന മറ്റു മണിപ്രവാളലക്ഷണങ്ങളെല്ലാം ലീലാതിലകകാരന്‍ തള്ളിക്കളയുകയും ചെയ്തു. ഭാഷ, രസം എന്നിവയുടെ പ്രാധാന്യം ആധാരമാക്കി ആചാര്യന്‍ മണിപ്രവാളരൂപങ്ങളെ ഒമ്പതായി വിഭജിച്ച് ഉദാഹരണങ്ങളും നല്‍കി.** ഏ.ഡി. 12 മുതല്‍ 15 വരെയുള്ള നൂറ്റാണ്ടുകളാണ് മണിപ്രവാളകവിതകളുടെ സുവര്‍ണകാലഘട്ടം. കേരളഭാഷയെ സംസ്‌കൃതവുമായി കൂട്ടിക്കലര്‍ത്തി മലയാളഭാഷയുടെ പിറവിക്കു പശ്ചാത്തലമൊരുക്കാന്‍ മണിപ്രവാളപ്രസ്ഥാനത്തിനു കഴിഞ്ഞുവെന്നതത്രേ ചരിത്രനേട്ടം.
* ഗോപിക്കുട്ടന്‍, ലീലാതിലകം (വ്യാഖ്യാനം),കറന്റ് ബുക്‌സ്, കോട്ടയം, 1996,പുറം-19, 21, 24.
**ഗോപിനാഥപിള്ള, വട്ടപ്പറമ്പില്‍, ഭാഷാദര്‍പ്പണം (ഭാഷാ പരിണാമത്തില്‍ കണ്ണശ്ശന്മാര്‍), ഗോകുലം പബ്ലിക്കേഷന്‍, തിരുവനന്തപുരം, 2003, പുറം-37.

 

Login log record inserted successfully!