''കാറ്റിനരികെ''എന്ന പ്രഥമ സിനിമയിലൂടെ കേരള ഫിലിം ക്രിട്ടിക്‌സ് അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം നേടിയിരിക്കുകയാണ് കോട്ടയം, ചവിട്ടുവരി കപ്പുച്ചിന്‍ പ്രൊവിന്‍സിലെ ഫാദര്‍ റോയി ജോസഫ് കാരയ്ക്കാട്ട് എന്ന യുവ വൈദികന്‍. മലയാളസിനിമാചരിത്രത്തിലാദ്യമായിട്ടാണ് ഒരു വൈദികന്‍ മുഴുനീളസിനിമ സംവിധാനം ചെയ്യുന്നത്. പ്രൈം റീല്‍സ് എന്ന ഒ ടി ടി പ്ലാറ്റ്‌ഫോമില്‍ ഈസ്റ്റര്‍ ദിനത്തില്‍ റിലീസായി, മികച്ച ജനപിന്തുണയോടെ മുന്നേറുന്ന കാറ്റിനരികെ സിനിമയുടെ വിശഷങ്ങളുമായി സംവിധായകന്‍ ഫാദര്‍ റോയി ജോസഫ് കാരയ്ക്കാട്ട് ദീപനാളത്തോടു സംസാരിക്കുന്നു.
പ്രഥമ സംരംഭത്തില്‍ത്തന്നെ ക്രിട്ടിക്‌സ് പുരസ്‌കാരം! എന്തു തോന്നുന്നു?
ഹ തികച്ചും അപ്രതീക്ഷിതമായിരുന്നു അവാര്‍ഡ് വാര്‍ത്ത. ഒരു വര്‍ഷത്തിലധികം നീണ്ട കൂട്ടായ പ്രയത്‌നത്തിന്റെ ഫലംകൂടിയാണത്. ഒരുപാട് നന്ദിയുണ്ട് പുരസ്‌കാരത്തിനു എന്നെയും പരിഗണിച്ചതിന്. പിന്നെ ത്രില്ലിങ് പാറ്റേണില്‍നിന്നു മാറി, ഒരു കുടുംബചിത്രമായതിനാല്‍ മെല്ലെയേ പ്രേക്ഷകശ്രദ്ധ ലഭിക്കൂ എന്നറിയാം. എന്നാല്‍, സിനിമ കണ്ടവരെല്ലാം മികച്ച അഭിപ്രായമാണ് വിളിച്ചറിയിച്ചിട്ടുള്ളത്. ഇത് മികച്ച കുടുംബചിത്രമാണെന്നും... മനസ്സില്‍ എവിടെയൊക്കെയോ സ്പര്‍ശിക്കുന്നു വെന്നുമൊക്കെ... അതു കേള്‍ക്കുമ്പോള്‍ വളരെ സന്തോഷമുണ്ട്. ഛായാഗ്രഹണം, സംഗീതം അങ്ങനെ പല കാര്യങ്ങളിലും നമ്മള്‍ മനസ്സില്‍ ഉദ്ദേശിച്ചതു തന്നെ പ്രേക്ഷകര്‍ ഇങ്ങോട്ടു പറയുന്നുണ്ട്. ഈ സിനിമയില്‍ ഗാര്‍ഹികവും, ധാര്‍മികവും ആധ്യാത്മികവുമായ ഒരു സന്ദേശമുണ്ട്. അതു കാണാന്‍ ക്ഷമ കാണിച്ചാലേ പ്രേക്ഷകര്‍ക്കു മനസ്സിലാകുകയുള്ളൂ. എല്ലാവരും പ്രൈം റീല്‍സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സിനിമ കാണണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.
എങ്ങനെയാണ് ''കാറ്റിനരികെ'യുടെ ആശയത്തിലേക്ക് എത്തിയത്?
