1856 ല്‍ ഓസ്ട്രേലിയയിലാണ് മേയ് ഒന്ന് അന്താരാഷ്ട്ര തൊഴിലാളിദിനമായി ആചരിക്കണമെന്ന ആശയം രൂപപ്പെട്ടത്. തൊഴില്‍സമയം എട്ടു മണിക്കൂറായി നിജപ്പെടുത്തിയ സാമൂഹികക്ഷേമപരിഷ്കാരത്തിന്റെ സ്മരണ ആഘോഷിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താനും തൊഴിലിന്റെ മഹത്ത്വം ഉയര്‍ത്തിപ്പിടിക്കാനും ഈ ചുവടുവയ്പ്പ് വളരെ സഹായിച്ചു. ലോകത്തിന്റെ ഹൃദയം അധ്വാനജനവിഭാഗത്തോടൊപ്പമുണ്ട് എന്ന സദ്വാര്‍ത്തയാണ് മേയ്ദിനത്തില്‍ പ്രഘോഷിക്കപ്പെടുന്നത്.
കത്തോലിക്കാസഭ തൊഴിലാളികളുടെയും അവരുടെ അവകാശങ്ങളുടെയും സംരക്ഷണത്തിനു ശക്തമായ പ്രേരണ നല്‍കിയിട്ടുണ്ടെന്ന് സഭയുടെ സാമൂഹികപ്രബോധനങ്ങള്‍ വ്യക്തമാക്കുന്നു. എ.ഡി. 1750 കളില്‍ ആരംഭിച്ച വ്യവസായവിപ്ലവം ഉയര്‍ത്തിയ വെല്ലുവിളികള്‍ക്ക് സഭയുടെ പ്രബോധനാധികാരം ശക്തമായും പ്രവാചകാത്മകമായും പ്രത്യുത്തരം നല്കി. 1891 മേയ് 15 ന് ലെയോ പതിമ്മൂന്നാമന് മാര്‍പാപ്പായുടെ വിഖ്യാതമായ ''റേരും നൊവാരും'' ചാക്രികലേഖനം യഥാര്‍ത്ഥത്തില്‍ വ്യവസായവിപ്ലവാനന്തരമുള്ള സാമൂഹികപ്രശ്നങ്ങള്‍ക്കു ശാശ്വതവും സുവ്യക്തവുമായ പരിഹാരം നല്‍കുന്നതായിരുന്നു. തൊഴിലാളികളെയും അവരുടെ അവകാശങ്ങളെയും പിന്തുണയ്ക്കുന്ന സാര്‍വത്രികവും ശാശ്വത
വുമായ തത്ത്വങ്ങളെ ഉറപ്പിച്ചു പ്രഖ്യാപിക്കുന്നതായിരുന്നു കത്തോലിക്കാസഭയുടെ പ്രബോധനങ്ങള്‍. റേരും നൊവാരും തൊഴിലാളികളുടെ ''മാഗ്നാക്കാര്‍ട്ടാ''തന്നെയായിരുന്നു. അധ്വാനിക്കുന്ന തൊഴിലാളിവിഭാഗത്തോടുള്ള ഐക്യദാര്ഢ്യപ്രഖ്യാപനത്തിനൊപ്പം പാര്ശ്വവത്കരിക്കപ്പെട്ടിരിക്കുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനുള്ള സമഗ്രമായ ആശയങ്ങളുടെ വാതിലുകളുമാണ് ഈ ചാക്രികലേഖനത്തിലൂടെ തുറക്കപ്പെട്ടത്.
തൊഴിലാളികളെ ചൂഷണത്തില്‍നിന്നു രക്ഷിക്കാന്‍ കാള്‍ മാക്സ് മുന്നോട്ടുവച്ച കമ്യൂണിസ്റ്റ് സോഷ്യലിസത്തിന്റെ അപകടങ്ങള്‍ കത്തോലിക്കാസഭയുടെ പ്രബോധനങ്ങള്‍ വെളിച്ചത്തു കൊണ്ടുവന്നു. വൈരുധ്യാത്മകഭൗതികവാദമെന്ന
സംഘട്ടനത്തിന്റെ സിദ്ധാന്തം സമൂഹത്തെ വിഭജിക്കുകയും ആരോഗ്യകര
മായ സാമൂഹികവ്യവസ്ഥിതിയെ തകര്‍ക്കുകയും ചെയ്യും. ഒരു സാമൂഹികതിന്മയെ മറ്റൊരു തിന്മകൊണ്ടു പരിഹരിക്കാനാവില്ലെന്നു സഭ പഠിപ്പിക്കുന്നു. സാമൂഹികാനീതി പരിഹരിക്കുന്നതിനു വര്‍ഗസമരം ഒരിക്കലും യഥാര്‍ത്ഥമായ ഒരു പ്രതിവിധിയല്ല. അത് സമൂഹത്തെ വിഭജിക്കുകയും അനാവശ്യമായ സംഘട്ടനങ്ങള്‍ക്കു കളമൊരുക്കുകയും ചെയ്യും.
