•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കഥ

നന്മമരങ്ങള്‍

  • എം.ഡി. വിശ്വംഭരന്‍
  • 29 April , 2021

കൃഷ്‌ണേട്ടന്റെ കടയുടെ മുന്നില്‍ കാര്‍ എത്തിയപ്പോള്‍  അന്നാമ്മ പെട്ടെന്നു പറഞ്ഞു: ''മക്കളേ, കാര്‍ നിര്‍ത്തൂ.'' അപ്പോള്‍ അന്നാമ്മയുടെ മകള്‍ ആന്‍സിയും മക്കള്‍ സൈറയും ടിന്റുവും പരസ്പരം മുഖത്തു നോക്കി ചിരിച്ചു. പിന്നെ ടിന്റു പറഞ്ഞു: ''ദേ വരുന്നു ഇനി വല്ലിമ്മച്ചിയുടെ ഡയലോഗ്, ദാ ഇപ്പോള്‍ കൃഷ്‌ണേട്ടന്റെ കടയിലേക്ക് ഓടുകയായി, പിന്നെ പയ്യാരം പറച്ചില്‍, പെരുന്നാള്‍ ക്ഷണിക്കല്‍ അങ്ങനെ പോകും കാര്യങ്ങള്‍.'' ഈ പരിഹാസം പതിവുള്ളതായതിനാല്‍ അന്നാമ്മ ഒന്നും പറഞ്ഞില്ല. പ്രഭാതത്തില്‍ കൂടിവരുന്ന സൂര്യന്റെ ചൂടിനെക്കാള്‍ ഡിസംബറിലെ തണുപ്പിനായിരുന്നു ആധിക്യം. തന്നെ നോക്കി അടക്കിച്ചിരിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന മകളെയും കൊച്ചുമക്കളെയും അവരുടെ വര്‍ത്തമാനങ്ങളെയും അവഗണിച്ച് കടയിലേക്കു നടക്കുമ്പോള്‍ അന്നാമ്മ ഓര്‍ക്കുകയായിരുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തനിക്കൊന്നുമില്ല. അബദ്ധങ്ങളൊന്നുമല്ല താന്‍ ചെയ്യുന്നത്. ഒരു കടമ നിറവേറ്റല്‍, കടംവീട്ടല്‍, വീട്ടിയാല്‍ തീരുന്നതല്ല ആ കടം.
എല്ലാ ഞായറാഴ്ചയും മുടങ്ങാതെ പള്ളിയില്‍ പോകും. രണ്ടാമത്തെ കുര്‍ബാനയ്ക്കാണ് പതിവായി പോകുന്നത്. ഒത്തുവന്നാല്‍ മറ്റു ദിവസങ്ങളിലും അങ്ങനെതന്നെയായിരുന്നു. ഈ നാട്ടില്‍ വന്നെത്തിയിട്ട് വര്‍ഷം മുപ്പത്തിയഞ്ചു കഴിഞ്ഞിരിക്കുന്നു. അന്ന് ആന്‍സമ്മയ്ക്ക് ഒരു വയസ്. ജോണിച്ചായന്റെകൂടെ ഇറങ്ങിച്ചെല്ലുമ്പോള്‍ ഇങ്ങനെയൊക്കെ വന്നുഭവിക്കുമെന്നും ദുരിതങ്ങള്‍ തന്റെ പിന്നാലെ വരികയാണെന്നും അറിഞ്ഞില്ലല്ലോ. ജോണിച്ചായന്‍ എത്ര സ്‌നേഹമുള്ളവനായിരുന്നു! അവരുടെ തോട്ടത്തില്‍ അമ്മയോടൊപ്പം പണിക്കു ചെന്ന തന്നെ ജോണിച്ചായന്‍ കണ്ടതും