ഹ അതു ഞാന്‍ നേരില്‍ കണ്ട ഒരു കാഴ്ചയില്‍നിന്ന് ഉരുത്തിരിഞ്ഞതായിരുന്നു. മഴ പെയ്യുന്ന ഒരു ഒഴിവുദിനസായാഹ്നത്തില്‍ വാഗമണ്ണിലെ ആഷാസദന്‍ റിസോര്‍ട്ടില്‍ നില്‍ക്കുമ്പോള്‍ അടുത്തുള്ള വിജനവും വന്യവുമായ മലമ്പാതയിലൂടെ ഒരു അമ്മയും, കുടയും ചൂടി സ്‌കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥികളായ രണ്ടു മക്കളും മലയുടെ മുകളിലേക്കു കയറിപ്പോകുന്ന ഒരു കാഴ്ച കണ്ടു. അത് ഒരു അതിജീവനത്തിന്റെ നൊമ്പരദൃശ്യമായി മനസ്സില്‍ അങ്ങനെ തങ്ങിനിന്നു. അവിടെനിന്നാണ് കാറ്റിനരികെയുടെ മൂലകഥ പിറവി കൊള്ളുന്നത്, അതിന്റെകൂടെ എന്റെ ജീവിതത്തിലെ ചില അനുഭവങ്ങള്‍കൂടി ചേര്‍ത്തപ്പോള്‍ കഥ ഏറെക്കുറെ പൂര്‍ണമായി. അത് സിനിമയിലും ഫിലോസഫിയിലുമൊക്കെ ഗവേഷണം ചെയ്തിട്ടുള്ള എന്റെ സുഹൃത്ത് ആന്റണി അച്ചനോടു പറഞ്ഞു അദ്ദേഹം ആ കഥയെ കൂടുതല്‍ ക്രമീകൃതമാക്കി. ആ ഡെവലപ്ഡ് സ്റ്റോറി എന്റെ സുഹൃത്തായ സ്മിറിന്‍ സെബാസ്റ്റ്യനുമായി പങ്കുവയ്ക്കുകയും ഞങ്ങള്‍ രണ്ടുപേരു ചേര്‍ന്ന് തിരക്കഥയൊരുക്കുകയും ചെയ്തു. അങ്ങനെയാണ് കാറ്റിനരികെ എന്ന സിനിമ ഉണ്ടാകുന്നത്.
പ്രകൃതിരമണീയമായ ഈ മാമലക്കുന്ന് ശരിക്കും എവിടെയാണ്?
ഹ സിനിമ കണ്ട ബഹുഭൂരിപക്ഷം പേരും ഇതേ ചോദ്യം ചോദിക്കുന്നുണ്ട്. തിരക്കഥ രൂപീകരണവേളയില്‍ എല്ലാ ദിവസവും കുര്‍ബാനയ്ക്കു ശേഷം വൈകുന്നരംവരെ ഞങ്ങള്‍ എഴുതും. അതിനുശേഷം നടക്കാനിറങ്ങും അങ്ങനെ നടന്നാണ് അധികമാരും ഷൂട്ടിങ്ങിനുവേണ്ടി ഉപയോഗിച്ചിട്ടില്ലാത്ത ഈ ലൊക്കേഷന്‍ കണ്ടെത്തിയത്. വാഗമണ്ണിന്റെ അതിമനോഹരമായ ദൃശ്യഭംഗി തുളുമ്പി നില്‍ക്കുന്ന ലൊക്കേഷന്‍. എവിടെ ക്യാമറ വച്ചാലും കിട്ടുന്നത് അതിമനോഹരമായ ഫ്രെയിമുകളായിരുന്നു. ആ വെള്ളച്ചാട്ടമൊക്കെ അതിനു തൊട്ടടുത്തു തന്നെയായിരുന്നു. കഥയ്ക്കനുസൃതമായി ഞങ്ങളിട്ട പേരായിരുന്നു മാമലക്കുന്ന് എന്നത്.
പ്രഥമ സിനിമസംരംഭത്തിന്റെ സാക്ഷാത്കാരം എങ്ങനെയായിരുന്നു?
