പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പച്ചയായ വര്‍ഗീയപരാമര്‍ശങ്ങളാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുതിയ വിവാദം. വര്‍ഗീയവിദ്വേഷം പരത്തിയതിനുപുറമേ,മുസ്ലീംസമുദായത്തെയാകെ അധിക്ഷേപിക്കാനും ഒരു പ്രധാനമന്ത്രി തയ്യാറായെന്നതാണു ഞെട്ടിക്കുന്നത്. നുഴഞ്ഞുകയറ്റക്കാരെന്നും ധാരാളം കുട്ടികളുള്ളവരെന്നുമാണു മുസ്ലീംകളെക്കുറിച്ച് മോദി കഴിഞ്ഞയാഴ്ച രാജസ്ഥാനില്‍ പ്രസംഗിച്ചത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജനങ്ങളുടെ സ്വത്തും ഭൂമിയും വിതരണം ചെയ്യുമെന്നു മാത്രമല്ല, സ്ത്രീകളുടെ കെട്ടുതാലിവരെ മുസ്ലീംകള്‍ക്കു കൈമാറുമെന്നുമായിരുന്നു മോദിയുടെ ആരോപണം.
മോദിയുടെ വിദ്വേഷപ്രസംഗത്തോടുകേന്ദ്രതിരഞ്ഞെടുപ്പു കമ്മീഷന്‍ പുലര്‍ത്തിയ നിസ്സംഗതയും നടപടിക്കുള്ള വൈമുഖ്യവും വിമര്‍ശനവിധേയമായി. പ്രസംഗത്തിന്റെ പൂര്‍ണരൂപവും വീഡിയോയും കമ്മീഷന്‍ ആവശ്യപ്പെട്ടെങ്കിലും വളരെ കടുത്ത നടപടി ഉണ്ടാകുമെന്നു പ്രതീക്ഷയില്ല. മോദിയും അമിത് ഷായും തിരഞ്ഞെടുത്തു നിയമിച്ച ഇഷ്ടക്കാരില്‍ നിന്നു വലുതായൊന്നും പ്രതീക്ഷിക്കുന്നില്ല. എങ്കിലും, ടി.എന്‍. ശേഷനെപ്പോലെയുള്ള നിഷ്പക്ഷമതികള്‍ ഇരുന്ന കസേരയുടെ മാനം കാക്കണമല്ലോ. സ്വതന്ത്ര ഭരണഘടനാസ്ഥാപനമെന്ന നിലയില്‍ സ്വതന്ത്രമായ പ്രവര്‍ത്തനവും നീതിയും പുലര്‍ത്താന്‍ തിരഞ്ഞെടുപ്പുകമ്മീഷനു ബാധ്യതയുണ്ട്. തിരഞ്ഞെടുപ്പുകള്‍ സ്വതന്ത്രവും നീതിപൂര്‍വകവും വിശ്വാസ്യതയും ഉള്ളതായില്ലെങ്കില്‍ ജനാധിപത്യമാണു തകരുന്നത്.
ഗുജറാത്തിലെ സൂറത്തില്‍ ബിജെപി സ്ഥാനാര്‍ഥി മുകേഷ് ദലാലിന്റെ ഏകപക്ഷീയവിജയം ജനാധിപത്യത്തിന്റെ മറ്റൊരു കറുത്ത പാടായി. സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെയും ഡമ്മി സ്ഥാനാര്‍ഥിയുടെയും പത്രിക തള്ളിയതും പിന്നാലെ ബിഎസ്പി സ്ഥാനാര്‍ഥിയും ഏഴു സ്വതന്ത്രരും പത്രിക പിന്‍വലിച്ചതും പണം അടക്കമുള്ള ബിജെപിയുടെ സ്വാധീനത്തിലാകാതെ തരമില്ല. പക്ഷേ, സാങ്കേതികത്വത്തില്‍ തൂങ്ങി ജനാധിപത്യത്തിന്റെ അന്തഃസത്ത തകര്‍ക്കാന്‍ റിട്ടേണിങ് ഓഫീസറും തിരഞ്ഞെടുപ്പു കമ്മീഷനും കൂട്ടുനിന്നുവെന്നതാണ് അപായസൂചന.
