ദൈവത്തിന്റെ ഭാഗ്യാനുഗ്രഹങ്ങള്‍ ആര്‍ക്കും ഏതുപ്രായത്തിലും ലഭിക്കാമെന്നതിന്റെ തെളിവും സാക്ഷ്യവുമായിരുന്നു ഫാദര്‍ വര്‍ക്കി വിതയത്തില്‍ എന്ന റെഡംപ്റ്ററിസ്റ്റ് സന്ന്യാസസഭാധിപനെ സഭയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി മാര്‍പാപ്പ നിയമിച്ചത്. റോമിന്റെ ആ വഴിക്കുള്ള തീരുമാനം ഫാദര്‍ വിതയത്തിലിനു മാത്രമല്ല, സീറോ-മലബാര്‍ സഭയിലെ ബിഷപ്‌സ് സിനഡിനും വൈദികര്‍ക്കും വിശ്വാസിസമൂഹത്തിനും ഒരുപോലെ അദ്ഭുതമുളവാക്കുന്നതായി. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായിട്ടായിരുന്നു ആദ്യ നിയമനമെങ്കിലും നാളുകള്‍ക്കകം മാര്‍പാപ്പാ അദ്ദേഹത്തെ മേജര്‍ ആര്‍ച്ചുബിഷപ്പായി ഉയര്‍ത്തി; തുടര്‍ന്നു കര്‍ദ്ദിനാള്‍ പദവിയും നല്‍കുകയായിരുന്നു.
മാര്‍ വര്‍ക്കി വിതയത്തിലിന്റെ നിയമനത്തിനു സഭയില്‍ പൊതുവേ വലിയ സ്വാഗതമാണ് ലഭിച്ചത്. ഒരു സന്ന്യാസസഭാവൈദികനെ, ജന്മനാ സീറോ-മലബാര്‍സഭാംഗമെങ്കിലും ലത്തീന്‍ സഭയുടെ ഭാഗമായ ഒരു സന്ന്യാസസഭാംഗത്തെ, സീറോ-മലബാര്‍ സഭയുടെ തലവനായി നിയമിച്ചതില്‍ ചില പരിഭവങ്ങള്‍ സഭയില്‍ അവിടെയും ഇവിടെയും ഉണ്ടാകാതെയുമിരുന്നില്ല. ആരാധനക്രമ തര്‍ക്കത്തില്‍പ്പെട്ട ബിഷപ്‌സ് സിനഡിലെ ഇരുവിഭാഗങ്ങള്‍ക്കും റോമിന്റെ തീരുമാനം തികച്ചും അപ്രതീക്ഷിതമായിരുന്നു.
മാര്‍ വര്‍ക്കി വിതയത്തിലിനെ ആദ്യം കാണുന്നത് 1950-60 ല്‍ പാലാ സെന്റ് തോമസ് കോളജില്‍ ഞാനൊരു പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ്. ആ വര്‍ഷം ഞങ്ങള്‍ വിദ്യാര്‍ത്ഥികളെ ധ്യാനിപ്പിക്കുന്നതിന് അന്നത്തെ പ്രിന്‍സിപ്പല്‍ ഫാദര്‍ ജോസഫ് കുരീത്തടം വിളിച്ചുകൊണ്ടുവന്നത് അന്നു വൈദികനായി പട്ടമേറ്റ് അധികനാളുകളായിട്ടില്ലാതിരുന്ന വളരെ ചെറുപ്പക്കാരനായിരുന്ന ഫാദര്‍ വിതയത്തിലിനെയായിരുന്നു. വിദ്യാര്‍ത്ഥികളിഷ്ടപ്പെട്ട ധ്യാനമായിരുന്നു വിതയത്തിലച്ചന്റേത്. പില്‍ക്കാലത്ത് ഒരിക്കല്‍ അമ്പതു വര്‍ഷം മുന്‍പത്തെ ധ്യാനത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ വിതയത്തില്‍പിതാവും അതു കൃത്യമായി ഓര്‍ത്തെടുത്തു. കുരീത്തടത്തിലച്ചന്റെ ആകാരപ്രൗഢിയെയും ആജ്ഞാശക്തിയെയും കുറിച്ച് പിതാവ് പ്രശംസിച്ചു പറയുകയും ചെയ്തു. ഹൈക്കോടതി ജഡ്ജിയുടെ മകനാണ് നിങ്ങളുടെ ധ്യാനഗുരുവെന്ന് പ്രിന്‍സിപ്പലച്ചന്‍ അച്ചനെ പരിചയപ്പെടുത്തിയത്, അന്നു വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പിതാവിന്റെ റേറ്റിംഗ് കൂട്ടിയെന്നു പറഞ്ഞപ്പോള്‍ മാര്‍ വിതയത്തില്‍ ചിരിച്ചു. എന്നിട്ട് അതു തന്റെയും ആദ്യ ധ്യാനിപ്പിക്കല്‍പരീക്ഷണമായിരുന്നുവെന്നു നര്‍മം കലര്‍ത്തിപ്പറഞ്ഞു.