ഹ ചങ്ങനാശ്ശേരി മീഡിയ വില്ലേജില്‍ ചലച്ചിത്രത്തിന്റെ സാങ്കേതികവശങ്ങളെക്കുറിച്ചു പഠിക്കുന്ന കാലത്ത് ഡോക്യുമെന്ററികളും ഷോര്‍ട്ട് ഫിലിമുകളുമൊക്കെ ചെയ്തിരുന്നു. അതില്‍ കുടിവെള്ളത്തിന്റെ പ്രശ്‌നങ്ങളെ അനാവരണം ചെയ്തുകൊണ്ട് ഞാന്‍ സംവിധാനം ചെയ്ത 'ദി ലാസ്റ്റ് ഡ്രോപ്‌സ്' എന്ന ഹ്രസ്വചിത്രം അന്തര്‍ദേശീയതലത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. അനന്തരം, എന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ പ്രിയപ്പെട്ടവര്‍ ഒരു മുഴുനീള ചിത്രം ചെയ്യാന്‍ പ്രേരിപ്പിക്കുകയും അതിനുവേണ്ട പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. എം.ജി. യൂണിവേഴ്‌സിറ്റിയില്‍ എന്റെ പി.എച്ച്.ഡി. ഗൈഡായ ഡോ. ജോസ് കെ. മാനുവല്‍ സാറും നിരന്തരമായി സിനിമ ചെയ്യാന്‍ പ്രേരിപ്പിക്കുന്നുണ്ടായിരുന്നു. എന്റെ ആത്മമിത്രം ആലപ്പുഴ അര്‍ക്കാഡിയ ഹോട്ടലിന്റെ ഉടമസ്ഥന്‍ ടോമിച്ചനാണ് അതിന് എന്നെ ശക്തമായി പിന്തുണച്ചത്, അദ്ദേഹത്തിന്റെ കോണ്‍ട്രിബ്യൂഷനാണ് നിര്‍ണായകമായത്. അദ്ദേഹത്തിലൂടെ ധാരാളം സുഹൃത്തുക്കളും എന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ പലരും, കപ്പൂച്ചിന്‍ സമൂഹനേതൃത്വവും, അംഗങ്ങളായ പ്രിയപ്പെട്ടവരും സിസ്റ്റര്‍ കോണ്‍ഗ്രിഗേഷനുമെല്ലാം പിന്തുണയുമായി മുമ്പോട്ടു വന്നു. അങ്ങനെയാണ് കാറ്റിനരികെ' സാക്ഷാത്കരിക്കപ്പെടുന്നത്.
നായകനായ ജോണിയിലേക്ക് അശോകന്‍ എത്തുന്നത്?
ഹ എന്റെ ഗവേഷണപ്രബന്ധം പത്മരാജന്റെ സിനിമകള്‍ എന്നതാണ്. ആ പര്യവേക്ഷണങ്ങള്‍ക്കിടയില്‍ നടന്ന പത്മരാജന്‍ അനുസ്മരണച്ചടങ്ങില്‍വച്ച് അശോകേട്ടനെ കാണുകയും എന്റെ കാറ്റിനരികെയിലെ ജോണിയായി അദ്ദേഹത്തെ മനസ്സില്‍ ഉറപ്പിക്കുകയും ചെയ്തിരുന്നു. എറണാകുളത്തെ ഗോകുലം ഹോട്ടലില്‍ വെച്ച് ഞങ്ങളെല്ലാവരും ചേര്‍ന്ന് അദ്ദേഹത്തെക്കണ്ട് കഥ പറയുകയും, കഥ അശോകേട്ടന് ഇഷ്ടപ്പെടുകയും ചെയ്തു. ജോണിയായി മികച്ച പ്രകടനമാണ് അശോകേട്ടന്‍ നടത്തിയിരിക്കുന്നത്.
നായിക?
ഹ സിനി ഏബ്രഹാമെന്നാണ് ആനിയായി അഭിനയിച്ച കുട്ടിയുടെ പേര് നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ശിവയാണ് സിനിയെ പരിചയപ്പെടുത്തിയത്. സിനി പുതുമുഖമല്ല ചില സിനിമകളൊക്കെ ചെയ്തിട്ടുണ്ട്. ജീവസന്ധാരണക്ലേശങ്ങള്‍ക്കിടയില്‍ പരാതികളില്ലാതെ നീങ്ങുന്ന ആനിയെ സിനി വളരെ നന്നായിത്തന്നെ അവതരിപ്പിച്ചിട്ടുണ്ട്
കുട്ടികള്‍ രണ്ടുപേരും മികച്ച അഭിനയമാണ് കാഴ്ച വച്ചിരിക്കുന്നത്?
