കടന്നുപോയ നാളുകളുടെ ഞെട്ടിപ്പിക്കുന്ന ഓര്‍മകള്‍ക്കിടയിലും പ്രത്യാശയുടെ വെള്ളിവെളിച്ചം ചൊരിഞ്ഞുകൊണ്ട് പുതുവര്‍ഷം പിറന്നിരിക്കുകയാണ്. വലിയ പ്രതിസന്ധികളിലൂടെയാണ് നാം കഴിഞ്ഞ നാളുകളില്‍ കടന്നുപോയത്. മഹാപ്രളയവും പകര്‍ച്ചപ്പനികളും കൊവിഡ്‌വ്യാപനവുമെല്ലാം നമുക്കു സമ്മാനിച്ചത് ഒരിക്കലും മറക്കാനാവാത്ത നഷ്ടങ്ങള്‍തന്നെയാണ്. എങ്കിലും, എല്ലാം ശരിയാകുമെന്ന ശുഭപ്രതീക്ഷയോടെയാണ് നാം 2021 നെ വരവേറ്റത്. കഴിഞ്ഞകാലങ്ങളില്‍ നാം അനുഭവിച്ച വലിയ പ്രതിസന്ധികളെയെല്ലാം നമുക്കു മറികടക്കാനായത് ഒത്തൊരുമയെന്ന ആയുധം ഒന്നുകൊണ്ടുമാത്രമാണ്. ജാതി മത വര്‍ണ വര്‍ഗ വ്യത്യാസമില്ലാതെ ജനം ഒറ്റക്കെട്ടായി നിന്നപ്പോള്‍ സംഹാരതാണ്ഡവമായിവന്ന മഹാപ്രളയവും വഴിമാറി.
നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുകയെന്ന ബൈബിള്‍വാക്യത്തിന്റെ സത്യം നാം തിരിച്ചറിഞ്ഞതും അന്നായിരുന്നു. പ്രളയത്തിലകപ്പെട്ടു ജീവനുവേണ്ടി നിലവിളിച്ചപ്പോള്‍ സഹായഹസ്തവുമായെത്തിയവരെ ശത്രുവെന്നോ മിത്രമെന്നോ നാം നോക്കിയില്ല. സഹായിക്കാനെത്തിയവരും അതു തിരക്കിയില്ല. ജീവനായിരുന്നു അവിടെ പ്രാധാന്യം. ഇപ്പോള്‍ മാനവരാശിക്കുതന്നെ ദോഷകരമായി ബാധിക്കുന്ന കൊവിഡ് എന്ന വൈറസാണ് നമുക്കു മുന്നില്‍ പ്രതിസന്ധി തീര്‍ത്തിരിക്കുന്നത്. ലോകരാഷ്ട്രങ്ങള്‍ വൈറസ്ബാധയെ പ്രതിരോധിക്കാനുള്ള തീവ്രശ്രമത്തിലാണ്. പ്രതിരോധമരുന്നുകള്‍ കണ്ടെത്താനും അവ പരീക്ഷിക്കാനുമൊക്കെ രാജ്യങ്ങള്‍ മത്സരസ്വഭാവത്തോടെ ശ്രമിക്കുന്ന കാലം. അതേസമയം കേരളത്തില്‍, നമ്മുടെ ഈ കൊച്ചുനാട്ടില്‍ കൊവിഡിനെതിരേ വലിയൊരു പ്രതിരോധം തീര്‍ക്കാന്‍ നമുക്കു കഴിഞ്ഞുവെന്നത് വലിയ നേട്ടംതന്നെയാണ്. മലയാളക്കരയൊന്നാകെ വൈദ്യശാസ്ത്രത്തിനു പിന്നില്‍ അനുസരണയോടെ അണിനിരന്നതുകൊണ്ടാണ് കൊവിഡ് മഹാമാരിയെ ഒരു പരിധിവരെ കേരളത്തിനു പ്രതിരോധിക്കാനായത്. ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍പ്പോലും കേരളം പ്രശംസിക്കപ്പെട്ടതും ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനംകൊണ്ടാണ്. മഹാമാരിയെ ഒരു പരിധിവരെ ചെറുക്കാനും മരണനിരക്കു കുറയ്ക്കാനും നമുക്കു കഴിഞ്ഞെങ്കിലും പ്രതിസന്ധികള്‍ ഒഴിയുന്നില്ല. ലോകത്തില്‍ കൊവിഡിന്റെ രണ്ടാം വരവ് ആരംഭിച്ചുകഴിഞ്ഞു. അതിര്‍ത്തികള്‍ കടന്ന് മലയാളമണ്ണിലും വൈറസ് എത്തിയിരിക്കുന്നുവെന്നതാണ് വീണ്ടും നമ്മെ ആശങ്കയിലാഴ്ത്തുന്നത്.