ചുരുങ്ങിയ ദിവസത്തെ പരിചയത്തില്‍ പരസ്പരം സ്‌നേഹബദ്ധരായതുമെല്ലാം  ഇന്നലെത്തെപ്പോലെ ഓര്‍ക്കുന്നു. ഇച്ചായന്റെ അപ്പന്‍ മനുഷ്യപ്പറ്റില്ലാത്തവനും ധനമോഹിയുമായിരുന്നു. തങ്ങള്‍ തമ്മില്‍ അടുപ്പമാണെന്നറിഞ്ഞ് അദ്ദേഹം തനിസ്വരൂപം കാണിച്ചു. മേലില്‍ പണിക്കു വരരുതെന്ന് അമ്മയോടു വിലക്കി, ഭീഷണിപ്പെടുത്തി. എന്നാല്‍ മക്കളില്ലാതിരുന്നു പ്രാര്‍ത്ഥനയും നേര്‍ച്ചയുംകൊണ്ട് പിറന്ന മകനെ പിണക്കാനും ആ പിതാവിനു കഴിയുമായിരുന്നില്ല. മകന്റെ ഇഷ്ടത്തിനെതിരായി നില്‍ക്കാന്‍ കഴിയാത്തതിനാല്‍ എങ്ങനെയും തന്നെ അവിടുന്ന് ഒഴിവാക്കാനായിരുന്നു ശ്രമം. ജോണിച്ചായന്‍ അപ്പനോട് ഇടഞ്ഞ് പള്ളിയിലെ അച്ചനെ കണ്ടു സഹായം തേടുകയായിരുന്നു.
അച്ചന്‍ അനുനയത്തില്‍ ചോദിച്ചു: ''ജോണീ, മാതാപിതാക്കളെ അനുസരിക്കുന്നതല്ലേ നല്ലത്? കര്‍ത്താവിനു ഹിതമല്ലാത്ത ഒന്നും മനുഷ്യന്‍ പ്രവര്‍ത്തിച്ചുകൂടാ. അപ്പോള്‍ ജോണി ഇടപെട്ടു: ''അച്ചോ, ഏഴകളെ സഹായിക്കുന്നതും സ്‌നേഹിക്കുന്നതും കര്‍ത്താവിനു ഹിതമല്ലാത്ത കാര്യങ്ങളാണോ? വചനം വചനമായി നിര്‍ത്തിയാല്‍ മതിയോ അച്ചോ. അന്നാമ്മ പാവപ്പെട്ട ഒരു പിതാവിന്റെ മകളാണ്. അദ്ദേഹം ജീവിച്ചിരിക്കുന്നുമില്ല. കാഴ്ചയില്‍ നല്ല അടക്കവും ഒതുക്കവും കുറച്ചു സൗന്ദര്യവുമുള്ളവളാണല്ലോ. അവളെ ഭാര്യയാക്കാന്‍ ഞാനാഗ്രഹിക്കുന്നു. അച്ചന്‍ അച്ചായനോടു പറഞ്ഞ് ഞങ്ങളുടെ കല്യാണം നടത്തിത്തരണം.''
ഇടവകക്കാരുടെ ക്ഷേമത്തിലും ഐശ്വര്യത്തിലും എന്നും തത്പരനായിരുന്നു ഫ്രാന്‍സീസ് അച്ചന്‍. ജോണിയുടെ വാദമുഖങ്ങള്‍ എല്ലാം മനസുകൊണ്ട് ശരിവയ്ക്കുമ്പോഴും അദ്ദേഹം പറഞ്ഞു, അപ്പനു ഹിതമല്ലാത്ത ബന്ധത്തില്‍നിന്നു പിന്മാറാന്‍. ജോണി നല്ല അനുസരണയും ദൈവഭയവും ഉള്ളയാളായതിനാല്‍ അച്ചന് അവനോടു പ്രത്യേക സ്‌നേഹംതന്നെയായിരുന്നു. അപ്പനോടു വിവാഹക്കാര്യം സൂചിപ്പിച്ചപ്പോള്‍ അയാള്‍ എതിര്‍ക്കുകയും ക്ഷോഭിക്കുകയും ചെയ്തു.
