•  3 Jul 2025
  •  ദീപം 58
  •  നാളം 17
ശ്രേഷ്ഠമലയാളം

വികാരി

   എഴുതുന്ന ആളിന്റെ മനോഭാവം വാക്കുകളില്‍ പ്രതിഫലിക്കും. നല്ല എഴുത്തുകാര്‍ പദങ്ങള്‍ ശ്രദ്ധിച്ചേ  ഉപയോഗിക്കൂ. അത് അവരുടെ വ്യക്തിത്വത്തോടും ശൈലിയോടും ബന്ധപ്പെട്ടുനില്‍ക്കുന്നു. ''ശൈലിയാണ് മനുഷ്യന്‍'' എന്നു പറയാവുന്നിടത്തോളം ആത്മവത്ത അതില്‍ സ്ഫുരിച്ചുനില്‍ക്കും. ഇതിനു വിപരീതമായ രചനാരീതിയുമുണ്ട്. അതിലാണ് പലര്‍ക്കും താത്പര്യം. വികാരി എന്ന നാമത്തിന് ''വികാരമുള്ള'' എന്നൊരു അര്‍ഥം എവിടെയുമില്ല. വിശേഷണമായി നില്‍ക്കുമ്പോള്‍ മാത്രമേ വികാരമുള്ള എന്നൊരു അര്‍ഥം വരുന്നുള്ളൂ. അതാകട്ടെ അപ്രസിദ്ധവും.
   വികാരി എന്ന നാമരൂപത്തിന് ഒരു ഇടവകയിലെ മേലധികാരിയായ പുരോഹിതന്‍, പള്ളി ഇടവകയുടെ ചുമതലക്കാരനായ പുരോഹിതന്‍ (ഇവൃശേെശമി ജൃശലേെ, ഢശരമൃ) എന്നെല്ലാമാണ് പ്രസിദ്ധാര്‍ഥം. ലത്തീന്‍ഭാഷയില്‍ വികാരിയൂസ് (ഢശരമൃശൗ)െ എന്നൊരു വാക്കുണ്ട്.     പ്രതിപുരുഷന്‍ എന്നര്‍ഥം. വികാരിയൂസ് പോര്‍ത്തൂഗീസ് ഭാഷയില്‍ വിഗാരിയോ എന്നു രൂപം പ്രാപിച്ചു. അതില്‍നിന്നാണ് മലയാളത്തില്‍ വികാരി(വിഗാരി) എന്ന പദമുണ്ടായത് (ക്രൈസ്തവശബ്ദകോശം, ഡോ. ജോര്‍ജ് കുരുക്കൂര്‍).
വികാരിയെ വിഗാരിയാക്കുന്നതിന്റെ പിന്നിലും ഒരു ഭാഷാനയം പ്രവര്‍ത്തിക്കുന്നുണ്ട്. ദ്രാവിഡഭാഷകളുടെ സ്വഭാവമായി എടുത്തു കാണിക്കാറുള്ള ഒരു പ്രത്യേകതയാണത്. സ്വരമധ്യത്തില്‍ വരുന്ന ഖരാക്ഷരങ്ങളുടെ ഉച്ചാരണം മൃദുവാകുന്ന പ്രവണത. അതിന് ഖരമൃദുവിനിമയം എന്നു സാങ്കേതികമായി പറയും. ദ്രാവിഡഭാഷകളുടെ സവിശേഷത വ്യക്തമാക്കിയപ്പോള്‍ ഡോ. റോബര്‍ട്ട് കാല്‍ഡ്വെല്‍ എടുത്തുകാണിച്ച ഒന്നാണിത്. അതനുസരിച്ച് പകുതി - പഗുതിയും വികാരി - വിഗാരിയുമാകുന്നു. ഈ ഉച്ചാരണവ്യതിയാനത്തെ തെറ്റാണെന്ന് ആരും ഗണിച്ചിട്ടില്ല. അര്‍ഥത്തിന് സംശയം ജനിപ്പിക്കാത്തിടത്തേ ഇത് അനുവദിക്കുകയുള്ളൂ എന്നു മാത്രം.
പദത്തിന്റെ നിരുക്തിയും അര്‍ഥവും വേണ്ടപോലെ മനസ്സിലാക്കാതെ, 'വികാരമുള്ളവന്‍ വികാരി' എന്നും മറ്റും വികാരിയുടെ അര്‍ഥം ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ കടത്തിവിടുന്നു. ഇവരുടെ പ്രവൃത്തി ദുരുപദിഷ്ടമെന്നേ പറയേണ്ടൂ. ശരിയെക്കാള്‍ വേഗം തെറ്റ് പ്രചരിക്കുമെന്നുള്ളതിനാല്‍ ഇതൊക്കെ ഏറ്റെടുക്കാന്‍ എവിടെയും ചില കാപഥികര്‍ ഉണ്ടാവുമല്ലോ!

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)