കൊറോണ ഇന്ന് ലോകജനതയെ മുഴുവന്‍ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. എന്നാല്‍, അതിനെക്കാള്‍ വലിയ പ്രതിസന്ധിയാണ് നാം അഭിമുഖീകരിക്കാന്‍ പോകുന്നത്. പക്ഷേ, മനുഷ്യന്റെ സ്വാര്‍ഥത ഭൂമിയമ്മയെ വല്ലാതെ വേദനിപ്പിക്കുന്നു. വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ, അസ്സീസിയിലെ വി. ഫ്രാന്‍സീസിനെ പരിസ്ഥിതിയുടെ മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചുകൊണ്ട് പ്രകൃതിസംരക്ഷണം സഭയുടെ വചനപ്രഘോഷണശുശ്രൂഷയുടെ അവിഭാജ്യഘടകമാണെന്ന് ഓര്‍മിപ്പിച്ചു. ഫ്രാന്‍സീസ് പാപ്പായുടെ ഏറ്റവും ശ്രദ്ധേയമായ ചാക്രികലേഖനം - ലൗദാത്തോ സി - ഇങ്ങനെ പ്രഖ്യാപിക്കുന്നു: പരിസ്ഥിതിസംരക്ഷണം ഏവരുടെയും കടമയും ക്രൈസ്തവവിശ്വാസത്തിന്റെ ഭാഗവുമാണ്.
ആര്‍ത്തിസംസ്‌കാരവും മതി മനോഭാവവും
നാം ഇന്നു ജീവിക്കുന്നത് ആര്‍ത്തിസംസ്‌കാരം ഉള്‍ക്കൊള്ളുന്ന തലമുറയിലാണ്. ആര്‍ത്തി വ്യക്തിയുടെ ഉള്ളില്‍ കുടിയിരിക്കുന്ന തിന്മ എന്നതില്‍നിന്ന് ഒരു പടികൂടി കടന്ന് സമൂഹത്തിന്റെ തിന്മയായി മാറിയിരിക്കുന്നു. ആധുനികമനുഷ്യന്‍ പ്രകൃതിയിലുണ്ടാക്കുന്ന സമ്മര്‍ദങ്ങള്‍ വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. കൃഷി എക്കാലവും പ്രകൃതിയുമായി ബന്ധപ്പെട്ടാണിരിക്കേണ്ടത്. പഴയ കൃഷിരീതികള്‍ പ്രകൃതിയെ ദ്രോഹിച്ചിരുന്നില്ല. എല്ലാവരും കൃഷി ചെയ്യുകയും അവനവനുള്ളത് സ്വയം ഉണ്ടാക്കുകയും ചെയ്തിരുന്നു. പക്ഷേ, ഇന്ന് കൃഷി കച്ചവടമായി മാറി. തത്ഫലമായി കൃഷി ലാഭകരമാക്കാന്‍ പ്രകൃതിയെ ദ്രോഹിക്കേണ്ടിവരുന്നു. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ അഭിപ്രായം പ്രസക്തമാണ്: 'മനുഷ്യന് ആവശ്യത്തിനുള്ള വിഭവങ്ങള്‍ ഭൂമിയിലുണ്ട്. എന്നാല്‍, അത്യാഗ്രഹത്തിനുള്ളവ ഇല്ല.'' ഈ ഭൂമിയില്‍ മനുഷ്യന്‍ മാത്രമാണത്രേ ആവശ്യംകഴിഞ്ഞ് പരമാവധി ശേഖരിച്ചുവയ്ക്കുന്നതും ചിലയവസരങ്ങളില്‍ അതു നശിപ്പിച്ചുകളയുന്നതും. മറ്റെല്ലാ ജീവികളുംതന്നെ പ്രകൃതിയില്‍നിന്ന് ആവശ്യത്തിനുമാത്രമേ ഉപയോഗിക്കുന്നുള്ളൂ. വിവേകരഹിതമായി പ്രകൃതിയെ ചൂഷണം ചെയ്യുകയും അതിന്റെമേല്‍ ആധിപത്യം പുലര്‍ത്തുകയും ചെയ്യുന്ന മനുഷ്യന്‍ അനിയന്ത്രിതമായ ഉപഭോഗസംസ്‌കാരത്തിന് അടിമകളാകുന്നു.
