കുരുത്തംകെട്ടവന്‍ തീട്ടം ചവിട്ടിയാല്‍ എട്ടിടത്ത്* എന്നൊരു പഴഞ്ചൊല്ല് ചിലരെങ്കിലും കേട്ടിട്ടുണ്ടാവും. കുരുത്തമില്ലാത്തവന് അപകടം പറ്റിയാല്‍ അത് അവന്‍തന്നെ വലുതാക്കിത്തീര്‍ക്കും എന്നാണ് ആ ചൊല്ലിന്റെ അര്‍ഥം. കുരുത്തക്കേട് എന്നൊരു ശൈലിയും പ്രചാരത്തിലുണ്ട്. കുരുത്തമില്ലായ്മ(വികൃതിത്തരം) എന്നര്‍ഥം. സംസ്‌കൃതത്തിലെ ഗുരുത്വമാണ് മലയാളത്തില്‍ കുരുത്തം എന്നായത്.
ഗുരു എന്നുള്ള ഭാവമോ സ്ഥിതിയോ ആണ് ഗുരുത്വം. ഗുരുവിന്റെ അനുഗ്രഹവും ഗുരുത്വമാകും. ഗുരുജനങ്ങളോടുള്ള ബഹുമാനം എന്ന അര്‍ഥത്തിലും ഗുരുത്വത്തിന് പ്രചാരമുണ്ട്. ഗുരുത്വത്തിന്റെ തദ്ഭവമായ കുരുത്തത്തിനും അതേ അര്‍ഥയോജനയാണുള്ളത്. 'ഗുരു' സംസ്‌കൃതശബ്ദമായതിനാല്‍ അതിനോടു സംസ്‌കൃതപ്രത്യയമായ ത്വം ചേര്‍ക്കണം. മലയാളപ്രത്യയമായ 'ത്തം' ചേര്‍ത്ത് 'ഗുരുത്തം' എന്നു പ്രയോഗിക്കാന്‍ പാടില്ല. 'ഗുരു'വിനെ 'കുരു' എന്നു മലയാളമാക്കുമ്പോള്‍ മാത്രമേ 'ത്തം' എന്ന പ്രത്യയം ചേരൂ. ഗുരു + ത്വം = ഗുരുത്വം; കുരു + ത്തം = കുരുത്തം. ഇങ്ങനെയാണ് പിരിച്ചും ചേര്‍ത്തും എഴുതേണ്ടത്.
ത്വം സംസ്‌കൃതത്തിലെയും ത്തം മലയാളത്തിലെയും തന്മാത്രതദ്ധിതപ്രത്യയമാണ്. തന്മാത്രം എന്നാല്‍ അതുമാത്രം എന്നാണര്‍ഥം. അതിന്റെ ഭാവം എന്ന അര്‍ഥത്തില്‍ തന്മാത്രതദ്ധിതത്തിന് ഭാവാര്‍ഥതദ്ധിതം എന്നും പേരുണ്ട്. ധര്‍മയില്‍നിന്നു ധര്‍മത്തെ മാത്രം എടുത്തു കാണിക്കുന്ന എന്ന അര്‍ഥത്തില്‍ തന്മാത്രതദ്ധിതം എന്ന സംജ്ഞയും അന്വര്‍ഥമാണ്. അങ്ങനെ ഗുരുത്വം, കുരുത്തം എന്നിവ ശരിയായ പ്രയോഗങ്ങളാകുന്നു.
ഡോ. നടുവട്ടം ഗോപാലകൃഷ്ണന്റെ ഇതേക്കുറിച്ചുള്ള നിരീക്ഷണം ചുവടെ ചേര്‍ക്കുന്നു: ''കുരുത്തം കെട്ടവരും കുരുത്വം കെട്ടവരും നമ്മുടെ ഇടയില്‍ ധാരാളമുണ്ടെങ്കിലും ഭാഷാശൈലിക്കു യുക്തം കുരുത്തംകെട്ട എന്ന പ്രയോഗമാണ്. സംസ്‌കൃത്തിലെ ഗുരുത്വമാണ് മലയാളത്തില്‍ കുരുത്തം ആയത്. ചിലര്‍ സംസ്‌കൃതവാക്കിനനുസരിച്ച് കുരുത്വം എന്നു പറയാറുണ്ട്. നല്ല മലയാളം കുരുത്തമാണ്. ത്വം സംസ്‌കൃതപദത്തിനും ത്തം മലയാളത്തിനുമുള്ള തന്മാത്രതദ്ധിതപ്രത്യയമാണ്. താന്തോന്നിത്തത്തെ താന്തോന്നിത്വം' ആക്കുന്നതും 'കുരുത്വക്കേടു'പോലെ വികലപ്രയോഗമാണ്.''**
* രാമലിംഗംപിള്ള, ടി., മലയാളശൈലീനിഘണ്ടു, ഡി.സി. ബുക്‌സ്, കോട്ടയം, 1984, പുറം - 300
** ഗോപാലകൃഷ്ണന്‍, നടുവട്ടം, ഡോ., ഭരണഭാഷ അകവും പുറവും, ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം, 2019, പുറം-18.