മഹാമാരികള്‍ ഓരോന്നായി പൊട്ടിപ്പുറപ്പെടുമ്പോഴും കേരളത്തിലെ ആരോഗ്യരംഗത്തെ പ്രതിസന്ധികളും ആശങ്കകളും വര്‍ധിക്കുകയാണ്. കൊവിഡിനു പിന്നാലെ കഴിഞ്ഞ ദിവസം പക്ഷിപ്പനിയും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചും പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായും നമുക്ക് ഈ മഹാമാരിയെയും തുരത്താനാവുമെന്നു പ്രതീക്ഷിക്കാം.
നമ്മള്‍ അതിജീവിക്കും
കെ.കെ. ഷൈലജ (ആരോഗ്യവകുപ്പ് മന്ത്രി)
മനുഷ്യരുടെ കൂട്ടായ്മയുടെ വിജയഗാഥയാണ് 2020 ല്‍ കണ്ടത്. നമ്മള്‍ ഒന്നിച്ചുനിന്നാല്‍ ഏതു പ്രതിസന്ധിയെയും മറികടക്കാമെന്ന ആത്മവിശ്വാസംകൂടിയാണ് 2020 നമുക്കു നല്കുന്നത്. പ്രതിസന്ധികളെയെല്ലാം നമ്മള്‍ ഒറ്റക്കെട്ടായി ചെറുക്കും. പ്രതിസന്ധികളില്‍ പതറിപ്പോയ സമൂഹമല്ല നമ്മുടേത്. നാടിന് ഒരു പ്രശ്നം വരുമ്പോള്‍ ഒറ്റക്കെട്ടായിനിന്ന് പോരാടി വിജയിച്ച ചരിത്രമാണ് കേരളത്തിനുള്ളത്. അതുകൊണ്ടുതന്നെ ഈ പ്രതിസന്ധികളെയും നാം അതിജീവിക്കുകതന്നെ ചെയ്യും. നിപ്പയും മഹാപ്രളയവുമൊക്കെ അതിജീവിച്ച പാരമ്പര്യം നമുക്കുണ്ട്. കൊവിഡ് പ്രതിരോധരംഗത്ത് കേരളം വളരെ മുന്നിലാണ്. ലോകത്താകമാനം കൊവിഡ് വ്യാപനഭീതി നിലനില്‍ക്കുന്നുണ്ട്.
കേരളത്തില്‍ വൈറസിന്റെ വ്യാപനം വലിയ തോതില്‍ പ്രതിരോധിക്കാന്‍ നമുക്കു കഴിഞ്ഞു. രോഗമുക്തി നേടുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. മരണനിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞു. സര്‍ക്കാരിനോടൊപ്പം നാട് ഒറ്റക്കെട്ടായി നിന്നതിനാലാണ് ഇതൊക്കെ സാധ്യമായത്.
ഇപ്പോള്‍ കൊവിഡിന്റെ രണ്ടാം വരവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗൗരവമായാണ് സര്‍ക്കാര്‍ ഈ വിഷയത്തെ കാണുന്നത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിരോധനിരതന്നെ നമുക്കുണ്ട്. കൊവിഡ് 19 രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിനും അനുയോജ്യമായ പ്രതിരോധതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനുമായി കൊവിഡ് 19 സാന്ദ്രതാപഠനം നടത്തും. സാര്‍സ്, കൊവിഡ് 2 ആന്റിബോഡിയുടെ സാന്നിധ്യം എത്രത്തോളം ആളുകളില്‍, പ്രത്യേകിച്ച്, അപകടസാധ്യത കൂടുതലുള്ള ആളുകളില്‍ ഉണ്ട് എന്നു മനസ്സിലാക്കുകയാണ് പഠനത്തിന്റെ പ്രധാന ലക്ഷ്യം. രോഗത്തിന്റെ അടുത്തഘട്ട വ്യാപനസാധ്യത മനസ്സിലാക്കുന്നതിനും മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനും നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനും ഈ പഠനം സഹായിക്കും. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന പക്ഷിപ്പനിക്ക് ശക്തമായ പ്രതിരോധം തീര്‍ക്കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. 2020 നെക്കാള്‍ വലിയ കൂട്ടായ്മയുടെ വര്‍ഷമാകണം 2021. പരസ്പരസ്നേഹത്തിന്റെയും ത്യാഗത്തിന്റെയും കരുണയുടെയും വര്‍ഷമാകണം പുതുവര്‍ഷം. ജനങ്ങളുടെ സഹകരണവും ഒത്തൊരുമയുമാണ് പ്രതിസന്ധികളെ നേരിടാന്‍ സര്‍ക്കാരിന് കരുത്തേകുന്നതെന്നും ആശങ്കകളും പ്രതിസന്ധികളുമില്ലാത്ത ഒരു പുതുവര്‍ഷം എല്ലാവര്‍ക്കും ആശംസിക്കുന്നതായും ആരോഗ്യവകുപ്പു മന്ത്രി കെ. കെ. ഷൈലജ ടീച്ചര്‍ പറഞ്ഞു.