സീറോ-മലബാര്‍ സഭയുടെ തലവനും പിതാവുമെന്ന നിലയില്‍ മാര്‍ വിതയത്തില്‍ ചെയ്ത സേവനങ്ങള്‍ ആര്‍ക്കും വിസ്മരിക്കാനാവുന്നതല്ല. സഭയില്‍ ആരാധനക്രമവിവാദത്തിന്റെ കയ്പുകാലമായിരുന്നല്ലോ അത്. അപാരമായ ക്ഷമയും വിനയവും കൊണ്ടാണ് വിതയത്തില്‍ പിതാവ് സീറോ-മലബാര്‍ സഭയില്‍ അനുരഞ്ജനത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചത്. പ്രാര്‍ത്ഥനയിലായിരുന്നു പിതാവിന്റെ ആശ്രയം. വിഭാഗീയതയുടെ കാഠിന്യം കുറയ്ക്കുക ആദ്യമൊന്നും അത്ര എളുപ്പമായിരുന്നുമില്ല. എങ്കിലും മാര്‍ വിതയത്തില്‍ നിരാശനാകാതെ ദൈവാശ്രയത്തില്‍ തന്റെ ഉദ്യമങ്ങള്‍ തുടര്‍ന്നുപോന്നു. റോമിന്റെ ശക്തമായ പിന്‍തുണയും പിതാവിനു തുണയായി.
പവിത്രമായ ഒരു സാന്നിദ്ധ്യമായിരുന്നു കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍. എന്നോടും വളരെ വലിയ വാത്സല്യവും അടുപ്പവുമുണ്ടായിരുന്നു. ഒരിക്കല്‍ ബാംഗ്ലൂര്‍ ധര്‍മാരാം കോളജിന്റെ കോണ്‍വൊക്കേഷനുപോയി. എം.ജി.യില്‍ വൈസ് ചാന്‍സലറാണ് അന്നു ഞാന്‍. പിതാവാണ് മീറ്റിംഗിന്റെ അധ്യക്ഷന്‍. പിറ്റേന്ന് തിരികെ കൊച്ചിക്ക് ഞങ്ങള്‍ ഒരേ വിമാനത്തിലായിരുന്നു. അന്ന് ബാംഗ്ലൂര്‍ എയര്‍പോര്‍ട്ട് സിറ്റിയില്‍ത്തന്നെയാണ്. പഴയ ചെറിയ വിമാനത്താവളം. വിമാനം വരെ നടന്നുവേണം പോകാന്‍. നടക്കുമ്പോള്‍ പിതാവിന്റെ ഹാന്‍ഡ്ബാഗ് ഞാനെടുക്കാമെന്നു പറഞ്ഞു. 'വേണ്ട വേണ്ട. ഒരു വൈസ് ചാന്‍സലറെക്കൊണ്ടു ബാഗ് ചുമപ്പിക്കാനോ' എന്നായി പിതാവ്. അതൊരു വിശ്വാസിയുടെ അവകാശമാണെന്നു ഞാന്‍ നിലപാടു പറഞ്ഞപ്പോള്‍ കര്‍ദ്ദിനാള്‍ പിതാവ് ചിരിച്ചു. ഗോവണി കയറുമ്പോള്‍ വിശ്വാസിയുടെ അവകാശം താന്‍ അനുവദിക്കാമെന്നായി പിതാവ്. വിമാനം കയറുമ്പോള്‍ വിതയത്തില്‍ പിതാവ് വാക്കു പാലിച്ചു. ബാഗ് എന്റെ കൈയില്‍ത്തന്നിട്ടു