•  18 Apr 2024
  •  ദീപം 57
  •  നാളം 6
ശ്രേഷ്ഠമലയാളം

മടിശ്ശീല

സംസ്‌കൃതത്തിലെ വ്യഞ്ജനസന്ധിയും സ്വരവ്യഞ്ജനസന്ധിയും ചേര്‍ന്നതാണ് മലയാളത്തിലെ ദ്വിത്വസന്ധി. മലയാളസമാസത്തില്‍ ഉത്തരപദം തുടങ്ങുന്നത് വ്യഞ്ജനംകൊണ്ടാണെങ്കില്‍ ആ വ്യഞ്ജനം പ്രായേണ ഇരട്ടിക്കും. യ ര ല വ ഞ ന മ ഹ എന്നിവ ഉത്തരപദാദിയില്‍ വരുമെങ്കിലും ഇരട്ടിക്കുക സാധാരണമല്ല. ഉച്ചാരണസൗകര്യവും സമാസബോധം ഉണ്ടാക്കലുമാണ് ദ്വിത്വസന്ധിയുടെ അടിസ്ഥാനധര്‍മ്മം. മലയാളസമാസത്തില്‍ മാത്രമേ ഉത്തരപദാദിവ്യഞ്ജനത്തിന് ഇരട്ടിപ്പുള്ളൂ. സമാസത്തില്‍ ഏതെങ്കിലുമൊരു ഘടകം മലയാളമാണെങ്കില്‍ മലയാളരീതിക്കാണ് സന്ധി ചെയ്യേണ്ടത്. കവിള്‍ + തടം = കവിള്‍ത്തടം (മലയാളം + സംസ്‌കൃതം), സുഖ + കുറവ് = സുഖക്കുറവ് (സംസ്‌കൃതം + മലയാളം). പൂര്‍വ്വപദവും ഉത്തരപദവും മലയാളമാണെങ്കില്‍ മലയാളരീതിക്ക് ഇണക്കണം എന്നു പറയേണ്ടതില്ലല്ലോ. പൊതി + ചോറ് = പൊതിച്ചോറ്.
മടി + ശീല, സന്ധി ചെയ്യുമ്പോള്‍ മടിശ്ശീല എന്നാകും (മടി + ശീല = മടിശ്ശീല). വിശേഷണവാചകം പൂര്‍വപദവും വിശേഷ്യവാചകം പരപദവുമായി സമാസിക്കുമ്പോള്‍ പരപദത്തിന്റെ ആദ്യത്തിലുള്ള വ്യഞ്ജനം ഇരട്ടിക്കണം. ഈ നിയമപ്രകാരമാണ് മടി + ശീല = മടിശ്ശീലയാകുന്നത്. ''വിശേഷണവിശേഷ്യങ്ങള്‍/ പൂര്‍വ്വോത്തരപദങ്ങളായ്/ സമാസിച്ചാലിരട്ടിപ്പൂ/ ദൃഢം പരപദാദിഗം''* എന്ന കേരളപാണിനീയകാരിക സുവിദിതമാണല്ലോ. മടിയില്‍ വയ്ക്കാവുന്നത് എന്നാണ് മടിശ്ശീല എന്ന സമസ്തപദത്തിന്റെ അവയവാര്‍ത്ഥം. ചെറിയ പണസഞ്ചി, മൂലധനം, കൈയിരിപ്പുപണം മുതലായ വിവക്ഷിതങ്ങളിലും മടിശ്ശീല പ്രയോഗത്തിലുണ്ട്. ഭണ്ഡാരംവിചാരിപ്പുകാരനും ഖജാന്‍ജിയും പണക്കാരനും സാന്ദര്‍ഭികമായി മടിശ്ശീലക്കാരന്‍ ആകും. സ്രാപ്പ് എന്ന അറബിപ്പദത്തിനും നാണയം മാറ്റിക്കൊടുക്കുന്നവന്‍, ഉണ്ടിയല്‍ വ്യാപാരി, പണച്ചുമതലക്കാരന്‍ എന്നീ അര്‍ത്ഥങ്ങളുണ്ട്. വാക്യത്തിനുള്ളില്‍ വര്‍ത്തിക്കുന്ന പദങ്ങള്‍ ശരിയായ ആശയത്തെ ഉത്പാദിപ്പിക്കണമെങ്കില്‍, പദങ്ങളുടെ സൂക്ഷ്മമായ അര്‍ത്ഥഭേദങ്ങള്‍ മനസ്സിലാക്കിയേ തീരൂ.
* രാജരാജവര്‍മ്മ, ഏ.ആര്‍., കേരളപാണിനീയം, എന്‍.ബി.എസ്. കോട്ടയം, 1998, പുറം - 130. 

 

Login log record inserted successfully!