മതേതരത്വത്തില്‍ വെള്ളം ചേര്‍ക്കരുത്
രാജ്യത്തിന്റെ വിഭവങ്ങള്‍ ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളുമടക്കം എല്ലാവര്‍ക്കും തുല്യമായി വീതിക്കുമെന്ന കോണ്‍ഗ്രസിന്റെയും മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെയും വാഗ്ദാനത്തെ വളച്ചൊടിച്ചാണ് പ്രധാനമന്ത്രി മോദിയുടെ അപവാദപ്രചാരണം. സമത്വവും തുല്യനീതിയും ആവശ്യപ്പെടുന്നവരെയെല്ലാം മാവോയിസ്റ്റുകളും അര്‍ബന്‍ നക്‌സലുകളുമെന്ന് ആക്ഷേപിച്ചു, ചങ്ങാത്ത മുതലാളിത്തത്തിനു കുടപിടിക്കുന്ന മോദിയുടെ തന്ത്രം കേരളംപോലുള്ള സംസ്ഥാനങ്ങളിലെങ്കിലും വിലപ്പോകില്ല. സമ്പത്തിന്റെയും വരുമാനത്തിന്റെയും അസമത്വം പരിഹരിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍, ജാതിസെന്‍സസ്‌കൊണ്ടു രാജ്യത്തു സാമ്പത്തിക, സാമൂഹികനീതി ഉറപ്പാക്കാനാകുമോയെന്നതു തര്‍ക്കവിഷയമായേക്കാം. അതിലേറെ ന്യൂനപക്ഷങ്ങള്‍ക്കിടയിലെ ഭൂരിപക്ഷത്തെമാത്രം പ്രീണിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങളിലും സംശയിക്കുകയും അപകടം മണക്കുകയും ചെയ്യുന്നവരെയും കുറ്റപ്പെടുത്താനാകില്ല.
അധികാരത്തിനായി വിദ്വേഷം പടര്‍ത്തുന്നതും വര്‍ഗീയമായി ഭിന്നിപ്പിക്കുന്നതും ജനങ്ങളെ തമ്മിലടിപ്പിക്കുന്നതും അംഗീകരിക്കാനാകില്ല. മുന്‍ രാഷ്ട്രനേതാക്കളെ ഇകഴ്ത്തിക്കാട്ടാനും സ്വയം രാജാവായി ഉയര്‍ത്തിക്കാട്ടാനും എല്ലാ മികവുകളുടെയും ക്രെഡിറ്റ് എടുക്കാനുമുള്ള മോദിയുടെ ശ്രമങ്ങള്‍ നല്ലതല്ല. നേട്ടങ്ങളെപ്പോലെതന്നെ വീഴ്ചകളും അംഗീകരിക്കണം. സമഭാവനയോടെ രാജ്യത്തെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകുമ്പോള്‍മാത്രമാണ് ഒരു നേതാവ് യഥാര്‍ഥ നേതാവാകുന്നത്. പാലിക്കാത്ത വാഗ്ദാനങ്ങളും നടക്കാത്ത സ്വപ്‌നങ്ങളുമല്ല ജനങ്ങള്‍ക്കു വേണ്ടത്.
മണിപ്പുരിന്റെ മുന്നറിയിപ്പുകള്‍
മണിപ്പുര്‍കലാപം ന്യൂനപക്ഷങ്ങളോടുള്ള വിവേചനത്തിന്റെയും വിദ്വേഷത്തിന്റെയും നേര്‍ചിത്രംകൂടിയാണ്. വംശീയവും പ്രാദേശികവുമായ പല പ്രശ്‌നങ്ങളും മറപിടിച്ച് നടത്തിയ ക്രൈസ്തവവേട്ടയ്ക്കു മണിപ്പുരിലെ ബിജെപി സര്‍ക്കാര്‍ നല്കിയ ഒളിഞ്ഞും തെളിഞ്ഞുമുള്ള സഹായവും പിന്തുണയും മറയ്ക്കാനാകില്ല. ഇരുനൂറിലേറെപ്പേരെ കൊന്നതും ഇരുനൂറ്റമ്പതിലേറെ ക്രൈസ്തവദൈവാലയങ്ങളും ആയിരക്കണക്കിനു വീടുകളും തകര്‍ത്തു തീയിട്ടതും സ്ത്രീകളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തിയതുമടക്കമുള്ള ക്രൂരതകള്‍ കണ്ടിട്ടും സംസ്ഥാനസര്‍ക്കാരിനെതിരേ നടപടിയെടുക്കാതിരുന്ന കേന്ദ്രസര്‍ക്കാരിനും കൈകഴുകനാകില്ല.