സാവകാശമാണ് പടികള്‍ കയറിയത്. ഹൃദയസംബന്ധമായ ചെറിയ പ്രശ്‌നമുണ്ട് അന്നു പിതാവിന്. വിമാനത്തില്‍ അടുത്തടുത്ത സീറ്റുകളിലായിരുന്നു ഞങ്ങള്‍. ടേക് ഓഫ് വന്നപ്പോള്‍ ഞാന്‍ പതിവുപോലെ ഒരു നിമിഷം കണ്ണടച്ചു പ്രാര്‍ത്ഥിച്ചു. പിതാവ് ചെറുതായി എന്റെ കൈയില്‍ തട്ടി. എന്നിട്ടു ചോദിച്ചു: ''സിറിയക് പ്രാര്‍ത്ഥിക്കുകയാണോ?'' ഞാന്‍ ചിരിച്ചു. അപ്പോള്‍ അടുത്ത ചോദ്യം വന്നു: ''രാവിലെ പ്രാര്‍ത്ഥിച്ചില്ലേ?'' ധര്‍മാരാം ചാപ്പലില്‍ പിതാവിന്റെതന്നെ കുര്‍ബാന കണ്ടിട്ടാണ് ഞങ്ങള്‍ ഒന്നിച്ചുപോന്നത്. ''തീര്‍ച്ചയായും'' എന്നു ഞാന്‍ പറഞ്ഞു. അപ്പോള്‍ പിതാവിന്റെ അടുത്ത ചോദ്യം വന്നു: 'ഉീ ്യീൗ വേശിസ വേല ഘീൃറ ശ െീെ ളീൃഴലളtuഹ?' എനിക്ക് ഉത്തരം മുട്ടി. പിതാവു പറഞ്ഞു: ''സിറിയക്, രാവിലെ പ്രാര്‍ത്ഥിക്കുമ്പോള്‍ ദിവസം മുഴുവന്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചാല്‍ പിന്നെ ഇടയ്ക്കിടയ്ക്കു തമ്പുരാനെ ഓരോ തവണയും ഓര്‍മിപ്പിക്കേണ്ട കാര്യമില്ല.'' പ്രാര്‍ത്ഥനയുടെ പുതിയ ദൈവശാസ്ത്രം. പിതാവു വീണ്ടും ചോദ്യമായി: ''സിറിയക് എന്താ പ്രാര്‍ത്ഥിച്ചത്? ഈ വിമാനം ഒരു അപകടവും കൂടാതെ കൊച്ചിയിലെത്തണമെന്നല്ലേ?'' ഞാന്‍ സമ്മതഭാവത്തില്‍ ചിരിച്ചു. പിതാവു തുടര്‍ന്നു: ''പ്രാര്‍ത്ഥിക്കേണ്ടത്, ദൈവമേ, ഈ ലോകത്തില്‍ ഇന്നു കരയിലും കടലിലും ആകാശത്തിലും സഞ്ചരിക്കുന്ന സര്‍വരെയും കാത്തുകൊള്ളണമേ എന്നാണ്. നമ്മള്‍ സഞ്ചരിക്കുന്ന വിമാനത്തിനു മാത്രം അപകടം വരുത്തരുതേയെന്ന പ്രാര്‍ത്ഥന സ്വാര്‍ത്ഥതയാണ്.'' ഞാന്‍ ശരിക്കും കര്‍ദ്ദിനാള്‍ വിതയത്തിലിന്റെ ഒരാരാധകനായത് അന്നുമുതലാണ്. പ്രാര്‍ത്ഥനയ്ക്ക് എത്ര മനോഹരമായ അര്‍ത്ഥവും വ്യാഖ്യാനവുമാണ് വിതയത്തില്‍ പിതാവ് അരമണിക്കൂര്‍കൊണ്ട് എന്നെ പഠിപ്പിച്ചത്.