ശാന്തശീലനായ അച്ചന്‍ ചെറുചിരിയോടെ പറഞ്ഞു: ''മത്തായിച്ചേട്ടാ, ജോണി എനിക്കേറെ ഇഷ്ടമുള്ള പയ്യന്‍. പള്ളിക്കാര്യത്തില്‍ എല്ലാറ്റിനും മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്ന ഉത്സാഹി. അവന്‍ ഒരു കാര്യം പറയുമ്പോള്‍ എനിക്കത് ശരിയാണെങ്കില്‍ തള്ളിക്കളയാന്‍ പറ്റില്ല. തെറ്റില്ലാത്ത കാര്യമായതുകൊണ്ട്  ഞാന്‍ ഇറങ്ങിപ്പുറപ്പെട്ടെന്നേയുള്ളൂ. അവന് ഇഷ്ടപ്പെട്ട പെണ്‍കൊച്ച്. അവള്‍ നിങ്ങളോടൊപ്പംനിന്ന് പണി ചെയ്ത് കുടുംബത്തിന്റെ ഐശ്വര്യം വര്‍ദ്ധിപ്പിക്കുകയേയുള്ളൂ. അതിനാല്‍ മത്തായിച്ചേട്ടന്‍ ആ വഴിക്കു ചിന്തിക്കൂ.''
എന്തൊക്കെപ്പറഞ്ഞാലും മത്തായിക്ക് പള്ളിയും പള്ളിവികാരിയുമെല്ലാം ദൗര്‍ബല്യമാണ്. ഫ്രാന്‍സീസ് അച്ചന്‍ പറഞ്ഞ കാര്യം നിഷേധിക്കാനാവില്ലെന്നറിഞ്ഞ മത്തായി അനിഷ്ടത്തോടെയാണെങ്കിലും വിവാഹത്തിനു സമ്മതിക്കുകയായിരുന്നു.
ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും ആ കല്യാണമങ്ങു നടന്നു. അവര്‍ ഇണക്കുരുവികളായി പള്ളിയില്‍പ്പോയി, തോട്ടത്തില്‍ പോയി. മുതലാളിയുടെ ഭാര്യ എന്നു കാണാതെ അന്നാമ്മ മറ്റുള്ളവരോടൊപ്പം പണിയെടുത്തു. 
വര്‍ഷമൊന്നു കഴിഞ്ഞപ്പോള്‍ അവരുടെ അനുരാഗവല്ലരി ആന്‍സമ്മയുടെ രൂപത്തില്‍ ജന്മമെടുത്തു. മകന്റെ കുഞ്ഞിനെ കണ്ടിട്ടും അതിനെ എടുക്കാനോ ലാളിക്കാനോ മത്തായി മുതിര്‍ന്നില്ല. അന്നാമ്മ പണിയെടുക്കുന്നതിലെ കുറവുകള്‍ മാത്രം കണ്ടു.  അയാള്‍ ഇടയ്ക്കിടെ അന്നാമ്മയെ കുത്തിനോവിച്ചു.
ദിവസങ്ങള്‍ കൂരമ്പുകള്‍ക്കിടയിലൂടെ കടന്നുപോകുമ്പോള്‍ ആ ദുരന്തം വന്നെത്തിയത് പെട്ടെന്നാണ്. കുരുമുളകു കയറ്റിയ ജീപ്പുമായി പോയ ജോണിച്ചായന്റെ വാഹനം അപ്രതീക്ഷിതമായി നിയന്ത്രണം തെറ്റി അഗാധമായ കൊക്കയിലേക്കു മറിഞ്ഞു. അപകടം കണ്ട് ഓടിക്കൂടിയ ജനം തിരച്ചിലിനൊടുവില്‍ ചേതനയറ്റ ശരീരവുമായിട്ടാണ് കരയ്ക്കു വന്നത്. വിവരമറിഞ്ഞപ്പോള്‍, ഇതെന്തു പരീക്ഷണമാണെന്നോര്‍ത്ത് വിലപിച്ചു. ആശിച്ച ജീവിതം ജീവിച്ചുതുടങ്ങിയതേയുള്ളൂ. താന്‍ ഈ കുഞ്ഞുമായി എങ്ങനെ മുന്നോട്ടുപോകും? ജോണിച്ചായന്റെ അപ്പനും അമ്മയ്ക്കും തന്നെ കണ്ടുകൂടാ. പിന്നെയെങ്ങനെ? അതൊരു വലിയ ചോദ്യചിഹ്നമായി വേട്ടയാടി.
