•  25 Apr 2024
  •  ദീപം 57
  •  നാളം 7
ശ്രേഷ്ഠമലയാളം

യാത്രക്കൂലി

പൊതുവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരുടെ നിരക്ക് പല കാരണങ്ങളാല്‍ സര്‍ക്കാര്‍ വര്‍ദ്ധിപ്പിക്കാറുണ്ട്. നിരക്കുവര്‍ദ്ധനയുടെ യാതനകള്‍ പലപ്പോഴും യാത്രക്കാരെ ദുരിതത്തിലാക്കുന്നു. വാഹനത്തില്‍ യാത്ര ചെയ്യുന്നതിനു പ്രതിഫലമായി കൊടുക്കുന്ന തുകയാണ് യാത്രക്കൂലി. യാത്രക്കൂലിയെ ''യാത്രാക്കൂലി'' എന്ന് ഇപ്പോള്‍ പറയുകയും എഴുതുകയും ചെയ്യുന്നു. 'യാത്രാ' സംസ്‌കൃതവും ''കൂലി'' മലയാളവുമാണെന്ന് അറിയാതെയുള്ള പദസൃഷ്ടിയാണിത്. സംസ്‌കൃതത്തിലെ 'യാത്രാ' മലയാളത്തില്‍ യാത്ര എന്നാകും. യാത്ര എന്ന ഹ്രസ്വാന്തത്തോടാണ് കൂലി ഉത്തരപദമായി ചേരുന്നത്. അപ്പോള്‍ ശരിയായ സമസ്തപദം യാത്രക്കൂലി എന്നാകുന്നു. യാത്ര + കൂലി = യാത്രക്കൂലി.
    ''സമാസത്തില്‍ 'യാത്രാ' എന്നത് പൂര്‍വ്വപദം. സന്ധിചേരുമ്പോള്‍ 'ആ' കാരം ലോപിച്ചിട്ട് ഉത്തരപദാദിയിലെ ദൃഢം ഇരട്ടിക്കണം''* എന്നാണല്ലോ നിയമവും. അങ്ങനെ യാത്ര + കൂലി, യാത്രക്കൂലിയാകുന്നു. യാത്ര + കപ്പല്‍ = യാത്രക്കപ്പല്‍; യാത്ര + ചെലവ് = യാത്രച്ചെലവ്; യാത്ര + പടി = യാത്രപ്പടി (ഔദ്യോഗികമായ കാര്യങ്ങള്‍ക്കുവേണ്ടി ചെയ്യുന്ന യാത്രയുടെ ചെലവുകള്‍ക്കായി അനുവദിക്കുന്ന തുക) യാത്രക്കളി (ശാസ്ത്രക്കളി) എന്നിവയും ഇങ്ങനെതന്നെവേണം എന്നു തിരിച്ചറിവുള്ളവര്‍, ദീര്‍ഘവും ഇരട്ടിപ്പും കൂട്ടിച്ചേര്‍ത്തു പ്രയോഗിക്കുകയില്ല.**
    ഏതെങ്കിലും പണിക്കു കൊടുക്കുന്ന പ്രതിഫലമാണല്ലോ കൂലി. പക്ഷേ, യാത്രക്കൂലിയിലെ കൂലിക്ക് നിശ്ചിതസ്ഥലത്തേക്കു യാത്ര ചെയ്യാന്‍ നല്‍കുന്ന തുക എന്നാണര്‍ത്ഥം. അങ്ങനെയെങ്കില്‍ യാത്രാക്കൂലിയെ പ്രചാരംകൊണ്ട് സ്വീകാര്യമായ പ്രയോഗമായി കരുതാം. 'യാത്രാക്കൂലി' എന്നെഴുതാന്‍ നിലവിലുള്ള നിയമം അനുവദിക്കുന്നില്ല. നടപ്പുവില കൂട്ടല്‍ എന്ന വിവക്ഷിതത്തില്‍ നിരക്കുവര്‍ദ്ധന എന്നാണ് എഴുതേണ്ടത്. 'നിരക്കുവര്‍ദ്ധനവ്' എന്ന പ്രയോഗം അസ്വീകാര്യമാണ്. അന്ത്യാഗമനം (ജമൃമഴീഴൗല) എന്ന ശബ്ദശാസ്ത്രതത്ത്വം വര്‍ദ്ധന എന്നതില്‍ ആവശ്യമില്ല. 'യാത്രാനിരക്ക്' എന്ന സമസ്തപദവും സാധുവല്ല. നിരക്ക് മലയാളപദമായതിനാല്‍ യാത്രാ എന്ന പൂര്‍വ്വപദാന്ത്യത്തിലെ ദീര്‍ഘം സമാസത്തില്‍ ഉപേക്ഷിക്കണം. നിരക്ക് എന്നതിലെ പദാദ്യ നകാരം ശിഥിലാക്ഷരമായതിനാല്‍ ഇട്ടിപ്പും ആവശ്യമില്ല. (പഞ്ചമം മധ്യമം ഹാവും/ ശിഥിലാഭിധമായ് വരും, കാരിക 13)  അങ്ങനെയെങ്കില്‍,  യാത്ര + നിരക്ക്, യാത്രനിരക്ക് എന്നെഴുതിയാല്‍ രൂപവും പൊരുളും മലയാളത്തോടു ചേര്‍ന്നു നില്‍ക്കും.
* ദാമോദരന്‍ നായര്‍, പി., അപശബ്ദബോധിനി, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2013, പുറം - 534
** നാരായണന്‍, വി.കെ., വാക്കിന്റെ ഇരുളും പൊരുളും, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2020, പുറം - 95
*** രാജരാജവര്‍മ, എ.ആര്‍., കേരളപാണിനീയം, എന്‍.ബി.എസ്., കോട്ടയം, 1998, പുറം - 129

 

Login log record inserted successfully!