സാമൂഹികമാറ്റങ്ങള്‍ ഉത്പാദിപ്പിക്കുന്ന തിന്മകളുടെ പട്ടികയും റേരും നൊവാരും പ്രതിപാദിക്കുന്നുï്. വ്യവ
സായവിപ്ലവാനന്തരകാലത്തെ തൊഴിലാ
ളികളുടെ അവസ്ഥ നിരാശാജനകമായിരുന്നു. അവര്‍ മനുഷ്യന്റെ മഹത്ത്വപൂര്‍ണമായ അന്തസ്സിനു ചേരാത്ത ജീവിത
സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നതിലേക്കും അവര്‍ അനുഭവിക്കുന്ന കടുത്ത അനീതിയിലേക്കും നീതിനിഷേധത്തിലേക്കും ചാക്രികലേഖനം ലോകത്തിന്റെ മനഃസാക്ഷിയെ ഉണര്‍ത്തി. ഈ സാമൂഹികവ്യവസ്ഥിതിക്ക് കമ്യൂണിസം നിര്‍ദേശിക്കുന്ന വര്‍ഗസമരത്തിനു പകരം സഹകരണത്തിന്റെ തത്ത്വവും ഭാവാത്മകമായ ക്ഷേമപദ്ധതികളും ദാരിദ്ര്യനിര്മാര്ജനശ്രമങ്ങളും സംഘടിക്കാനുള്ള തൊഴിലാളികളുടെ ന്യായമായ അവകാശത്തിന്റെ സംരക്ഷണവുംവഴി പരിഹാരം കണ്ടെത്തുന്ന മാനവികതയിലും ധാര്‍മികതയിലും അടിയുറച്ചുനിന്ന ഭാഷയാണ് റേരും നൊവാരും ലോകത്തിന്റെ മുമ്പില്‍ അവതരിപ്പിച്ചത്. എല്ലാറ്റിലുമുപരി, മനുഷ്യന് നേരിടുന്ന പ്രശ്നങ്ങള്‍ക്കു ദൈവാധിഷ്ഠിതമായി പരിഹാരം കണ്ടെത്തുകയാണ് ഉദാത്തമെന്നും സഭയുടെ പ്രബോധനങ്ങള്‍
വ്യക്തമാക്കുന്നു.
മനുഷ്യനെ പണമുണ്ടാക്കാനുള്ള ഉപകരണമായിമാത്രം കരുതി തൊഴിലെടുപ്പിച്ച് ഉപയോഗിക്കുന്ന അത്യാഗ്രഹികളായ ഉടമസ്ഥരില്‍നിന്ന് തൊഴിലാളികള്‍ക്കു വിമോചനമുണ്ടാകണം. മനസ്സു മരവിക്കുകയും ശരീരം ക്ഷയിക്കുകയും ചെയ്യത്തക്കവിധം തൊഴിലാളികളെക്കൊണ്ടï് അമിതമായി ജോലിചെയ്യിപ്പിച്ചു ഞെരുക്കുന്ന ക്രൂരത എങ്ങും ഉണ്ടാകാന്‍ പാടില്ല. മനുഷ്യന്റെ തൊഴില്‍
എന്ന വിഭവത്തിന് ഉപയോഗവും പരിശീലനവും ആവശ്യമാണ്. ഒപ്പം, ശരിയായ ഇടവേളയും വിശ്രമവും ആവശ്യമാണ്. വിശ്രമത്തിന്റെ തോത് ജോലിയുടെ സ്വഭാവത്തെയും സ്ഥലകാലസാഹചര്യങ്ങളെയും തൊഴിലാളികളുടെ ആരോഗ്യം, ശക്തി എന്നിവയെയും ആശ്രയിച്ചിരിക്കുന്നു. പാറമടകളില്നിന്നു കല്ല് വെട്ടിയെടുക്കുന്നവരുടെയും ഭൂഗര്ഭങ്ങളില്നിന്ന് ഇരുമ്പയിരുപോലുള്ള ധാതുക്കള്‍ ശേഖരിക്കുന്നവരുടെയും കല്‍ക്കരിപ്പാടങ്ങളില്‍ പണിയെടുക്കുന്നവരുടെയും മറ്റും ജോലി ഏറ്റവും ക്ലേശ
