•  2 May 2024
  •  ദീപം 57
  •  നാളം 8
ശ്രേഷ്ഠമലയാളം

അടുക്കള

ലയാളത്തിലെ അതിസാധാരണമായ ഒരു വാക്കാണ്  അടുക്കള. ഈ പദത്തിന്റെ നിഷ്പത്തി എന്താണ്? അടു എന്ന ധാതുവിനോട് ''കളം'' ചേര്‍ന്നുണ്ടായ പദമാണത്. അടു എന്ന ധാതുവിനു പാകംചെയ്യുക എന്നാണര്‍ഥം. അതു ചെയ്യുന്ന ശാല അഥവാ കളം ആണ് അടുക്കള. കളം എന്നതിന്റെ അന്ത്യമായ അനുസ്വാരം നഷ്ടപ്പെടുമ്പോള്‍ രൂപം കള എന്നാകുന്നു. ഉദാസീനതകൊണ്ടു സംഭവിക്കുന്ന വര്‍ണവികാരമാണത്. (കളം ണ്ണ കള).
കള എന്ന ഉത്തരപദത്തിനു സംസ്‌കൃതത്തിലെ ഖല്(ം) ശബ്ദവുമായി ബന്ധമുണ്ട്. രണഖലം എന്ന സമസ്തപദത്തിനു പോര്‍ക്കളം എന്നാണല്ലോ അര്‍ഥം. 'ഖലേകപോതന്യായ'ത്തിലെ, ഖല(ധാന്യം ചേറുന്ന മുറ്റം)ത്തിനും കളം എന്നുതന്നെയാണു വിവക്ഷിതം. ഖ - ക വിനിമയം മലയാളത്തിലെ സ്വാഭാവികപ്രവണതയാണ്. ഖണ്ഡം - കണ്ടം. സംസ്‌കൃതത്തിലെ ഖലശബ്ദവുമായി മലയാളത്തിലെ കളം ബന്ധപ്പെട്ടിരിക്കുന്നുവെന്നു സാരം.*
കളം, കള എന്നീ വാക്കുകള്‍ ഒരേ ധാതുവില്‍നിന്നു നിഷ്പന്നങ്ങളാണ്. എന്നാല്‍, നാമമായ കളയ്ക്കു നെല്‍പ്പാടങ്ങളിലെ പാഴ്പ്പുല്ല് എന്നര്‍ഥം വരും. കളയേണ്ട അഥവാ ഉപേക്ഷിക്കേണ്ട വസ്തുവെന്നു നിരുക്തി. ആ 'കള'യല്ല അടുക്കളയിലെ 'കള'. അനുസ്വാരലോപത്താല്‍ കളം 'കള' ആയതാണ്. അതായത്, അടുക്കുന്ന (പാചകം ചെയ്യുന്ന) ഇടമാകുന്നു അടുക്കള. അടു, കള എന്നീ വാക്കുകള്‍ വിശേഷണവിശേഷ്യങ്ങള്‍ ആയതിനാല്‍ ഉത്തരപദാദിയിലെ കകാരത്തിനു ദ്വിത്വം വന്ന് 'അടുക്കള'യായിത്തീര്‍ന്നു. സമീപിക്കുക, ചേരുക, തുല്യമാകുക, കൊടുക്കുക, പാകം ചെയ്യുക എന്നിങ്ങനെ അനേകാര്‍ഥങ്ങള്‍ ഉള്ള അടുധാതുവില്‍നിന്നുതന്നെയാണ് അടുപ്പ് (അടു + പ്പ്) എന്ന സംജ്ഞയും നിഷ്പന്നമായത്. അങ്ങനെ, അടുപ്പും അടുക്കളയും സഹവര്‍ത്തികളാകുന്നു. 
അനുബന്ധം: ഖലേകപോതന്യായം. ഖലം = കളം; കപോതം = പ്രാവ്. നെല്ലുണക്കുന്ന കളമുറ്റത്തില്‍ ബാലപ്രാവ്, യുവപ്രാവ്, വൃദ്ധപ്രാവ് എന്ന ഭേദമില്ലാതെ അസംഖ്യം പ്രാവുകള്‍ വന്നുകൂടുന്നു. ഏകകാലത്തില്‍ അനേകം വസ്തുക്കള്‍ ഒരു വസ്തുവിനെ ആശ്രയിക്കുക എന്ന ആശയത്തെ ഈ ന്യായം കാണിക്കുന്നു.
* ലത വി. നായര്‍, സമ്പാദനം, എന്‍.ആര്‍. ഗോപിനാഥപിള്ളയുടെ കൃതികള്‍, വാല്യം ഒന്ന്,  കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2019, പുറം - 542, 543.

 

Login log record inserted successfully!