
-
-
ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ മുസ്‌ലിംവിദ്യാര്‍ഥിയെ അധ്യാപിക സഹപാഠികളെക്കൊണ്ടു തല്ലിച്ചെന്ന കേസില്‍ സംസ്ഥാനസര്‍ക്കാരിനും പോലീസിനുമെതിരേ സുപ്രീംകോടതി പൊട്ടിത്തെറിക്കേണ്ടിവന്നത് മതേതരഭാരതത്തിനാകെയുള്ള താക്കീതും ചികിത്സൗഷധവുമാണ്. സഹപാഠികളെക്കൊണ്ടു തല്ലിക്കാന്‍ അധ്യാപികയെ പ്രേരിപ്പിച്ചതിന്റെ കാരണം വിദ്യാര്‍ഥിയുടെ മതമാണെന്ന ആരോപണം ശരിയെങ്കില്‍, എന്തുതരം വിദ്യാഭ്യാസമാണ് നമ്മുടെ കുട്ടികള്‍ക്കു നല്കുന്നതെന്ന കോടതിയുടെ ചോദ്യം മനുഷ്യത്വവും മനഃസാക്ഷിയുമുള്ള ഓരോ ഇന്ത്യക്കാരന്റെയും ഉള്ളു പൊള്ളിക്കുന്നതാണ്.
മുസഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളില്‍ കഴിഞ്ഞ ഓഗസ്റ്റ് 24 നായിരുന്നു കേസിനാസ്പദമായ സംഭവം. ഗുണനപ്പട്ടിക പഠിക്കുന്നതില്‍ പിന്നിലായ ഏഴു വയസ്സുകാരനെ സ്‌കൂള്‍പ്രിന്‍സിപ്പല്‍കൂടിയായ അധ്യാപിക ഓരോ വിദ്യാര്‍ഥിയെയുംകൊണ്ടു തല്ലിക്കുകയും വര്‍ഗീയപരാമര്‍ശം നടത്തുകയും ചെയ്യുന്ന വീഡിയോ യാണു പുറത്തുവന്നിരിക്കുന്നത്. മതത്തിന്റെ പേരിലുള്ള വിവേചനം, മാനസികവും ശാരീരികവുമായി വിദ്യാര്‍ഥികളെ ഉപദ്രവിക്കല്‍ എന്നിവ വിലക്കുന്ന വിദ്യാഭ്യാസാവകാശനിയമം പാലിക്കുന്നതില്‍ സര്‍ക്കാര്‍ പ്രഥമദൃഷ്ട്യാ പരാജയപ്പെട്ടെന്നു കോടതി വിലയിരുത്തി. കേസെടുക്കാന്‍ വൈകിയതും, അധ്യാപിക മതവിദ്വേഷപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന വിദ്യാര്‍ഥിയുടെ പിതാവിന്റെ ആരോപണം എഫ്.ഐ.ആറില്‍ രേഖപ്പെടുത്താത്തതും ഉള്‍പ്പെടെ പോലീസിനുണ്ടായ വീഴ്ചകള്‍ അതീവഗൗരവത്തോടെയാണു കോടതി നിരീക്ഷിച്ചത്.
മതവിവേചനത്തിന്റെയും വിദ്വേഷത്തിന്റെയും പേരിലുള്ള അതിക്രമങ്ങള്‍ ഉത്തരേന്ത്യന്‍പ്രദേശങ്ങളിലെ ഉള്‍ഗ്രാമങ്ങളില്‍നിന്നു വാര്‍ത്തകളായി പുറത്തുവരുന്നതു പതിവായിരിക്കുന്നു. അധികാരത്തണലില്‍ ക്രിമിനലുകള്‍ താവളമൊരുക്കുന്നതും അസഹിഷ്ണുതയുടെ അവതാരപ്പുലികളാകുന്നതും രാഷ്ട്രഹൃദയത്തെയാകെ മുറിവേല്പിക്കുന്നവയാണ്.
