സമാസത്തിലെ പൂര്‍വപദം കേവലധാതു (ക്രിയ) ആണെങ്കില്‍ ഉത്തരപദാദിയിലെ ദൃഢവ്യഞ്ജനം ഇരട്ടിക്കുകയില്ല എന്ന് കേരളപാണിനി നിരീക്ഷിച്ചിട്ടുണ്ട്. ''ധാതു പൂര്‍വത്തിലും വരാ'' (കാരിക 14)* എന്നു പ്രമാണം. എരിയുന്ന, കടയുന്ന, കുതിക്കുന്ന എന്നീ ക്രിയകളുടെ ധാതുക്കളാണ് എരി, കട, കുതി എന്നിവ. എരി+തീ=എരിതീ, കട+കോല്‍=കടകോല്‍, കുതി+കാല്‍=കുതികാല്‍. ഇതേനയം അനുവര്‍ത്തിക്കുന്ന ഒരു സമസ്തപദമാണ് അരകല്ല്. അര+കല്ല് = അരകല്ല് എന്നു പിരിച്ചും ചേര്‍ത്തും എഴുതാം. അരയ്ക്കുന്നതിനുള്ള കല്ലാണ് അരകല്ല്. പലവ്യഞ്ജനം, മസാല, മരുന്ന് മുതലായവ അരയ്ക്കാന്‍ ഉപയോഗിച്ചിരുന്ന പാറക്കല്ലാണത്. പേഷണി എന്നും പറയാറുണ്ട്. അരയ്ക്കാനുള്ള കല്ലുകളില്‍ കീഴ്ക്കല്ലിനെ അമ്മിയെന്നും മുകളിലെ നീണ്ടുരുണ്ട കല്ലിനെ കുഴവി(പിള്ളക്കല്ല) എന്നും വ്യവഹരിക്കുന്നു. അമ്മുക+അമുങ്ങുക - എന്ന ക്രിയയില്‍നിന്നാവാം അമ്മി എന്ന പദത്തിന്റെ നിഷ്പത്തി.
''നിര്‍ണയം നാളത്തെയമ്മിക്കുഴവിതാ
നിന്നതു കൈതൊഴും ശൈവലിംഗം''** എന്നു കര്‍ണഭൂഷണത്തില്‍ അമ്മിയും കുഴവിയും തമ്മിലുള്ള ബന്ധം ഉള്ളൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അര എന്ന ശബ്ദം നാമമായും വരാം. അപ്പോള്‍, അരയ്ക്ക് ഒന്നിന്റെ നേര്‍പകുതി എന്നര്‍ഥം വരുന്നു. പാറപ്പുറത്തിന്റെ നോവലായ അരനാഴികനേരത്തിന്റെ അരയ്ക്ക് 'മ്മ' എന്ന അര്‍ഥമാണ് ഉള്ളത്. ഇവ കൂടാതെ കടിപ്രദേശം, മധ്യം, കാലുകളും ഉടലും ചേരുന്ന ഭാഗം, ഇട, ഗുഹ്യസ്ഥാനം തുടങ്ങിയ വിവക്ഷിതങ്ങളും ആ നാമപദത്തിനുണ്ട്. 'അരയും തലയും മുറുക്കുക' എന്ന ശൈലിയും പ്രസിദ്ധമാണല്ലോ! നമ്മുടെ അടുക്കളയില്‍നിന്ന് ഏതാണ്ട് അപ്രത്യക്ഷമായ ഒരു വസ്തുവാണ് അരകല്ല്. ഉപയോഗത്തില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും അരകല്ലിനെ അരക്കല്ലാക്കരുത്. അരയ്ക്കാനുള്ള കല്ലാണ് അരകല്ല്. ക ഇരട്ടിച്ചാല്‍ കല്ലിന്റെ സ്വഭാവം മാറും. അര, പകുതി എന്ന അര്‍ഥത്തിലേക്കു വഴുതിപ്പോകും''*** ചുരുക്കത്തില്‍, അരകല്ല് വേറേ അരക്കല്ല് വേറേ എന്നു മനസ്സിലാക്കിയാല്‍ സന്ദേഹം ഒഴിവാകും.
* രാജരാജവര്‍മ, ഏ.ആര്‍.,കേരളപാണിനീയം, എന്‍. ബി.എസ്., കോട്ടയം, 1988, പുറം-131
** പരമേശ്വരയ്യര്‍, എസ്. ഉള്ളൂര്‍, കര്‍ണഭൂഷണം, ഉള്ളൂര്‍ പബ്ലിക്കേഷന്‍സ്, തിരുവനന്തപുരം, 1986, പുറം - 26.
*** ഗോപാലകൃഷ്ണന്‍, നടുവട്ടം, ഡോ. ഭരണഭാഷ അകവും പുറവും, ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം, 2020, പുറം-22.