ദിവസങ്ങള്‍ കടന്നുപോകുമ്പോള്‍ അപ്പന്‍, എല്ലാ കുഴപ്പങ്ങള്‍ക്കും താനാണെന്ന ഭാവത്തില്‍ എല്ലാ ദേഷ്യവും കൂരമ്പുകളാക്കി തനിക്കു നേരേ തൊടുത്തുവിടുന്നു. മകന്റെ ദുര്‍വിധിക്കു കാരണം ഈ നശിച്ച ഒരുത്തി മാത്രം എന്നു നിരന്തരം പറയുന്നു. ഒപ്പം അമ്മയും കൂടുന്നു. ശരിക്കും ആഹാരം തരില്ല. പകരം ശാപവാക്കുകള്‍ നിര്‍ലോപം കോരിച്ചൊരിഞ്ഞു. കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് എല്ലാ സങ്കടവും കര്‍ത്താവില്‍ അര്‍പ്പിച്ച് ദിവസങ്ങള്‍ തള്ളിനീക്കി. ഇനി എങ്ങോട്ടാണു പോകുന്നത്? സ്വന്തം വീട്ടിലേക്ക് എങ്ങനെ കയറിച്ചെല്ലും? തന്റെ ഇളയ മൂന്നു കുട്ടികള്‍. ആ പട്ടിണിയിലേക്കു കയറിച്ചെന്ന് അവരെക്കൂടി വിഷമത്തിലാക്കാന്‍ മനസ്സുവരുന്നില്ല. അങ്ങനെ നീറി നില്ക്കുന്ന വേളയിലാണ് ഒരു ദിവസം അപ്പന്‍ മദ്യപിച്ചുവന്നു ചീത്ത വിളിക്കുകയും ഒപ്പം തന്നെ പിടിച്ച് പുറത്തേക്ക് തള്ളുകയും ചെയ്തത്. കുഞ്ഞിനെ പുറത്തെടുത്തു നിര്‍ത്തി എവിടെയെങ്കിലും ഇറങ്ങിപ്പോകാന്‍ ആക്രോശിച്ചു. സ്വന്തം മകന്റെ കുഞ്ഞാണെന്ന പരിഗണന കാണിച്ചില്ല. കണ്ടുനിന്ന അമ്മ ഒരക്ഷരം മിണ്ടിയില്ല. എവിടെയെങ്കിലും പോയി തുലഞ്ഞുകൂടേ എന്നു പലതവണ അവര്‍ ചോദിക്കുകയും ചെയ്തിരുന്നു.
ഇനിയെന്ത്? ഒരുവേള ആകെ പതറിപ്പോയി. ഈ രാത്രിയില്‍ കുഞ്ഞുമായി എവിടേക്ക്? നിശ്ചയമില്ല. തനിക്കു കണ്ടു മതിയാകാത്ത ഈ നാടും കാടും പുഴയും മലയും  എല്ലാം മനസ്സിലേക്ക് ആവാഹിച്ച് തന്റെ കുഞ്ഞിനു കാണാന്‍ കഴിയാതെ നഷ്ടപ്പെട്ടുപോകുന്ന ഈ നാടിനെ ഓര്‍ത്തു മനസു തേങ്ങി. മനുഷ്യത്വം തെല്ലുമില്ലാത്ത ഭര്‍ത്തൃപിതാവിനെയും മാതാവിനെയും കുറിച്ചോര്‍ക്കുമ്പോള്‍ തനിക്കു ജീവിക്കാനുള്ള സൗഭാഗ്യം നഷ്ടപ്പെട്ടതോര്‍ത്ത് ആ കനത്ത ഇരുട്ടില്‍ മുന്നോട്ടു നീങ്ങി. ഏതെങ്കിലും കാട്ടുപൊന്തയിലോ ഗര്‍ത്തത്തിലോ ഈ ജീവനുകള്‍ എറിഞ്ഞുകൊടുക്കുകയേ ഇനി മാര്‍ഗമുള്ളൂ എന്ന ചിന്തയിലാണു നടന്നത്.