ആര്‍ത്തിസംസ്‌കാരത്തെ നിയന്ത്രണവിധേയമാക്കുന്ന ഒരു 'മതി' മനോഭാവം നമ്മില്‍ ഉണ്ടാകണം. പോരാ, പോരാ എന്നു ചിന്തിക്കുന്നതനുസരിച്ച് നാം കടന്നുകയറ്റം നടത്തുന്നത് പ്രകൃതിമാതാവ് വരുംതലമുറയ്ക്കുവേണ്ടി കരുതിവച്ചിരിക്കുന്ന വിഭവശേഖരത്തിലേക്കാണ്. നമുക്കു കൈമാറിക്കിട്ടിയ ഈ ഭൂമി കലര്‍പ്പില്ലാതെ, കറകൂടാതെ വരുംതലമുറയ്ക്കു കൈമാറാനുള്ള വലിയ കടമ നമുക്കുണ്ട്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം അമ്മയ്ക്കു കുഞ്ഞിനോടുള്ള ബന്ധംപോലെയാണ്. അമ്മയെ സ്‌നേഹിക്കുന്നതുപോലെ പ്രകൃതിയെ സ്‌നേഹിക്കാന്‍ നമുക്കു കടമയുണ്ട്. പൂര്‍വികര്‍ ഇക്കാര്യത്തില്‍ പ്രത്യേകശ്രദ്ധ വച്ചിരുന്നു. അവര്‍ ഭൂമിയെ അമ്മയായിക്കണ്ടു സ്‌നേഹിച്ചു, ബഹുമാനിച്ചു. വരും തലമുറയ്ക്ക് മാന്യമായ രീതിയില്‍ വസിക്കാന്‍ സാധിക്കുന്ന അവസ്ഥയില്‍ ഭൂമിയെ അവര്‍ക്കു കൈമാറുക എന്നത് മനുഷ്യവംശത്തിന്റെ ഉത്തരവാദിത്വമാണ്. ആഗോളതാപനത്തിന്റെ ഫലമായി 2100 ആകുമ്പോഴേക്കും താപനില
4.8ത്ഥ ഇ ആയി ഉയര്‍ന്ന് ഹിമപാളികളുരുകി, തത്ഫലമായുണ്ടാകുന്ന വെള്ളപ്പൊക്കത്തില്‍ 70 ലക്ഷം ജനങ്ങള്‍ ഒഴുകിപ്പോകുമെന്നും 5700 ചതുരശ്ര കി. മീ. സ്ഥലവും 4200 കി. മീ. റോഡും നഷ്ടപ്പെടുമെന്നും പഠനങ്ങള്‍ പറയുന്നു. സമുദ്രതീരശോഷണം സാരമായി വര്‍ദ്ധിക്കുകയും കരയ്ക്കു സ്വാഭാവികമായി സംരക്ഷണം നല്‍കുന്ന മണല്‍ഭിത്തികള്‍, കണ്ടല്‍ക്കാടുകള്‍ എന്നിവയ്ക്കുണ്ടാകുന്ന കേടുപാടു മൂലം വെള്ളപ്പൊക്കഭീഷണി വര്‍ദ്ധിക്കുകയും ചെയ്യുന്നു . ഇങ്ങനെയായാല്‍ വരുംതലമുറയ്ക്ക് ശുദ്ധവായു ശ്വസിക്കാന്‍ സാധിക്കില്ലെന്നാകും.
