•  2 May 2024
  •  ദീപം 57
  •  നാളം 8
ശ്രേഷ്ഠമലയാളം

ചങ്ങാടം

പോര്‍ത്തുഗീസിലെ ജങ്കാട(Jangada)-ത്തില്‍നിന്നാണ് മലയാളത്തിലെ ചങ്ങാടം നിഷ്പന്നമായതെന്നു ഗുണ്ടര്‍ട്ടുനിഘണ്ടു രേഖപ്പെടുത്തുന്നു* പോര്‍ത്തുഗീസില്‍നിന്നാണ് മലയാളരൂപം ഉണ്ടായതെന്നതിനു ചരിത്രപരമായോ ഭൂമിശാസ്ത്രപരമായോ തെളിവുകളില്ല. പോര്‍ത്തുഗീസുമായി മലയാളം പരിചയപ്പെടുന്നതുതന്നെ ക്രിസ്തുവിനുപിമ്പ് 1498 ല്‍ ആണല്ലോ. മലയാളത്തിലെ ചങ്ങാടത്തിന്റെ പരിണതിയാണ് പോര്‍ത്തുഗീസിലെ ജങ്കാടം. സംസ്‌കൃതത്തിലെ ''സംഘാട''ത്തിന്റെ തദ്ഭവമാകണം മലയാളത്തിലെ ചങ്ങാടം (സംഘാടം -fitting and joining of timber).
ബി.സി. 300 ല്‍ രചിക്കപ്പെട്ടത് എന്നു കരുതപ്പെടുന്ന വാല്മീകി രാമായണത്തില്‍ സംഘാടം എന്ന പദം കാണുന്നുണ്ട്. ''ആരോപ്യസീതാം പ്രഥമം സംഘാടം പരിഗൃഗ്യാതൗ/ തതഃ പ്രതേരതുര്യത്തൗ പ്രീതൗ ദശരഥാത്മജൗ' (അയോധ്യാകാണ്ഡം 55-18* എന്ന ശ്ലോകം, സംഘാടമാണ് ചങ്ങാടമായതെന്ന ഊഹത്തെ ബലപ്പെടുത്തുന്നു.
സംഘാടം മലയാളത്തില്‍ ചങ്ങാടമായപ്പോള്‍ എന്തൊക്കെ വികാരങ്ങള്‍ സംഭവിച്ചു എന്നു നോക്കാം. സംഘാടം - ചംഘാടം (സ-ച) ചംഘാടം - ചങ്ഘാടം (ങ്ഘ) ചങ്ഘാടം - ചങ്ങാടം (ങ്+ങ=ങ്ങ) ചങ്ങാടം (മ-ം). സ - ച വിനിമയവും അനുനാസികത്തിനു പരമായ വ്യഞ്ജനത്തിന് പൂര്‍വസവര്‍ണനംകൊണ്ട് അനുനാസികാദേശവും മലയാളത്തില്‍ സ്വാഭാവികമാണ്. മകാരവും അനുസ്വാരവും ഭിന്നങ്ങളല്ല എന്ന വസ്തുത സുവിദിതമാണുതാനും.** അങ്ങനെ സംസ്‌കൃതത്തിലെ സംഘാടം, മലയാളത്തില്‍ ചങ്ങാടമായി ഭവിച്ചു. ചങ്ങാടം എന്നെഴുതിയാലും സാധാരണ മലയാളികളുടെ ഉച്ചാരണത്തില്‍ 'ചങ്ങാഡം' എന്നായിപ്പോകാറുണ്ട്. അതിനെ വാമൊഴി ഭേദമായി കണക്കാക്കിയാല്‍ മതി. തടികളോ മുളകളോ വള്ളങ്ങളോ മറ്റോ കൂട്ടിക്കെട്ടിയുണ്ടാക്കിയ ജലവാഹനമാണ് ചങ്ങാടം. ഉപയോഗവും നിര്‍മാണരീതിയുമനുസരിച്ച് ചങ്ങാടം പല രൂപത്തിലുണ്ട്. തടിയോ മുളയോ ജലാശയത്തിലൂടെ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകുന്നതിനായി കൂട്ടിക്കെട്ടിയത്, മനുഷ്യര്‍ക്കും കാലികള്‍ക്കും വാഹനങ്ങള്‍ക്കും ജലാശയങ്ങള്‍ കടക്കുന്നതിനുവേണ്ടി ഉണ്ടാക്കിയത് തുടങ്ങിയ വിവക്ഷിതങ്ങള്‍ സന്ദര്‍ഭനിഷ്ഠമായി ചങ്ങാടത്തിനും ചേരും.
* ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, ഡോ., ഗുണ്ടര്‍ട്ട് നിഘണ്ടു, എന്‍.ബി.എസ്., കോട്ടയം, 2013,                          പുറം - 339.
** ലീലാവതി എം. ഡോ., ശ്രീമദ് വാല്മീകി രാമായണം വാല്യം ഒന്ന് (പരിഭാഷ, വ്യാഖ്യാനം), ഡി.സി.ബുക്‌സ് കോട്ടയം, 2014, പുറം - 696. 55-ാം സര്‍ഗം 18-ാം ശ്ലോകം. അര്‍ഥം: മുമ്പേ സീതയെ കയറ്റിയിട്ട് അവര്‍ രണ്ടുപേരും ചങ്ങാടത്തിലേറി. ഉത്സാഹശീലരായ ആ ദശരഥാത്മജന്‍ ആഞ്ഞുതുഴഞ്ഞുപോയി.
*** ലത വി. നായര്‍, പ്രൊഫ.  എന്‍.ആര്‍. ഗോപിനാഥപിള്ളയുടെ കൃതികള്‍, വാല്യം ഒന്ന്, 2019, പുറം - 384, 385.

 

Login log record inserted successfully!