*********************
ഇന്നു നേരം ഒരുപാട് ഇരുട്ടി. പതിവിലും കുടുതല്‍ താമസിച്ചിരിക്കുന്നു. കൃഷ്ണന്‍ തന്റെ കാളവണ്ടി തെളിക്കുകയായിരുന്നു. കടയിലേക്കുള്ള സാമാനങ്ങള്‍ വാങ്ങി വീട്ടിലേക്കു  മടങ്ങുമ്പോള്‍ വൈകിയതിനെക്കുറിച്ചുള്ള ചിന്തയിലായിരുന്നു കൃഷ്ണന്‍. കാട്ടുപാതയില്‍ വളവുതിരിയുമ്പോള്‍ ഇരുട്ടില്‍ മരത്തിന്റെ മറവിലേക്ക് ആരോ തെന്നിമാറുന്നതുകണ്ട് കൃഷ്ണന്‍ ഉറക്കെ വിളിച്ചു ചോദിച്ചു: ''ആരാ? ആരാ അത്? അവിടെ ഇരുട്ടത്ത് എന്തെടുക്കുകയാ?'' സംശയം തോന്നി അയാള്‍ കാളകളെ പിടിച്ചുനിര്‍ത്തി നിഴല്‍ മറയുന്നിടത്തേക്കു ചെന്നു. ഇരുളില്‍ വ്യക്തമായില്ലെങ്കിലും ആരോ നില്‍ക്കുന്നതായിത്തോന്നി വിളിച്ചു ചോദിച്ചു: ''ആരാ, എന്താ ഈ ഇരുട്ടില്‍?''
ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച രൂപത്തെക്കണ്ട് അയാള്‍ അന്ധാളിച്ചു. വേഗം മുന്നോട്ടു ചെന്നു ചോദിച്ചു: ''എന്താ ഈ രാത്രിയില്‍? എന്തിനാ ഈ കുഞ്ഞുമായി വന്നിരിക്കുന്നത്. എന്താ, ചാകാനാണോ? നിനക്കു ചാകണമെങ്കില്‍ ഈ കുഞ്ഞ് എന്തു പിഴച്ചു? അതിനെ എന്തു ചെയ്യാന്‍ പോകുന്നു?''
എല്ലാറ്റിനും ഒരു തേങ്ങല്‍ മാത്രമായിരുന്നു ഉത്തരം. ''പെണ്ണേ, നിനക്ക് ഇപ്പോള്‍ ചാകണ്ടെങ്കില്‍ വന്നു വണ്ടീലോട്ട് കേറ്. ബാക്കിയെല്ലാം പിന്നെ.'' അവള്‍ മടിച്ചുനിന്നു.