മണിപ്പുരിനു പുറമേ, കഴിഞ്ഞ പത്തു വര്‍ഷത്തെ മോദിഭരണത്തില്‍ രാജ്യത്തു പലയിടത്തും ന്യൂനപക്ഷങ്ങള്‍ക്കുനേരേആസൂത്രിതാക്രമണങ്ങള്‍ പലതരത്തിലുണ്ടായി. ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണവും മദര്‍ തെരേസയുടെ സന്ന്യാസസമൂഹത്തിലെ ഒരു കന്യാസ്ത്രീയെ ഇല്ലാത്ത കുറ്റമാരോപിച്ച് ഏറെക്കാലം ജയിലിലിട്ടതും മറക്കാനാവില്ല. ക്രൈസ്തവദൈവാ
ലയങ്ങള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നേരേ നടന്ന അക്രമങ്ങളും നിരവധിയാണ്. മുസ്ലീംകള്‍ക്കെതിരേയും പലതരത്തിലുള്ള അതിക്രമങ്ങളും അധിക്ഷേപങ്ങളും ഉണ്ടായി.
2023 ലെ മണിപ്പുര്‍കലാപം, കഴിഞ്ഞ ഫെബ്രുവരിയിലെ ഉത്തരാഖണ്ഡിലെ ഹല്‍ദ്‌വാനികലാപം, 2023 ല്‍ത്തന്നെയുള്ള ഹരിയാനയിലെ നൂഹിലുണ്ടായ കലാപം, 2019 ലെ ഡല്‍ഹികലാപം, 2018 ലെ ബിഹാര്‍കലാപം, 2016 ലെ കോയമ്പത്തൂര്‍കലാപം, 2013 ലെ മുസാഫര്‍ നഗര്‍കലാപം തുടങ്ങിയവ രാജ്യം മറക്കില്ല. 2017 നും 2021 നും ഇടയില്‍ മാത്രം ഇന്ത്യയില്‍ 2,900 വര്‍ഗീയ സംഘര്‍ഷങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ദേശീയ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക്. മോദിസര്‍ക്കാരിലെ ആഭ്യന്തര സഹമന്ത്രിയായിരുന്ന നിത്യാനന്ദ് റായി രാജ്യസഭയില്‍ 2002 ഡിസംബറില്‍ നല്‍കിയ രേഖാമൂലമുള്ള ഉത്തരത്തിലാണ് ഈ വെളിപ്പെടുത്തല്‍.
പശുവിന്റെ പേരില്‍ 2015 ല്‍ ദാദ്രിയിലും, 2017 ല്‍ ആല്‍വാറിലും നടന്ന ആള്‍ക്കൂട്ടക്കൊലകളും മറക്കില്ല. ദളിത്, ആദിവാസി, ന്യൂനപക്ഷപീഡനങ്ങള്‍ തടയാന്‍ ഫലപ്രദമായ നടപടികളുണ്ടായില്ല. വിദ്യാഭ്യാസത്തിലും ചരിത്രരചനയിലും സംഘപരിവാര്‍ താത്പര്യങ്ങള്‍ തിരുകിക്കയറ്റാനും ശ്രമങ്ങളുണ്ടായി. മതേതരരാഷ്ട്രത്തില്‍നിന്നു മതരാഷ്ട്രത്തിലേക്കു വലിച്ചിഴയ്ക്കാനുള്ള ശ്രമങ്ങളും ആപത്താണ്.
വിലക്കയറ്റം, കാര്‍ഷികപ്രതിസന്ധി
ഭരണഘടനാവിരുദ്ധമെന്നുകണ്ട് സുപ്രീംകോടതി റദ്ദാക്കിയ ഇലക്ടറല്‍ ബോണ്ട് വീണ്ടും കൊണ്ടുവരുമെന്ന ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രസ്താവന അപകടകരമാണ്. നോട്ട് അസാധുവാക്കലിന്റെ ഫലം സാമ്പത്തികത്തളര്‍ച്ചയായിരുന്നു. സാധാരണക്കാരും കര്‍ഷകരും ചെറുകിടകച്ചവടക്കാരും കൂടുതല്‍ ദുരിതത്തിലായി. കള്ളപ്പണം പിടിക്കാനെന്ന പേരില്‍ നടപ്പാക്കിയ നോട്ട് അസാധുവാക്കലും, രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഫണ്ടിങ് സുതാര്യമാക്കാനെന്ന പേരില്‍ നടപ്പാക്കിയ ഇലക്ടറല്‍ ബോണ്ടും രാജ്യം കണ്ട വന്‍ അഴിമതികളായി.
