•  22 May 2025
  •  ദീപം 58
  •  നാളം 11
ലേഖനം

മലയാളിയുടെ ചില കനകചിന്തകള്‍

പ്പുറത്തെ വീട്ടിലെ രമേശ്‌ചേട്ടന്റെ കല്യാണം ഇന്നലെ കഴിഞ്ഞതേയുള്ളൂ. എ.സി. കല്യാണമണ്ഡപവും ഫൈവ്സ്റ്റാര്‍ ഫുഡ്ഡുമൊക്കെയായി നല്ല ഗ്രാന്റ് ഫങ്ഷനായിരുന്നു. രമേശ്‌ചേട്ടന് സര്‍ക്കാരുദ്യോഗമാണ്. നല്ല സമ്പത്തുണ്ട്. അതനുസരിച്ച് നല്ല സ്റ്റാറ്റസും സമ്പത്തുമുള്ള ഒരു പെണ്ണിനെയാണ് വിവാഹം കഴിച്ചത്. രമേശ്‌ചേട്ടന്‍ സ്വതവേ മെലിഞ്ഞിട്ടാണ്. ആടയാഭരണങ്ങള്‍ അധികം ഇല്ലാത്തതുകൊണ്ട് ആ ശരീരം ഒന്നുകൂടി മെലിഞ്ഞതായിത്തോന്നി. എന്നാല്‍, വധുവാകട്ടെ, നേരേ തിരിച്ചും. ആവശ്യത്തിലധികം ഹൈറ്റും വെയിറ്റുംകൊണ്ട് ഗോളാകൃതിയായിരുന്ന ആ തരുണീമണി സ്വര്‍ണ്ണാഭരണങ്ങളുടെ തൂക്കവും ബാഹുല്യവുംകൊണ്ട് പന്തോളമെന്നല്ല ഭൂമിയോളംതന്നെ ഉരുണ്ട് ഒരു സ്വര്‍ണ്ണക്കുടമായിത്തന്നെ തോന്നിച്ചു. എടുക്കാന്‍ വയ്യാത്ത ആടയാഭരണങ്ങളും ഭാരങ്ങളുമായി വേച്ചുവേച്ചു നടന്ന അവര്‍ വളരെ പ്രയാസപ്പെട്ടാണ് ഇന്നലെ കാറില്‍ കയറിയത്.  
ഇത്രയൊക്കെയായിട്ടും വളരെ വിഷണ്ണനായി ഒരു ത്രാസും തൂക്കിപ്പിടിച്ചു നില്‍ക്കുന്ന രമേശ്‌ചേട്ടനെയാണ് ഞാന്‍ ഇന്നു കണ്ടത്. കൂടെ ഒരു തട്ടാനുമുണ്ട്. ഞാന്‍ രമേശ്‌ചേട്ടന്റെ മ്ലാനതയുടെ കാര്യം തിരക്കി. സ്വര്‍ണ്ണമാണു പ്രശ്‌നം. കാര്യം തനി 916 സ്വര്‍ണ്ണാഭരണങ്ങളൊക്കെത്തന്നെ. പക്ഷേ, തൂക്കത്തില്‍ അല്പം കുറവു വന്നിട്ടുണ്ടോ എന്നൊരു സംശയം. 300 പവന്‍ എന്നാ പറഞ്ഞത്. പക്ഷേ, 300 ന് ഒരു അരപ്പവന്‍ കുറവുണ്ടോ എന്നൊരു സംശയം. ഓഹോ! അപ്പോള്‍ അതാണല്ലേ വിഷമത്തിന്റെ കാര്യം. ''ചിലപ്പോള്‍ തെറ്റിയതായിരിക്കും ചേട്ടാ, ഒന്നൂടെ ഒന്നു നോക്കിയേ'' ഞാന്‍ ചേട്ടനെ ഉപദേശിച്ചു. ''തെറ്റിയതൊന്നുമല്ല. പത്തുപതിനഞ്ചു പ്രാവശ്യം ഞാന്‍ നോക്കി കണ്‍ഫേം ചെയ്തതാ. ഇത് പറ്റിച്ചതുതന്നെയാണ്.''
''ആട്ടെ സ്വല്പം കുറഞ്ഞാല്‍ത്തന്നെ ബാക്കിയുണ്ടല്ലോ? പിന്നെ ചേട്ടന് നല്ല ഉദ്യോഗമില്ലേ, ഭാര്യയ്ക്കും നല്ല സാമ്പത്തികമില്ലേ, പിന്നെന്തിനാ ഇത്രയും സ്വര്‍ണ്ണത്തിന്റെ ആവശ്യം?'' 
''നീ പരസ്യത്തിലൊക്കെ പറയുന്നതു കേട്ടിട്ടില്ലേ. ബന്ധങ്ങള്‍  സ്വര്‍ണ്ണംപോലെയാണ്. അതെത്ര ഏറെയുണ്ടോ അത്രയേറെ, അതുകൊണ്ട് ബന്ധം നിലനില്‍ക്കണമെങ്കില്‍ സ്വര്‍ണ്ണം വേണം.''
''അതൊക്കെ എന്തിനാ ചേട്ടാ നോക്കുന്നെ! പെണ്ണിന്റെ ക്വാളിറ്റി നോക്കിയാല്‍ പോരേ.'' 
''എടാ, ബ്യൂട്ടി മീന്‍സ് ക്വാളിറ്റി. അതാണ് ഗോള്‍ഡ്. സോ നോ കോംപ്രമൈസ്.'' 
