രാവണയുന്ന നേരം. സൂര്യന്‍ തന്റെ അസ്തമയരശ്മികളെ കുന്നിന്‍മുകളിലെ ആകാശത്തില്‍ വിതര്‍ത്തിട്ടിരിക്കുന്നു. അതാവോളം ആസ്വദിച്ചശേഷം വയനാട് എന്ന പ്രകൃതിസുന്ദരിയുടെ മടിത്തട്ടില്‍നിന്ന് അവര്‍ മലയോരങ്ങള്‍ കണ്ട് ചുരമിറങ്ങി നാട്ടിലെത്തി. ഏറെ നാളുകളായുള്ള അടച്ചിരുപ്പുകാലത്തെ വിരസത ഒഴിവാക്കാനായി മാസ്‌കിന്റെ സുരക്ഷിതത്വത്തോടെ, പുറത്തെ പച്ചപ്പിന്റെയും കുളിര്‍മ നിറഞ്ഞ വായുവിന്റെയും സൗരഭ്യം ആസ്വദിക്കാനിറങ്ങിയതായിരുന്നു ആ ഏഴുപേര്‍. നമുക്കവരെ അപ്പുവിന്റെ കുടുംബം എന്നു വിളിക്കാം. നഗരത്തിലെ ബഹുനിലഫ്‌ളാറ്റില്‍ താമസം. സെക്യൂരിറ്റിയടക്കം എല്ലാവരുടെയും കണ്ണിലുണ്ണി. വീട്ടുകാരുടെ പൊന്നോമന. ഇനി നമുക്ക് ബാക്കി കഥയിലേക്കു കടക്കാം.
ഒരു ദിവസത്തെ സന്തോഷകരമായ യാത്രയ്ക്കുശേഷം രാത്രിയില്‍ അപ്പുവും അച്ഛനും അമ്മയും കുടുംബാംഗങ്ങളും വീട്ടിലെത്തുന്നു. യാത്രയുടെ ക്ഷീണമൊന്നും അപ്പുവിനെ അലട്ടിയില്ല. പുലരാനിരിക്കുന്ന ദിനം അച്ഛന്റെ പിറന്നാളായതുകൊണ്ട് വീട് അലങ്കരിക്കാനായി അവന്‍ കത്രികയും പേപ്പറുമെടുത്ത് ലിവിങ് റൂമിലേക്കു നടന്നു.
''അമ്മ പോയി കിടന്നോളൂ. പന്ത്രണ്ടു മണിക്ക് അച്ഛനെ വിളിച്ചുണര്‍ത്തി വിഷ് ചെയ്തിട്ടേ ഞാന്‍ ഉറങ്ങുകയുള്ളൂ.''
അപ്പുവിന്റെ കൊഞ്ചലിനു മറുപടിയായി നെറുകയില്‍ ചുംബിച്ചതിനുശേഷം അമ്മ ഉറങ്ങുവാന്‍ പോയി. ഒരു പകലിന്റെ ക്ഷീണം അവരെ പൊതിഞ്ഞുറക്കിയ നേരത്ത് റൂമിലിരുന്ന മൊബൈല്‍ ശബ്ദിച്ചു. നോക്കിയപ്പോള്‍ ഫ്‌ളാറ്റ് സെക്യൂരിറ്റി ആണ്. സമയം രാത്രി പന്ത്രണ്ടു മണി. എന്തിനായിരിക്കും വിളിച്ചത് എന്നുള്ള ആകാംക്ഷയില്‍ മനസ്സെത്തിച്ചേര്‍ന്നപ്പോഴേക്കും മക്കളൊക്കെ വീട്ടിലുണ്ടോ എന്നു നോക്കാന്‍ അയാള്‍ ആവശ്യപ്പെടുന്നു. ഉള്ളിലെ പരിഭ്രാന്തിക്കിടയില്‍ വാതില്‍ വലിച്ചുതുറക്കാന്‍ നോക്കി. പുറത്തുനിന്നാരോ ലോക്ക് ചെയ്തിരിക്കുന്നു. ഒടുവില്‍ ഒരുപാട് കഷ്ടപ്പെട്ടതിനുശേഷം വാതില്‍ തുറന്ന് അടുത്ത മുറിയില്‍ നോക്കി.