പ്രതിപക്ഷപ്പാര്‍ട്ടികളെയും നേതാക്കളെയും സംസ്ഥാനസര്‍ക്കാരുകളെയും വേട്ടയാടാനും ദുര്‍ബലപ്പെടുത്താനും വഴിവിട്ട ശ്രമങ്ങള്‍ പലതുണ്ടായി. ഡല്‍ഹി മുഖ്യമന്ത്രി കേജ്‌രിവാളിനെയും രാജിവച്ച ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെയും ജയിലിലിട്ടതില്‍ രാഷ്ട്രീയകുതന്ത്രം വ്യക്തമാണ്. മോദിക്കെതിരേ ശബ്ദിച്ച രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയതും കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതുമെല്ലാം ജനാധിപത്യത്തില്‍ അംഗീകരിക്കാവുന്നവയല്ല. കൊവിഡ് മഹാമാരിയില്‍ ഇന്ത്യയില്‍ 5.33 ലക്ഷം പേര്‍ മരിച്ചതിലെ വീഴ്ചകളില്‍നിന്നു മോദിസര്‍ക്കാരിനു പൂര്‍ണമായി കൈകഴുകാനാകില്ല.
തീപിടിക്കുന്ന രൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, കാര്‍ഷികപ്രതിസന്ധി തുടങ്ങി സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്വമുണ്ട്. പെട്രോള്‍, ഡീസല്‍, പാചകവാതകവിലകളും നികുതികളും പലതവണ കൂട്ടി. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി അല്പം വില കുറച്ചതു കാപട്യവും വഞ്ചനയുമാണ്. ഏതാനും കുത്തകമുതലാളിമാര്‍ക്കുവേണ്ടി ശതകോടികളാണ് കോര്‍പ്പറേറ്റുനികുതിയിളവായി നല്കിയത്.
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നു പറഞ്ഞവര്‍ ഉള്ള കഞ്ഞിയില്‍ക്കൂടി പാറ്റ വീഴിച്ചു. കേരളത്തിലെ സാധാരണകര്‍ഷകരുടെ റബര്‍ അടക്കമുള്ള വിളകള്‍ക്കു വിലത്തകര്‍ച്ച നേരിട്ടപ്പോള്‍ പത്തു വര്‍ഷം രാജ്യം ഭരിച്ച സര്‍ക്കാര്‍ സഹായിച്ചില്ല. കോര്‍പ്പറേറ്റുതാത്പര്യങ്ങള്‍ നടപ്പാക്കാനായി കൊണ്ടുവന്ന മൂന്നു വിവാദ കാര്‍ഷികബില്ലുകള്‍ പിന്‍വലിക്കാന്‍ കര്‍ഷകരുടെ മാസങ്ങള്‍ നീണ്ട ദുരിതസമരം വേണ്ടിവന്നു. രണ്ടു കോടി തൊഴില്‍ വീതം സൃഷ്ടിക്കുമെന്ന വാഗ്ദാനം ചെയ്ത ഭരണത്തില്‍ തൊഴിലില്ലായ്മ 6.8 ശതമാനവും 30 വയസ്സില്‍ താഴെയുള്ളവരുടെ തൊഴിലില്ലായ്മ 20-25 ശതമാനവുമായി കൂടി.
പൗരസ്വാതന്ത്ര്യങ്ങള്‍ക്കായി വോട്ട്
ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനും നിലനിര്‍ത്താനും കഴിയുന്നതാകണം നമ്മുടെ വോട്ടവകാശം. കുടുംബവാഴ്ചമാത്രമല്ല, വ്യക്തിപൂജയും ഏകാധിപത്യപ്രവണതകളും രാജ്യത്തിനു വിനാശകരമാണ്. ബഹുസ്വരത നിലനിര്‍ത്താനും മതനിരപേക്ഷത ഉറപ്പാക്കാനും കഴിയുന്നവരാകണം ഭരിക്കേണ്ടത്. സമാധാനവും സുരക്ഷയും വിട്ടുവീഴ്ച ചെയ്യാനാകില്ല. വ്യക്തി, മത, അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ അടക്കമുള്ള പൗരസ്വാതന്ത്ര്യം പ്രധാനമാണ്. എന്തു ഭക്ഷണം കഴിക്കണം, എന്തു വസ്ത്രം ധരിക്കണം, ഏതു മതത്തില്‍ വിശ്വസിക്കണം എന്നത് ഓരോരുത്തരുടെയും അവകാശമാണ്. സ്ത്രീകള്‍, കുട്ടികള്‍, ദളിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍, പിന്നാക്കവിഭാഗങ്ങള്‍ എന്നിവര്‍ക്കെതിരേയുള്ള അക്രമങ്ങളും വിവേചനങ്ങളും അധിക്ഷേപങ്ങളും അവസാനിപ്പിക്കാന്‍കൂടിയാകണം വോട്ടവകാശം. അനീതിയും അക്രമങ്ങളും വിവേചനങ്ങളും തടയുകയും തുല്യനീതിയും തുല്യാവസരവും ലഭ്യമാക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ വരേണ്ടതുണ്ട്.