മറഡോണ ഓര്‍മ്മയായി. ലോകത്തിന്റെ കായികചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരേട് തന്റെ സുവര്‍ണ്ണപാദങ്ങള്‍കൊണ്ടു രേഖപ്പെടുത്തിയാണ് അദ്ദേഹം യാത്രയായത്. ഫുട്‌ബോളിന്റെ ചരിത്രത്തിലുണ്ടായിട്ടുള്ള അനവധി വീരനായകന്മാരില്‍ അഗ്രഗണ്യനാണ് മറഡോണ.
അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ 1960 ഒക്‌ടോബര്‍ 30 നാണ് മറഡോണ ജനിച്ചത്. അടിയുറച്ച കത്തോലിക്കാവിശ്വാസികളായിരുന്നു മാതാപിതാക്കള്‍. തന്റെ ജീവിതവിജയത്തിനു പിന്നില്‍ അമ്മയുടെ നിര്‍ണ്ണായകമായ പങ്കിനെക്കുറിച്ച് മറഡോണ ആത്മകഥയില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. നാലുപെണ്‍മക്കള്‍ക്കുശേഷം പിറന്ന മകനില്‍ ആ അച്ഛന്‍ വലിയ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തി. അര്‍ജന്റീനോസ് ജൂണിയേഴ്‌സ് ടീമിലെ പരിശീലകനായിരുന്ന ഫ്രാന്‍സിസ്‌കോ ക്രൊന്യോ ആണ് മറഡോണയിലെ പ്രതിഭാശാലിയെ പുറത്തുകൊണ്ടുവന്നത്. എട്ടുവയസ്സുകാരനായ മറഡോണയുടെ കാല്‍പ്പന്തുപ്രയോഗങ്ങള്‍ കണ്ട് താന്‍ അതിശയിച്ചുപോയതായി ക്രൊന്യോ പറഞ്ഞിട്ടുണ്ട്.
പതിനാറാമത്തെ വയസ്സില്‍ മറഡോണ അര്‍ജന്റീനോസ് ജൂണിയേഴ്‌സിനുവേണ്ടി കളിക്കളത്തിലിറങ്ങി. അതിനടുത്ത വര്‍ഷംതന്നെ ജൂണിയര്‍ ലോകകപ്പ് അര്‍ജന്റീന സ്വന്തമാക്കി. അഞ്ചുവര്‍ഷം വിജയങ്ങളുടെ തേരോട്ടമായിരുന്നു മറഡോണയ്ക്കും ടീമിനും.
1982-ലെ ലോകകപ്പിനുശേഷമാണ് മറഡോണ യൂറോപ്യന്‍ ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിച്ചത്. 1983 ലെ 'എല്‍ ക്ലാസിക്കോ' മത്സരത്തില്‍ ബാഴ്‌സലോണയും ചിരവൈരികളായ റിയല്‍ മാഡ്രിഡും തമ്മില്‍ നടന്ന പോരാട്ടത്തില്‍ മറഡോണ നേടിയ ഗോള്‍ എതിരാളികളെപ്പോലും വിസ്മയിപ്പിച്ചു.
