•  2 May 2024
  •  ദീപം 57
  •  നാളം 8
ശ്രേഷ്ഠമലയാളം

ഉടുപ്പും നടപ്പും

ദിവസവും ഒന്നിലേറെത്തവണ ഉപയോഗിക്കുന്ന ചില വാക്കുകള്‍ ഉണ്ട്. അവയില്‍ ഒന്നാണ് ഉടുപ്പ് എന്ന പദം. ഉടു എന്ന ധാതുവിനോട് പ്പ് ചേര്‍ത്താല്‍ ഉടുപ്പ് എന്ന ശബ്ദം ഉണ്ടാകും. ക്രിയകളില്‍നിന്ന് നാമങ്ങളെ നിഷ്പാദിപ്പിക്കാന്‍ പ്പ് എന്ന കൃത്പ്രത്യയം ചേര്‍ക്കുന്ന പതിവുണ്ട്. അങ്ങനെ ഉടുക്കുക എന്ന ക്രിയയില്‍നിന്ന് ഉടുപ്പ് എന്ന നാമം ജനിക്കുന്നു. നടക്കുക - നടപ്പ്; കിടക്കുക - കിടപ്പ്; കൊടുക്കുക - കൊടുപ്പ്; വിരിക്കുക - വിരിപ്പ് എന്നിങ്ങനെ പ്പ് ചേര്‍ത്ത് കൃതികൃത്ത് രൂപങ്ങള്‍ സൃഷ്ടിക്കാം. വസ്ത്രം, കുപ്പായം, വേഷം മുതലായ അര്‍ഥങ്ങളാണ് ഉടുപ്പ് എന്ന പദത്തിനുള്ളത്. 'ഉടുപ്പും നടപ്പും' (വേഷവും ആചാരവും) എന്ന ശൈലിയും പ്രസിദ്ധമാണല്ലോ!
ഉടുപ്പ് എന്ന പദത്തിന്റെ നിഷ്പത്തി, ഡോ. എന്‍.ആര്‍. ഗോപിനാഥപിള്ള ഇങ്ങനെ കണ്ടെത്തുന്നു: ''ഉടുക്കുക എന്ന ക്രിയയുമായി അത് ബന്ധപ്പെട്ടിരിക്കുന്നു. ഉടു എന്നു ധാതു. വേഷം ധരിക്കുക എന്നര്‍ഥം. അതിനോട് പ്പ് എന്ന കൃത്പ്രത്യയം ചേര്‍ന്നിരിക്കുന്നു. ഉടുക്കാന്‍, വേഷം ധരിക്കാന്‍ ഉപയോഗിക്കുന്ന പദാര്‍ഥം എന്നു നിരുക്തി.* ഇത്തരത്തില്‍ രൂഢ്യര്‍ഥമുള്ള വാക്കുകള്‍ ആളുകള്‍ യഥാസമയം പ്രയോഗിക്കുന്നു. അങ്ങനെയാണ് അവ പ്രചുരപ്രചാരം നേടുന്നത്. 
1970 ല്‍ പുറത്തുവന്ന അരനാഴികനേരം എന്ന സിനിമയില്‍, ജര്‍മന്‍ മിഷനറിയായ വോള്‍ ബ്രിച്ച് നാഗെല്‍ രചിച്ച ഒരു ഗാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ''സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗയാത്ര ചെയ്യുന്നു/ എന്‍ സ്വദേശം കാണ്‍മതിന്നായി ഞാന്‍ തനിയേ പോകുന്നു'' എന്നിങ്ങനെയാണതിന്റെ പല്ലവി. വയലാര്‍ രാമവര്‍മ വരുത്തിയ ചില മാറ്റങ്ങളോടെ ആ ഗാനം സിനിമയില്‍ അവതരിപ്പിച്ചു. ആദ്യചരണത്തില്‍ 'ആകെയല്പനേരം മാത്രം എന്റെയാത്ര തീരുവാന്‍' എന്നായിരുന്നു നാഗെല്‍ എഴുതിയത്. അതിനെ 'ആകെ അരനാഴിക മാത്രം ഈ ഉടുപ്പുമാറ്റുവാന്‍' എന്നാക്കി വയലാര്‍ സന്ദര്‍ഭവത്കരിച്ചു. അങ്ങനെ ഉടുപ്പ് എന്ന പദത്തിന് ചലച്ചിത്രഗാനത്തിലും ഇടം ലഭിച്ചു. ഗാനത്തിന് നാഗെല്‍ കണ്ടെത്തിയ ഈണം ചെറിയ ഭേദഗതികളോടെ ദേവരാജന്‍ മാഷ് സ്വീകരിച്ചു എന്നതാകട്ടെ ചരിത്രപാഠവും.
* ലത, വി. നായര്‍, സമ്പാദനം, എന്‍.ആര്‍. ഗോപിനാഥപിള്ളയുടെ കൃതികള്‍, വാല്യം ഒന്ന്, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2019, പുറം - 543.

 

Login log record inserted successfully!