അപ്പു എവിടെ?
ഫ്രണ്ട് ഡോര്‍ തുറന്ന് പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചു. സാധിക്കുന്നില്ല. തുടര്‍ന്ന് സെക്യൂരിറ്റിയുടെ സഹായത്തോടെ വാതില്‍ തുറന്ന് അവര്‍ അപ്പുവിനെ തിരയുന്നു. അന്വേഷണത്തിന്റെ അവസാനം അയാളുടെ കണ്ണുകള്‍ ചെന്നെത്തുന്നത് ചിതറിക്കിടക്കുന്ന ഒരു കുട്ടിയുടെ ശവശരീരത്തിലാണ്. അപ്പു എന്ന പൊന്നോമനക്കുട്ടന്‍ പന്ത്രണ്ടാം വയസ്സില്‍ എട്ടാം നിലയില്‍നിന്നു താഴേക്കു ചാടി ആത്മഹത്യ ചെയ്തിരിക്കുന്നു.
പഠിക്കാന്‍ മിടുക്കന്‍. സ്വഭാവത്തില്‍ യാതൊരുവിധ അഴുക്കും പുരളാത്തവന്‍. ലോക്ക് ഡൗണ്‍ സമയത്തുപോലും ഹോം വര്‍ക്ക് കൃത്യമായി അപ്‌ഡേറ്റ് ചെയ്യുന്നവന്‍. മറ്റു കുടുംബപ്രശ്‌നങ്ങളൊന്നും ഇല്ലാത്തവന്‍ അപ്പോള്‍ അപ്പുവിനെ മരണത്തിലേക്കു നയിച്ച സംഭവമെന്തായിരിക്കാം? അസ്വാഭാവികമരണത്തിന് പോലീസ് കേസെടുക്കുന്നു.
ദിവസങ്ങള്‍ കഴിഞ്ഞു.
അപ്പുവിന്റെ സഹപാഠിയും അമ്മയുംകൂടി അപ്പുവിന്റെ കുടുംബത്തിലെത്തുന്നു. കൂട്ടുകാരന്റെ കൈയിലിരിക്കുന്ന മൊബൈലില്‍ അപ്പു അവസാനമായി തന്റെ മൊബെലില്‍നിന്നും അയച്ച രണ്ടു ഫോട്ടോകള്‍ അപ്പുവിന്റമ്മ കാണുന്നു.
ഒന്നാമത്തേതില്‍ അപ്പുവും കുടുംബാംഗങ്ങളും. രണ്ടാമത്തേതില്‍ അപ്പുവില്ല. ഒട്ടും വൈകാതെ അമ്മ തന്റെ മൊബൈല്‍ സൈബര്‍ സെല്‍ ഉദ്യോഗസ്ഥനായ സഹോദരനെ കാണിക്കുന്നു. വിശദമായ പരിശോധനയ്ക്കുശേഷം അപ്പുവിനു സംഭവിച്ചത് എന്താണെന്നു കണ്ടെത്തുന്നു. കഴിഞ്ഞ മൂന്നു മാസമായി അപ്പു കില്ലര്‍ ഗെയിംസിന് അഡിക്ടായിരുന്നു. ഗെയിമില്‍ അവന്റെ അവസാനത്തെ ടാസ്‌കായിരുന്നു ആത്മഹത്യാ ചലഞ്ച്. ഇനി ഈ സംഭവകഥയിലെ പ്രധാനപ്പെട്ട കാര്യങ്ങളിലേക്കാണ് ഞാന്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്.
ഒന്നാമത്തെ ചോദ്യം: എന്തുകൊണ്ട് ഇത് അപ്പുവിന്റെ കുടുംബം തിരിച്ചറിഞ്ഞില്ല?