മലയാളികള്‍ക്ക് ഈ മഞ്ഞലോഹത്തോടുള്ള ഭ്രമം പുരാതനകാലംമുതലേ ഉള്ളതാണ്. വേഷത്തിലും ഭാവത്തിലും മാറ്റം വന്നുവെങ്കിലും സ്വര്‍ണ്ണത്തിന്റെ കാര്യത്തില്‍ അവര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. പണ്ടൊക്കെ ഭാവിവരനെയാണ് വിവാഹത്തിനു മുന്‍പ് സ്ത്രീജനങ്ങള്‍ സ്വപ്നം കണ്ടിരുന്നത്. ഇന്നാകട്ടെ അവളുടെ മനംനിറയെ കാന്തനു പകരം കാഞ്ചനമാണ് നിറഞ്ഞുനില്‍ക്കുന്നത്. പണ്ടത്തെ സൂപ്പര്‍ഹിറ്റ്ഗാനങ്ങളില്‍പോലും സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന സ്വപ്നത്തെയാണല്ലോ കണ്ടിരുന്നത്. പെണ്ണിനുളളിലെ സുന്ദരിയെ തിരിച്ചറിയണമെങ്കിലും ഇന്ന് സ്വര്‍ണ്ണാഭരണം കൂടിയേ തീരൂ. പണ്ട് നായകന്‍ നായികയെ നോക്കി, 'സന്ധ്യയ്‌ക്കെന്തിനു സിന്ദൂരം, എന്‍ കണ്‍മണിക്കെന്തിന് ആഭരണം' എന്നുപാടി. ഇന്നാകട്ടെ നായകന്‍ നായികയെ നോക്കി 'പെണ്ണേ, നിന്നെ സുന്ദരിയാക്കിയത് ഏതു ഗോള്‍ഡ്' എന്നു പാടുന്നു. 
പാറശ്ശാലമുതല്‍ കാസര്‍ഗോഡുവരെ യാത്രചെയ്യുന്നവര്‍ക്ക് മിനിമം ഒരു പതിനായിരം സ്വര്‍ണ്ണപ്പരസ്യങ്ങളിലൂടെയെങ്കിലും കടന്നുപോകേണ്ടി വരും. വീട്ടില്‍ സ്വര്‍ണ്ണം വച്ചാല്‍ കള്ളന്‍കൊണ്ടുപോയാലോ? അതുകൊണ്ട് അതു നാട്ടില്‍ കൊടുക്കാതെ തങ്ങളെ ഏല്പിക്കൂ എന്ന് ഓരോ സ്വര്‍ണ്ണപ്പണയസ്ഥാപനങ്ങളും ഉദ്‌ഘോഷിക്കുന്നു. സ്വര്‍ണ്ണം വാങ്ങാന്‍ ചെല്ലുമ്പോള്‍ പണി ചെയ്യുന്ന കൂലി, പണി ചെയ്ത കൂലി, ഡിസൈനര്‍ കൂലി, നോക്കുകൂലി, ആ കൂലി, ഈ കൂലി എന്നൊക്കെപ്പറഞ്ഞ് ഒരു നല്ല തുകതന്നെ അഡീഷണലായി വാങ്ങും. അതേസമയം, അതു തിരികെക്കൊടുക്കുമ്പോള്‍ (വിറ്റാലോ, പണയംവച്ചാലോ) ഈ അഡീഷണല്‍ തുകയ്‌ക്കൊപ്പം സ്വര്‍ണ്ണത്തുകയിലും ഒരു അഡീഷണല്‍ തുക കുറഞ്ഞുകിട്ടും. അക്ഷയതൃതീയ, സ്വര്‍ഗവാതില്‍ ഏകാദശി മുതലായ ദിവസങ്ങളില്‍ സമ്പത്ത് കുന്നുകൂടാനായി സ്വര്‍ണ്ണം വാങ്ങാന്‍ മലയാളികള്‍ നെട്ടോട്ടം ഓടുന്നു. പക്ഷേ, ആ സമ്പത്തെല്ലാം ജൂവലറിയുടമകളുടെ വീട്ടില്‍ കുന്നുകൂടുന്നു.
ഇന്നിപ്പോള്‍ സൗന്ദര്യം വര്‍ദ്ധിക്കണമെങ്കില്‍ ഗോള്‍ഡ് ഫേഷ്യല്‍ വേണം. മഴയാണെങ്കില്‍ സ്വര്‍ണ്ണമഴതന്നെ പെയ്യണം. പലവ്യഞ്ജനമായാലും മരുന്നായാലും എണ്ണ ആയാലും സ്വര്‍ണ്ണത്തിന്റെ ലേബല്‍ വേണം ചെലവാകാന്‍. അങ്ങനെ മലയാളികളുടെ സ്വര്‍ണഭ്രമം ഓരോ മേഖലയിലും നിറഞ്ഞുനില്‍ക്കുന്നു. സ്വര്‍ണ്ണം ധനമാണ്. നിക്ഷേപമാണ്. സമ്പാദ്യമാണ്. ഐശ്വര്യമാണ്. പക്ഷേ, ഹിതവും മിതവുമായിട്ട് അതുപയോഗിക്കാന്‍ ശീലിക്കുക. അപ്പോള്‍ മാത്രമേ മെച്ചപ്പെട്ട ഫലം പുറപ്പെടുവിക്കാന്‍ സാധിക്കൂ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)