പിന്നീട് മറഡോണയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സമാനതകളില്ലാത്ത ഒരു നായകപരിവേഷത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത് 1986 ലെ ലോകകപ്പാണ്. കളിയിലെ അനായാസതയും മെയ്‌വഴക്കവും ചടുലതയാര്‍ന്ന വേഗവുമൊക്കെ മറഡോണയെ കായികപ്രേമികള്‍ക്കു പ്രിയങ്കരനാക്കി. ആരാധകര്‍ വര്‍ദ്ധിച്ചു; എതിരാളികളും. അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലിലെ അവസാനത്തെ അഞ്ചുമിനിറ്റ്: അതാണ് എക്കാലവും ലോകഫുട്‌ബോള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും. കളിയുടെ അമ്പത്തൊന്നാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ ഗോളി പീറ്റര്‍ ഷില്‍ട്ടനെ കടത്തിവെട്ടി നേടിയ ഒന്നാമത്തെ ഗോള്‍. തന്റെ തലയും ദൈവത്തിന്റെ കൈയുമാണ് ആ ഗോള്‍ നേടിയതെന്ന് മറഡോണ. ഇംഗ്ലീഷ് ഗോളിയുടെ അമ്പരപ്പ് മാറുന്നതിനുമുമ്പുതന്നെ മൂന്ന് ഇംഗ്ലീഷ് താരങ്ങളുടെ കാല്‍ച്ചുവട്ടില്‍നിന്ന് റാഞ്ചിയെടുത്ത പന്തുമായി ഗോളിയെ വെറും കാഴ്ചക്കാരനാക്കി മാറ്റിനിര്‍ത്തിക്കൊണ്ട് മറ്റൊരു ഗോള്‍കൂടി. 1986 ലെ ലോകകപ്പ് മറഡോണയുടേതു മാത്രമായിരുന്നു. ഞാന്‍ പണത്തിനുവേണ്ടിയല്ല, രാജ്യത്തിനുവേണ്ടിയാണ് കളിക്കുന്നതെന്ന് ഉറക്കെപ്പറഞ്ഞ കളിക്കാരന്‍. ഫുട്‌ബോള്‍ അദ്ദേഹത്തിനു ജീവിതവും സമരവുമായിരുന്നു.
നാലുലോകകപ്പുകളിലായി എട്ടുഗോളുകള്‍ മറഡോണയുടെ പേരിലുണ്ട്. നല്ല കളിക്കാരന്‍ മാത്രമല്ല, നല്ല ഒരു പരിശീലകന്‍ കൂടിയായിരുന്നു മറഡോണ. ഒരു മനുഷ്യസ്‌നേഹി, ഒരു നല്ല രാഷ്ട്രീയക്കാരന്‍ ഇങ്ങനെ പല വിശേഷണങ്ങളും കൂടെയുണ്ട്.
ഡീഗോ അര്‍മാന്‍ഡോ മറഡോണ കാലത്തെയും ചരിത്രത്തെയും പിന്നിലാക്കി ജനഹൃദയങ്ങളില്‍ എന്നും ജീവിക്കും.
ഇന്ത്യ കണ്ട മികച്ച ഫുട്‌ബോള്‍ കളിക്കാരിലൊരാളായ കേരളത്തിന്റെ പ്രിയതാരം ഐ.എം.വിജയനും മുന്‍ ഫിഫ റഫറിയും ഇപ്പോള്‍ ഐ.എസ്.എല്‍. റഫറിയുമായ കോട്ടയം സ്വദേശി എം.ബി. സന്തോഷ്‌കുമാറും മറഡോണയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ദീപനാളവുമായി പങ്കുവയ്ക്കുന്നു:
പകരം വയ്ക്കാനാവാത്ത മാന്ത്രികപാദങ്ങള്‍
ഐ.എം. വിജയന്‍
ഫുട്‌ബോള്‍ ചരിത്രത്തില്‍ പെലേ രാജാവാണെങ്കില്‍, മഡോണ ദൈവമാണ്. കായികലോകത്തിന്റെ ചരിത്രത്തില്‍ വിവിധ വിഭാഗങ്ങളിലായി വളരെയധികം മികച്ച കളിക്കാരുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മെസി ഇവരെയൊക്കെ ലെജന്‍ഡ്, ബെസ്റ്റ് പ്ലെയര്‍ എന്നൊക്കെ വിശേഷിപ്പിക്കുന്നുണ്ട്. എങ്കിലും, ഒരു നാടിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രവും ആരാധനാപാത്രവും അഭിമാനവുമാകുന്നവര്‍ വളരെ വിരളമാണ്. പെലെയെയും മറഡോണയെയും മാത്രമേ കായികലോകത്തു രാജാവെന്നോ ദൈവമെന്നോ വിളിച്ചിട്ടുള്ളൂ. ഇനി ഇങ്ങനെയുള്ള പേരുകളില്‍ ആരും ഉണ്ടാവുമെന്നും കരുതാനും വയ്യ.
എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവമാണ് മറഡോണയെ കാണാന്‍ കഴിഞ്ഞുവെന്നുള്ളത്. 2012 ഒക്‌ടോബറില്‍ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ശ്രമഫലമായി കേരളത്തിലെത്തിയ മറഡോണയെ കാണാനും കെട്ടിപ്പിടിക്കാനും ഒപ്പം ഫുട്‌ബോള്‍ കളിക്കാനും കഴിഞ്ഞത് ഒരു കായികപ്രേമിയായ എന്റെ ജീവിതത്തിലെ സ്വകാര്യ അഹങ്കാരമായി ഞാന്‍ കണക്കാക്കുന്നു.
മറഡോണയെ ഒരു നോക്കുകാണുന്നതിനുവേണ്ടി ഞാനും ജോ പോള്‍ അഞ്ചേരി, നെല്‍സണ്‍ സുരേഷ് തുടങ്ങിയവരും കുടുംബത്തോടുകൂടി അദ്ദേഹം താമസിക്കുന്ന ഹോട്ടലിലെത്തി. ആറുമണിക്കൂര്‍ കാത്തുനിന്നിട്ടും മറഡോണയെ കാണാന്‍ കഴിഞ്ഞില്ല. നിരാശരായി തിരിച്ചുപോന്ന ഞങ്ങള്‍ പിറ്റേദിവസവും ഹോട്ടലിലെത്തി. ആദ്യത്തെ ദിവസം കാണാന്‍ കഴിയാതിരുന്നത് ഭാഗ്യമായിരുന്നു എന്ന് പിന്നീടു തോന്നി. കാരണം അദ്ദേഹത്തെ കാണാനും സംസാരിക്കാനും കെട്ടിപ്പിടിക്കാനും കൂടെ ഫുട്‌ബോള്‍ കളിക്കാനും എനിക്ക് അന്നു സാധിച്ചു.
1986 ല്‍ അര്‍ജന്റീന ടീമിന് ലോകകപ്പ് നേടാന്‍ സാധിച്ചത് മറഡോണയുടെ മാത്രം കഴിവുകൊണ്ടായിരുന്നുവെന്ന് നമുക്കറിയാം. ഒരേസമയം ദൈവത്തിന്റെയും പിശാചിന്റെയും ഗോള്‍ എന്ന് ലോകം ആ വിജയം ആഘോഷിച്ചു. ഞാന്‍ ഒരിക്കലും ഒരു അര്‍ജന്റീനയുടെ ആരാധകനായിരുന്നില്ല, ഫാന്‍ ആയിരുന്നില്ല. മറഡോണയുടെ കളി കണ്ടതിനുശേഷമാണ് അര്‍ജന്റീന എന്ന ടീമിനെ ശ്രദ്ധിക്കുന്നതുതന്നെ.
അകാലത്തില്‍ പൊലിഞ്ഞുപോയ ഈ നക്ഷത്രത്തിന്, നേട്ടങ്ങളുടെ രാജകുമാരന്, പകരം വയ്ക്കാനാവാത്ത ആ മാന്ത്രികപാദങ്ങള്‍ക്ക് എന്റെ ആദരാഞ്ജലികള്‍!
ചരിത്രമെഴുതിയ ഫുട്‌ബോള്‍ ഇതിഹാസം
സന്തോഷ് കുമാര്‍ എം.ബി.
1986 ലെ ലോകകപ്പ് കായികലോകത്തിന്റെ ചരിത്രം മാറ്റിയെഴുതി. അന്ന് പുതിയൊരു താരോദയമായിരുന്നു ഫുട്‌ബോള്‍ ലോകത്ത് അരങ്ങേറിയത്. അത് ടിവിയില്‍ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല. നമ്മുടെ നാട്ടില്‍ അന്നൊന്നും ടിവി വ്യാപകമായിരുന്നില്ലല്ലോ. ഒരുപക്ഷേ, 1986 ലെ ആ വിജയത്തിനുശേഷമായിരിക്കാം അര്‍ജന്റീന എന്ന ഒരു രാജ്യമുണ്ടെന്നും അവിടെ മറഡോണ എന്ന ഒരു കളിക്കാരനുണ്ടെന്നും അദ്ദേഹം ഒറ്റയ്ക്കാണ് തന്റെ ടീമിനെയും ഒപ്പം രാജ്യത്തെയും വിജയത്തിലേക്കു നയിച്ചത് എന്നുമൊക്കെ ലോകജനത മനസ്സിലാക്കിയത്. പിന്നീടുള്ള ഓരോ ലോകകപ്പ് വരുമ്പോഴും വാര്‍ത്തകളില്‍ നിറയുന്നത് മറഡോണയും അദ്ദേഹത്തിന്റെ അസാധാരണമായ കളിയുമായിരിക്കും.