ഒന്നുകില്‍ ബ്രോക്കണ്‍ ഫാമിലിയിലെ കുട്ടികളെ, അല്ലെങ്കില്‍ പഠനത്തില്‍ ഉഴപ്പിനടക്കുന്ന കുട്ടികളെയാണ് നമ്മള്‍ എപ്പോഴും പ്രശ്‌നക്കാരായി കാണുന്നത്. അപ്പു എക്‌സ്ട്രാ ലെവലിലുള്ള കുട്ടിയായിരുന്നു. പഠനംപോലും അലസാതെ, ഒന്നോ, രണ്ടോ മണിക്കൂര്‍ മാത്രം നീണ്ടുനില്‍ക്കുന്ന ഗെയിം. അതും വീട്ടുകാരുടെ പ്രത്യക്ഷത്തില്‍ മാത്രം. അമ്മയുടെ വിശ്വസ്തതയും കരുതലും കബളിക്കപ്പെട്ട സമയം. ഒപ്പം കളികഴിഞ്ഞാല്‍ ആപ്പ് ഹൈഡ് ചെയ്തു വയ്ക്കാന്‍ പറ്റിയ സൗകര്യം. പുറത്തേക്ക് യാതൊരുവിധ ലക്ഷണവുമില്ലാതെ എങ്ങനെയാണ് രോഗത്തെ തിരിച്ചറിയുന്നത്? അപ്പുവിന്റെ അമ്മ നിസ്സഹായയായിരുന്നു. നമ്മള്‍ എപ്പോഴും നമ്മുടെ മക്കളെ ആഴത്തില്‍ വിശ്വസിക്കുന്നു.
രണ്ടാമത്തെ ചോദ്യം: അടിസ്ഥാനപരമായി കില്ലര്‍ ഗെയിം ആപ്പുകള്‍ക്ക് എന്താണ് നേട്ടം? ഒരാളെ കൊന്നതുകൊണ്ട് ഗെയിം മാസ്റ്റര്‍ക്ക്, മരിക്കുന്ന ആളുടെ അവയവലഭ്യതയോ, മറ്റു മെച്ചങ്ങളോ ഒന്നും കിട്ടുന്നില്ല. ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ ലഭിക്കുന്ന സാമ്പത്തികലാഭം കളിക്കുന്ന ആളുടെ മരണത്തോടെ അവസാനിക്കുന്നുവെങ്കില്‍ പിന്നെ എന്തായിരിക്കും അടുത്ത ലക്ഷ്യം? ഇത്തരം ആപ്പുകളിലൂടെ നോട്ടമിടുന്നത് സാമ്പത്തികമല്ലാതെ മറ്റെന്തോ ആണെന്നുള്ളതു വ്യക്തം.
കില്ലര്‍ ഗെയിമിനെക്കുറിച്ചുള്ള ആലോചനകള്‍ എന്നെ കൊണ്ടെത്തിച്ചത് മറ്റൊരു ചിന്തയിലേക്കായിരുന്നു. ആത്മഹത്യവഴിയുള്ള മരണം. മരണംവഴി ലഭിക്കുന്ന ദുരാത്മക്കള്‍. ആത്മാക്കളുടെ മോക്ഷത്തിനുവേണ്ടി നാം പ്രാര്‍ത്ഥിക്കുമ്പോള്‍, മോക്ഷം ലഭിക്കാത്ത ആത്മാക്കളുടെ ലോകം സൃഷ്ടിക്കാന്‍ ആരോ ശ്രമിക്കുന്നു. ഇത്തരം കില്ലര്‍ ഗെയിമുകളുടെ ദാതാവും മനഃശാസ്ത്രജ്ഞനുമായ ഫിലിപ്പ് ബുഡേകിന്‍ എന്ന റഷ്യക്കാരന്‍ അറസ്റ്റിലായ നേരത്ത് പോലീസിനോട് ഇപ്രകാരം പങ്കുവച്ചു: ഭൂമിക്കു ഭാരമായവര്‍ എന്തിനാണു ജീവിച്ചിരിക്കുന്നത്? അവര്‍ ജീവിച്ചിരിക്കേണ്ടെന്നും അവരെ പരലോകത്തേക്ക് എത്തിക്കലാണ് ഈ ഗെയിംവഴി താന്‍ ഉദ്ദേശിക്കുന്നതെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.