കരവും ആരോഗ്യത്തെ ക്ഷയിപ്പിക്കുന്നതുമാകയാല് അതനുസരിച്ച് ജോലിസമയം നിജപ്പെടുത്തണം. ഭൂമിശാസ്ത്രപരമായ വെല്ലുവിളികള്‍ നേരിടുന്ന പ്രദേശങ്ങളിലും തീവ്രകാലാവസ്ഥാമേഖലകളിലും ജോലി ചെയ്യുന്നവരുടെ സ്ഥിതി പ്രത്യേകം പരിഗണനാര്‍ഹമാണ്. ഇന്ന് ഈ മേഖലകളില്‍ യന്ത്രങ്ങളുടെ സാന്നിധ്യമുണ്ടെങ്കിലും ഈ സാഹചര്യങ്ങളിലെ ജോലി കടുപ്പമേറിയതാണ്. ഇപ്രകാരം, വളരെ ഗുരുതരമായ രോഗ-അപകടസാധ്യതകളുള്ള മേഖലകളില്‍ ജോലിചെയ്യുന്നവരുടെ സുരക്ഷ പരമപ്രധാനമായി കണക്കിലെടുത്ത് ആവശ്യമായ ക്ഷേമപദ്ധതികള്‍ ഉള്‍പ്പെടുത്തണം. സ്ത്രീകളുടെ പ്രകൃതത്തിനു യോജിച്ച തൊഴിലുകളായിരിക്കണം നല്കേïത്. പുരു
ഷനെക്കാള്‍ ശാരീരികക്ഷമത സ്ത്രീകള്‍ക്കു കുറവാണെന്നത് ഒരേ തൊഴിലില്‍ വേതനവ്യത്യാസത്തിനു കാരണമാകാന്‍ പാടില്ല. കുട്ടികളുടെ പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ അവസ്ഥ കണക്കിലെടുത്ത് ബാലവേലകള്‍ നിരോധിച്ചിട്ടുണ്ടെങ്കിലും ചില സ്ഥലങ്ങളില്‍ അവ നിലനില്ക്കുന്നു.
തൊഴില്‍രംഗത്ത് സംഘടിതമേഖലയും അസംഘടിതമേഖലയും ഉണ്ട്. സംഘടിതമേഖലയില്‍ വേതനവും ക്ഷേമപദ്ധതികളും തൃപ്തികരമാണെന്നത് ആശ്വാസകരമാണ്. എന്നാല്‍, അസംഘടിതമേഖലയിലെ അരാജകത്വവും അനീതിയും അവഗണനയും കണ്ടില്ലെന്നു നടിക്കരുത്. സംഘടിതമേഖലയെക്കാള് പത്തിരട്ടിയിലധികം വരുന്ന അസംഘടിതമേഖലയിലെ തൊഴിലാളികള്‍ ഇന്നും അതിജീവനത്തിനായി പോരാടുകയാണ്. ആധുനികകാലഘട്ടത്തിലും പല രാജ്യങ്ങളിലും ലേബര്‍ക്യാമ്പുകള്‍ നിലനില്ക്കുന്നു. അവിടെ ജീവിക്കുന്ന തൊഴിലാളികളുടെ അവസ്ഥ ദയനീയമാണ്. വംശീയമായ തരംതിരിവുകള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും നിലവിലിരിക്കുന്നു.
നമ്മുടെ നാട്ടിലും ഇന്ത്യയിലെ മഹാനഗരങ്ങളോടു ബന്ധപ്പെട്ടും ജീവിക്കുന്ന അതിഥിത്തൊഴിലാളികളുടെ അവസ്ഥയും ഒട്ടും സന്തോഷകരമല്ല. ആരോഗ്യപരമായ നിരവധി പ്രശ്നങ്ങളാണ് അതിഥിത്തൊഴിലാളികള്‍ കൂട്ടമായി ജീവിക്കുന്ന പ്രദേശങ്ങളിലുള്ളത്. തൊഴില്‍ നഷ്ടപ്പെട്ടു ജീവിക്കുന്ന തൊഴിലാളികളെയും തൊഴിലില്ലായ്മ അനുഭവിക്കുന്നവരെയും മറക്കാനാവില്ല.