പരിസ്ഥിതിക്കിണങ്ങിയ ജീവിതശൈലി
ഞാന്‍ പ്രകൃതിയുടെ അംശമാണെന്നും അതില്ലാതെ എനിക്ക് അസ്തിത്വം ഇല്ലെന്നുമുള്ള വിനീതവും ജൈവകേന്ദ്രീകൃതവുമായ മനുഷ്യജീവിതദര്‍ശനമാണ് പരിസ്ഥിതിക്കിണങ്ങിയ ജീവിതശൈലി. പരിസ്ഥിതിസൗഹൃദജീവിതം ആധുനികതയുടെയും സംസ്‌കാരത്തിന്റെയും അടയാളമായി മാറണം. ലളിതജീവിതം, പ്രകൃതിജീവിതം, അഹിംസാത്മകത, വറ്റിപ്പോകുന്ന പ്രകൃതിവിഭവങ്ങളുടെ നിയന്ത്രിതോപയോഗം, പാഴ്‌വസ്തുക്കളുടെ പുനഃചംക്രമണം തുടങ്ങിയവയെല്ലാം ജീവിതശൈലിയായി മാറണം. നാം ശീലിച്ചുപോന്നതില്‍നിന്നു വ്യത്യസ്തമായി ചിന്തിക്കാനും വീണ്ടുവിചാരം ചെയ്ത് ജീവിതശൈലി മാറ്റാനും തയ്യാറാവുക. ആര്‍ഭാടങ്ങളുടെയും ആഡംബരങ്ങളുടെയും തനയര്‍ കാലിക്കൂടിന്റെയും കാല്‍വരിയുടെയും ലാളിത്യത്തിലേക്ക് ഒരു മടക്കയാത്രയ്ക്കു തയ്യാറാകണം. ഇവിടെ അത്യാഗ്രഹത്തിനുപകരം ഔദാര്യവും ഉപഭോഗത്തിനു പകരം പരിത്യാഗവും ധൂര്‍ത്തിനുപകരം പങ്കുവയ്ക്കലും ഉണ്ടാകണം. പരിസ്ഥിക്ക് ആരോഗ്യകരവും മഹത്തരവുമായ ഒരന്തരീക്ഷം സൃഷ്ടിക്കുക എന്നത് ഇന്നത്തെ സമൂഹത്തിന്റെ ഗൗരവാവഹമായ ഒരാവശ്യമാണ്.
പൊതുഭവനത്തിനു വന്ന തകരാര്‍
മനുഷ്യന്റെ അതിമോഹവും അഹങ്കാരവും ആര്‍ത്തിയും ധൂര്‍ത്തും സുഖലോലുപതയും ഉപഭോഗസംസ്‌കാരത്തിന്റെ നീരാളിപ്പിടിത്തവും പ്രകൃതിയുടെ താളപ്പിഴകള്‍ക്കും അന്തരീക്ഷമലിനീകരണത്തിനും കാരണമായിത്തീര്‍ന്നു. പരിസ്ഥിതിയെ അടിമുടി മുറിവേല്പിച്ചുകൊണ്ടുള്ള മനുഷ്യന്റെ പ്രവൃത്തികള്‍ ഭൂമിക്കു താങ്ങാവുന്നതിലധികമാണ്. ഇന്നു പ്രകൃതി നേരിടുന്ന പ്രധാനപ്രശ്‌നം പലതരത്തിലുള്ള മലിനീകരണമാണ്. പ്രകൃതിയുടെ സ്വാഭാവികപ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടാകുന്ന മാലിന്യങ്ങളെ ആഗിരണം ചെയ്യുവാനും സംസ്‌കരിക്കാനുമുള്ള സംവിധാനം പ്രകൃതിയില്‍ത്തന്നെയുണ്ട്. എന്നാല്‍, ഈ സംവിധാനത്തിന്റെ പരിധിക്കുമപ്പുറം മാലിന്യങ്ങള്‍ ഉണ്ടാകുമ്പോള്‍ വായു, മണ്ണ്, നദി, ജലസ്രോതസ്സുകള്‍ ഇവയൊക്കെ നശിക്കാന്‍ തുടങ്ങുന്നു. ഇന്ന് മനുഷ്യന്‍ ഉണ്ടാക്കുന്ന മാലിന്യങ്ങളില്‍ നല്ലൊരു പങ്ക് പ്രകൃതിക്ക് അപരിചിതമാണ്. അവയെ കൈകാര്യം ചെയ്യുവാന്‍ പ്രകൃതിക്കു സാധിക്കുന്നില്ല. ഇവയെല്ലാം അടിഞ്ഞുകൂടി പ്രകൃതിയിലെ സമതുലിതാവസ്ഥ താറുമാറായ അവസ്ഥയിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. വലിയ വ്യവസായശാലകള്‍ അന്തരീക്ഷത്തെ മലിനീകരിക്കുക മാത്രമല്ല, അനേകം ജൈവജാതികളെ നശിപ്പിക്കുകയും പ്രകൃതിവിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യുകയും ചെയ്യുന്നു. നമ്മുടെ പൊതുഭവനമായ ഭൂമിക്കു സംഭവിക്കുന്ന വലിയ കെടുതികളിലൊന്ന് വലിച്ചെറിയല്‍ സംസ്‌കാരവുമായി ബന്ധപ്പെട്ടതാണ്. അതുവഴി ഭൂമി അഴുക്കിന്റെ കൂമ്പാരമായി. രാസവസ്തുക്കള്‍, കീടനാശിനികള്‍, കൃഷിസംബന്ധമായ വിഷങ്ങള്‍ ഇതെല്ലാം ഭൂമിയിലേക്കു നാം നിര്‍ബാധം നിക്ഷേപിച്ചുകൊണ്ടിരിക്കുന്നു. നമുക്കു പൂന്തോട്ടമായി കിട്ടിയ ഭൂമിയെ മരുഭൂമിയായി കൈമാറാന്‍ മലിനീകരണം നിമിത്തമാകുന്നു.
മാലിന്യങ്ങളിലെ ''വില്ലന്‍''
പ്ലാസ്റ്റിക് ആണ് മാലിന്യങ്ങളിലെ ''വില്ലന്‍''. വര്‍ഷങ്ങളോളം അലിയാതെ മണ്ണില്‍ അവശേഷിക്കുന്നു എന്നതാണ് പ്ലാസ്റ്റിക്കിന്റെ സ്വഭാവം. ഭാരതത്തില്‍ ഓരോ ദിവസവും 26,000 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുറത്തേക്കു തള്ളുന്നുവെന്നും ഇതില്‍ പകുതിയിലേറെയും ശരിയായ വിധത്തില്‍ ശേഖരിക്കപ്പെടുകയോ റീസൈക്കിള്‍ ചെയ്യപ്പെടുകയോ ചെയ്യുന്നില്ല എന്നും പറയപ്പെടുന്നു. വലിച്ചെറിയല്‍ സംസ്‌കാരവും പ്ലാസ്റ്റിക് മൂലമുള്ള മലിനീകരണത്തിന് ആക്കം കൂട്ടുന്നു.
പ്ലാസ്റ്റിക്കിനെ പടിയിറക്കണം
പ്ലാസ്റ്റിക്, മാലിന്യങ്ങളിലെ 'വില്ലന്‍' ആയതുകൊണ്ട് അതിനെ പടിയിറക്കാതെ പരിസ്ഥിതി പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരം ഉണ്ടാകുകയില്ല. ഇതോടൊപ്പം പരിസ്ഥിതിക്കിണങ്ങിയ ജീവിതശൈലി എന്ന ആശയത്തില്‍ പറഞ്ഞിരിക്കുന്ന ഞലളൗലെ, ഞലറൗരല, ഞലൗലെ മിറ ഞലര്യരഹല കൃത്യമായി പാലിക്കണം.