ഹ തീര്‍ച്ചയായും ഈ സിനിമയില്‍ എടുത്തുപറയേണ്ടത് അവരുടെ പ്രകടനംതന്നെയാണ്. കമ്പംമേട് സ്വദേശിയായ പവന്റോയിയാണ് തൊമ്മിക്കുഞ്ഞിനെ അവതരിപ്പിച്ചത്. കണ്ണൂര്‍ സ്വദേശിനിയാണ് അമ്മുക്കുട്ടിയായി വേഷമിട്ട അനു. നൂറോളം കുട്ടികള്‍ പങ്കെടുത്ത ഓഡിഷനില്‍നിന്നാണ് ഇവരെ തിരഞ്ഞെടുത്തത്. മുമ്പ് സിനിമകളിലും മറ്റും അഭിനയിച്ചിട്ടുള്ള കുട്ടികളാണവര്‍. സിനിമ കണ്ട പ്രേക്ഷകര്‍ വിസ്മയത്തോടെയാണ് അവരുടെ പ്രകടനത്തെക്കുറിച്ചു പറയുന്നത്. എന്റെ അഭിപ്രായത്തില്‍ കഥാപാത്രങ്ങളെ അവരുടെ ഉള്ളിലേക്ക് ഒന്നു സന്നിവേശിപ്പിക്കേണ്ട റിസ്‌ക് മാത്രമേ ഉണ്ടായുള്ളൂ, പിന്നെ കണ്ടത് അവരുടെ മിന്നുന്ന പ്രകടനങ്ങളായിരുന്നു.
ഈ സിനിമയിലൂടെ ഒരു പ്രകൃതിസംരക്ഷണചിന്ത കൈമാറുന്നുണ്ട്?
ഹ അതേ, ആ ചിന്ത പണ്ടു മുതല്‍ എന്റെ മനസ്സിലു ള്ളതായിരുന്നു. സെന്റ് ഫ്രാന്‍സിസ് അസ്സീസി എക്കോളജിയുടെ മധ്യസ്ഥനാണ്. പ്രകൃതിയോടും മൃഗങ്ങളോടും ഇണങ്ങിയ ഒരു ജീവിതമായിരുന്നു അദ്ദേഹം നയിച്ചത്. ഞാന്‍ അസ്സീസി മാസികയുടെ എഡിറ്ററായിരുന്നയാളാണ്. നമ്മുടെ പരിസ്ഥിതിയെ, ഭൂമിയെ വിട്ട് ഒരു ജീവിതരീതി നമുക്കു പാടില്ലെന്നും, പ്രകൃതിയിലേക്കുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും നിരന്തരമായി എഴുതിയിരുന്നു. കട്ടച്ചിറയിലെ പാതയോരത്ത് കാണുന്ന മരങ്ങള്‍ ഞാനും ചേര്‍ന്നു നട്ടതാണു, അത് സംരക്ഷിക്കാനുള്ള സന്നദ്ധപ്രവര്‍ത്തനത്തിനും ഞാന്‍ മുന്നിട്ടിറങ്ങിയിരുന്നു അന്നത് വലിയ വാര്‍ത്തയായിരുന്നു. പിന്നെ ഗാന്ധിയന്‍ മാര്‍ഗത്തിലൂന്നി ജീവിക്കുന്ന പ്രകൃതിസംരക്ഷകരായ പലരോടുമൊത്തു പ്രവര്‍ത്തിക്കുവാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. അതെല്ലാം തിരക്കഥയില്‍ പ്രതിഫലിച്ചിട്ടുണ്ട്.
ഫാദറിന്റെ കുടുംബം?
ഹ എരുമേലി, മുക്കൂട്ടുതറയ്ക്കടുത്ത് കൊല്ലമുളയില്‍, കാരയ്ക്കാട്ട് എന്നതാണ് എന്റെ വീട്ടുപേര്, ചാച്ചന്റെ പേര് ജോസഫ്, അമ്മ അന്നമ്മ. ഞങ്ങള്‍ ആറ് ആണ്‍മക്കളാണ്. ഞാനാണ് ഏറ്റവും ഇളയത്. എന്റെ മൂന്നാമത്തെ സഹോദരനും കപ്പുച്ചിന്‍ വൈദികനാണ്. ഈ സംരംഭത്തില്‍ അദ്ദേഹം വലിയ കൈത്താങ്ങായി ഒപ്പമുണ്ടായിരുന്നു.