അസംഘടിതമേഖലയില്‍ അധ്വാനിക്കുന്ന മറ്റൊരു വിഭാഗമാണ് കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും. ഒരു തൊഴിലാളിദിനവും കര്‍ഷകരെ സ്മരിക്കുന്നില്ല. സ്വന്തം ഭൂമിയില്‍ പകലന്തിയോളം ചോരനീരാക്കി പണിയെടുക്കുന്ന കര്‍ഷകരുടെ കണ്ണീര് ഒരു നാടിനു മുറിവാണ്. തങ്ങള്‍ കഷ്ടപ്പെട്ട് ഉത്പാദിപ്പിക്കുന്ന വിളകള്‍ക്കു ന്യായമായ വിലയില്ലാത്ത അവസ്ഥയും ഭാവിയിലേക്കു പ്രത്യാശ നഷ്ടപ്പെടുന്ന സ്ഥിതിവിശേഷവും ഗൗരവാവഹമായ വിഷയങ്ങളാണ്. ഒരു രാജ്യത്തെ ജനത്തിന് ആവശ്യമായ ഭക്ഷ്യോത്പന്നങ്ങള്‍ തരുന്ന കര്‍ഷകരുടെ രോദനം നിരന്തരം അവഗണിക്കപ്പെടുന്നത് വേദനാജനകമാണ്. കര്‍ഷകര്‍ തങ്ങളുടെ ഭൂമി തരിശിടേണ്ട സ്ഥിതി ഉണ്ടാകരുത്. ആത്മഹത്യകളും പട്ടിണിമരണങ്ങളും കര്‍ഷകജനത മുന്നില്‍ക്കാണുന്നു. കാലാവസ്ഥാവ്യതിയാനവും രോഗബാധയും പ്രകൃതിക്ഷോഭങ്ങളും വന്യമൃഗങ്ങളുടെ ആക്രമണവും എല്ലാം കര്‍ഷകജനതയ്ക്കു തീരാവേദന സമ്മാനിക്കുന്നു. അസംഘടിതരായ കര്‍ഷകരുടെ നിലവിളി ഹൃദയമുള്ളവരെ ദുഃഖിതരാക്കുന്നു.
തൊഴിലിന് പുതിയ രൂപവും ഭാവവും കൈവന്നിരിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത. ആഗോളീകരണം, ഉദാരീകരണം, സ്വകാര്യവത്കരണം, സാങ്കേതികവിപ്ലവം എന്നിവ തികച്ചും നവീനമായ സാഹചര്യമാണ് തൊഴിലിനു സൃഷ്ടിച്ചിരിക്കുന്നത്. തൊഴില്‍മേഖലകളെല്ലാം വമ്പന്‍ കോര്‍പ്പറേറ്റ് ഭീമന്മാര് വിഴുങ്ങിയിരിക്കുന്നതുവഴി സംജാതമായിരിക്കുന്ന സ്ഥിതിവിശേഷം പ്രവചനാതീതമാണ്. പഴയ സാമ്രാജ്യത്വവ്യവസ്ഥിതിയുടെ അനുകരണങ്ങള്‍ പുതിയ തോല്ക്കുടങ്ങളില് ആകര്‍ഷകമായ ലേബലുകളില്‍ വ്യാപകമായി വിറ്റഴിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഐ.റ്റി. മേഖലയില്‍ വ്യാപകമായി യുവജനങ്ങളുടെ ശേഷി ഉപയോഗിക്കപ്പെടുമ്പോഴും വേണ്ടത്ര സുരക്ഷിതത്വം ഉറപ്പാക്കുന്നുണ്ടോ എന്ന സംശയം ബലപ്പെടുന്നു. മണിക്കൂറിനു വേതനം നിശ്ചയിച്ച് യുവജനങ്ങളെക്കൊണ്ട് അധികജോലി ചെയ്യിപ്പിക്കുന്ന സാഹചര്യം സ്വകാര്യമേഖലയില്‍ സജീവമാണ്. മനുഷ്യമസ്തിഷ്കത്തിന് ആവശ്യമായ വിശ്രമം ലഭിക്കാത്തവിധം അധികജോലിക്കു ലഭിക്കുന്ന അധികവേതനത്തിന്റെ ആര്ഷണീയതയും യുവജനങ്ങളെ സ്വാധീനിക്കുന്നു. ഈ സ്വകാര്യകമ്പനികള്‍ നാല്പതു വയസ്സുകഴിയുന്നവരെ സൗകര്യപൂര്‍വം ഒഴിവാക്കി യുവജനങ്ങളെ വീണ്ടും നിയോഗിച്ച് തങ്ങളുടെ ലാഭം കൊഴുപ്പിക്കുന്നു. പഴയ തൊഴില്വ്യവസ്ഥിതിയിലെ പുഴുക്കുത്തുകള്‍ സാങ്കേതികമികവില്‍ കമ്പോളം കീഴടക്കുന്നു. ഈ മേയ്ദിനത്തില്‍ വ്യത്യസ്തമായ ഇത്തരം ചിന്തകള്‍ തൊഴില്‍മേഖലയുടെ പുരോഗതിക്കും തൊഴിലാളികളുടെ ക്ഷേമത്തിനും കാരണമാകട്ടെ.