നിശ്ശബ്ദനായ കൊലയാളി
കൊവിഡിനെത്തുടര്‍ന്ന് രാജ്യത്താകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ അന്തരീക്ഷത്തില്‍ കണ്ട ശുദ്ധി അമ്മയുടെ മനസ്സിനെ കുളിര്‍പ്പിച്ചു. പ്രകൃതി അതിന്റെ നൈസര്‍ഗികഭാവങ്ങള്‍ വീണ്ടെടുത്തിരിക്കുന്നുവെന്നും അന്തരീക്ഷം ഇപ്പോള്‍ എത്ര ശുദ്ധമാണെന്നും ലോക്ഡൗണില്‍ അടച്ചുപൂട്ടിയിരുന്ന കാലത്ത് പലരും സമൂഹമാധ്യമങ്ങളില്‍ എഴുതി. ലോക്ഡൗണ്‍ പിന്‍വലിച്ചു പ്രവര്‍ത്തനം ആരംഭിച്ചതോടെ മലിനീകരണം വീണ്ടും ചര്‍ച്ചയാവുകയാണ്. അന്തരീക്ഷമലിനീകരണത്തിന്റെ ഫലമായുണ്ടാകുന്ന ആഗോളതാപനം ഏറ്റവുമധികം ദുരന്തം വിതയ്ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പ്ലാസ്റ്റിക് കത്തിക്കുമ്പോഴുണ്ടാകുന്ന പുകയും മറ്റു മാലിന്യങ്ങളും അര്‍ബുദകാരണമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഏതൊരു തീയും ആഗോളതാപനം കൂട്ടുന്നു എന്ന സത്യവും ഉണ്ട്. ഭൂമിക്കു ചൂടുപിടിക്കുന്നു എന്ന് റിയോ ഡി ജനേറോയില്‍ നടന്ന ഭൗമ ഉച്ചകോടി ലോകത്തിന് മുന്നറിയിപ്പു നല്‍കിയിരുന്നു.
അന്തരീക്ഷമലിനീകരണത്തിന്റെ ഫലമായുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനംമൂലം കൊതുകുകള്‍ പെരുകി മലമ്പനി, ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നു. കാലംതെറ്റിവരുന്ന കാലവര്‍ഷവും ശൈത്യവും വേനലുമെല്ലാം ഉള്‍ഭീതിയോടെ നോക്കിക്കാണേണ്ടിയിരിക്കുന്നു. കാലാവസ്ഥാമാറ്റം പ്രാണികളുടെയും കീടങ്ങളുടെയും വര്‍ദ്ധനവിന് ഇടയാക്കും. മഴയെ ആശ്രയിച്ചുള്ള ധാന്യോത്പാദനത്തിന്റെ 125 ശതമാനം കുറവുണ്ടാകും എന്ന് പഠനങ്ങള്‍ പറയുന്നു. ഉഷ്ണതരംഗങ്ങളാല്‍ മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കും, പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍. പകര്‍ച്ചവ്യാധികള്‍ പെരുകും. ശ്വാസകോശരോഗങ്ങള്‍, ക്യാന്‍സര്‍ എന്നിവ വ്യാപകമാകും. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 20 ലക്ഷത്തിലേറെ പേര്‍ക്ക് ക്യാന്‍സര്‍ ബാധിച്ചേക്കാമെന്നാണ് മെഡിക്കല്‍ വിദഗ്ധരുടെ അഭിപ്രായം. ശുദ്ധജലദൗര്‍ലഭ്യം ജലജന്യരോഗങ്ങള്‍ വര്‍ദ്ധിപ്പിക്കും.
കൊറോണ ഒരാഗോള പ്രതിസന്ധി ആയിരിക്കുന്നതുപോലെ പരിസ്ഥിതിപ്രശ്‌നവും മാറുന്ന കാലം വിദൂരമല്ല. 2050 ആകുമ്പോഴേക്കും ജീവന്റെ നിലനില്പ്പ് അപകടത്തിലാകുമെന്ന് മുന്നറിയിപ്പുകള്‍ വന്നുതുടങ്ങി. അമേരിക്കന്‍ വൈസ്പ്രസിഡന്റായിരുന്ന അല്‍ഗോര്‍ എഴുതിയ ‘The Earth in on a Balance’ എന്ന ഗ്രന്ഥം ഈ മുന്നറിയിപ്പ് ശക്തമായി അവതരിപ്പിക്കുന്നുണ്ട്. വരാനിരിക്കുന്ന ഈ പ്രതിസന്ധിയെ പ്രതിരോധിക്കാന്‍ ഓരോ പൗരനും കടമയുണ്ട് എന്നും മറക്കാതിരിക്കാം.