തുടക്കത്തില്‍ ഇത്തരം ആപ്പുകള്‍ കുട്ടികളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്നു. സാഹസികത കാണിക്കാന്‍ വെമ്പുന്ന പ്രായത്തില്‍ എന്തിനെയും ജയിക്കാന്‍ കഴിയുമെന്ന ചിന്ത ആ കുഞ്ഞുമനസ്സില്‍ ഉറയ്ക്കുന്നു. പിന്നെപ്പിന്നെ കണ്ണിമുറുകി ഊരിപ്പോരാന്‍ പറ്റാത്തവിധം അവന്റെ തലച്ചോറില്‍ ഗെയിം മാസ്റ്റര്‍ മരണത്തിനെയും ജയിക്കാന്‍ കഴിയുമെന്ന ആത്മഹത്യാചലഞ്ചിന്റെ വിത്തു പാകുന്നു.
മരണത്തിലേക്കൊരു എത്തിനോട്ടം.
മുപ്പതു വെള്ളിക്കാശിനു മനുഷ്യജീവനെ ഒറ്റുക്കൊടുത്തശേഷം ഒരുമുഴം കയറില്‍ ജീവനവസാനിപ്പിച്ചവന്റെ ആത്മാവ് ഇപ്പോഴുമിവിടെയുണ്ട്. സാത്താന്റെ രാജ്യത്തിന് ആള്‍ബലം കൂട്ടാന്‍ സകല മനുഷ്യമക്കളുടെയും ആത്മാക്കള്‍ക്കുവേണ്ടി അവന്‍ അലഞ്ഞുനടക്കുന്നു. അവനു വേണ്ടത് നന്മരണമല്ല. ദുര്‍മരണമാണ്. ക്രിസ്ത്യാനിയുടെ പ്രത്യാശയായ, ദൈവത്തിന്റെ വാഗ്ദാനമായ നിത്യജീവനിലേക്കു പ്രവേശനം നിഷേധിക്കാന്‍ തക്കവിധം അവന്‍ ഒരാളുടെ ആത്മാവിനെ തട്ടിയെടുക്കാന്‍ വലവിരിക്കുന്നു.
പ്രിയ സഹോദരങ്ങളേ, നാളുകള്‍ അവസാനിക്കുകയാണ്. വെളിപാടില്‍ പറഞ്ഞിരിക്കുന്നതുപോലെ ചുരുങ്ങിയ സമയമേ ഉള്ളൂ എന്നറിഞ്ഞ് അവന്‍ അരിശംകൊണ്ട് നമ്മുടെയിടയില്‍ ഇറങ്ങിയിരിക്കുന്നു. ബ്ലാക്ക് മാസ്, സാത്താന്‍ സേവ തുടങ്ങിയ ശൃംഖലകളാണ് ഇത്തരം ആപ്പുകള്‍ക്കു പിന്നിലെന്നു തിരിച്ചറിയാനുള്ള വകതിരിവ് ബൈബിള്‍ വായിക്കുന്ന ഒരു ക്രിസ്ത്യാനിക്ക് ഉണ്ടാകണം. അടച്ചിരിപ്പുകാലംപോലും സുരക്ഷിതമല്ല. നമ്മുടെ മക്കളെ റാഞ്ചാന്‍ പുറത്തല്ല ആള്‍ക്കാര്‍. അകത്താണ്, അതും നമ്മുടെ കൈവെള്ളയില്‍. സെര്‍വറെപ്പോലും കണ്ടെത്താന്‍ സാധിക്കാത്ത ഈ ആപ്പിനുമുന്നില്‍ സൈബര്‍ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടുകയാണ്. ഒരുതരം മൊബൈല്‍ ഗെയിമുകളും നമ്മുടെ മക്കള്‍ക്കുവേണ്ട. ചതിക്കുഴികളും ചതുപ്പുനിലങ്ങളുമാണ് അത് ഒരുക്കിവച്ചിരിക്കുന്നത്.