മരിക്കുന്നതിനു തലേവര്‍ഷമാണ് ആര്‍.വി. തോമസ് പുരസ്‌കാരം വിതയത്തില്‍ പിതാവിനു ഞങ്ങള്‍ സമര്‍പ്പിച്ചത്. പിതാവിനു നല്ല സുഖമില്ലായിരന്നു. ആശുപത്രിയില്‍നിന്നാണ് അരമനയിലേക്കു വന്നത്. പുരസ്‌കാരം ഏറ്റുവാങ്ങിയിട്ടു തിരികെ ആശുപത്രിയിലേക്കു തന്നെ പോവുകയുമായിരുന്നു. എന്റെ പിതാവും വിതയത്തിലിന്റെ പിതാവും സ്വാതന്ത്ര്യസമരകാലത്തു സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായിരുന്ന കാര്യവും പ്രസംഗത്തില്‍ എടുത്തു പറയുകയും ചെയ്തു.
കര്‍ദ്ദിനാള്‍പിതാവിനെ അവസാനം കണ്ടതും ഒരനുഭവമായി. സുഖമില്ലാതിരിക്കുന്നുവെന്നു കേട്ടാണ് ചെന്നത്. ക്ഷീണിതനായിരുന്നു പിതാവ്. യാത്രപറയുമ്പോള്‍ പിതാവ് വാച്ചു നോക്കി. പന്ത്രണ്ടു മണിയായല്ലോ. ഇനി ഊണുകഴിച്ചു പോയാല്‍ മതിയെന്നായി പിതാവ്. 'പന്ത്രണ്ടു മണിയായതല്ലേയുള്ളൂ. പിതാവിനു ഭക്ഷണം ഇവിടെ മുറിയിലുമല്ലേ' എന്നു ഞാന്‍. 'അങ്ങനെ നിര്‍ബന്ധമില്ല, ലിഫ്റ്റുണ്ട്, ഞാനും കൂടി താഴേക്കു വരാ'മെന്നായി പിതാവ്. ഒന്നിച്ചാണ് ഞങ്ങള്‍ ഡൈനിങ് ഹാളില്‍ പോയത്. ഹാളില്‍ നാലുപേര്‍ക്കുവീതമിരിക്കാവുന്ന മേശകളും കസേരകളും മാത്രം. പിതാവിനു പ്രത്യേക ഇരിപ്പിടമൊന്നുമില്ല. മറ്റ് അരമനകളിലൊക്കെ (തൃശൂരൊഴിച്ച്) പിതാക്കന്മാര്‍ക്ക് പ്രത്യേക ഇരിപ്പിടമാണു കണ്ടിട്ടുള്ളത്. ഞാന്‍ ചോദിച്ചു: ''പിതാവിനു പ്രത്യേക സീറ്റില്ലാത്തതെന്താ? ഇതു സാധാരണ തടിക്കസേരയാണല്ലോ.'' വിതയത്തില്‍ പിതാവു പറഞ്ഞു: ''സിറിയക്, പന്തിയില്‍ പക്ഷഭേദമൊന്നും പാടില്ലെന്നല്ലേ പ്രമാണം?'' ഊണുകഴിഞ്ഞു വീണ്ടും പിതാവ് മുറിയിലേക്കു വിളിച്ചു. ഒരു കൊന്ത (ജപമാല) ആശീര്‍വദിച്ചു തന്നു. എന്നിട്ടു ചോദിച്ചു: ''മിസ്സിസിനുവേണ്ടേ?'' പിതാവ് ഒരു കൊന്ത അനുവിനായും പ്രത്യേകം ആശീര്‍വദിച്ചു തന്നു. പിന്നെ എന്നെയും ആശീര്‍വദിച്ചു. ഞങ്ങളുടെ അവസാന കൂടിക്കാഴ്ചയായിരുന്നു അത്.