1986 ലെ ആ അത്യുജ്ജ്വലനേട്ടമാണ് അര്‍ജന്റീനയെ ലോകകായികഭൂപടത്തില്‍ ഇത്ര രൂഢമൂലമായി പതിപ്പിച്ചത്. കേരളത്തില്‍ത്തന്നെ നിരവധിയാളുകള്‍ ഫുട്‌ബോളിലേക്കു തിരിയാന്‍ കാരണവും മറഡോണയുടെ ആ കാന്തശക്തിയാണ്.
എന്റെ കരിയര്‍ ഫുട്‌ബോളിലേക്കു തിരിയാന്‍ കാരണവും മറഡോണയും അദ്ദേഹത്തെക്കുറിച്ചുള്ള ത്രസിപ്പിക്കുന്ന വാര്‍ത്തകളുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
വളരെ നന്നായി ട്രിബിള്‍ ചെയ്യുന്ന അപൂര്‍വ്വം കളിക്കാരിലൊരാളാണ് മറഡോണ. പൊക്കം കുറഞ്ഞ ഒരാളായിരുന്നതുകൊണ്ട് കുറെയേറെ ഫൗളുകള്‍ ഒഴിവാക്കാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. എന്തൊക്കെയായാലും മറഡോണയെ എതിര്‍ടീമിലുള്ളവര്‍ എന്നും ഭയപ്പെട്ടിരുന്നു. കാരണം, ഒറ്റയ്‌ക്കൊരു ടീമിനെ വിജയിപ്പിക്കാന്‍ കഴിവുള്ള ഒരു വ്യക്തിയാണ്. അതുകൊണ്ടുതന്നെ പരമാവധി ഫൗള്‍ ചെയ്ത് അദ്ദേഹത്തെ കളിക്കളത്തിനു പുറത്താക്കാന്‍ എല്ലാവരും ശ്രമിച്ചു. കപ്പു നേടാന്‍ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ ടീം അന്ന് ഫൈനലില്‍ എത്തി.
അര്‍ജന്റീനയും ലോകം മുഴുവനും അദ്ദേഹത്തെ സ്‌നേഹിച്ചു. ലോകരാജ്യങ്ങളില്‍ പലതിനും (ഇന്ത്യയുള്‍പ്പെടെ) ലോകകപ്പ് മത്സരവേദിയുടെ പരിസരങ്ങളില്‍പ്പോലും എത്താന്‍ സാധിക്കാതെ വരുമ്പോള്‍, കേവലം ഒരു ലാറ്റിനമേരിക്കന്‍ രാജ്യം ഒരേയൊരു വ്യക്തിയുടെ മാത്രം കഴിവുകൊണ്ട് ലോകകപ്പ് കൈയെത്തിപ്പിടിക്കുക എന്നു വച്ചാല്‍ ആ രാജ്യവും ജനങ്ങളും അദ്ദേഹത്തെ ദൈവമായി കരുതുന്നതില്‍ എന്താണദ്ഭുതം?
നിരവധി രാജ്യങ്ങള്‍ക്കു മാതൃകയായ, അനവധി കായികപ്രേമികള്‍ക്കു പ്രചോദനമായ ആ ഫുട്‌ബോള്‍ ഇതിഹാസം അകാലത്തില്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. ലോകമുള്ളിടത്തോളം കാലം ഫുട്‌ബോള്‍ രംഗത്തെ ആ അമാനുഷികപ്രതിഭ ജനഹൃദയങ്ങളില്‍ ജീവിക്കുകതന്നെ ചെയ്യും.