ദക്ഷിണന്‍ എന്ന പദത്തിനു സാമര്‍ഥ്യമുള്ളവന്‍, വിവേകമുള്ളവന്‍, സത്യസന്ധതയുള്ളവന്‍ എന്നെല്ലാമാണര്‍ഥം. ദക്ഷിണന്റെ അഥവാ സമര്‍ഥന്റെ ഭാവമാണ് ദാക്ഷിണ്യം. ''ദക്ഷണസ്യഭാവം ദാക്ഷിണ്യം''* എന്നു നിരുക്തി. ഒരു കണക്കില്‍, അന്യന്റെ ഇഷ്ടത്തിനു പ്രാധാന്യം കല്പിക്കുന്ന ശീലമാണത്. അലിവുള്ള മനഃസ്ഥിതി എന്നും പറയാം. അങ്ങനെയാവണം ദയ എന്ന പൊരുളും ദാക്ഷിണ്യത്തിനു വന്നുചേര്‍ന്നത്. 'ഹാ! കാലാഭിഭവം വെടിഞ്ഞനുപദം പൊങ്ങുന്ന ദാക്ഷിണ്യമേ!''** (ശ്ലോകം 44) എന്നു മഹാകവി കുമാരനാശന്‍ പ്രയോഗിച്ചതും മറ്റുള്ളവരോട് അനുഭാവപൂര്‍വം പെരുമാറലാണ് ദാക്ഷിണ്യം എന്ന വിവക്ഷിതത്തിലാണല്ലോ.
ദാക്ഷിണ്യം എന്ന ശബ്ദത്തോട് നിര്‍ എന്ന ഉപസര്‍ഗം ചേര്‍ത്താല്‍ നിര്‍ദാക്ഷിണ്യം എന്ന നിഷേധരൂപം നിഷ്പന്നമാകും. ദാക്ഷിണ്യമില്ലാതെ, ദയയില്ലാതെ, മര്യാദയില്ലാതെ എന്നെല്ലാമാണ് അര്‍ഥം. (ആതെ നിഷേധാര്‍ഥം സൂചിപ്പിക്കുന്നു. മറുവിനയെച്ചപ്രത്യയമാണ്.) ദയയില്ലായ്മയ്ക്കും നിര്‍ദാക്ഷിണ്യം എന്നു പറയുന്നതില്‍ തെറ്റില്ല.
ഇത്രയും കാര്യങ്ങള്‍ ഗ്രഹിക്കാതെ നിര്‍ദാക്ഷിണ്യം എന്ന നിഷേധരൂപം വാക്യത്തില്‍ പ്രയോഗിച്ചാല്‍ എങ്ങനെയിരിക്കും? മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അക്ഷരംപ്രതി എന്ന പംക്തി കൈകാര്യം ചെയ്യുന്ന കെ.സി. നാരായണന്‍ വ്യക്തമാക്കിയതു നോക്കുക: ''നിര്‍ദാക്ഷിണ്യമില്ലാതെ മനുഷ്യരെ കൂട്ടക്കുരുതി നടത്തി. ദാക്ഷിണ്യം എന്നാല്‍ ദയ എന്നര്‍ഥം. നിര്‍ദാക്ഷിണ്യം എന്നാല്‍ ഒരു ദയയും ഇല്ലായ്മ എന്നും. ഒന്നുകില്‍ ദാക്ഷിണ്യമില്ലാതെ മനുഷ്യരെ കൂട്ടക്കുരുതി നടത്തി എന്നുപറയാം. അതല്ലെങ്കില്‍ നിര്‍ദാക്ഷിണ്യം കൂട്ടക്കുരുതി നടത്തി എന്നുമാവാം. രണ്ടും ശരിയാണ്. എന്നാല്‍, ഇതുരണ്ടുമല്ലാതെ, മനുഷ്യരെ 'നിര്‍ദാക്ഷണ്യമില്ലാതെ' കൂട്ടക്കുരുതി നടത്തി എന്നു പറഞ്ഞാല്‍ എന്താവും അര്‍ഥം? ഒരു ഭയവുമില്ലാതെ, ഒരു ക്രൂരതയും കൂടാതെ, മനുഷ്യരെ വളരെ ദയാവായ്‌പോടെ കൊന്നുതള്ളി എന്നാവും. കഷ്ടം! അടിസ്ഥാനമലയാളംപോലും ശ്രദ്ധിക്കാത്ത ചാനല്‍മലയാളം.''*** ചാനലുകാര്‍ക്ക് ഇന്നവിധത്തിലേ മലയാളം പറയാവൂ എന്നു വ്യവസ്ഥയൊന്നുമില്ലല്ലോ എന്നോര്‍ത്തു സമാധാനിക്കാം!
* രാജഗോപാല്‍, എന്‍.കെ. സംസ്‌കൃതനിരുക്തകോശം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1999, പുറം-111.
** ഭാസ്‌കരന്‍, ടി. പ്രരോദനം, (പ്രദ്യോതിനി വ്യാഖ്യാനം), വ്യാഖ്യാനവും സമ്പാദനവും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2000, പുറം - 43.
*** നാരായണന്‍, കെ.സി., അക്ഷരംപ്രതി, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2024 ഒക്‌ടോബര്‍ 27, ലക്കം 32, പുറം - 93.