വിദ്യാഭ്യാസം?
ഹ പ്രാഥമികവിദ്യാഭ്യാസം കൊല്ലമുളയില്‍ത്തന്നെയായിരുന്നു. ഹൈസ്‌കൂള്‍ പഠനം ഉമിക്കുപ്പ സെന്റ് മേരീസ് സ്‌കൂളിലും. അതിനുശേഷമാണ് സെമിനാരിയില്‍ ചേര്‍ന്നത്. ആദ്ധ്യാത്മികവഴിയില്‍ അമ്മയായിരുന്നു പ്രേരണയായി കൂടെ നിന്നത്. വൈദികനായ ജ്യേഷ്ഠനും സ്വാധീനിച്ചു. ഡല്‍ഹി, ഭരണങ്ങാനം, കട്ടപ്പന, മൂവാറ്റുപുഴ, തൃശൂര്‍, ആന്ധ്രാ, തെള്ളകം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു വൈദികപരിശീലനത്തിന്റെ വിവിധ ഘട്ടങ്ങള്‍. 2002-ലായിരുന്നു ഓര്‍ഡിനേഷന്‍. മനുഷ്യമനസ്സിനെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഒരു മാധ്യമമാണ് സിനിമ. അതിലൂടെ നമുക്കും ചില കാര്യങ്ങള്‍ സമൂഹത്തെ ഓര്‍മിപ്പിക്കാനുണ്ട് എന്ന തിരിച്ചറിവാണ് സിനിമയിലേക്ക് എത്തിച്ചത്. അങ്ങനെ ചങ്ങനാശ്ശേരി മീഡിയ വില്ലേജില്‍ സിനിമ പഠിക്കാന്‍ ചേര്‍ന്നത്. അവിടുത്തെ പഠനത്തെപ്പറ്റി പറയുമ്പോള്‍ ആദ്യം ഞാന്‍ ഓര്‍ക്കുന്നത് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ കൂടിയായ എന്റെ സുഹൃത്ത് ഡോ. മാത്യു കണമലസാറിനെയാണ്. അദ്ദേഹമാണ് മീഡിയ വില്ലേജിലേക്ക് എന്നെ നയിച്ചത്
പുതിയ സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്ന് മനോരമയില്‍ കണ്ടു?
ഹ അതേ, ആന്റണിയന്റേതാണ് തിരക്കഥ. ഒരു ചെറുപ്പക്കാരന്റെ അതിജീവനത്തിന്റെ കഥയാണ്. പരിമിതികളില്‍നിന്ന് വന്ന് ചരിത്രം സൃഷ്ടിക്കുന്ന ഒരു മോട്ടിവേഷണല്‍ സിനിമയായിരിക്കുമത്.
ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്ന സഹപ്രവര്‍ത്തകരോടും സഭാമക്കളോടും എന്താണ് പറയാനുള്ളത്?
ഹ മനുഷ്യജീവിതത്തെ സമഗ്രമായി ഒരു പടികൂടി മെച്ചപ്പെടുത്താനുതകുന്നതാവണം നമ്മുടെ കലാസൃഷ്ടി.നമ്മള്‍ പറയുന്ന കഥയെപ്പറ്റിയും സമൂഹത്തില്‍ അതുളവാക്കാന്‍ പോന്ന പ്രതിഫലനങ്ങളെപ്പറ്റിയും വ്യക്തമായ ബോധ്യവുമുണ്ടായിരിക്കണം.
ഒരുപാട് ആശകളും പ്രതീക്ഷകളുമായി പലതരം പ്രതികൂലസാഹചര്യങ്ങളോടു പടപൊരുതി ജീവിക്കുന്ന സാധാരണമനുഷ്യരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ചിലപ്പോഴൊക്കെയുണ്ടാകുന്ന വലുതോ ചെറുതോ ആയിട്ടുള്ള പ്രതിസന്ധികളെ ദൈവത്തിലും ദൈവവചനത്തിലുമുള്ള വിശ്വാസത്താല്‍ തരണം ചെയ്യാനാകുമെന്ന മഹത്തായ ആത്മീയസന്ദേശമാണ് കാറ്റിനരികെ എന്ന സിനിമ നല്‍കുന്നത്.