കൃഷ്ണന്‍ ശബ്ദമുയര്‍ത്തി ചോദിച്ചു: ''ഇങ്ങോട്ടു വരുന്നുണ്ടോ? വാ വന്നു കേറ് പെണ്ണേ.'' അയാള്‍ അവളെ ബലമായി പിടിച്ച് വണ്ടിയിലേക്കു കയറ്റി വണ്ടി തെളിച്ചു. ഒന്നും ചോദിച്ചില്ല. ഒന്നും പറയാന്‍ ആവശ്യപ്പെട്ടില്ല. ഇടയ്ക്ക് അവളെ പാളി നോക്കി. പാതിരാ കഴിയുന്ന നേരത്താണ് കൃഷ്ണന്‍ വീട്ടിലെത്തുന്നത്. ചെന്നപാടെ ഭാര്യയെ വിളിച്ചു പറഞ്ഞു:
''ദേ, രാത്രി വഴിയില്‍നിന്നു കിട്ടിയതാണ്, എന്താന്നുവച്ചാല്‍ ചെയ്യ്.''ഭാര്യ  ഒന്നും മനസ്സിലാകാതെ ഭര്‍ത്താവിന്റെ നേരേ നോക്കി. ഭര്‍ത്താവിനെ കാര്‍ത്ത്യായനിക്ക് നല്ല വിശ്വാസമാണ്. 
അതിനാല്‍ അങ്ങേര് കൊള്ളാത്തതൊന്നും ചെയ്യില്ലെന്നറിയാം. കൂടെ വന്ന പെണ്ണിനെയും കുഞ്ഞിനെയും കൂട്ടി അകത്തേക്കു കയറി. അവര്‍ ചുടുകഞ്ഞി  വിളമ്പിക്കൊടുത്തിട്ടു പറഞ്ഞു: ''മകളേ ഇതു കഴിക്ക്, ബാക്കിയെല്ലാം നാളെ സംസാരിക്കാം. ഞാന്‍ അതിയാന് കഞ്ഞി കൊടുക്കട്ടെ.''
അന്നാമ്മയ്ക്ക് എല്ലാം വിചിത്രമായി തോന്നി. തന്നെ സംരക്ഷിക്കേണ്ടവര്‍ ചവിട്ടിപ്പുറത്താക്കി. ആരെന്നറിയാത്ത ഒരു ഭാര്യയും ഭര്‍ത്താവും ഏതെന്നു ചോദിക്കാതെ കൈത്താങ്ങാവുന്നു. അവള്‍ കഞ്ഞി കുടിക്കാന്‍ മടിച്ചു. പക്ഷേ, കാര്‍ത്യായനിയുടെ നിര്‍ബന്ധംമൂലം കുഞ്ഞിനു കഞ്ഞികൊടുത്ത് അവളും കുടിച്ചു. ഇവര്‍ തനിക്ക് ആരാണ്? തന്നെ എന്തിനിവര്‍ സഹായിക്കുന്നു? എല്ലാം രാവിലെ പറയാം എന്ന്. ആ സ്ത്രീ അവര്‍ക്കു കിടക്കാന്‍ തഴപ്പായ കൊടുത്തിട്ട് അടുത്ത മുറിയിലേക്കു കയറിപ്പോയി. താന്‍ കടന്നുവന്ന സങ്കടവഴികള്‍ ഓര്‍ത്തപ്പോള്‍ അന്നാമ്മയില്‍നിന്ന് ഉറക്കം വഴിമാറി നിന്നു. ദുഃഖഭാരത്താല്‍ മനസ്സു വിങ്ങുന്നു. സ്വയം ശപിച്ച് രാവിനെ തള്ളിനീക്കാന്‍ ശ്രമിച്ചു. പിന്നെയെപ്പോേഴാ ഉറക്കത്തിലേക്കു വീണു.
രാവിലെ ഉണര്‍ന്നപ്പോള്‍ അവള്‍ക്കു കാപ്പി കൊടുത്തു. കാര്‍ത്ത്യായനി വിവരങ്ങള്‍ ആരാഞ്ഞു.
അന്നാമ്മയുടെ കദനകഥ കേട്ട് കൃഷ്ണനും  ഒരു ഭാഗത്തുണ്ടായിരുന്നു. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അയാള്‍ ചോദിച്ചു: ''ഇനി നീ എന്തു ചെയ്യാന്‍ പോകുന്നു?''
''എനിക്കറിയില്ല. ഒരു വഴിയേ ഞാന്‍ കണ്ടുള്ളൂ. അതിനൊരുങ്ങുമ്പോള്‍ നിങ്ങള്‍...'' പൂര്‍ത്തിയാക്കാനാവാതെ അവള്‍ തേങ്ങി.