ഇത്രയ്ക്കു ഭക്തനും വിനയാന്വിതനുമായ ഒരു സഭാപിതാവ് നമുക്കിടയില്‍ വേറേ ഉണ്ടായിട്ടില്ല. സ്വന്തം സന്ന്യാസസഭയുടെ സുപ്പീരിയര്‍ ജനറലായി. ഭിന്നതയുണ്ടായ മറ്റൊരു സന്ന്യാസസഭയില്‍ സമാധാനദൂതനായി. സീറോ-മലബാര്‍ സഭയിലും അദ്ഭുതം സൃഷ്ടിച്ചു വിതയത്തില്‍ പിതാവ്. ആരോടും ക്ഷോഭിച്ചില്ല. ആരെയും ദ്വേഷിച്ചുമില്ല. എല്ലാവരോടും തികഞ്ഞ സമഭാവനയോടെ ഇടപെട്ടു. സ്വന്തനിലപാടുകളില്‍ ഉറച്ചു നിന്നു. മനഃസാക്ഷിക്കു വിരുദ്ധമായതൊന്നും ചെയ്തുമില്ല. വിതയത്തില്‍ പിതാവിന്റെ വാക്കും പ്രവൃത്തിയും തികച്ചും സുതാര്യമായിരുന്നു. ജനങ്ങള്‍ക്കതു സ്വീകാര്യമാവുകയും ചെയ്തു. പ്രാര്‍ത്ഥനയുടെ മനുഷ്യനായിരുന്നു പിതാവ്. എന്നും ശാന്തന്‍. ആരെയും നിരായുധരാക്കുവാന്‍ തക്കവണ്ണം സൗമ്യനും. എന്നാല്‍, തന്റെ പദവിക്കു ചേരാത്തതൊന്നും വിതയത്തില്‍ പിതാവു ചെയ്തതുമില്ല.
ജീവിതസായാഹ്നത്തിലാണു പിതാവിനെത്തേടി കാനോനികപദവികള്‍ ഒന്നൊന്നായി എത്തിച്ചേര്‍ന്നത്. ബിഷപ്പും ആര്‍ച്ചുബിഷപ്പും മേജര്‍ ആര്‍ച്ചുബിഷപ്പും കര്‍ദ്ദിനാളുമായി. സമാധാനത്തിന്റെ പ്രാവിനെ സഭയില്‍ പറപ്പിച്ചശേഷമാണ് വര്‍ക്കി വിതയത്തില്‍ പിതാവ് അനന്തതയിലേക്കു കടന്നുപോയത്. സമാനതകളില്ലാത്ത വൈദികന്‍. മഹാപണ്ഡിതനും. വിനയാന്വിതനായ ബിഷപ്. നല്ല ഭക്തന്‍. ആര്‍ച്ചു ബിഷപ്പായപ്പോഴും പിന്നീട് മേജര്‍ ആര്‍ച്ചുബിഷപ്പും കര്‍ദ്ദിനാളുമൊക്കെയായപ്പോഴും ഭക്തിക്കോ വിനയത്തിനോ മാറ്റമൊന്നും വന്നതുമില്ല. അനാരോഗ്യത്തിന്റെ അവസാനനാളുകളില്‍പ്പോലും പിതാവ് അശേഷം പതറിയതുമില്ല. ജീവിതംപോലെതന്നെ പ്രൗഢമായിരുന്നു ജീവിതത്തില്‍നിന്നുള്ള പിതാവിന്റെ വിടവാങ്ങലും. ഹ്രസ്വമായൊരു കാലഘട്ടമേ വിതയത്തില്‍പിതാവ് സഭയുടെ സാരഥ്യം വഹിച്ചുള്ളൂ. പക്ഷേ, അതു സീറോ മലബാര്‍ സഭയുടെ സുവര്‍ണകാലമായിരുന്നുവെന്നു പറയുവാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതുമില്ല.
ഓര്‍മകളുടെ പ്രണാമം!