മതവിവേചനത്തോടൊപ്പം കടുത്ത ജാതീയത ഉറഞ്ഞുതുള്ളുന്നതും അതു വരുത്തിവയ്ക്കുന്ന ക്രൂരതകളും രാജ്യത്തു കേട്ടുകേള്‍വിയില്ലാത്തതല്ല. ഉന്നാവില്‍ കഴിഞ്ഞവര്‍ഷം പീഡനത്തിനിരയായ പതിനൊന്നു വയസ്സുള്ള ദലിത് പെണ്‍കുട്ടിയുടെ വീടിനു പ്രതികള്‍ തീവച്ചതിനെത്തുടര്‍ന്ന് രണ്ടും ആറും മാസം പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങള്‍ക്കു ഗുരുതരമായി പൊള്ളലേറ്റത് കഴിഞ്ഞ ഏപ്രിലിലാണ്. ബിജ്‌നോറില്‍ മേശപ്പുറത്തുവച്ചിരുന്ന കുപ്പിയിലെ വെള്ളമെടുത്തു കുടിച്ചതിന് സ്‌കൂള്‍പ്രിന്‍സിപ്പല്‍ ദലിത്‌വിദ്യാര്‍ഥിയെ മര്‍ദിച്ചത് ഫെബ്രുവരിയിലാണ്. ഇക്കഴിഞ്ഞ ജൂലൈയിലാണല്ലോ സോനഭദ്രയില്‍ ദലിത്‌യുവാവിനെ മര്‍ദിക്കുകയും ചെരിപ്പു നക്കിക്കുകയും ചെയ്ത ക്രൂരസംഭവമുണ്ടായത്. വായ്പയുടെ പലിശക്കുടിശ്ശിക നല്കിയില്ലെന്നാരോപിച്ചു ബ്ലേഡ് പലിശക്കാരന്‍ ദലിത്‌യുവതിയെ നഗ്നയാക്കി മൂത്രം കുടിപ്പിച്ച സംഭവം ബീഹാറില്‍നിന്നു കേട്ടിട്ടു ദിവസങ്ങളേയായുള്ളൂ.
വംശവെറിയുടെയും മത-ജാതിവിദ്വേഷത്തിന്റെയും വാളെടുക്കുന്നവര്‍, ഭാരതത്തിന്റെ ആത്മാവിലാണ് അതു തറച്ചുകയറ്റുന്നതെന്നു തിരിച്ചറിയാതെ പോകരുത്. സോഷ്യലിസ്റ്റ്, മതേതരദര്‍ശനങ്ങള്‍ ഭരണഘടനയില്‍നിന്നു പടിയിറങ്ങുകയാണോയെന്നുപോലും ജനമനസ്സുകളില്‍ ഭീതിയുണര്‍ത്തുന്ന കാലമാണിത്. പുതിയ പാര്‍ലമെന്റു മന്ദിരത്തിലേക്കു മാറുന്നതിനോടനുബന്ധിച്ച് സഭാംഗങ്ങള്‍ക്കു വിതരണം ചെയ്ത ഭരണഘടനയുടെ പകര്‍പ്പിന്റെ ആമുഖത്തില്‍നിന്ന് മതേതരത്വം, സോഷ്യലിസം എന്നീ പദങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വെട്ടിമാറ്റിയെന്ന വിമര്‍ശനം ചൂടുപിടിച്ച വിവാദങ്ങള്‍ക്കു വഴിതുറന്നിരിക്കുകയുമാണ്. മതവിദ്വേഷവും വെറുപ്പും അശ്ലീലവും കുത്തിനിറച്ച വിഷലിപ്തമായ വാക്കുകളുടെ ആവര്‍ത്തിച്ചുള്ള പ്രയോഗങ്ങളിലൂടെ ഒരു ബിജെപി എം.പി. പാര്‍ലമെന്റിനെ കളങ്കപ്പെടുത്തിയതിനും നിര്‍ഭാഗ്യവശാല്‍ ഈ ദിവസങ്ങൡ രാജ്യം സാക്ഷിയാകേണ്ടി വന്നു. മതനിരപേക്ഷതയുടെ സന്ദേശമാണ് ഭരണപ്പാര്‍ട്ടി രാജ്യത്തിനു നല്‍കുന്നതെങ്കില്‍, ഒട്ടും മടിക്കേണ്ട, മതസ്പര്‍ദ്ധയുയര്‍ത്തുന്ന ഇത്തക്കാര്‍ക്കെതിരേ നടപടിയെടുക്കാനുള്ള ഇച്ഛാശക്തി ഭരണാധികാരികള്‍ക്കുണ്ടാകണം.
മനുഷ്യത്വം കൈമോശം വന്നവരുടെ വിളയാട്ടങ്ങള്‍ കേട്ടും കണ്ടും തല താഴ്ത്തുകയാണു രാജ്യം. ജാതി-മത-വംശ-വര്‍ഗ-ലിംഗഭേദത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യനെ അളന്നുതിരിക്കുന്നതും വിവേചനത്തിന്റെ മതിലുകളുയര്‍ത്തുന്നതും രാജ്യത്തെ പാവനമായ സമത്വസാഹോദര്യദര്‍ശനങ്ങള്‍ക്കു ഭൂഷണമല്ല എന്നു തിരിച്ചറിയാന്‍ ഇനിയും എത്രകാലമാണ് നാം കാത്തിരിക്കേണ്ടത്?