ഒരുവേള കൃഷ്ണനും കാര്‍ത്ത്യായനിയും മുഖത്തോടു മുഖം നോക്കി. പിന്നെ അയാള്‍ അറിയിച്ചു: ''നിനക്കു വേണമെങ്കില്‍ ഇവിടെ ഞങ്ങളോടൊപ്പം താമസിക്കാവുന്നതേയുള്ളൂ. എന്നാല്‍, പിന്നീടത് നിനക്കോ നിന്റെ ആള്‍ക്കാര്‍ക്കോ എന്തെങ്കിലും ബുദ്ധിമുട്ടായാലോ. ഈ പള്ളിയിലെ അച്ചനെ കാണാം. എനിക്ക് അദ്ദേഹത്തെ അറിയാം. നല്ല മനുഷ്യനാ. നമുക്കു പള്ളിയിലോട്ടു പോകാം. ഇല്ലേ വേണ്ട, അദ്ദേഹം വൈകുന്നേരം നടക്കാനിറങ്ങുമ്പോള്‍ ഇതുവഴിയാ വരുന്നത്. അപ്പോള്‍ കാണാം. കരുണയുള്ളവനാ ആ പിതാവ്.''
അന്നു വൈകുന്നേരം കൃഷ്ണന്‍ അന്നാമ്മയെ അച്ചനു പരിചയപ്പെടുത്തി. കാര്യങ്ങള്‍ വിശദീകരിച്ചു. തത്കാലം പള്ളിപ്പുരയിടത്തിന്റെ മൂലയില്‍ ചെറിയൊരു കൂരയുണ്ടാക്കി അന്നാമ്മയെയും കുഞ്ഞിനെയും അവിടെ താമസിപ്പിച്ചു. എല്ലാവരും സഹായിച്ചു. കൃഷ്ണനും കാര്‍ത്ത്യായനിയും മുന്നിലുണ്ടായിരുന്നു. പിന്നീട് മഠത്തിന്റെ സഹായത്താല്‍ അന്നാമ്മയ്ക്ക് ചെറിയൊരു ജോലി കിട്ടി.ആന്‍സമ്മ വളര്‍ന്നു പഠിച്ചു. അവള്‍ വലുതായപ്പോള്‍ അച്ചന്റെ സഹായത്തില്‍ അവള്‍ക്കും ജോലിയായി. അന്നാമ്മയുടെ വഴികള്‍ തെളിഞ്ഞു. സൗകര്യങ്ങളായപ്പോള്‍ മകള്‍ക്ക് നല്ല വിവാഹവും വന്നു. അവള്‍ വളരെ മെച്ചപ്പെട്ട ജീവിതത്തിലേക്ക് ഉയര്‍ന്നു.
മരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട തന്നെ കൈപിടിച്ചുയര്‍ത്തി ഇന്നത്തെ നിലയില്‍ എത്തിച്ച കൃഷ്‌ണേട്ടനെ മറക്കാന്‍ കഴിയില്ല എന്നവള്‍ അറിയുന്നു. നാളുകള്‍ ഏറെയായി. കൃഷ്‌ണേട്ടനും കാര്‍ത്ത്യായനിച്ചേച്ചിക്കും പ്രായമേറെയായെങ്കിലും കച്ചവടം നിര്‍ത്തിയിട്ടില്ല. ആ വാത്സല്യനിധികളെ തനിക്കൊരിക്കലും മറക്കാനാവില്ല. മറന്നുകൂടാ എന്ന ചിന്ത അന്നാമ്മയെ നയിക്കുന്നു. അന്നത്തെ അച്ചനും തന്റെ ജീവിതത്തിലെ വെളിച്ചമായിരുന്നു. അന്നാമ്മ ഓര്‍ത്തു. നന്മയുടെ ആള്‍രൂപങ്ങള്‍.
 

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)